ശ്രീകണ്ഠാപുരത്തെ പാര്‍ട്ടിയും മംഗളത്തിന്റെ നുണകളും

കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം ചില ആര്‍ എം പി കുട്ടികള്‍ മുഖപുസ്തകത്തില്‍ സിപിഎം വിദ്വേഷവുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലൊ ചൊല്ല്. അതുകൊണ്ട് വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കുന്ന, നുണകള്‍ പ്രചരിപ്പിക്കുന്ന പ്രവണത നിര്‍ത്താന്‍ ഈ കുട്ടികള്‍ക്ക് സാധിക്കുകയില്ല. ഇവര്‍ പറയുന്നതില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നുണപ്രചാരകന്‍മാരും വിഡ്ഢികളുമാണെങ്കിലും ഇവര്‍ പറയുന്നതില്‍ വാസ്തവമുണ്ടെന്ന് കരുതുന്ന നിരവധി ശുദ്ധ മനസുകള്‍ കാണും. അവര്‍ക്ക് വേണ്ടിയാണ് ഇവിടെ വസ്തുതകള്‍ വ്യക്തമാക്കുന്നത്.

ആര്‍ എം പിക്കാര്‍ ശ്രീകണ്ഠാപുരത്ത് പോയി അവിടുത്തെ പുതിയ ഏരിയാ കമ്മറ്റി ഓഫീസ് കണ്ട് എഴുതിയതല്ല ഈ നിരൂപണം. പണ്ട് ഇക്കൂട്ടരുടെ ഉപജ്ഞാതാവ് ടി പി ചന്ദ്രശേഖരന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ വീടുകാണാന്‍ ആള്‍ക്കാരെ പറഞ്ഞയച്ച കഥ പ്രസിദ്ധമാണ്. പോയ കമ്യൂണിസ്റ്റ് ഉത്തമന്‍മാര്‍ നേരില്‍ കണ്ട വീടിന് പകരം വേറെ ഏതോ ബംഗ്ലാവിന്റെ ഫോട്ടോ ചന്ദ്രശേഖരന്റെ നിര്‍ദേശാനുസരണം പ്രചരിപ്പിച്ചതും താമസം വിനാ അത് പിടിക്കപ്പെട്ടതും ചരിത്രമാണ്. അന്ന് ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്ത നുണപ്രചരണം ഒരുപാടുകാലം തുടര്‍ന്നു. അത്തരത്തില്‍ നുണ പ്രചരിപ്പിച്ച പാരമ്പര്യമുള്ളവരാണ് ഈ കുട്ടികള്‍. അണ്ണാന്‍ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കേണ്ട കാര്യമില്ല എന്ന പറഞ്ഞത് പോലെ ആര്‍ എം പിക്കാരെ നുണപ്രചരണം പഠിപ്പിക്കേണ്ട കാര്യവുമില്ല. മംഗളം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ആര്‍ എം പി കുട്ടികള്‍ക്ക് നുണ പ്രചാരണത്തിന് പ്രചോദനമായത്.

ഇത്തരത്തിലുള്ളൊരു വാര്‍ത്ത എഴുതുമ്പോള്‍ പാലിക്കേണ്ട ചില മാധ്യമ നൈതികത ഉണ്ട്. ആ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് നേതൃത്വം കൊടുത്ത, വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ഏരിയാ സെക്രട്ടറിയോട് വസ്തുതകള്‍ ചോദിച്ച് മനസിലാക്കുക എന്നതാണ് അതിലൊന്ന്. അങ്ങനെയാവുമ്പോള്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ളൊരു വാര്‍ത്താ നിര്‍മിതി ഉണ്ടാവില്ല. കള്ളങ്ങള്‍ പ്രചരിപ്പിച്ച് അന്നം തേടുന്ന മംഗളത്തിന്റെ ജീര്‍ണ സംസ്‌കാരത്തിന് ഒരിക്കലും വസ്തുതകള്‍ ആഹരിക്കാന്‍ സാധിക്കുകയുമില്ല. മംഗളം ആ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യുക.

ആഗസ്ത് 11ന് മംഗളത്തില്‍ വന്ന വാര്‍ത്ത, കണ്ണൂരില്‍ നിന്നാണെന്നാണ് പറയുന്നതെങ്കിലും വാര്‍ത്തയുടെ സോഴ്‌സ് ആര്‍ എം പി അനുഭാവികളാണ്. വസ്തുതകളുടെ മേല്‍ നുണകാച്ചിയൊഴിച്ച് സിപിഐ എം വിമര്‍ശകര്‍ക്ക് മുന്‍പില്‍ കാഴ്ചവെക്കുന്ന പലഹാരമാക്കി മാറ്റാന്‍ ഇതിലൂടെ ലേഖകനും അദ്ദേഹത്തിന് വാര്‍ത്ത പറഞ്ഞുകൊടുത്ത കമ്യൂണിസ്റ്റ് ഉത്തമന്‍മാരും പരമാവധി ശ്രമിക്കുന്നുണ്ട്.

നേരത്തെ ഉണ്ടായിരുന്ന ഏരിയകമ്മറ്റി ഓഫീസ് പതിനാറ് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. ആ ഓഫീസില്‍ സൗകര്യക്കുറവുകള്‍ ഏറെയുണ്ടായിരുന്നു. ഒരു യോഗം ചേരാന്‍ മാത്രം വിശാലമായ ഹാള്‍ പോലും ആ ഓഫീസില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ചോര്‍ച്ചയടക്കമുള്ള ബലക്ഷയവും കെട്ടിടത്തിന് ഉണ്ടായിരുന്നു. എന്നാലും പുതിയൊരു ഓഫീസ് എന്ന ചിന്തയിലേക്ക് ശ്രീകണ്ഠാപുരത്തെ പാര്‍ട്ടി പോയിരുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ രണ്ട് പാര്‍ട്ടി സമ്മേളനങ്ങളില്‍ സഖാവ് സി കെയുടെ പേരില്‍ ശ്രീകണ്ഠാപുരം ഏരിയാ കമ്മറ്റി ഒരു ഹാള്‍ നിര്‍മിക്കണം എന്നുള്ള ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു. അത് തീരുമാനവുമായിരുന്നു. പക്ഷെ, അത് നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

പഴയ ഏരിയാ കമ്മറ്റി ഓഫീസുള്ളത് ശ്രീകണ്ഠാപുരം ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ്. ഈ ഓഫീസിനോട് ചേര്‍ന്ന് തന്നെയാണ് വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ഷോപ്പിംഗ് മാള്‍ നിര്‍മാണം പുരോഗമിക്കുന്നത്. അതിന്റെ ഭാഗമായി പഴയ ഏരിയാ കമ്മറ്റി ഓഫീസിന്റെ മൂന്നു ഭാഗത്ത് നിന്നും മണ്ണെടുത്തു. ഓഫീസിന്റെ നാലുചുറ്റുമുള്ള സ്ഥലം (വഴിയൊഴികെ) ഷോപ്പിംഗ് മാളിന്റേതാണ്. അങ്ങനെ മണ്ണെടുത്തപ്പോള്‍ ഓഫീസ് ഒരു തിട്ടയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പ്രതീതിയിലായി. തുടര്‍ന്ന് നാലാമത്തെ ഭാഗത്തെ മണ്ണെടുക്കാന്‍ ഷോപ്പിംഗ് മാള്‍ നിര്‍മാതാക്കള്‍ തുനിഞ്ഞപ്പോള്‍ ഏരിയാ സെക്രട്ടറി അത് അനുവദിച്ചില്ല. വേണമെങ്കില്‍ അദ്ദേഹത്തിന്റെ ധാര്‍ഷ്ഠ്യം എന്ന് മംഗളത്തിന് വ്യാഖ്യാനിക്കാം. അങ്ങനെ തടയാനുള്ള കാരണം പഴയ പാര്‍ട്ടി ഓഫീസിന്റെ അസ്ഥിവാരം ദുര്‍ബലമാണെന്നതായിരുന്നു. ചെറിയൊരു കുന്നിന്റെ മുകളിലാണ് ഈ ഓഫീസ്. ചാലുകീറി കരിങ്കല്ലിട്ട ഒരസ്ഥിവാരത്തിന് മുകളിലാണ് ഓഫീസ് നിര്‍മിച്ചത്. അക്കാലത്ത് പില്ലറൊന്നും അവിടെയില്ല. ആ ദുര്‍ബലമായ അസ്ഥിവാരത്തിന്റെ ആഴത്തെ മറികടന്നാണ് ചുറ്റും മണ്ണെടുക്കുന്നത്. നാലാമത്തെ ഭാഗത്തും മണ്ണെടുത്താല്‍ ഓഫീസ് മറിഞ്ഞുവീഴുമെന്നതില്‍ സംശയമില്ല. അത്തരത്തില്‍ വിഷയം നില്‍ക്കുമ്പോഴാണ് ഷോപ്പിംഗ് മാളിന്റെ നിര്‍മാതാക്കള്‍, പാര്‍ട്ടി ഓഫീസിന്റെ ഭൂമിയില്‍ നിന്ന് ഒരു മീറ്റര്‍ സ്ഥലം തരാമോ എന്ന് ചോദിക്കുന്നത്. അവര്‍ പത്ത്് ലക്ഷം രൂപ ഒരുമീറ്റര്‍ സ്ഥലത്തിന് വില പറഞ്ഞു. പക്ഷെ, പാര്‍ട്ടി അത് സമ്മതിച്ചില്ല. പിന്നീട് പലപ്പോഴായി ആ അഭ്യര്‍ത്ഥന അവര്‍ മുന്നോട്ടുവെച്ചു. അതിന്റെ ഒരു തലത്തിലാണ് സ്ഥലം മൊത്തം വെച്ചുമാറുന്ന കാര്യം മുന്നോട്ടുവെക്കുന്നത്. ആദ്യമൊന്നും ആ വിഷയത്തിലുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ല. പിന്നീട് പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ വിള്ളലുണ്ടായപ്പോഴാണ് ചര്‍ച്ചയ്ക്ക് പുരോഗതിയുണ്ടാവുന്നത്. പഴയ പാര്‍ട്ടി ഓഫീസിരിക്കുന്ന സ്ഥലത്തിന് വില നിശ്ചയിച്ചു നല്‍കി. അവിടെ തന്നെ സ്ഥലം നല്‍കുവാനുള്ള ധാരണയും ഉണ്ടായി. വില്‍പ്പനക്കാരും വാങ്ങുന്നവരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കഴിഞ്ഞപ്പോള്‍ പഴയ പാര്‍ട്ടി ഓഫീസിനോട് അല്‍പ്പം മാറി പുതിയ തറനിരപ്പില്‍ പുതിയ പാര്‍ട്ടി ഓഫീസുണ്ടാക്കാനുള്ള പണി പുരോഗമിച്ചു.

ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ശ്രീകണ്ഠപുരത്തെ പാര്‍ട്ടിയില്‍ ഈ വിഷയം ചര്‍ച്ചയായി. എല്ലാ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റികളിലും ഇത് ചര്‍ച്ച ചെയ്തു. പുതിയ പാര്‍ട്ടി ഓഫീസ് എന്ന അജണ്ട എല്ലാ കമ്മറ്റികളും ഏകകണ്ഠമായി അംഗീകരിച്ചു. ലോക്കല്‍ കമ്മറ്റികളും ഏകകണ്ഠമായി പുതിയ ഓഫീസ് വേണമെന്ന അഭിപ്രായം രേഖപ്പെടുത്തി. തുടര്‍ന്ന് ജില്ലാ കമ്മറ്റിയും സംസ്ഥാന കമ്മറ്റിയും ശ്രീകണ്ഠാപുരത്തെ പാര്‍ട്ടിയുടെ തീരുമാനം പരിശോധിക്കുകയും അവര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് മനസിലാക്കി പുതിയ ഓഫീസെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഷോപ്പിംഗ് മാള്‍ നിര്‍മാതാക്കളുമായുള്ള ചര്‍ച്ച പുരോഗമിച്ച് ധാരണയിലേക്കെത്തുന്നത്.

ഭൂമി കൈമാറ്റത്തിലൂടെ ലഭിച്ച പണം യഥാര്‍ത്ഥത്തില്‍ പതിനാറ് വര്‍ഷം മുമ്പ് പാര്‍ട്ടി ഓഫീസുണ്ടാക്കിയ അന്നത്തെ പാര്‍ട്ടി നേതൃത്വത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിയര്‍പ്പാണ്. ഇന്നത്തെ നേതൃത്വത്തിന് അവരില്‍ നിന്നും കൈമാറി ലഭിച്ചതാണ് ആ സ്ഥലവും കെട്ടിടവും. അത് കൈമാറ്റം ചെയ്തപ്പോള്‍ ലഭ്യമായ പണം വകമാറ്റി ചെലവഴിക്കേണ്ടതില്ല എന്ന് ശ്രീകണ്ഠപുരത്തെ പാര്‍ട്ടി തീരുമാനിച്ചു. അങ്ങനെയാണ് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങുന്നത്. പഴയ പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ, അധ്വാനത്തിന്റെ കൂടെ നിലവിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ വിഹിതം ചേര്‍ത്ത് വെക്കണം എന്ന തീരുമാനം പിന്നീടാണ് ഉണ്ടാവുന്നത്. അത് പാര്‍ട്ടി അംഗങ്ങളില്‍ പുതിയ പാര്‍ട്ടി ഓഫീസ് തങ്ങളുടെ വിയര്‍പ്പിന്റെ ഭാഗം കൂടിയാണെന്ന വികാരപരമായ ഒരു ചിന്ത ഉണര്‍ത്താന്‍ പര്യാപ്തമായ തീരുമാനമായി മാറുകയും ചെയ്തു. ശ്രീകണ്ഠാപുരത്ത് സിപിഐ എമ്മിന് മൂവായിരത്തോളം അംഗങ്ങളാണുള്ളത്. അവര്‍ പരമാവധി അഞ്ഞൂറ് രൂപവരെയാണ് ഇതിനായി വിനിയോഗിച്ചത്. ഏതാണ്ട് പന്ത്രണ്ടര ലക്ഷത്തോളം രൂപയാണ് ആ ഇനത്തില്‍ ലഭിച്ചിട്ടുണ്ടാവുക. പക്ഷെ, മംഗളവും ആര്‍ എം പിക്കാരും അതിനെ ഇരട്ടിയിലേറെയാക്കി പൊലിപ്പിച്ചു. പാര്‍ട്ടി മെമ്പര്‍മാരല്ലാത്തവരില്‍ നിന്നും സംഭാവന ശേഖരിച്ചിട്ടില്ല. ചില സഹകരണ സംഘങ്ങള്‍ കുറച്ച് ചെങ്കല്ലും ജില്ലിയും (ചല്ലി) സംഭാവന ചെയ്തു. ഉദ്ഘാടന സമയത്ത് പത്രത്തില്‍ സപ്ലിമെന്റ് തയ്യാറാക്കുന്നതിലേക്കായി ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പരസ്യശേഖരണം നടത്താനും അവിടുത്തെ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ഇതാണ് സാമ്പത്തിക വരവിന്റെ വസ്തുത.

ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള വഴി വീതികൂട്ടാനാണ് ഏരിയാ കമ്മറ്റി ഓഫീസിന്റെ സ്ഥലം നല്‍കിയത് എന്നത് വസ്തുതയ്ക്ക് നിരക്കാത്ത ആരോപണമാണ്. കാരണം ആ വഴിയുടെ വീതി അഞ്ച് മീറ്ററാണ്. ആ വഴിയുടെ ഇരവശവും കച്ചവട സ്ഥാപനങ്ങളാണ്. ഒരു കാരണവശാലും അതിന്റെ വീതി വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. പക്ഷെ, ഏരിയാ കമ്മറ്റി ഓഫീസിന്റെ കെട്ടിടം മാറുമ്പോള്‍ ഈ അഞ്ച് മീറ്റര്‍ റോഡ് അവസാനിക്കുന്നിടത്ത് വേണമെങ്കില്‍ ഷോപ്പിംഗ് മാള്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ മാളിന്റെ ഭാഗം നിര്‍മിക്കാന്‍ സാധിക്കും. അവരുടെ ലക്ഷ്യവും അതായിരിക്കും. ഷോപ്പിംഗ് മാളിലേക്ക് വേറെ റോഡുകളുണ്ട് എന്നത് വാര്‍ത്തയില്‍ നിന്നും പ്രചരണത്തില്‍ നിന്നും കള്ളം മെനയുന്നവര്‍ മറച്ചുവെക്കുന്നു.

പുതിയ പാര്‍ട്ടി ഓഫീസില്‍ ലിഫ്റ്റില്ല. ഭാവിയില്‍ വേണമെന്നുണ്ടെങ്കില്‍ അതിനുള്ള സൗകര്യം നിലനിര്‍ത്തിയിട്ടുണ്ട്. മുകളില്‍ ഇനിയും നിലകള്‍ ഉയര്‍ത്തണമെന്നുണ്ടെങ്കില്‍ അതിന് കെല്‍പ്പുള്ള അസ്ഥിവാരവും പുതിയ ഏരിയാ കമ്മറ്റി ഓഫീസിനുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ മംഗളം ലേഖകനും അയാള്‍ക്ക് വാര്‍ത്ത പറഞ്ഞുകൊടുത്ത ആര്‍ എം പി അനുഭാവിക്കും വിറളിയുണ്ടാക്കും. പുതിയ ഏരിയാ കമ്മറ്റി ഓഫീസിന്റെ ഹാളില്‍ പാര്‍ട്ടി യോഗങ്ങള്‍ മാത്രമല്ല ചേരുക. അവിടെ വര്‍ഗബഹുജനസംഘടനകളുടെ യോഗങ്ങളും മറ്റ് പരിപാടികളും നടക്കും. ആ നാട്ടിലെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ ചെറിയ പരിപാടികളൊക്കെ സംഘടിപ്പിക്കും. കുടുംബശ്രീയിലെ സ്ത്രീകള്‍ക്ക് കൂടിയിരിക്കാനും അവരുടെ പരിപാടികള്‍ സംഘടിപ്പിക്കാനുമൊക്കെ ആ ഇടം ഉതകും. അവിടെ പി എസ് സി കോച്ചിംഗ് ക്യാമ്പ് ഉണ്ടാവും കമ്പ്യൂട്ടര്‍ പഠന ശിബിരമുണ്ടാവും. കുട്ടികളുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഇത്തരം കാര്യങ്ങളൊക്കെ നടക്കുമ്പോള്‍ പുതുതലമുറ പുരോഗമന പ്രസ്ഥാനത്തോട് കൂടുതല്‍ അടുക്കും. കള്ള നാണയങ്ങളെ തിരിച്ചറിയും മംഗളം പത്രം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരത്തെ തിരിച്ചറിയാനും അത് വലിച്ചെറിയാനും അവര്‍ക്ക് സാധിക്കും. ടീപീ.. ടീപി എന്നീ രണ്ടക്ഷരങ്ങള്‍ക്കപ്പുറം വായിക്കാനും എഴുതാനും ചിന്തിക്കാനും സാധിക്കാത്ത, ആര്‍ എം പി കുട്ടികളെ നോക്കി സഹതപിക്കാനും അവരെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കാനും അവര്‍ക്കാവും. നാളെയിലേക്കാണ് ശ്രീകണ്ഠാപുരത്തെ പാര്‍ട്ടി കുതിക്കുന്നത്. അതില്‍ അസൂയ പൂണ്ടിട്ട് കാര്യമില്ല. കൊതിക്കെറുവ് പറഞ്ഞിട്ടും കാര്യമില്ല.

ലിഫ്റ്റ് : സിപിഐ എംന് ഏരിയാകമ്മറ്റി ഓഫീസെടുക്കാനുള്ള സ്ഥലം കൊടുത്ത് സിപിഐ എമ്മിന്റെ അടുപ്പക്കാരായ (സേവിച്ച, അവിഹിത ബന്ധമുണ്ടാക്കിയ) ഈ ഷോപ്പിംഗ് മാളിന്റെ നിര്‍മാതാക്കള്‍ക്ക് പഞ്ചായത്ത് നോട്ടീസ് കൊടുത്തിരിക്കുന്നു. മാള്‍ നിര്‍മാണം സിപിഐ എം ഭരിക്കുന്ന പഞ്ചായത്ത് തടഞ്ഞിരിക്കയാണ്. ബില്‍ഡിംഗിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്തിരിക്കുന്നു. ഓംബുഡ്‌സ്മാന്റെ പരിശോധനയ്ക്ക് ശേഷമാണ് സിപിഐ എം നേതൃത്വത്തിലുള്ള ഭരണ സമിതി അത്തരത്തിലുള്ളൊരു തീരുമാനം കൈക്കൊണ്ടത്. ഇതില്‍ നിന്നും മംഗളം ലേഖകനും വിമര്‍ശകരും മനസിലാക്കേണ്ട പാഠം സിപിഐ എമ്മിനെ ആരെക്കൊണ്ടും വിലക്കെടുക്കാന്‍ സാധിക്കില്ല എന്നതാണ്. അത് മനസിലാക്കാനുള്ള പ്രാപ്തി വിമര്‍ശകര്‍ക്കുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

 

13-Aug-2014