കൂടുതൽ മരണങ്ങളുണ്ടാവാതിരിക്കാൻ സ്വയം മരണമേറ്റുവാങ്ങിയ പൈലറ്റുമാര്‍
അഡ്മിൻ
മുംബൈ : കൂടുതല്‍ മരണങ്ങളുണ്ടാവാതിരിക്കാന്‍ സ്വയം മരണമേറ്റുവാങ്ങി മുംബയില്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റുമാര്‍. ജൂണ്‍ ഇരുപത്തിയെട്ടിനാണ് മുംബൈയെ ഞെട്ടിച്ച അപകടം നടന്നത്. അപകടത്തില്‍ ക്യാപ്റ്റന്‍ പി എസ് രാജ്പുത്, കോ പൈലറ്റ് മരിയ സുബൈരി, മെയിന്റനന്‍സ് എന്‍ജിനിയര്‍ സുരഭി, ടെക്‌നീഷ്യന്‍ മനീഷ് പാണ്ഡെ എന്നിവരെ കൂടാതെ ഒരു കാല്‍നട യാത്രക്കാരനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
നൂറുകണക്കിനാള്‍ക്കാര്‍ മരിക്കുമായിരുന്ന സാഹചര്യം ഒഴിവായത് പണി നടന്നുകൊണ്ടിരുന്ന ഒരു കെട്ടിടത്തിലേക്ക് പ്ലെയിന്‍ ഇടിച്ചിറക്കാനുള്ള പൈലറ്റുമാരുടെ തീരുമാനം കൊണ്ടാണ്. വിമാനം ഇടിച്ചിറക്കുന്നതിനും പന്ത്രണ്ട് മിനിറ്റ് മുമ്പ് തന്നെ എ ടി സി യുമായുള്ള ബന്ധം ഇല്ലാതായിരുന്നു. യു വൈ ഏവിയേഷന്റെ ഉടമസ്ഥതിയുള്ള പന്ത്രണ്ടിരിപ്പിടങ്ങളുള്ള കിംഗ് എയര്‍ സി നയന്റീ എയര്‍ ക്രാഫ്റ്റ് ജുഹുവില്‍ നിന്നാണ് പറന്നുയര്‍ന്നത്. വിമാനത്തിന് കാര്യമായ എന്‍ജിന്‍ തകരാറുണ്ടെന്നും മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായിറക്കാന്‍ അനുവദിക്കണമെന്നും പറന്നുയര്‍ന്ന ഉടനെതന്നെ എ ടി സി യെ അറിയിച്ചിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു മൈലിനപ്പുറം വച്ചാണ് വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതും ഇടിച്ചിറക്കേണ്ട സ്ഥിതിയിലാവുന്നതും. സ്വന്തം ജീവന്‍ പണയപ്പെടുത്തി ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിമാനം ഇടിച്ചിറക്കിയത് മൂലം വലിയ ദുരന്തമാണ് ഒഴിവാക്കിയെടുക്കാന്‍ സാധിച്ചത്.
അതേസമയം വിമാനക്കമ്പനിക്കെതിരായി പൈലറ്റ് മരിയയുടെ ഭര്‍ത്താവ് രംഗത്തുവന്നു. കാലാവസ്ഥ മോശമായതിനാല്‍ ഇന്ന് ടെസ്റ്റ് പറക്കല്‍ ഉണ്ടാവില്ല എന്ന് മരിയ വിളിച്ചു പറഞ്ഞിരുന്നു. ക്യാപ്റ്റനും ഇതേ അഭിപ്രായമാണുണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും പറഞ്ഞു. മോശം കാലാവസ്ഥയിലും ടെസ്റ്റ് പറക്കലിന് കമ്പനി നിര്‍ബന്ധിച്ചോയെന്നു അന്വേഷിക്കണമെന്ന് മരിയയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പതിനേഴ് വര്‍ഷമായി മരിയ പൈലറ്റാണ്, വളരെ പ്രവര്‍ത്തിപരിചയമുള്ള അവരുടെ തീരുമാനങ്ങളെ മറികടന്ന് ഇങ്ങനെയൊരു അപകടത്തില്‍ക്കൊണ്ടെത്തിച്ചതിന് മുഴുവന്‍ ഉത്തരവാദിത്തവും ഏവിയേഷന്‍ കമ്പനിക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന് ശേഷം യു വൈ ഏവിയേഷന്‍ കമ്പനി തങ്ങളുടെ കുടുംബവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടുപോലുമില്ലെന്നും ഹോസ്പിറ്റലില്‍പ്പോലും ആരുമെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ന്യൂനപക്ഷവിഭാഗത്തിലുള്ള മരിയ, അവരുടെ കുടുംബത്തിലെ ആദ്യ വനിതാ പൈലറ്റായിരുന്നു. ഇവര്‍ക്ക് പതിനഞ്ചു വയസ്സുള്ള ഒരു മകളുമുണ്ട്. എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ അപകടത്തെക്കുറിച്ച് വിശദമായുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
30-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ