ക്രിമിനലിസത്തെ സാമാന്യവല്‍ക്കരിക്കരുത്

എന്തുകൊണ്ട് ശോഭാ ജോണിന്റെ ഫോട്ടോ മംഗളത്തിന്റെ കവറില്‍ വന്നില്ല? ശോഭാജോണും സരിതാ എസ് നായരും ക്രിമിനല്‍ കേസുകള്‍ ആരോപിക്കപെട്ട കുറ്റവാളികള്‍ ആണ്. എന്തുകൊണ്ട് ശോഭാ ജോണില്‍ നിന്ന് ആരും ഓട്ടോഗ്രാഫ് വാങ്ങിയില്ല? ഒരു കുറ്റവാളിയുടെ മികവിനെ ആയിരുന്നു മലയാളമനസ് ആരാധിക്കുന്നത് എങ്കില്‍ ശോഭാജോണ്‍ വിദഗ്ധ കുറ്റവാളിയാണ്. പക്ഷെ, ശോബാജോണിന് സരിതയ്ക്ക് ലഭിക്കുന്ന ഫാന്‍സിനെ ലഭിക്കുന്നില്ല. നാളെ കേരളത്തിന്റെ ഏതെങ്കിലും മൂലയില്‍ സരിതാ ഫാന്‍സ് അസോസിയേഷന്റെ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടാലും ഒട്ടും അതിശയിക്കേണ്ടതില്ല. കാരണം കേരളം അത്രമാത്രം കമ്പോളവത്കരിച്ചു കഴിഞ്ഞിരിക്കുന്നു.

കുറ്റവാളികളാണെന്ന് ആരോപിക്കപ്പെട്ട സരിത എസ് നായരെ യും ശോഭാജോണിനെയും താരതമ്യം ചെയ്യുമ്പോഴാണ് കമ്പോളവും സവര്‍ണതയും വര്‍ണവും പ്രസക്തമാവുന്നത്. കമ്പോളം മുന്നോട്ടു വയ്ക്കുന്ന ക്യുട്ടിക്കൂറാ സുന്ദരിയെപോല്‍ വെളുത്തുതുടുത്ത സ്ത്രീ പ്രതീകത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് ശോഭാ ജോണല്ല, സരിതയാണ്. അവര്‍ കമ്പോളത്തിന്റെ, ഉപഭോഗപരതയുടെ പ്രയോഗരീതികളാല്‍ ആകര്‍ഷകവതിയാണ്. അനവധി പുരുഷന്മാര്‍ പീഡിപ്പിച്ചു എന്ന് സരിത പറയുമ്പോള്‍, 'ബിസിനസ്സ് പൊലിപ്പിക്കാന്‍ അവളും കൂട്ട് നിന്ന് ചെയ്തതാണ് അതൊക്കെയും' എന്ന് കേരള സമൂഹം പുച്ഛിക്കുന്നുണ്ട്, അതായത് അവര്‍ എന്തിനും തയ്യാറായവള്‍ എന്ന ലേബല്‍ സമൂഹം സരിതയ്ക്ക് പതിച്ചു നല്‍കുന്നു. ആ ലേബലിനെ സരിത മറികടക്കുന്നത് തന്റെ സവര്‍ണ, വര്‍ണമേല്‍ക്കോയ്മയുടെ തന്ത്രപരമായ പ്രയോഗത്തിലൂടെയാണ്. അങ്ങിനെയാണ് അവര്‍ക്ക് സെലിബ്രിറ്റി പരിവേഷം ലഭ്യമാവുന്നത്.

എന്നാല്‍ ശോഭ ജോണ്‍ ആവട്ടെ, സവര്‍ണ, വര്‍ണ ബിംബങ്ങളില്‍ ദരിദ്രയാണ്. കറുത്തവള്‍ ആണ്. മെലിഞ്ഞവള്‍ ആണ്. അവര്‍ക്ക് താല്പര്യം ഉണ്ടായാല്‍ പോലും കമ്പോളം മുന്നോട്ടുവെക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഉള്ള പുരുഷബോധം ശോഭാ ജോണില്‍ താല്‍പര്യം പുലര്‍ത്തുന്നില്ല. മാധ്യമങ്ങളും വ്യത്യസ്തമല്ല. കാരണം, മാധ്യമങ്ങളെ ഭരിക്കുന്നതും അതേ കമ്പോള തത്പര പുരുഷ മനസാണ്.

മംഗളം അടക്കമുള്ള മാധ്യമങ്ങള്‍ വളരെ സൂക്ഷ്മാര്‍ഥത്തില്‍ ചെയ്യുന്നൊരു കാര്യമുണ്ട്. അത് വലതുപക്ഷത്തിന്, ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയുള്ള മാധ്യമ ഗണിക പ്രവര്‍ത്തനമാണ്. സരിത എസ് നായര്‍ എന്ന കൊടുംക്രിമിനല്‍, സംസ്ഥാനത്ത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഒത്താശയോടെ വലിയ തട്ടിപ്പുകള്‍ക്കായുള്ള ഗൂഢാലോചനകള്‍ നടത്തിയ, പലതും നടപ്പിലാക്കിയ സ്ത്രീയാണ്. ചില്ലറക്കാരിയല്ല. ആ സരിത, എന്തും പറയുന്നവള്‍ ആണ്, പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവള്‍ അല്ല, അവര്‍ പറഞ്ഞതില്‍ പലതും നുണയാണ്.. എന്നൊക്കെയുള്ള പൊതുബോധം ഉണ്ടാക്കി എടുക്കാന്‍ ആണ് ഇപ്പോഴത്തെ ഈ മാധ്യമ പ്രവര്‍ത്തനം. ഇത്തരത്തിലുള്ള മാധ്യമ രീതിയുടെ ഭാഗമായാണ് എ പി അബ്ദുള്ളക്കുട്ടി എന്ന യു ഡി എഫ് എം എല്‍ എ രാജിവെക്കേണ്ടതില്ല എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക പരിസരം ഉണ്ടായി വരുന്നത്.

ഉമ്മന്‍ചാണ്ടിയും സരിതയും മറ്റ് യു ഡി എഫ് നേതാക്കളും കൂടി നടത്തിയ കോടികളുടെ അഴിമതിയുടെ ഗൗരവം ഇത്തരത്തിലുള്ള ഇക്കിളി കഥകളിലൂടെ, പരദൂഷണ സ്വഭാവമുള്ള വാര്‍ത്തകളിലൂടെ ഉരുക്കി കളയാന്‍ ശ്രമിക്കുന്ന മാധ്യമ ബോധത്തെ മനസിലാക്കേണ്ടിയിരിക്കുന്നു.

സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന്‍ ആരാണ് എന്നത് സംസ്ഥാനത്തെ സംബന്ധിക്കുന്ന ഒരു വിഷയമല്ല. ഒരുപക്ഷെ, ഏതെങ്കിലും ഒരു യു ഡി എഫ് നേതാവ് മാത്രമാണ് സരിതയുമായി ബന്ധം സ്ഥാപിച്ചിരുന്നത് എങ്കില്‍ അയാള്‍ രാഷ്ട്രീയ വനവാസത്തിന് പോവേണ്ടി വന്നേനെ. ഒരു നടപടിയില്‍ യു ഡി എഫിന് മുഖം രക്ഷിക്കാമായിരുന്നു. മുന്നണിയെ നയിക്കുന്ന ഉമ്മന്‍ചാണ്ടി പോലും ഈ സ്ത്രീയുടെ കൈയിലെ കഴിപ്പാവപോലെ ആടിയിരുന്നു. അവര്‍ക്ക് വേണ്ടി സംസാരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ലൈംഗീക ചൂഷണത്തിന് അവരെ വിധേയയാക്കി കാണുമായിരിക്കില്ല. പക്ഷെ, അവരുടെ തട്ടിപ്പിന് വേണ്ട സഹായങ്ങള്‍ അദ്ദേഹം ഒരുക്കി കൊടുത്തു. നിരവധി യു ഡി എഫ് നേതാക്കള്‍ സരിതയുടെ ലിസ്റ്റിലുണ്ട്. അവരില്‍ ചിലര്‍ക്കെതിരെ സരിത പരാതി കൊടുത്തിട്ടുണ്ട്. സരിത പരാതി ഉയര്‍ത്താതിരിക്കാന്‍ കോടികള്‍ മുടക്കിയ മന്ത്രിമാരുണ്ട്. ഇത്തരമൊരു വിഷയത്തെ കേവലം സദാചാര പോലീസിംഗിന്റെ കണ്ണിലൂടെയല്ല നോക്കി കാണേണ്ടത്.

കോണ്‍ഗ്രസിന്റെയും - യു ഡി എഫ് മുന്നണിയുടെയും ലൈംഗീക ദാരിദ്ര്യം അല്ലെങ്കില്‍ ലൈംഗിക ആക്രാന്തം അവരുടെ സ്വകാര്യ വിഷയമാണ്. എന്നാല്‍, പ്രശ്‌നത്തെ തീര്‍ത്തും പൈങ്കിളിവത്കരിച്ച്, ലളിതവത്കരിച്ച്, സാമാന്യവത്കരിച്ച് സരിതയെയും അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യു ഡി എഫ് നേതാക്കളെയും സദാചാര പോലീസിന്റെ കണ്ണിലൂടെ കാണാന്‍, അതില്‍ അപഹാസ്യമുണര്‍ത്താനാണ് മാധ്യമങ്ങള്‍ മലയാളികളെ നിര്‍ബന്ധിതരാക്കുന്നത്. അതല്ല വിഷയം. രാഷ്ട്രീയ ധാര്‍മികതയുടെ പളുങ്കുസമാനമായ മൂല്യമാണ് പ്രശ്‌നം. അത് എന്നന്നേക്കുമായി തകര്‍ത്തുകളയണോ, അതോ നിലനിര്‍ത്തണോ എന്നതാണ് ചോദ്യം.

യു ഡി എഫ് തങ്ങളുടെ രാഷ്ട്രീയ മൂല്യങ്ങളില്‍, ധാര്‍മികതയില്‍ വിശ്വസിക്കുന്നുണ്ടോ? അതോ നാളെ ആര്‍ക്കുവേണമെങ്കിലും ഇത്തരം ലീലാവിലാസങ്ങളില്‍ ഏര്‍പ്പെടാമെന്ന ഒരു ന്യൂജനറേഷന്‍ കോണ്‍ഗ്രസ്-യു ഡി എഫ് സംസ്‌കൃതിക്കാണോ അവര്‍ പച്ചക്കൊടി വീശുന്നത്? ഈ ചോദ്യത്തിനുള്ള മറുപടി പോലെയായിരുന്നു കോണ്‍ഗ്രസ് നേതാവ്, കെ സി വേണുഗോപാല്‍ എം പിയും സരിത എസ് നായരും തമ്മിലുള്ള ബന്ധം രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും അത് അന്വേഷിക്കണമെന്നുമുള്ള ഷാനിമോള്‍ ഉസ്മാന്റെ ആവശ്യത്തിന് നേരെയുള്ള കെ പി സി സി പ്രസിഡന്റിന്റെ പൊട്ടിത്തെറിക്കല്‍. പുരുഷന്‍മാര്‍ പലതും ചെയ്യും സ്ത്രീകള്‍ക്ക് അതിനെയൊന്നും ചോദ്യം ചെയ്യാനുള്ള അവകാശമില്ല എന്നൊരു ഉള്ളടക്കവും ആദര്‍ശധീരനെന്ന നെറ്റിപ്പട്ടം സ്വയം അണിഞ്ഞ് നടക്കുന്ന വി എം സുധീരന്റെ പ്രകോപന ഭാഷണത്തില്‍ അടങ്ങിയിട്ടുണ്ടായിരുന്നു.

കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നടപടി, നാളെ സരിതയെ പോലുള്ള കമ്പോള താല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന സ്ത്രീകളെ. തട്ടിപ്പുകാരികളെ, അഴിമതിയുടെ കാവല്‍ മാലാഖകളെ പ്രാപിക്കാനും തങ്ങളുടെ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കാനുമുള്ള പുതിയൊരുകോണ്‍ഗ്രസ് -യു ഡി എഫ് ബോധം ഉണ്ടാക്കാന്‍ പര്യാപ്തമാണ്. മാധ്യമങ്ങളുടെ സഹായത്തോടെ അതിനെ ഒരു പൊതുബോധമായി ഉയര്‍ത്തിയെടുക്കാനും വലതുപക്ഷത്തിന് സാധിക്കും. ഇത്തരത്തിലുള്ളൊരു ബോധനിര്‍മിതിക്ക് വേണ്ടിയാണ് മംഗളം തങ്ങളുടെ കവര്‍സ്‌റ്റോറിയില്‍ സരിതയെ കൊണ്ടുവരുന്നത്. മംഗളത്തില്‍ സരിത പറയുന്ന കാര്യങ്ങള്‍ വെള്ളത്തില്‍ ആണിയടിക്കും പോലെ ചര്‍ച്ച ചെയ്യുകയല്ല വേണ്ടത്. സരിതയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു ഡി എഫ് ടീമും ചേര്‍ന്ന് നടത്തിയ കോടികളുടെ അഴിമതിയും ഗൂഡാലോചനകളും ചര്‍ച്ച ചെയ്യുകയും അത്തരത്തിലുള്ള മാഫിയാ പ്രവര്‍ത്തനത്തിന് സംസ്ഥാനം വേദിയാവാതെ സൂക്ഷിക്കുകയുമാണ് വേണ്ടത്.

08-Jun-2014