ഇങ്ക്വിലാബും ചുംബിലാബും

സദാചാര പോലീസിംഗ് നടത്തുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ ചുംബനത്തെ മാത്രമല്ല ഭയപ്പെടുന്നത്. അവര്‍ പ്രണയത്തെ ഭയപ്പെടുന്നുണ്ട്, മിശ്രവിവാഹങ്ങളെ ഭയപ്പെടുന്നുണ്ട്, സ്ത്രീ സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നുണ്ട്... സ്ത്രീധനത്തെയും മതചിഹ്നങ്ങളുള്ള വസ്ത്രധാരണ രീതിയേയും അന്ധവിശ്വാസങ്ങളെയും അവര്‍ ഇഷ്ടപ്പെടുന്നുമുണ്ട്. ഇത്തരത്തില്‍ ഫാസിസ്റ്റ് മനസുള്ള സംഘപരിവാരങ്ങളും മത ഭീകരവാദ സ്വഭാവമുള്ളവരും മുന്നോട്ട് വെക്കുന്ന കറുത്ത കാഴ്ചപ്പാടുകളെ ചെറുത്തുതോല്‍പ്പിക്കാനുള്ള വിശാല സമരഭൂമിക ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ഈ നാട്ടിലെ സമസ്ത ജനവിഭാഗവും കൈകോര്‍ക്കുന്ന ഒരു സമരരീതിയാവണം അത്. ചുംബനസമരത്തിനണിനിരന്നവര്‍ക്കും ചുംബനമായതുകൊണ്ട് മാത്രം സദാചാര പോലീസിനെതിരായ സമരത്തില്‍ നിന്ന് വിട്ടുനിന്നവര്‍ക്കും കൈകോര്‍ക്കാന്‍ പറ്റുന്ന സമരവേദി. അത്തരമൊരു വിശാല സമര ഭൂമികയുണ്ടാക്കാന്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്ക് തന്നെ മുന്‍കൈയെടുക്കട്ടെ. അടര്‍ത്തിയെടുത്ത ഒരു വാക്കിന്റെ പുറത്ത് ഫാസിസത്തിനെതിരായുള്ള കുതിപ്പില്‍ തളര്‍ച്ചയുണ്ടാക്കരുത്. ഭിന്നിപ്പുണ്ടാക്കരുത്.

കോഴിക്കോട് വെച്ച് ചുംബനസമരം നടത്തിയപ്പോള്‍ കാണിച്ച ചാനല്‍ ദൃശ്യങ്ങളില്‍ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു, ചുംബിലാബ് സിന്ദാബാദ്. ചുംബനം ജയിക്കട്ടെ എന്നാവും മുദ്രാവാക്യം മുഴക്കിയവര്‍ ഉദ്ദേശിച്ചത്. ചുംബനസമരത്തില്‍ ചുംബനമെന്ന പദമുണ്ടെങ്കിലും അത് വെറുമൊരു ചുംബനത്തിനായുള്ള സമരമായല്ല കണ്ടത്. ചുംബനദാരിദ്ര്യം ഇല്ലാതാക്കാന്‍ ചുംബിച്ചുകൊണ്ടേയിരിക്കുക എന്ന ആഹ്വാനമായല്ല ചുംബന സമരത്തെ കേരളത്തിലെ പുരോഗമന മനസുകള്‍ വായിച്ചെടുത്തത്. ഫാസിസം ഇരമ്പിയാര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ഒരു വേദിയായാണ് ചുംബന സമരത്തെ കണ്ടത്. അവിടെ മുഴങ്ങേണ്ടത് ഇന്‍ക്വിലാബ് സിന്ദാബാദ് തന്നെയായിരുന്നു.

കോഴിക്കോട്ടെ ഒരു റസ്റ്ററന്റില്‍ കമിതാക്കള്‍ ഉമ്മവെക്കുന്നു, അവിടെ അനാശാസ്യ പ്രവര്‍ത്തനത്തിന് വേദിയൊരുങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വാര്‍ത്താചാനല്‍ പുറത്തുവിട്ട വാര്‍ത്തയും അത് വസ്തുതയായെടുത്ത് സംഘപരിവാര്‍ ശക്തികള്‍ ആ റസ്റ്ററന്റ് അടിച്ച് തകര്‍ത്തതും പൊതുസമൂഹത്തില്‍ ചര്‍ച്ചയായപ്പോഴാണ് കിസ് ഓഫ് ലവ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപം കൊള്ളുന്നത്. എറണാകുളം മറൈന്‍ഡ്രൈവില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ചുംബനസമരം സംഘടിപ്പിച്ചു. സദാചാര പോലീസിംഗിനെതിരെയായിരുന്നു ആ സമരം. സദാചാര പോലീസുകാര്‍ ആ സമരത്തെ അടിച്ചൊതുക്കാന്‍ രംഗത്തുവന്നു. എസ് ഡി പി ഐയുടെയും യൂത്ത് ലീഗിന്റെയും പ്രവര്‍ത്തകര്‍, സംഘപരിവാരങ്ങളുടെ കൂടെ അവരുടെ മുദ്രാവാക്യം ഏറ്റ് വിളിച്ച് ചുംബനസമരക്കാര്‍ക്ക് നേരെ കൈയ്യോങ്ങി. നവോത്ഥാനമൂല്യങ്ങള്‍ക്കെതിരെ ഇരമ്പിയാര്‍ക്കുന്ന കറുത്തശക്തികളുടെ കൂട്ടായ്മയും അവിടെയുണ്ടായി. സദാചാര പോലീസിംഗിനെതിരായുള്ള ചുംബനസമരത്തിന്റെ നല്ല അധ്യായമായിരുന്നു മറൈന്‍ഡ്രൈവില്‍ നടന്നത്. അതിലെ ശരിയും തെറ്റും കേരള സമൂഹത്തിന് തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്തു. അന്ന് ഡി വൈ എഫ് ഐ പോലുള്ള സംഘടനകള്‍ സദാചാരപോലീസിംഗിനെതിരായ കിസ് ഓഫ്് ലവ് പ്രവര്‍ത്തകരുടെ സമരത്തെ ഫാസിസ്റ്റുകളും മതതീവ്രവാദ സ്വഭാവമുള്ള സംഘടനകളും ഭരണകൂട ഭീകരതയും കൂട്ടുചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചതിനെ അപലപിച്ചു. അതിനെ ചെറുത്തു. അന്നൊന്നും ചുംബനത്തിനുവേണ്ടിയുള്ള ഒരു സമരമെന്ന ലേബലായിരുന്നില്ല ആ മുന്നേറ്റത്തിനുണ്ടായിരുന്നത്. സംഘപരിവാര ശക്തികളുടെ, നവോത്ഥാന വിരുദ്ധ ശക്തികളുടെ ഫാസിസ്റ്റ് പ്രയോഗങ്ങളെ ചെറുക്കുവാനുള്ള ഒരു വേദിയായിരുന്നു അത്.

ഫാസിസം നിഷേധിക്കുന്നത് ചുംബനം മാത്രമല്ല. അവര്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. ജീവിതത്തെ മാറ്റിവരയ്ക്കാന്‍ ശ്രമിക്കുന്നു. ഭക്ഷണം നിഷേധിക്കുന്നു. നമ്മള്‍ എങ്ങനെ നടക്കണം, എങ്ങനെ ചിന്തിക്കണം, ഏത് വിശ്വാപ്രമാണങ്ങളെ മുറുകെ പിടിക്കണം, ഏത് വസ്ത്രം ധരിക്കണം തുടങ്ങി, തുറന്നു ചിന്തിക്കുന്നവന്റെ, പറയുന്നവന്റെ മസ്തിഷ്‌കത്തെയും ശരീരത്തെയും ജയിലറകളിലടക്കാന്‍, ഇല്ലാതാക്കാന്‍ വെമ്പുകയാണ് അവര്‍. ഇത്തരത്തില്‍ ഭീഷണമായി, ചുരമാന്ത്രി നില്‍ക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പ്രതിരോധം ചുംബനത്തില്‍ മാത്രം ഒതുക്കേണ്ട ഒന്നാണോ? ചുംബനം മാത്രം ഒരു സമരരീതിയാക്കുമ്പോള്‍ ഫാസിസത്തിനെതിരായുള്ള വിശാലമായ സമരഭൂമികയിലേക്ക് പൊതുസമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പങ്കാളികളാകാന്‍ വൈമനസ്യമുണ്ടാവുന്നുണ്ട്. ഫാസിസത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരും ചുംബന സമരത്തില്‍ പങ്കാളിയാകാന്‍ വൈമുഖ്യം കാണിക്കുന്നുണ്ട്. ഇത് വസ്തുതയാണ്. അപ്പോള്‍ ഫാസിസത്തിനെതിരായ മുന്നേറ്റം ഏവര്‍ക്കും കൈകോര്‍ക്കാന്‍ പറ്റുന്ന ഒന്നാവണം എന്നാഗ്രഹിക്കുന്നത് ശരികേടല്ല.

ചുംബന സമരം തെറ്റാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ സംസാരത്തില്‍ നിന്ന് വായിച്ചെടുക്കുന്നവര്‍ക്ക് നല്ല നമസ്‌കാരം. അദ്ദേഹം ചുംബനസമരവുമായി ബന്ധപ്പെട്ട് പറഞ്ഞ വാചകങ്ങള്‍ ഇതാണ് : 'കേരളത്തില്‍ സജീവമാകുന്ന സദാചാര പൊലീസുകാരെ ശക്തമായി നേരിടും. സദാചാര പൊലീസിനെതിരെ രൂപപ്പെട്ട കൂട്ടായ്മയാണ് ചുംബനസമരം. സദാചാര പൊലീസിനെതിരായ മുഴുവന്‍ പേരെയും ഒന്നിച്ചണിനിരത്താവുന്ന സമരമുറയല്ല ഇത്. ഇവരെ സദാചാര പൊലീസ് നേരിട്ടത് ശരിയായില്ല. ഇങ്ങനെ വ്യത്യസ്തമായ സമരരീതികള്‍ നടത്തുന്നവരെ പൊലീസായാലും സദാചാര പൊലീസായാലും തല്ലിയൊതുക്കുന്നത് അംഗീകരിക്കാനാവില്ല. ഭാര്യയും ഭര്‍ത്താവും മുറിക്കുള്ളില്‍ ചെയ്യേണ്ടത് റോഡില്‍ കാട്ടുന്നത് നാട്ടുകാര്‍ അംഗീകരിച്ചെന്ന് വരില്ല. എന്നാല്‍, ചുംബനസമരക്കാരോട് എതിര്‍പ്പുണ്ടെങ്കില്‍ അത് ജനാധിപത്യപരമായി ചര്‍ച്ച ചെയ്യണം. മര്‍ദനം കൊണ്ടല്ല അതിനെ നേരിടേണ്ടത്.' സദാചാര പൊലീസിനെതിരെ രൂപപ്പെട്ട കൂട്ടായ്മയാണ് ചുംബനസമരമെന്നതില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല. പക്ഷെ, സദാചാര പോലീസിംഗിനെതിരായി ചിന്തിക്കുന്ന മുഴുവന്‍പേരെയും അണിനിരത്താവുന്ന സമരമുറയല്ല അതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് സത്യമാണ്. മറൈന്‍ഡ്രൈവിലും കോഴിക്കോടും ചുംബനസമരത്തില്‍ പങ്കാളികളായവരുടെ എണ്ണത്തില്‍ നിന്ന് അത് മനസിലാക്കാം. 'ഭാര്യയും ഭര്‍ത്താവും മുറിക്കുള്ളില്‍ ചെയ്യേണ്ടത് റോഡില്‍ കാട്ടുന്നത് നാട്ടുകാര്‍ അംഗീകരിച്ചെന്ന് വരില്ല' എന്ന വാചകമാണ് പലരും അടര്‍ത്തിയെടുത്ത് ആഞ്ഞടിക്കുന്നത്. അദ്ദേഹം പറഞ്ഞത് നാട്ടുകാര്‍ അംഗീകരിച്ചെന്ന് വരില്ല എന്നാണ്. നാട്ടുകാരില്‍ എല്ലാവരുമുണ്ട്. അവര്‍ അംഗീകരിച്ചെന്ന് വരില്ല എന്നത് പൊതുവായുള്ള ഒരു നോക്കിക്കാണല്‍ മാത്രമാണ്. അങ്ങനെ അംഗീകരിക്കാത്തത് കൊണ്ട് ചുംബനസമരക്കാരെ തല്ലിക്കോളൂ എന്നല്ല തുടര്‍ന്ന് പിണറായി പറയുന്നത്. 'എന്നാല്‍, ചുംബനസമരക്കാരോട് എതിര്‍പ്പുണ്ടെങ്കില്‍ അത് ജനാധിപത്യപരമായി ചര്‍ച്ച ചെയ്യണം. മര്‍ദനം കൊണ്ടല്ല അതിനെ നേരിടേണ്ടത്.' എന്നാണ്. ചുംബനക്കാരെ അടിച്ചോടിക്കണം എന്ന് പിണറായി പറയണം എന്ന് ആഗ്രഹിക്കുന്നവര്‍, അങ്ങനെ പറഞ്ഞു എന്ന് വ്യാഖ്യാനിക്കുന്നവര്‍ മനസിലാക്കേണ്ട വസ്തുതയാണ് ഇത്. ചുംബനക്കാരോട് എതിര്‍പ്പുണ്ടെങ്കില്‍ ജനാധിപത്യപരമായി ചര്‍ച്ച ചെയ്യണം എന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പറയുന്നത്. അല്ലാതെ ആ സമരം അബദ്ധമായിപ്പോയി എന്നല്ല. പിണറായിയുടെ സംസാരത്തെ വ്യാഖ്യാനിച്ച് അദ്ദേഹത്തെ 'സംഘാവ്' എന്ന് വരെ വിശേഷിപ്പിച്ച, 'ഉത്തമ കമ്യൂണിസ്റ്റുകള്‍' പിണറായി പറഞ്ഞതിലുള്ള തെറ്റെന്താണ് എന്ന് സമൂഹത്തോട് പറയണം. അതോടൊപ്പം പിണറായി ചുംബനസമരത്തെ തള്ളിപ്പറഞ്ഞു എന്ന് വ്യാഖ്യാനിച്ച് സന്തോഷ പ്രകടനം നടത്തുന്ന ചിലരുമുണ്ട്. അത് വെടക്കാക്കി തനിക്കാക്കല്‍ പരിപാടി മാത്രമാണ്. തന്റെ വാദമാണ് ജയിച്ചത് എന്ന് സ്ഥാപിക്കാനുള്ള പൂഴിക്കടകന്‍ പ്രയോഗം. ഇവര്‍ക്ക് രണ്ട് പേര്‍ക്കും നടുവിലാണ് പിണറായി നില്‍ക്കുന്നത് എന്ന് മുന്‍വിധികളൊന്നുമില്ലാതെ അദ്ദേഹത്തിന്റെ പ്രസംഗം വായിച്ചവര്‍ക്ക് മനസിലാവും. പിണറായിയുടെ പ്രസംഗത്തില്‍ നിന്ന് ഒരു വാക്ക് അടര്‍ത്തിയെടുത്ത് വിവാദമാക്കാന്‍ ശ്രമിച്ച ചില മാധ്യമങ്ങളുടെ മസ്തിഷ്‌കങ്ങളല്ല നാട്ടിലെ ജനങ്ങളുടേത്.

സദാചാര പോലീസിംഗ് നടത്തുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ ചുംബനത്തെ മാത്രമല്ല ഭയപ്പെടുന്നത്. അവര്‍ പ്രണയത്തെ ഭയപ്പെടുന്നുണ്ട്, മിശ്രവിവാഹങ്ങളെ ഭയപ്പെടുന്നുണ്ട്, സ്ത്രീ സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നുണ്ട്... സ്ത്രീധനത്തെയും മതചിഹ്നങ്ങളുള്ള വസ്ത്രധാരണ രീതിയേയും അന്ധവിശ്വാസങ്ങളെയും അവര്‍ ഇഷ്ടപ്പെടുന്നുമുണ്ട്. ഇത്തരത്തില്‍ ഫാസിസ്റ്റ് മനസുള്ള സംഘപരിവാരങ്ങളും മത ഭീകരവാദ സ്വഭാവമുള്ളവരും മുന്നോട്ട് വെക്കുന്ന കറുത്ത കാഴ്ചപ്പാടുകളെ ചെറുത്തുതോല്‍പ്പിക്കാനുള്ള വിശാല സമരഭൂമിക ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ഈ നാട്ടിലെ സമസ്ത ജനവിഭാഗവും കൈകോര്‍ക്കുന്ന ഒരു സമരരീതിയാവണം അത്. ചുംബനസമരത്തിനണിനിരന്നവര്‍ക്കും ചുംബനമായതുകൊണ്ട് മാത്രം സദാചാര പോലീസിനെതിരായ സമരത്തില്‍ നിന്ന് വിട്ടുനിന്നവര്‍ക്കും കൈകോര്‍ക്കാന്‍ പറ്റുന്ന സമരവേദി. അത്തരമൊരു വിശാല സമര ഭൂമികയുണ്ടാക്കാന്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്ക് തന്നെ മുന്‍കൈയെടുക്കട്ടെ. അടര്‍ത്തിയെടുത്ത ഒരു വാക്കിന്റെ പുറത്ത് ഫാസിസത്തിനെതിരായുള്ള കുതിപ്പില്‍ തളര്‍ച്ചയുണ്ടാക്കരുത്. ഭിന്നിപ്പുണ്ടാക്കരുത്. ചരിത്രബോധമുള്ളവര്‍ക്ക് അതിന് സാധിക്കുകയുമില്ല. സഖാവ് പിണറായി വിജയന്റെ ജീവിതം ഫാസിസത്തോടുള്ള പോരാട്ടം തന്നെയാണ്. അദ്ദേഹം ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ്പ് വേദി കൂടുതല്‍ വിശാലമാക്കണം എന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. പിന്നെ, പിണറായി പറഞ്ഞത് അങ്ങനെയാണ്, അങ്ങനെയാണ്, അങ്ങനെ മാത്രമാണ് എന്ന് പറയുന്ന കുബുദ്ധികള്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ പറയുന്നത്. പല അവസരങ്ങളിലും പിണറായിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും വേട്ടയാടാന്‍ ഇക്കൂട്ടര്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ആ പാഷാണത്തിലെ കൃമികളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്.

10-Dec-2014