കോട്ടയം : ക്രിസ്തീയ പുരോഹിതന്റെ ലൈംഗീകാതിക്രമത്തിനെതിരെ കന്യാസ്ത്രീയുടെ പരാതി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കേസെടുത്തു. കത്തോലിക്കാസഭയെ പിടിച്ചുലക്കുന്ന കേസില്‍ മാര്‍പ്പാപ്പ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിശ്വാസികള്‍ വത്തിക്കാനിലേക്ക് സന്ദേശം അയച്ചു.
നാല്‍പ്പത്താറുകാരിയായ കന്യാസ്ത്രീയെ മൂന്നുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ക്രൂരമായ പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്കും ഇരയാക്കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ 27ന് കേസെടുത്ത പോലീസ്, പിറ്റേന്നുതന്നെ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്ത് 2014 മേയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യപീഡനം. രാത്രി 10.45ന് കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്ക് കൊണ്ടുപോയി. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ്പ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. പിറ്റേന്നും പീഡനം തുടര്‍ന്നു. പിന്നീട് 2016 വരെ, 13 തവണയായി ബിഷപ്പ് പീഡനം ആവര്‍ത്തിച്ചു. ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ദൈനംദിന ജോലികള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയായതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കന്യാസ്ത്രീ പരാതി നല്‍കി. വീണ്ടും മാനസികപീഡനം തുടര്‍ന്നപ്പോഴാണു കോട്ടയം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.
സഭാതലത്തില്‍ അന്വേഷണം നടത്തുന്നതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോള്‍ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികര്‍ കന്യാസ്ത്രീക്കെതിരേയും കുറുവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണു വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ജില്ലാ പോലീസ് മേധാവി അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. പരാതി പരിശോധിച്ച് കഴിഞ്ഞ 27നു കേസെടുത്തു. പിറ്റേന്ന് വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നിവയ്ക്കാണു കേസ്. വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം വെളിവായിട്ടുണ്ട്. രണ്ടു പരാതികളുള്ളതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.