വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കും; സെപ്റ്റംബർ 5 മാർച്ച് പിന്‍വലിച്ച് സിജെപി

ഡൽഹിയിൽ സെപ്റ്റംബർ 5ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിൻവലിച്ചു. ജന്തർമന്തറിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. സിജെപി നേതാവ് സൗരവ് ദാസ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തെ കേന്ദ്രസർക്കാരും സിജെപി നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ജന്തർമന്തറിലെ സമരം അവസാനിപ്പിച്ചത്. വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കുക, പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ തുടർനടപടികൾ വൈകുന്നതായി ആരോപിച്ചാണ് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ സിജെപി തീരുമാനിച്ചിരുന്നത്.

സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, നേരത്തെ നടന്ന ചർച്ചകളിൽ തീരുമാനമായ മൂന്ന് കാര്യങ്ങളിലും അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് കോടതിയെ അറിയിച്ചു. ജൂലൈ 20 മുതൽ 25 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുന്നതിനായി ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം സുപ്രീം കോടതി വിനിയോഗിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് ഭാവിയിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് പരീക്ഷയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ സുപ്രീം കോടതി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 5ന് നടത്താനിരുന്ന മാർച്ച് പിൻവലിക്കുന്നതായി സൗരവ് ദാസ് പ്രഖ്യാപിച്ചു.

ഇതിനിടെ, നീറ്റ് യുജി പരീക്ഷ റദ്ദാക്കലിനെത്തുടർന്ന് ജൂലൈ 20 മുതൽ 25 വരെ രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും റദ്ദാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം കേസുകളിൽ ഇനി തുടർനടപടികളോ അന്വേഷണങ്ങളോ പാടില്ലെന്നും, രജിസ്റ്റർ ചെയ്ത കേസുകൾ പൂർണമായും അവസാനിപ്പിച്ചതായി കണക്കാക്കണമെന്നും കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാരും ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, അസം സംസ്ഥാനങ്ങളും സമർപ്പിച്ച ഹർജികൾ പരിഗണിച്ചായിരുന്നു നടപടി.

ഹർജി സമർപ്പിച്ച സംസ്ഥാനങ്ങളിലേക്കു മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി ഉത്തരവ് ബാധകമാക്കിയിട്ടുണ്ട്. നീതിയുക്തമായ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാവിയും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനായാണ് ഈ പ്രത്യേക തീരുമാനം സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി. ജൂലൈ 20 മുതൽ 25 വരെ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ ഇനി പുതിയ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.

02-Sep-2026