അങ്ങനെയാണ് സെവാഗ് വീരേന്ദ്രനാവുന്നത്
എ എന്‍ രവീന്ദ്രദാസ്
എതിര്‍ ബൌളിങ്ങിനെ ഭസ്മമാക്കുന്ന വീരേന്ദര്‍ സെവാഗിന്റെ തിരിച്ചുവരവിനായി ഇന്ത്യ ഇതുപോലെ ആഗ്രഹിച്ച സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടാവില്ല. വെസ്റിന്‍ഡീസ് മൂന്നാം ഏകദിനം നേടിനില്‍ക്കെ, നാലാം മത്സരത്തില്‍ മുന്നില്‍നിന്നു പട നയിക്കുകയും ജയിക്കുകയും ചെയ്യുക എന്നത് സെവാഗിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ നിയോഗമായിരുന്നു. ബാറ്റിങ് വിസ്ഫോടനത്തിന്റെ മഹാപ്രവാഹം സൃഷ്ടിച്ച് വീരു അത് അവിസ്മരണീയമാംവിധം ചരിത്രത്തില്‍ പതിപ്പിച്ചു. തന്റെ ആരാധനാമൂര്‍ത്തിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള ഏകദിനത്തിലെ മുന്തിയ സ്കോറിന്റെ റെക്കോഡ് തകര്‍ത്തുകൊണ്ടുമായപ്പോള്‍ സെവാഗിന്റെ ഇന്‍ഡോറിലെ വെടിക്കെട്ട് അതിലേറെ മധുരതരമായി.
![]() |
|
എതിര്‍ ബൌളിങ്ങിനെ ഭസ്മമാക്കുന്ന വീരേന്ദര്‍ സെവാഗിന്റെ തിരിച്ചുവരവിനായി ഇന്ത്യ ഇതുപോലെ ആഗ്രഹിച്ച സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടാവില്ല. വെസ്റിന്‍ഡീസ് മൂന്നാം ഏകദിനം നേടിനില്‍ക്കെ, നാലാം മത്സരത്തില്‍ മുന്നില്‍നിന്നു പട നയിക്കുകയും ജയിക്കുകയും ചെയ്യുക എന്നത് സെവാഗിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ നിയോഗമായിരുന്നു. ബാറ്റിങ് വിസ്ഫോടനത്തിന്റെ മഹാപ്രവാഹം സൃഷ്ടിച്ച് വീരു അത് അവിസ്മരണീയമാംവിധം ചരിത്രത്തില്‍ പതിപ്പിച്ചു. തന്റെ ആരാധനാമൂര്‍ത്തിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള ഏകദിനത്തിലെ മുന്തിയ സ്കോറിന്റെ റെക്കോഡ് തകര്‍ത്തുകൊണ്ടുമായപ്പോള്‍ സെവാഗിന്റെ ഇന്‍ഡോറിലെ വെടിക്കെട്ട് അതിലേറെ മധുരതരമായി. |
സെവാഗിന് 100 പന്ത് നേരിടാനായാല്‍ സെഞ്ചുറി ഉറപ്പായിരിക്കുമെന്ന് ഒരിക്കല്‍ സച്ചിന്‍ പറയുകയുണ്ടായി. തന്റെ 23ാം ബൌണ്ടറിയിലൂടെ 140 പന്തില്‍ ഇരട്ടസെഞ്ചുറിയുടെ ധന്യതയിലെത്തുമ്പോള്‍ സെവാഗ് നമ്മെ ബോധ്യപ്പെടുത്തുന്നത് ഒരു പുതിയ കാര്യമല്ല. ഫോമിലെത്തിയാല്‍ ലോകത്തിലെ ഏതു ബൌളിങ്ങിനെയും തച്ചുതകര്‍ക്കാനുള്ള ശേഷിയും നൈപുണിയും തന്നെപ്പോലെ സമകാലിക ക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ലെന്നുതന്നെയാണ്. റണ്‍ 219, പന്ത് 149, ബൌണ്ടറി 25, സിക്സര്‍ ഏഴ്, സ്ട്രെെക്ക് റേറ്റ് 146.97. ഇതില്‍ 142 റണ്‍ ബൌണ്ടറികളിലൂടെ. ഏകദിനത്തില്‍ സച്ചിന്‍ കുറിച്ച 200 റണ്ണിനെയും മറികടന്ന് ലോകറെക്കോഡ് സ്വന്തം പേരിലേക്ക് എഴുതിച്ചേര്‍ത്ത വീരു 16ാം തവണയാണ് 150നു മുകളിലുള്ള സ്കോര്‍ നേടുന്നത്. ടെസ്റില്‍ 14 തവണ ഈ നേട്ടത്തിനുടമയായി. ടെസ്റില്‍ ഒരു ഇന്ത്യക്കാരന്റെ മുന്തിയ സ്കോറിന്റെ റെക്കോഡും സെവാഗിന്റെ പേരിലാണെന്ന കാര്യം മറന്നുപോകേണ്ട. ടെസ്റില്‍ 300ന് അപ്പുറത്തു കടന്ന ഏക ഇന്ത്യന്‍ ബാറ്റ്സ്മാനും മറ്റാരുമല്ല. അതും രണ്ടുതവണ. മാത്രമല്ല, ടെസ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന മൂന്നു സ്കോറുകള്‍ (319, 309, 293) സെവാഗിന്റേതാണ്.
താന്‍ ടെക്നിക് മെച്ചപ്പെടുത്താന്‍ ശ്രമിക്കാറില്ലെന്നും മാനസികാവസ്ഥയും മനോഭാവവും മെച്ചപ്പെടുത്താനാണ് ശ്രദ്ധിക്കാറുള്ളതെന്നും സെവാഗ് പറയുമ്പോള്‍ അതിനോടു വിയോജിക്കേണ്ടതില്ല. പന്ത് കാണുക, കളിക്കുക. അടിക്കേണ്ടതാണെന്നു തോന്നിയാല്‍ പിന്നെ ആലോചിക്കാറില്ല; അടിച്ചിരിക്കും. അത് സെഞ്ചുറിക്കോ ഇരട്ടസെഞ്ചുറിക്കോ വക്കിലാണെങ്കിലും അങ്ങനെത്തന്നെയാണ്. കോപ്പിബുക്ക് ഷോട്ടുകള്‍ അതിന്റെ സമഗ്രതയില്‍ കളിക്കുന്ന സച്ചിനില്‍നിന്ന് ഏറെ വ്യത്യസ്തമാണ് സെവാഗിന്റെ ശൈലി. കരിയറിന്റെ തുടക്കകാലത്ത് സെവാഗിന് ഫുട്ട്വര്‍ക്കില്ല; ഷോട്ട്കളിക്കേണ്ടത് അങ്ങനെയല്ല... എന്നൊക്കെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ തന്റെ കളിയിലെ ടെക്നിക്കിന്റെയും എല്ലാ പഴുതും അടച്ചുള്ള പ്രതിരോധത്തിന്റെയും അഭാവം കറതീര്‍ന്ന ആക്രമണത്തിലൂടെയും നെഞ്ചൂക്കുള്ള പ്രകടനത്തിലൂടെയും മറികടക്കുന്നവനാണ് ഡല്‍ഹിയിലെ ഈ നജഫ്ഗഡുകാരന്‍. തന്റെ കളിയില്‍ ആത്മസംയമനവും ക്ഷമയും ഇപ്പോള്‍ വേണ്ടുവോളം ആര്‍ജിച്ചവനാണ് വീരു. ടെസ്റില്‍ 150ന് അപ്പുറമുള്ള സ്കോര്‍ പലതവണ നേടാനായത് ആ ഗുണഗണങ്ങള്‍കൊണ്ടുകൂടിയാണ്. കണ്ണും കൈയും തമ്മിലുള്ള അസാധാരണമായ ഐക്യപ്പെടലും മനോഭാവവുമാണ് സെവാഗിനെ അജയ്യനാക്കുന്ന ഘടകങ്ങള്‍. അങ്ങനെ തന്റേതുമാത്രമായ ശൈലിയിലും രീതികളിലും ദൃഢീകരിക്കപ്പെട്ടതുകൊണ്ടാണ് സച്ചിന്‍ കളിക്കുന്നതിനേക്കാള്‍ ദീര്‍ഘമായ ഇന്നിങ്സുകള്‍ കളിക്കാനും വേഗത്തില്‍ റണ്ണെടുക്കാനും സെവാഗിനെ പ്രാപ്തനാക്കുന്നത്.
ഒരര്‍ഥത്തില്‍ ഫോമിനേക്കാള്‍ രചനാത്മകഥയില്‍ ഊന്നിക്കളിക്കുന്നവനാണ് സെവാഗ്. ഒരു ബാറ്റ്സ്മാന് ദീര്‍ഘകാലം നിലനില്‍ക്കാനും സ്ഥായിത്വമുള്ള പ്രകടനം കാഴ്ചവയ്ക്കാനും മികച്ച ടെക്നിക് വേണമെന്ന് ദ്രാവിഡിനെക്കുറിച്ചു പറയുന്ന തിയറികളൊന്നും സെവാഗിന്റെ കാര്യത്തില്‍ ശരിയാവില്ല. എന്നാല്‍ സെവാഗിനെപ്പോലെ ഇത്രയും സാഹസികനോ അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് അപകടത്തിനോ ധൈര്യപ്പെടുന്ന ഒരു ബാറ്റ്സ്മാന്‍ സമകാലിക ക്രിക്കറ്റില്‍ വേറെയില്ല. അതുകൊണ്ടുതന്നെ സെവാഗിന്റെ പ്രകടനങ്ങളും റെക്കോഡുകളും വേറിട്ടുനില്‍ക്കുകതന്നെ ചെയ്യും. ടെസ്റില്‍ 80 ശരാശരിയോടെ 8000 റണ്‍. ഏകദിനത്തിലാകട്ടെ നൂറിനു മുകളിലുള്ള ശരാശരിയോടെ 8000ത്തിലേറെ റണ്‍. ക്രിക്കറ്റ് ചരിത്രത്തില്‍ സെവാഗിന്റെ സ്ഥാനം എവിടെയാണ് രേഖപ്പെടുത്തുക. ബ്രാഡ്മാന്റെ ബാറ്റിങ്ങുമായി സെവാഗിന്റെ പ്രകടനം താരതമ്യംചെയ്യാനാവില്ല. എന്നാല്‍ വിവിയന്‍ റിച്ചാഡ്സുമായുള്ള താരതമ്യം ഒരളവോളം നീതീകരിക്കാവുന്നതാണ്. എങ്കിലും ശാരീരികമായി സെവാഗിനെക്കാള്‍ ബൌളര്‍മാരില്‍ ഭീതിദമായ സാന്നിധ്യമാകാന്‍ വിവിനു കഴിയുമായിരുന്നു. മാത്രമല്ല, വിവ് ഹെല്‍മെറ്റ് ഇല്ലാതെയാണ് കളിച്ചതും. വിന്‍ഡീസിനെതിരെ നേടിയ ഈ 219 സെവാഗിന്റെ മികച്ച ഇന്നിങ്സുകളിലൊന്നാണ്. എന്നാല്‍ ഏറ്റവും മികച്ചതല്ല. ന്യൂസിലന്‍ഡിനെതിരെ അവരുടെ മണ്ണില്‍ നേടിയതും ദക്ഷിണാഫ്രിക്കയുടെ നിലവാരമുള്ള ബൌളിങ്ങിനെതിരെ പലതവണ നേടിയതുമാണ് സെവാഗിന്റെ ശ്രദ്ധേയമായ പ്രകടനങ്ങള്‍. സെവാഗ് ഫോമിലെത്തിയെന്നത് മൈക്കേല്‍ ക്ളാര്‍ക്കിനും സംഘത്തിനും ശുഭവാര്‍ത്തയല്ല. ഇനി വീരുവിന്റെ വീരഗാഥകള്‍ കേള്‍ക്കാന്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലേക്ക് നമുക്ക് കണ്ണുനട്ടിരിക്കാം .