യുഡിഎഫ് വിജയത്തിൽ നിർണായകം അൻവർ അല്ല : മുല്ലപ്പള്ളി
അഡ്മിൻ
ബേപ്പൂർ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ പി.വി. അൻവറിന്റെ അവകാശവാദങ്ങളെ തള്ളി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. യുഡിഎഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് അൻവർ അല്ലെന്നും, പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനവും നേതാക്കളുടെ കൂട്ടായ പ്രവർത്തനവുമാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ വിജയത്തിന് കാരണം ജീവൻ പണയം വെച്ച് താൻ നടത്തിയ പിണറായി വിജയൻ വിരുദ്ധ പോരാട്ടമാണെന്നായിരുന്നു പി.വി. അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ വാദം തള്ളിയ മുല്ലപ്പള്ളി, തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും പറഞ്ഞു.
ജില്ലയിലെ 13 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്ന നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവറിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, കെപിസിസി പ്രസിഡന്റായി ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാളെ പരിഗണിക്കണമെന്ന കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായത്തോടും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് എല്ലായ്പ്പോഴും ബഹുസ്വരതയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും, അർഹതയുള്ളവർക്കാണ് സംഘടനയിൽ സ്ഥാനങ്ങൾ ലഭിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് താൻ മാറിനിൽക്കണമെന്ന് സണ്ണി ജോസഫ് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി.