ക്രിപ്റ്റോ തട്ടിപ്പ് ആരോപണം; കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോർജിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി

കേരള ക്രിക്കറ്റ് ലീഗിലെ (KCL) ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഉടമ സുഭാഷ് ജോർജ് മാനുവലിനെതിരെ ക്രിപ്റ്റോ തട്ടിപ്പ് ആരോപണം ഉയർന്ന സാഹചര്യത്തിൽ, അദ്ദേഹത്തെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതായി എനിഗ്മറ്റിക് സ്മൈൽ കമ്പനി അറിയിച്ചു. സുഭാഷ് ജോർജിന്റെ വ്യക്തിപരമായ ക്രിപ്റ്റോ ഇടപാടുകളുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നും കമ്പനി വിശദീകരിച്ചു.

കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഉടമയായ സുഭാഷ് ജോർജ് മാനുവലിനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2014 മുതൽ യുകെ ആസ്ഥാനമാക്കി വിവിധ നിക്ഷേപ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടത്തിയെന്നാണ് പരാതികളിൽ ആരോപിക്കുന്നത്.

ആദ്യം ക്യാഷ്ബാക്ക് ബിസിനസിലൂടെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് ക്രിപ്റ്റോകറൻസി രംഗത്തേക്ക് കടന്നതായും പരാതികളിൽ പറയുന്നു. കോട്ടയം കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം 99 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം.

ഇതിനുപുറമെ, 100 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപിച്ച് യുകെയിലെ മെട്രോപൊളിറ്റൻ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

02-Sep-2026