വീരപുത്രന്‍ - മറവിയോടുള്ള കലാപം
ജി പി രാമചന്ദ്രന്‍
മഹാനായ സ്വാതന്ത്യ്ര സമരനേതാവ് മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ-വ്യക്തി ജീവിതത്തിന്റെ ആഖ്യാനമായ വീരപുത്രന്‍ കല്‍പനയുടെ സ്വാതന്ത്യ്രത്തോടെയാണ് സംവിധായകനായ പി ടി കുഞ്ഞിമുഹമ്മദ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ധനിക കുടുംബത്തില്‍ പിറന്ന്; കണ്ണട, വാച്ച്, ഒരു പേന, കുറച്ച് വസ്ത്രങ്ങള്‍, മൂന്ന് തുകല്‍പ്പെട്ടി എന്നിവ മാത്രം സമ്പാദ്യമായി അവശേഷിപ്പിച്ച് 1945 നവംബര്‍ 23ന് 47-ാം വയസ്സില്‍ മരിച്ച അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതം അസാധാരണമാം വിധം വിക്ഷോഭകരമാണ്. കേരളീയ സമൂഹത്തിന്റെ അവബോധത്തില്‍ ദേശീയതയുടെ വിത്തുപാകിയ കാലത്ത് സന്ധ്യാകാശത്തെ കൊള്ളിയാന്‍ പോലെ അസാധാരണ പ്രഭയോടെ ഉദിച്ചുയരുകയും അത്രമേല്‍ അപ്രതീക്ഷിതമായി ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍ കത്തിയെരിഞ്ഞു വീഴുകയും ചെയ്ത ഒരു യുഗപുരുഷനാണ് അദ്ദേഹം. അബ്ദുറഹ്മാന്‍ ഒരു പരാജയമായിരുന്നോ? സാമൂഹ്യ പ്രക്രിയയിലൂടെയും അന്വേഷണങ്ങളിലൂടെയും രൂപപ്പെടുത്തിയെടുത്ത 'സ്വന്തം' ആദര്‍ശങ്ങള്‍ക്കു വേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരുന്ന ഒരു പോരാളിയായിരുന്നു അബ്ദുറഹ്മാന്‍.
![]() |
|
വീരപുത്രന്‍ എന്ന സിനിമയിലൂടെ നിര്‍വഹിക്കപ്പെടുന്ന കര്‍ത്തവ്യം; ഇന്ത്യയുടെ സ്വാതന്ത്യ്ര ലബ്ധിക്കു തൊട്ടു മുമ്പ് മരണത്തിന് കീഴടങ്ങിയ ഉജ്വലനായ സ്വാതന്ത്യ്രസമര നായകനായ മുഹമ്മദ് അബ്ദുറഹ്മാനെക്കുറിച്ചുള്ള ഓര്‍മകള്‍ പുനരാവിഷ്ക്കരിക്കുക മാത്രമല്ല. മറിച്ച്, അദ്ദേഹത്തെപ്പോലെ, ഇതിഹാസസമാനനായി ചരിത്രത്തില്‍ ഇടപെട്ട ഒരു മഹാനായ പോരാളിയെ മറക്കാന്‍ പ്രേരിപ്പിക്കും വിധത്തില്‍ മാറിത്തീര്‍ന്നതോ അഥവാ വികസിതമാവാത്തതോ ആയ ജനാധിപത്യ(ഇതര) പരിസരമാണ് കേരളത്തിലുള്ളത് എന്ന ദു:ഖസത്യത്തെ തുറന്നു കാണിക്കുകയാണ്. |
പലരാലും അദ്ദേഹം എതിര്‍ക്കപ്പെട്ടു, ഒറ്റപ്പെടുത്തപ്പെട്ടു, വേട്ടയാടപ്പെട്ടു. ഞായറാഴ്ച കോണ്‍ഗ്രസ് എന്നും ചാലപ്പുറം കോണ്‍ഗ്രസ് എന്നും അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ വലതുപക്ഷ-മൃദുഹിന്ദുത്വ ഗ്രൂപ്പിന്റെ നിലപാടുകളുടെയും പ്രവര്‍ത്തനപദ്ധതികളുടെയും പരിമിതികളില്‍ നിന്നും തിരിച്ചറിവില്ലായ്മകളില്‍ നിന്നും ദേശീയപ്രസ്ഥാനത്തെ വിമോചിപ്പിക്കുകയും വികസിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു അബ്ദുറഹ്മാന്‍. കേരളത്തിലെ മുസ്ളിം സമുദായം അസാധാരണമായ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലത്ത് അദ്ദേഹം അതിന്റെ മുമ്പില്‍ നടന്നു. അവര്‍ വികാരവിക്ഷോഭത്തിന്റെ ആത്മബലിക്കായി ചാടിയിറങ്ങിയപ്പോള്‍ അദ്ദേഹം വിവേകത്തിന്റെ പാഠങ്ങള്‍ ഉപദേശിച്ചു; അവര്‍ വിഭാഗീയതയുടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം ദേശീയതക്കു വേണ്ടി അടിയുറച്ചു പോരാടി. അതേ സമയം അദ്ദേഹം, കോണ്‍ഗ്രസിനകത്ത് അന്നുവരെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ വക്താവായി; വലതുപക്ഷത്തിനെതിരെ ഇടതുപക്ഷത്തിന്റെ പടനായകനായി. ഇടതുപക്ഷമാകട്ടെ ദേശീയധാരയില്‍ നിന്നും അകന്നു പോയ സന്ദര്‍ഭത്തില്‍ അവരുമായും കലഹിച്ചു. അഗ്നി പര്‍വതം പോലെ എന്തോ ഒന്ന് അദ്ദേഹത്തിന്റെ ഉള്ളില്‍ എപ്പോഴും ജ്വലിച്ചു നിന്നിരുന്നു എന്നാണ് എന്‍ ബി ടിക്കു വേണ്ടി സാഹിബിന്റെ ജീവചരിത്രമെഴുതിയ എന്‍ പി ചെക്കുട്ടി നിരീക്ഷിക്കുന്നത്.
1921ല്‍ മലബാറിനെയും ഇന്ത്യയെയും പിടിച്ചുകുലുക്കിയ ഖിലാഫത്ത്-കാര്‍ഷികപ്പോരാട്ട സമയത്ത് അഹിംസാമാര്‍ഗത്തിനും സമാധാനത്തിനും വേണ്ടി സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് അദ്ദേഹം നിലകൊണ്ടു. കലാപത്തെ തുടര്‍ന്ന് മുസ്ളിങ്ങള്‍ പൊതുജീവിതത്തില്‍ നിന്ന് അകന്നു പോകുകയും കോണ്‍ഗ്രസില്‍ വിശ്വാസം നശിച്ചുപോയ ഈ ജനവിഭാഗം ക്രമേണ മുസ്ളിംലീഗിന്റെ വിഭജനവാദ മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തത് അദ്ദേഹത്തില്‍ അഗാധമായ രാഷ്ട്രീയ വ്യഥയുണ്ടാക്കി. എന്നാല്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ ദേശീയതയുടെ കൊടിപ്പടം താഴ്ത്താന്‍ ഒരിക്കലും തയ്യാറായതുമില്ല. കോണ്‍ഗ്രസ് നേതൃത്വം മുസ്ളിങ്ങളോട് നീതി കാണിച്ചില്ലെന്ന ബോധ്യം ഉണ്ടായിരിക്കെ തന്നെ, മുസ്ളിം ലീഗിന്റെ വിഭജനവാദത്തോട് ഏതെങ്കിലും വിധത്തില്‍ സന്ധി ചെയ്യാന്‍ അദ്ദേഹത്തിനാവില്ലായിരുന്നു. 1921ലെ കലാപാനന്തരമുള്ള അനുഭവങ്ങളെക്കുറിച്ച് ഇ എം എസ് നമ്പൂതിരിപ്പാട് ഇങ്ങനെ രേഖപ്പെടുത്തി: 'യഥാര്‍ത്ഥത്തില്‍ മലബാറിലെ കോണ്‍ഗ്രസുകാര്‍ ഹിന്ദു മുസ്ളിം എന്നിങ്ങനെ രണ്ടു ഗ്രൂപ്പായി വിഭജിക്കപ്പെട്ടിരുന്നു. കലാപത്തിനു ശേഷമുള്ള കാലത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം പുനസ്സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ മലബാറില്‍ കോണ്‍ഗ്രസ്സിനു രണ്ടു കേന്ദ്രങ്ങള്‍ രൂപം കൊണ്ടു. ഒന്ന് ഹിന്ദു, മറ്റേത് മുസ്ളിം. രണ്ടിനും താന്താങ്ങളുടെ പത്രങ്ങളുമുണ്ടായിരുന്നു. മാതൃഭൂമിയും അല്‍ അമീനും. ചില ഹിന്ദു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഹിന്ദു മഹാസഭയുടെയും പ്രവര്‍ത്തകരായി എന്നതും എടുത്തു പറയേണ്ടതാണ്. രണ്ടു കൂട്ടരും കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഒരു കാര്യത്തിലും അവര്‍ക്ക് പരസ്പരം യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് വാസ്തവമാണ്'. മുസ്ളിം സമുദായം അബ്ദുറഹ്മാനെ ഒരു കറകളഞ്ഞ ദേശീയവാദിയായി കണ്ടപ്പോള്‍, ദേശീയവാദികളായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഒരു വിഭാഗം അദ്ദേഹത്തെ ഒരു സാമുദായികവാദിയായി കണ്ടതിന്റെ പശ്ചാത്തലം ഇതായിരുന്നു.
അടിച്ചമര്‍ത്തലുകള്‍ വരുമ്പോള്‍ മാളങ്ങളിലൊളിക്കുന്നതിനു പകരം, സധൈര്യം അതിനെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ധീരദേശാഭിമാനിയായിരുന്നു അദ്ദേഹം. മുന്നില്‍ നിന്ന് നയിക്കുന്ന വീരപോരാളിയായിരുന്നു സാഹിബ്. ദേശീയപ്രസ്ഥാനത്തിന്റെ ജിഹ്വയായി സങ്കല്‍പിക്കപ്പെട്ട മാതൃഭൂമി ദിനപത്രത്തിന്റെ നിയന്ത്രണം ഈ ഞായറാഴ്ച-ചാലപ്പുറം ഗാങിന്റെ കൈയിലായിരുന്നു. ദേശീയം എന്ന പ്രയോഗം തന്നെ പ്രത്യക്ഷാര്‍ത്ഥത്തില്‍ പ്രശ്നസങ്കുലമാണ്. സ്വാതന്ത്യ്രസമര കാലത്ത് ദേശീയ സമരത്തിന്റെ എല്ലാ ധാരകളെയും പ്രതിനിധീകരിക്കാന്‍ മാതൃഭൂമിക്ക് സാധിക്കാത്തതുകൊണ്ടാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന് അല്‍ അമീന്‍ എന്ന പത്രവും കമ്യൂണിസ്റുകാര്‍ക്ക് ദേശാഭിമാനിയും ആരംഭിക്കേണ്ടിവന്നത്. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനു വേണ്ടി നിലക്കൊള്ളുന്നതായിരിക്കെ തന്നെ എല്ലാ തരം വാര്‍ത്തകളും ഉള്‍ക്കൊള്ളിക്കുന്ന ഒരു സമ്പൂര്‍ണ പത്രമായിരിക്കും അല്‍ അമീന്‍ എന്ന മുഹമ്മദ് അബ്ദുറഹിമാന്റെ പ്രഖ്യാപനം ആധുനിക മാധ്യമ വ്യവസ്ഥയെ സംബന്ധിച്ച അദ്ദേഹത്തിന്റെ പരിപൂര്‍ണ ബോധ്യം കൃത്യമായി വെളിപ്പെടുത്തുന്നു. മുസ്ളിം സമുദായത്തിലെ യാഥാസ്ഥിതികത്വത്തെ അത് തുറന്നു കാട്ടുകയും പത്രത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ അത് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. അത്തരത്തിലുള്ള അല്‍ അമീന്‍ പത്രത്തിനെതിരെ മാതൃഭൂമി അന്ന് ചെയ്ത നെറികേടുകള്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതം ആഴത്തില്‍ പഠിച്ചാല്‍ ബോധ്യപ്പെടും. മലബാര്‍ കലാപത്തിനു ശേഷം ദേശീയധാരയില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും അകന്നു മാറി നിന്ന മുസ്ളിം സമുദായത്തെ വീണ്ടും ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നതും ന്യൂനപക്ഷ നിലപാടുകള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധക്കായി ശക്തിപൂര്‍വം അവതരിപ്പിച്ചതും അല്‍-അമീന്‍ പത്രമാണ്. മുപ്പതുകളുടെ അവസാനത്തില്‍ കോണ്‍ഗ്രസ് ഇടതു-വലതു വിഭാഗങ്ങളായി രണ്ടു ചേരിയില്‍ നിലയുറപ്പിച്ചപ്പോള്‍ ഇടതുപക്ഷക്കാരുടെ പത്രമായിട്ടാണ് അല്‍-അമീന്‍ പ്രവര്‍ത്തിച്ചത്. ഇടതുപക്ഷക്കാരനായിരുന്ന അബ്ദുറഹ്മാന്‍ സാഹിബ് കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിക്കാരനായിരുന്നുവെങ്കിലും സി എസ് പിക്കാര്‍ ഏതാണ്ട് ഒന്നടങ്കം കമ്യൂണിസ്റ് പാര്‍ടി രൂപീകരിച്ച് അതിലേക്ക് ഒഴുകിയപ്പോള്‍ സാഹിബ് അവരോടൊപ്പവും ചേര്‍ന്നില്ല. കാരണം, അദ്ദേഹം തികഞ്ഞ മതനിഷ്ഠയുള്ള വിശ്വാസിയായിരുന്നു. അത്തരത്തിലുള്ളവരെക്കൂടി ഉള്‍ക്കൊണ്ട് ഒരു ബഹുജനമുന്നണിയായി പാര്‍ടി കെട്ടിപ്പടുക്കുക എന്ന ആശയത്തിനു പകരം, പ്രത്യയശാസ്ത്രത്തെളിമയുള്ളവരുടെ ഒരു കാഡര്‍ പാര്‍ടിയായിട്ടാണ് കമ്യൂണിസ്റ് പാര്‍ടി അന്ന് സങ്കല്‍പിക്കപ്പെട്ടിരുന്നത്. ഈ സംഭവവികാസം, ഏറ്റവുമടുത്ത സഖാക്കളില്‍ നിന്നു കൂടി സാഹിബ് വേറിട്ടു നില്‍ക്കുന്നതിലേക്ക് ഇടയാക്കി. ദ്വിരാഷ്ട്ര വാദമുയര്‍ത്തി മുസ്ളിംലീഗ് ശക്തിപ്രാപിച്ചതും ഇക്കാലത്താണ്. ഇന്നത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗുമായി ചിത്രത്തില്‍ പ്രതിപാദിക്കുന്ന ആള്‍ ഇന്ത്യാ മുസ്ളിംലീഗിന് ബന്ധമില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ സംവിധായകന്‍ തുടക്കത്തില്‍ വ്യക്തമായി എഴുതി പ്രസ്താവിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ വാദക്കാരായ ഈ സാമുദായിക ശക്തിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് അബ്ദുറഹ്മാന്‍ സാഹിബ് നടത്തുന്നത്. ഇന്ത്യയുടെ മതേതരത്വം, അഖണ്ഡത, വൈവിധ്യപൂര്‍ണ്ണമായ സാംസ്ക്കാരികാടിത്തറ, ദേശീയത എന്നീ വികാരങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ച ഒരു മഹാനായിരുന്നു അദ്ദേഹം. അതിനു വേണ്ടി തന്നെയാണ് അദ്ദേഹം ജീവന്‍ വെടിയുന്നതും.
അദ്ദേഹത്തിന്റെ ജീവന്‍ അവസാനിക്കണമെന്ന് ആഗ്രഹിച്ചിരുന്ന പലരും ഉണ്ടായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. അക്കൂട്ടത്തില്‍ കൂടുതലും പാക്കനുകൂലികളായ സാമുദായികഭ്രാന്തന്മാരായിരുന്നു. അവരുടെ പ്രതീകമെന്ന നിലക്കാണ് എ കെ ഒടയത്തില്‍ എന്ന കഥാപാത്രത്തെ നോവലിസ്റായ എന്‍ പി മുഹമ്മദ് സ്ഥാപിക്കുന്നത്. അതേ കഥാപാത്രത്തെ നോവലില്‍ നിന്ന് പി ടി കുഞ്ഞിമുഹമ്മദ് സ്വീകരിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍, അബ്ദുറഹ്മാന്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തിന്റെ സ്വഭാവത്തില്‍ നിന്ന് നിരൂപിച്ചെടുക്കുന്ന മരണത്തിന്റെ ദൂതനുമാണിയാള്‍. കൊടിയത്തൂരിലേക്ക് പ്രസംഗത്തിനായി പോകുന്നതിന് കയറിയ കാറിനെപ്പറ്റി, ഇത് മയ്യത്ത് കൊണ്ടു പോവാനും പറ്റും എന്ന് സാഹിബ് തമാശ പറയുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സാഹിബിന്റെ മരണത്തിലെ അസ്വാഭാവികത, കേവലം കുറ്റാന്വേഷണത്തിലൂടെ തെളിയുന്ന ഒന്നായിരിക്കില്ല. രാഷ്ട്രീയ ചരിത്രത്തെ വിചാരണ ചെയ്യുമ്പോഴായിരിക്കും ഈ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിവാക്കപ്പെടുക. അപ്പോള്‍, ഇത്തരമൊരു സിനിമ വന്‍ തെറ്റായി എന്ന് പ്രഖ്യാപിച്ച് ചാടി വീഴുന്ന ചിലരുടെ ബ്രിട്ടീഷ്/അധികാരിത്തഴമ്പുകള്‍ കാണുമ്പോള്‍ ദയനീയം എന്നല്ലാതെ നമുക്ക് എന്തു പറയാന്‍ സാധിക്കും!. തസ്ലീമ നസ്റീന്റെ മാത്രമല്ല, എന്‍ പി മുഹമ്മദിന്റെയും പി ടി കുഞ്ഞിമുഹമ്മദിന്റെയും ആവിഷ്ക്കാര സ്വാതന്ത്യ്രം പ്രധാനമാണെന്ന് ഹമീദ് ചേന്ദമംഗല്ലൂര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
മഹാത്മാഗാന്ധിയെപ്പോലും വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത ധീരദേശാഭിമാനിയായിരുന്നു സാഹിബ്. അത്തരമൊരു ധീരതയുടെയും വ്യതിരിക്തതയുടെയും അഭാവമാണ് സ്വാതന്ത്യ്രാനന്തര കാലത്തെ, ഐക്യകേരളത്തിലെ നവോത്ഥാന-ജനാധിപത്യ രൂപീകരണത്തെ പ്രശ്നസങ്കുലമാക്കിത്തീര്‍ത്തത്. സാമുദായികാടിസ്ഥാനത്തിലുള്ള വിഭജനത്തിനോട് എതിര്‍പ്പും, മൃദു-തീവ്ര ഹിന്ദുത്വത്തോട് സന്ധിയില്ലായ്മയും നിലനിര്‍ത്തുന്ന ആദര്‍ശസ്ഫുടതയാണ് അബ്ദുറഹ്മാന്‍ സാഹിബിന്റേത്. അതേ സമയം തികഞ്ഞ മതനിഷ്ഠയുള്ള വിശ്വാസവും അദ്ദേഹം കൈവിട്ടില്ല. ഈ ആദര്‍ശത്രികോണത്തിന്റെ അഭാവം, ഐക്യകേരളത്തിന്റെ സമവായങ്ങളെയും നവീകരണങ്ങളെയും എത്രമാത്രം നിഷ്പ്രഭമാക്കി എന്നതായിരിക്കണം നമ്മുടെ തുടര്‍ന്നുള്ള അന്വേഷണവിഷയം. ഈ നിഷ്പ്രഭത്വത്തിന്റെ ഇരുളുകളാണ് മുഹമ്മദ് അബ്ദുറഹ്മാനെപ്പോലുള്ള ഒരു മഹാനുഭാവനെ മറവിയിലേക്ക് തള്ളിവിടുന്നതെന്ന ചരിത്രയാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം. അപ്രകാരം സൃഷ്ടിക്കപ്പെടുന്ന മറവി കൂടിയാണ്, മതസാമുദായികഭ്രാന്തന്മാര്‍ക്കും സാമ്രാജ്യത്വാനുകൂലികള്‍ക്കും വലതുപക്ഷത്തിനും മൃദുഹിന്ദുത്വ ശക്തികള്‍ക്കും വിളയാടാനുള്ള മുച്ചീട്ടു കളിസ്ഥലമായി കേരളത്തെ കലുഷിതമാക്കുന്നത്.
സിനിമ ചരിത്രത്തിന്റെ പുനര്‍വായനയാവുന്ന അപൂര്‍വ്വതയാണ് വീരപുത്രനിലൂടെ നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. പാശ്ചാത്യരുടെ രീതിശാസ്ത്രത്തിലൂടെ വിരചിതമായതും ഇന്ത്യന്‍ ജനതയുടെ സാമൂഹിക അബോധത്തില്‍ വിലയിച്ചു ചേര്‍ന്നതുമായ സാമ്പ്രദായിക ചരിത്രത്തിന്റെ അന്ധകാരഗുഹകളിലേക്കാണ് സംവിധായകന്‍ തന്റെ അന്വേഷണവെളിച്ചം പായിപ്പിക്കുന്നത്. മാറിയ കാലഘട്ടത്തില്‍ ആഫ്രോ-ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നടക്കുന്ന സ്വതന്ത്ര അന്വേഷണങ്ങളുടെ ഗണത്തിലാണ് ഈ സിനിമയിലൂടെയുള്ള ചരിത്രനിര്‍ണയനവും സാധ്യമാകുന്നത്. യഥാതഥമെന്നു തോന്നിപ്പിക്കുന്ന ആധുനിക സര്‍വകലാശാലാ പരിസരത്ത്, ചിന്താശീലനും നേതൃഗുണമുള്ളവനുമായ ഡോക്ടര്‍ വിമല്‍ മേനോന്‍ അദ്ദേഹത്തിന്റെ എം എ ക്ളാസിലെ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ചുകൊണ്ട്, സ്വാതന്ത്യ്ര സമര സേനാനിയായ മുഹമ്മദ് അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ നടന്ന ഉജ്വലമായ സ്വാതന്ത്യ്ര സമരപ്പോരാട്ടകാലം വീണ്ടും അന്വേഷിക്കുകയാണ്. കേവലമായ ഫ്ളാഷ്ബാക്കിനു പകരം അക്കാദമിക് മേഖലയില്‍, കഴിഞ്ഞ ഏതാനും ദശകങ്ങളായി നടന്നു പോരുന്ന കച്ചവടസ്വഭാവത്തിനു വിരുദ്ധമായ പഠന-ഗവേഷണ പ്രക്രിയ ചിത്രത്തിന്റെ ആരംഭത്തിലും അവസാനത്തിലും ഉള്‍പ്പെടുത്തിയത് തീര്‍ത്തും ഉചിതമായി.
ഏറ്റവും സുപ്രധാനമായ കാര്യം, പക്ഷെ നിനച്ചിരിക്കാത്തും അല്ലാത്തതുമായ വിധത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്റെ വീരസ്മരണ വീണ്ടും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക മുഖ്യധാരയില്‍ ഉണര്‍ന്നു എന്നതാണ്. അതിന് ഈ സിനിമ സഹായകമായി എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ചാരിതാര്‍ത്ഥ്യജനകവും അഭിമാനകരവുമാണ്. മലയാള സിനിമാ വിതരണ-പ്രദര്‍ശന രംഗത്തു നിലനില്‍ക്കുന്ന അത്യന്തം അനഭിലഷണീയമായ ചില കാരണങ്ങളാല്‍ ഇതു പോലെയുള്ള ഒരു സിനിമക്ക് അതര്‍ഹിക്കുന്ന രീതിയിലുള്ള പ്രദര്‍ശനസൌകര്യം ലഭിച്ചില്ല എന്നത് വസ്തുതയായിരിക്കെയാണ്, ഈ ചര്‍ച്ചകളുടെ സാംഗത്യം കൂടുതല്‍ പ്രസക്തമാകുന്നത്. അബ്ദുറഹ്മാനെ അവതരിപ്പിച്ച നരേന്‍ എന്ന നടന്‍ മലയാള സിനിമയില്‍ തങ്ങളുടെ ഇടം അപഹരിക്കുമോ എന്ന, മുതിര്‍ന്നവരും അല്ലാത്തവരുമായ സൂപ്പര്‍ താരങ്ങളുടെയും അവരുടെ ഫാന്‍സ് കൂക്കിവിളി സംഘടനകളുടെയും തീരുമാനവും സ്വാധീനവും വരെ വീരപുത്രനെ പെട്ടെന്ന് തിയറ്ററുകളില്‍ നിന്ന് ഓടിച്ചുവിട്ടതിനു പുറകിലുണ്ടോ എന്ന സംശയത്തെ തള്ളിക്കളയാനാകില്ല. ഇതിനു പുറമെയാണ്, സിനിമയടക്കമുള്ള കേരളീയ പൊതുമണ്ഡലത്തിലും പൊതുബോധത്തിലും നിലനില്‍ക്കുന്ന കടുത്ത തോതിലുള്ള മുസ്ളിം വിരുദ്ധത. മുസ്ളിങ്ങളാണ് മുഖ്യ കഥാപാത്രങ്ങളെങ്കില്‍, കേരളത്തിലെ പ്രദര്‍ശനശാലകളില്‍ അത്തരം ചിത്രങ്ങളോട് അവഗണന കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കപ്പെട്ടിട്ടില്ല. ചില സിനിമകളിലെ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്, മമ്മൂട്ടിയടക്കമുള്ള മുസ്ളിം താരങ്ങളോ നടീനടന്മാരോ ആണെങ്കില്‍ അത്തരം സിനിമകള്‍ക്ക് കൂടുതലും മുസ്ളിങ്ങളാണ് കാണികളായെത്തുക എന്ന് മുന്‍കൂട്ടി നിശ്ചയിക്കുകയും അത്തരം സിനിമകള്‍ക്ക് പ്രദര്‍ശനസൌകര്യം നല്‍കാതിരിക്കുന്നതില്‍ വരെ ചില പ്രദര്‍ശനശാലകള്‍ നിഷ്ക്കര്‍ഷ പാലിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍. അത് ശരിയാണോ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍; മലയാള സിനിമ ഉത്ഭവിച്ച കാലം മുതല്‍ക്കുള്ള കേരളത്തിലെ മുഖ്യ റിലീസിംഗ് കേന്ദ്രങ്ങളിലൊന്നായ പാലക്കാട് ജില്ലാ ആസ്ഥാനം/നഗര കേന്ദ്രത്തില്‍ വീരപുത്രന്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുണ്ടായില്ല. മുമ്പൊരിക്കല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ച ചോദ്യം ഇവിടെ ഉന്നയിക്കാനാഗ്രഹിക്കുകയാണ്: പാലക്കാട് എന്ന സ്ഥലം കേരളത്തില്‍ തന്നെയല്ലേ?
സ്വതന്ത്ര ഇന്ത്യയെയും ഐക്യകേരളത്തെയും സംബന്ധിച്ച് മുഹമ്മദ് അബ്ദുറഹ്മാനും അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന അഹിംസ, മതനിരപേക്ഷത, പുരോഗമന ചിന്ത, ദരിദ്രരുടെ മോചനത്തിനു വേണ്ടിയുള്ള അഭിവാഞ്ഛ, ദേശീയോദ്ഗ്രഥനം, ഇടതുപക്ഷചായ്വ് എന്നീ മൂല്യങ്ങളിലധിഷ്ഠിതമായ സങ്കല്‍പം/ഭാവന/യാഥാര്‍ത്ഥ്യം എന്നിവയിലുണ്ടായിട്ടുള്ള വൈരുദ്ധ്യങ്ങളും ഗതിവിഗതികളും ഈ ഘട്ടത്തില്‍ ചര്‍ച്ചയുടെ മുഖ്യമണ്ഡലത്തിലേക്ക് ആനയിക്കപ്പെടേണ്ടതാണ്. ദേശീയസ്വാതന്ത്യ്രത്തിനു വേണ്ടി വിട്ടുവീഴ്ചകളില്ലാതെ പോരാടുമ്പോള്‍ തന്നെ മതമൈത്രിക്കും സമാധാനവാഴ്ചക്കും വേണ്ടി അബ്ദുറഹ്മാന്‍ നിലക്കൊണ്ടു എന്ന ചരിത്രസത്യം പുതിയ കാലത്തും ഏറെ പ്രസക്തമാണ്. വള്ളത്തോള്‍, വൈലോപ്പിള്ളി, അക്കിത്തം, കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, സച്ചിദാനന്ദന്‍, പ്രഭാവര്‍മ, റഫീക്ക് അഹമ്മദ് തുടങ്ങി കേരളത്തിലെ മുഖ്യ കവികളൊക്കെയും അബ്ദുറഹ്മാന്റെ വീരചരിതം ആസ്പദമാക്കി കവിതകളെഴുതി എന്ന ആവേശോജ്വലമായ യാഥാര്‍ത്ഥ്യം കൂടി ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
നൂറുകണക്കിന് കലാകാരന്മാരെ അണിനിരത്തി, കോടിക്കണക്കിന് രൂപ ചെലവിട്ട്, നിരവധി മാസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണത്തിനു ശേഷം പുറത്തുവന്ന വീരപുത്രന്‍ മലയാളത്തിലുണ്ടായിട്ടുള്ള അഭൂതപൂര്‍വ്വമായ ഒരു സിനിമ തന്നെയാണ്. ഇത്തരത്തിലൊരു മാഗ്നം ഓപ്പസ് സാധ്യമാക്കിയതില്‍ പി ടി കുഞ്ഞിമുഹമ്മദിന് തീര്‍ത്തും അഭിമാനിക്കാം. എഴുപതുകളില്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ട നവസിനിമയുടെ ഫോര്‍മുലകളിലൊന്നായി കണക്കാക്കപ്പെടുന്ന ചിലവു ചുരുക്കലിലൂടെ(ദാരിദ്യ്രത്തിലൂടെ) മഹത്വവല്‍ക്കരിക്കപ്പെടുന്ന സിനിമകളിലൊന്നായിരിക്കില്ല വീരപുത്രന്‍. ചരിത്രത്തിന്റെ അളവവധികള്‍ പരിഗണിക്കുകയാണെങ്കില്‍, മുഹമ്മദ് അബ്ദുറഹ്മാന്റെ വീരജീവിതം സംഭാവ്യമായത് അതിസമീപകാലത്താണെന്ന് കാണാം. എന്നിട്ടും മുഖ്യധാരയിലുള്ള ചര്‍ച്ചാമണ്ഡലത്തില്‍ അദ്ദേഹം വിസ്മരിക്കപ്പെട്ടവനായി തുടരുന്നതെന്തുകൊണ്ട് എന്നത് വിശദീകരിക്കപ്പെട്ടിട്ടില്ല. ആ വിശദീകരണത്തിനുള്ള ഉപാധികളിലൊന്നായിട്ടു കൂടി ഈ സിനിമ പരിണമിക്കുന്നുണ്ട്. ആ മറവിയില്‍ നിന്ന് കേരളത്തെയും കേരളീയരെയും വിമുക്തമാക്കാനുള്ള ചരിത്ര ശുദ്ധീകരണ പ്രവൃത്തിയായി പി ടിയുടെ പരിശ്രമത്തെ വരും കാലം വിലയിരുത്തുമെന്നതുറപ്പാണ്.
1921 ഏപ്രില്‍ 21ന് നടന്ന ഒറ്റപ്പാലം കെ പി സി സി സമ്മേളനദൃശ്യത്തോടെയാണ് വീരപുത്രനിലെ ചരിത്രാന്വേഷണം ആരംഭിക്കുന്നത്. പല കാരണങ്ങളാല്‍ കേരള ചരിത്രത്തില്‍ അതുല്യമായ സ്ഥാനം ലഭിച്ചിട്ടുള്ള ഒരു സമ്മേളനമായിരുന്നു അത്. ഖിലാഫത്തിന്റെ സമരപശ്ചാത്തലത്തില്‍, കേരളത്തിലെ ദേശീയപ്രസ്ഥാനം തിളച്ചുമറിയുകയായിരുന്നു. ആ ചൂടിലേക്കാണ് അബ്ദുറഹ്മാന്‍ എന്ന വിദ്യാസമ്പന്നനും മേധാശക്തിയുള്ളവനുമായ ചെറുപ്പക്കാരന്‍ നേതൃഗുണങ്ങളോടെ എത്തുന്നത്. ഈ പ്രവേശനത്തിന്റെ ഗാംഭീര്യം എടുത്തറിയിക്കുന്ന വിധത്തിലാണ് വീരപുത്രന്‍ സിനിമയിലെയും കഥാപാത്രവത്ക്കരണവും ഒറ്റപ്പാലം സമ്മേളനവേദിയിലേക്ക്, ചടുലതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അബ്ദുറഹ്മാന്‍ കടുന്നുവരുന്ന ദൃശ്യം ഭാവന ചെയ്തിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതും. ടി പ്രകാശം, കെ കേളപ്പന്‍, എം പി നാരായണമേനോന്‍, ഹസ്സന്‍ കോയ മുല്ല, ആലി മുസ്ളിയാര്‍, മൊയ്തു മൌലവി, യു ഗോപാലമേനോന്‍. മൊയ്യാരത്ത് ശങ്കരന്‍, സെയ്തു മുക്തസാഹിബ്, കെ പി കേശവമേനോന്‍, ജോര്‍ജ്ജ് ജോസഫ്, കട്ട്ലശ്ശേരി മുഹമ്മദലി മുസ്ളിയാര്‍, രാവുണ്ണി മേനോന്‍ തുടങ്ങി അക്കാലത്തു തന്നെ കേരളസമൂഹത്തിന്റെയും കോണ്‍ഗ്രസിന്റെയും സ്വാതന്ത്യ്രസമര/സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെയും മുന്നണിപ്പോരാളികളുടെ സംഗമമായിരുന്നു 1921ലെ ഒറ്റപ്പാലം സമ്മേളനം. കേരളത്തിന്റെ ചരിത്രം തന്നെ അവിടെ മാറ്റിയെഴുതുകയായിരുന്നു. പക്ഷെ, അണികളുടെ വീര്യം സംഭരിച്ചുകൊണ്ട് അവിടെ നേതൃപദവിയിലേക്കുയര്‍ന്നത് അബ്ദുറഹ്മാനായിരുന്നു. ഈ ഉയര്‍ച്ച വ്യക്തമാക്കുന്ന അവതരണമാണ് സിനിമയിലുള്ളത് എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. ഒരു സമരഭടനെ ബ്രിട്ടീഷ് പോലീസ് മര്‍ദിച്ചവശനാക്കിയതില്‍ ജനങ്ങള്‍ക്കും സമ്മേളന പ്രതിനിധികള്‍ക്കുമുണ്ടായ രോഷവും നിരാശയും കൈകാര്യം ചെയ്യുന്നതില്‍ അബ്ദുറഹ്മാന്‍ കാണിക്കുന്ന പക്വതയും ധീരതയും സിനിമയില്‍ കൃത്യമായി വിശദീകരിക്കുന്നു. സമ്മേളനം അലങ്കോലപ്പെടാനും പാടില്ല; എന്നാല്‍, ഇത്തരമൊരു മര്‍ദനത്തിനെതിരായ രോഷാഗ്നി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി തിരിച്ചുവിടുകയും വേണം എന്ന പ്രായോഗികവും സങ്കീര്‍ണവുമായ നടപടി സുസ്സാധ്യമാക്കുന്നതിന് മുന്നില്‍ നിന്ന് നേതൃത്വം കൊടുക്കുന്നത് അബ്ദുറഹ്മാനാണ് എന്ന് സിനിമയില്‍ നിന്ന് വ്യക്തമാകുന്നു. പക്വവും ധീരോജ്വലവും കാലാനുസൃതവും പ്രായോഗികവും ചരിത്രപരമായി അങ്ങേയറ്റം ശരിയായിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയനേതൃപാടവമാണ് മുഹമ്മദ് അബ്ദുറഹ്മാനെ അനന്യനാക്കുന്നത് എന്ന് ഈ സമ്മേളനം തന്നെ തെളിയിക്കുന്നു. ഒറ്റപ്പാലം സമ്മേളനം കേരള രാഷ്ട്രീയത്തിലേക്കുള്ള തന്റെ കാല്‍വെപ്പായിരുന്നുവെന്ന് അദ്ദേഹം തന്നെ പിന്നീട് ഓര്‍ത്തെടുക്കുന്നുണ്ട്. ജയില്‍ വാസക്കാലയളവുകളില്‍, വായനയും പഠനവും ഓര്‍മ്മകളുടെ ക്രോഡീകരണവും സാധ്യമാകുന്ന തീക്ഷ്ണമായ ആ കാലത്തിന്റെ സ്പന്ദനം അനുവാചകര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ അനവധി ജയില്‍ സീനുകളാണ് വീരപുത്രനിലുള്ളത്.
ഭാര്യയായ കുഞ്ഞിബീവാത്തുവിനൊടൊപ്പം വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രമാണ് അബ്ദുറഹ്മാന് ജീവിക്കാന്‍ സാധിച്ചുള്ളൂ. വസൂരി രോഗം വന്ന് അവര്‍ അദ്ദേഹത്തിന്റെ മടിയില്‍ തല ചായ്ച്ച് മരണമടയുകയാണുണ്ടായത്. മരണ ശേഷവും കുഞ്ഞിബീവാത്തുവിനെ സംബന്ധിച്ച ഓര്‍മകള്‍ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു. ജനലക്ഷങ്ങളുടെ മാതൃകാ പുരുഷനുമായിരിക്കെ തന്നെ വെറും മനുഷ്യന്റെ ഏകാന്ത ദൌര്‍ബല്യങ്ങള്‍ കൂടി ചേരുമ്പോഴാണ് ഒരു നേതാവിന്റെ സങ്കീര്‍ണ വ്യക്തിത്വം സമഗ്രമായി പഠിക്കപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് മറ്റാര്‍ക്കില്ലെങ്കിലും സര്‍ഗാത്മകതയുടെ മേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളവര്‍ക്കറിയാം. അതുകൊണ്ടാണ്, എന്‍ പി മുഹമ്മദിന്റെ നോവലിലെന്നതു പോലെ, പി ടി കുഞ്ഞു മുഹമ്മദിന്റെ സിനിമയിലും അബ്ദുറഹ്മാനും കുഞ്ഞി ബീവാത്തുവും തമ്മിലുള്ള ഗാഢ പ്രണയത്തിന്റെയും ശാരീരിക ബാന്ധവത്തിന്റെയും വൈകാരിക/മാനുഷിക സ്പര്‍ശം ഒട്ടും തീവ്രത ചോരാതെ വിശദീകരിച്ചിട്ടുള്ളത്. എന്തിനെയും ഏതിനെയും പരിശുദ്ധിവാദത്തിന്റെ അളവുകോലുകള്‍ വെച്ചളക്കാന്‍ പരിശ്രമിക്കുന്ന നവ-സദാചാരപ്പോലീസുകാര്‍ക്ക് ഇത്തരം രംഗങ്ങള്‍ രുചിച്ചിട്ടില്ല എന്നാണ് അവരുടെ ബഹളങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അത് അത്തരം പൊലീസുകാരുടെ സര്‍ഗാത്മകതാ രാഹിത്യം എന്നോ ഹൃദയവിശാലതയില്ലായ്മ എന്നോ കണക്കു കൂട്ടി അവഗണിക്കാവുന്നതുമാണ്.
അബ്ദുറഹ്മാന്‍ നേതൃത്വത്തിലേക്ക് കുതിച്ചുയരുന്നതിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടിയെ നയിച്ചിരുന്നത് മൃദുഹിന്ദുത്വത്തിലും ആലസ്യത്തിലും അധിഷ്ഠിതമായ ദാര്‍ശനിക-പ്രവര്‍ത്തനപദ്ധതി മുന്നോട്ടു വെച്ച ഞായറാഴ്ച കോണ്‍ഗ്രസ് എന്നും ചാലപ്പുറം ഗാങ് എന്നുമറിയപ്പെട്ടിരുന്ന ഏതാനും നേതാക്കളായിരുന്നു. ഈ നേതാക്കളുടെ പലായനപരത ബോധ്യപ്പെടുന്ന ദൃശ്യമാണ്; ഏറനാട്ടില്‍ സ്ഥിതിഗതികള്‍ കലാപമുഖരിതമായിരിക്കെ, അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ യുവനേതൃത്വത്തിലുള്ളവര്‍ കെ പി കേശവമേനോനെ കാണാനെത്തുന്ന രംഗം. മൊയ്തു മൌലവിയോടും ഹസ്സന്‍കോയ മൊല്ലയോടും ചേര്‍ന്നാണ് മേനോനെ കാണാന്‍ അബ്ദുറഹ്മാന്‍ എത്തുന്നത്. പട്ടാളം പൂക്കോട്ടൂരേക്ക് നീങ്ങിയിട്ടുണ്ടെന്ന് അറിയിക്കുമ്പോള്‍, ഈ രാത്രീല് ഇപ്പോ എന്താ ചെയ്യാ എന്ന ചകിതവും നിസ്സംഗവുമായ മറുപടിയാണ് കേശവമേനോന്‍ കൊടുക്കുന്നത്. അബ്ദുറഹ്മാന് ഈ മറുപടി ഇഷ്ടമാവുന്നതേ ഇല്ല. പട്ടാളം നമ്മുടെ ആളുകളെ ഉപദ്രവിക്കുമ്പോള്‍ നമുക്കിവിടെ ഇങ്ങിനെ നിസ്സംഗരായി ഇരിക്കാനാവുമോ എന്ന് മൌലവി ചോദിക്കുമ്പോഴും ഇപ്പോ അവിടെ പോകുന്നത് ബുദ്ധിയല്ല എന്ന സമര്‍ത്ഥമായ മറുപടി കൊടുത്ത് മേനോന്‍ രക്ഷപ്പെടുന്നു. പിന്നെ അബ്ദുറഹ്മാന്‍ അവിടെ സമയം ചിലവിടാന്‍ മിനക്കെടാതെ; ഞാന്‍ പോവാ, ഇഷ്ടമുള്ളവര്‍ക്ക് വരാം, നമ്മുടെ ആളുകളെ പട്ടാളം തല്ലുന്നത് കണ്ടു നില്‍ക്കാന്‍ എനിക്ക് പറ്റില്ല, നമ്മള്‍ പോയി സമാധാനം പുനസ്ഥാപിക്കണം എന്ന നിശ്ചയദാര്‍ഢ്യവും ധീരതയും സ്ഫുരിക്കുന്ന തീരുമാനം ഉറക്കെ പ്രഖ്യാപിച്ച് പൂക്കോട്ടൂരേക്ക് വെച്ചു പിടിക്കുന്നു.
പിറകെ വരുന്ന പൂക്കോട്ടൂരങ്ങാടിയിലെ പൊതുയോഗം, രാഷ്ട്രീയ ചരിത്രത്തിലെ യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളെ വ്യക്തമാക്കുന്നതിലൂടെ സത്യസന്ധവും ആത്മാര്‍ത്ഥവുമായ രേഖപ്പെടുത്തലായി പരിണമിക്കുന്നു. അബ്ദുറഹ്മാന് പുറമെ കെ മാധവന്‍ നായരും എം പി നാരായണമേനോനും ഹസ്സന്‍കോയ മൊല്ലയുമാണ് കോണ്‍ഗ്രസ്/അഹിംസവാദം/സമാധാനവാഴ്ച എന്നീ ഘടകങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വത്തിന്റെ വക്താക്കളെങ്കില്‍; ഖിലാഫത്ത് നേതാവായ വടക്കേവീട്ടില്‍ മുഹമ്മദാണ് തീവ്രമായ കലാപാഹ്വാനത്തിന്റെ തീയുമായി സമരമുഖത്ത് നിറഞ്ഞു നില്‍ക്കുന്നത്. ഇവര്‍ തമ്മിലുള്ള വാഗ്പോരാട്ടം ശ്രദ്ധേയവും ഗംഭീരവുമാണ്. നേതാക്കള്‍ സമാധാനാഹ്വാനവുമായി കലാപമുഖത്തെത്തുമ്പോള്‍, ഭാരത് മാതാ കീ ജയ്, അല്ലാഹു അക്ബര്‍ എന്നീ രണ്ടു മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് സമരസഖാക്കള്‍ അവരെ സ്വീകരിക്കുന്നത്. ഖിലാഫത്ത് സമരം സാമ്രാജ്യത്വ വിരുദ്ധതയിലും ദേശീയതയിലുമെന്നതു പോലെ മതമൈത്രിയിലും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഭാവന ചെയ്തിട്ടുള്ളതെന്ന് തെളിയിക്കാന്‍ ഈ മുദ്രാവാക്യസംഘാതം മൂലം സാധ്യമായിട്ടുണ്ട്. മഹാനായ ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസ്സന്റെ കൂടെ ജയില്‍ വാസം കഴിഞ്ഞാണ് കെ മാധവന്‍ നായര്‍ പൂക്കോട്ടൂരെത്തുന്നത്. ഖിലാഫത്തിന്റെയും കോണ്‍ഗ്രസിന്റെയും അക്രമരാഹിത്യത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ നമ്മള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ദേശീയപ്രസ്ഥാനം അപകടത്തിലാവും എന്ന സുനിശ്ചിതവും പരിപക്വവുമായ അഭിപ്രായമാണ് മാധവന്‍ നായര്‍ ഉന്നയിക്കുന്നതെങ്കിലും അതും കലാപകാരികള്‍ക്ക് സ്വീകാര്യമാവുന്നില്ല. വടക്കേവീട്ടില്‍ മുഹമ്മദിന്റെ തീവ്രമായ കലാപവാഞ്ഛ ഉള്‍ക്കൊണ്ടുകൊണ്ട് എം പി നാരായണമേനോന്‍ പക്ഷെ, അവരോട് ഐക്യദാര്‍ഢ്യപ്പെടുന്ന രംഗമാണ് ഏറ്റവും വികാരനിര്‍ഭരം. ഏറനാട്ടില്‍ കുടിയാന്മാരോട് ബ്രിട്ടീഷ് ഗവണ്‍മെന്റ് വളരെ ക്രൂരമായാണ് പെരുമാറുന്നതെന്നതിനാല്‍ അതിനെ നേരിട്ടേ പറ്റൂ എന്നാണ് നാരായണമേനോന്‍ ആഹ്വാനം ചെയ്യുന്നത്. തക്ബീര്‍ വിളികളും ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ആ ആഹ്വാനം വീരോചിതമായി സ്വീകരിക്കപ്പെടുന്നു. എന്നിട്ടും, അബ്ദുറഹ്മാന്‍ കലാപകാരികളെ അഹിംസയുടെ മര്‍മ്മവും ധര്‍മ്മവും വിവരിച്ച് ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുന്നുണ്ട്. അതും വൃഥാവിലാകുന്നു.
പിന്നീട് തിരൂരങ്ങാടിയിലെ ഖിലാഫത്ത് ആപ്പീസില്‍ ആലിമുസ്ള്യാരുടെ നേതൃത്വത്തിലുള്ള സംഘത്തിനോട്, കെ പി കേശവമേനോന്റെയും അബ്ദുറഹ്മാന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസുകാര്‍ സമാധാനവാഴ്ചക്കായി അഭ്യര്‍ത്ഥിക്കുന്ന രംഗവും ഹൃദയസ്പര്‍ശിയായിട്ടുണ്ട്. കീഴടങ്ങുന്നതായിരിക്കും ഏറനാട്ടിലെ സാമാന്യജനങ്ങളെ രക്ഷിക്കാന്‍ ഏറ്റവും നല്ല വഴി എന്ന അവരുടെ ഉപദേശം പക്ഷെ നിരാകരിക്കപ്പെടുന്നു. പിന്നീട് പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ സിനിമക്ക് സാധ്യമാകുന്നത്രയും തെളിമയോടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. നാരായണമേനോനെയും മോഴിക്കുന്നത്തിനെയും അടക്കം ബ്രിട്ടീഷുകാര്‍ വ്യാപകമായി അറസ്റ് ചെയ്യുന്നു. ഇതില്‍ മോഴിക്കുന്നത്തിനെ അറസ്റ് ചെയ്ത്, നമ്പൂരിയെയും മാപ്പിളയെയും കുതിരയുടെ പുറകില്‍ കെട്ടി വലിച്ചിഴക്കുന്നതും കാളവണ്ടിക്കു മുമ്പില്‍ കെട്ടി കാളക്കു പകരം വണ്ടി വലിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു മാത്രമേ കണ്ടിരിക്കാനാവുകയുള്ളൂ. കോടതി വിചാരണയുടെ വേളയില്‍, അബ്ദുറഹ്മാനെതിരെ കള്ള സാക്ഷി പറയുന്ന ഖദീജ പിന്നീട് അക്കാര്യത്തില്‍ അദ്ദേഹത്തിനോട് നേരിട്ട് പശ്ചാത്തപിക്കുന്നതു പോലുള്ള നാടകീയ സന്ദര്‍ഭങ്ങള്‍, ആ കാലഘട്ടത്തിലെ മനുഷ്യര്‍ മര്‍ദനാധികാരവാഴ്ചയെ എത്ര കഷ്ടതകളിലൂടെ നീന്തിയാണ് മറികടന്നതെന്നതിന്റെ സാക്ഷ്യങ്ങളാണ്. ബല്ലാരി ജയിലിലെ ഘോരമായ പീഡനങ്ങളുടെ ചോരച്ചാലുകള്‍ അബ്ദുറഹ്മാനും സഖാക്കളും നീന്തിക്കയറിയതെങ്ങനെയെന്ന് വിശദമായി തന്നെ വീരപുത്രന്‍ ചിത്രീകരിക്കുന്നുണ്ട്.
കോണ്‍ഗ്രസിനകത്തും അദ്ദേഹം തന്റെ അഭിപ്രായങ്ങളുടെ പേരില്‍ നിരന്തര പോരാട്ടത്തിലേര്‍പ്പെട്ടിരുന്നു. 1939 മെയ് 12ന് ചേര്‍ന്ന കെ പി സി സിയുടെ വിഷയനിര്‍ണയ കമ്മിറ്റിയില്‍ വെച്ച്, സെക്രട്ടറി ഇ എം എസിന്റെ നേതൃപരമായ ഇടപെടലോടെ അബ്ദുറഹ്മാന്‍ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്ന രംഗം നാടകീയത കൊണ്ടും ചരിത്രത്തിലെ ഉജ്വലമായ മുഹൂര്‍ത്തം എന്ന നിലക്കും വേണ്ടത്ര പ്രാധാന്യത്തോടെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതു പോലെ തന്നെ ഇ എം എസിനും ദാമോദരനും സഖാക്കള്‍ക്കും കമ്യൂണിസ്റ് മാനിഫെസ്റോയുടെ പരിഭാഷ അച്ചടിക്കാന്‍ ഒരു പ്രസ്സുകാരും സമ്മതിക്കാത്തതിനെ തുടര്‍ന്ന് അബ്ദുറഹ്മാന്‍ അല്‍ അമീന്‍ പ്രസില്‍ ആ അച്ചടി നിര്‍വഹിച്ചുകൊടുക്കുന്ന രംഗവും ചരിത്രം മാറ്റിയെഴുതുന്ന യാഥാര്‍ത്ഥ്യമെന്ന നിലക്ക് ചിത്രത്തെ മികവുറ്റതാക്കുന്നു. ഇന്ത്യയിലെ മുസ്ളിങ്ങള്‍ അതിസങ്കീര്‍ണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ഘട്ടത്തെക്കുറിച്ച് കൊടിയത്തൂരില്‍ വെച്ച് നടത്തിയ അവസാനത്തെ പ്രസംഗത്തില്‍ അബ്ദുറഹ്മാന്‍ സാഹിബ് ഓര്‍മപ്പെടുത്തുന്നു. നിങ്ങള്‍ ഖുര്‍ ആന്‍ വായിക