അമൃതാനന്ദമയിയും കുളപ്പുള്ളിലീലയും
അല്ലെങ്കില്‍ അമ്മമാരെ സൃഷ്ടിക്കുന്ന വിധം
മായ ലീല

![]() |
|
ഒരു സൂപ്പര്‍സെറ്റ് ഉണ്ട്. പൊതുബോധം വാര്‍ത്തെടുത്ത'അമ്മ'യെ അയുക്തിയുടെ, പുരുഷാധിപത്യത്തിന്റെ ഒരു ഫ്രെയിമില്‍ ഇട്ട് വാഴ്ത്തുന്നവര്‍. അതേ സമൂഹത്തിന്റെ വെറുമൊരു സബ്‌സെറ്റാണ് യുക്തി ഉപയോഗിച്ച് മതദൈവആത്മീയതകളെ എതിര്‍ക്കുന്നത്. എന്നാല്‍, ഈ സബ്‌സെറ്റ് മറ്റേ സൂപ്പര്‍സെറ്റിന്റെ പുരുഷാധിപത്യ ചിന്തയില്‍ നിന്ന് വിടുതല്‍ നേടിയവര്‍ അല്ല. അവരതിനകത്ത് തങ്ങള്‍ക്ക് കിട്ടുന്ന സുഖലോലുപതകളെ വിട്ടുകളഞ്ഞ് തീവ്രമായ നിലപാടുകള്‍ എടുക്കാന്‍ തയ്യാറല്ല. സ്ത്രീയെ തെറ്റുകുറ്റങ്ങള്‍ ചെയ്യാവുന്ന ഒരു മനുഷ്യനായി പരിഗണിക്കുന്നില്ല. തന്നോടൊപ്പം സമത്വത്തിലാണ് സ്ത്രീ എന്ന് അംഗീകരിക്കാന്‍ കഴിയുന്നില്ല. പകരം 'അമ്മ' എന്ന വാക്കിന്റെ, ആ ആശയത്തിന്റെ കളങ്കമാണ് അവരെ അലട്ടുന്നത്. അമ്മ എന്ന ആശയം കളങ്കപ്പെട്ടു എന്ന് പറയുമ്പോള്‍ അമ്മ എന്ന ആശയം കളങ്കപ്പെടാന്‍ പാടില്ലാത്ത എന്തോ ആണെന്ന മുന്‍ വിധിയിന്മേലാണ് ഈ വിമര്‍ശനങ്ങളും കവിതകളും മറ്റും എഴുതപ്പെടുന്നത്. |
ഇത്തരത്തില്‍ ഒരു പാകപ്പിഴയാണ് അമ്മ എന്ന വാക്കിന് സമൂഹം കല്‍പ്പിച്ചുകൊടുത്തിരിക്കുന്ന മാനങ്ങള്‍. പ്രജനനത്തില്‍ തുല്യ പങ്കാളിത്തം ഉള്ള അച്ഛന്‍, അയാള്‍ക്ക് ഇല്ലാത്ത എന്തൊക്കെയോ അമ്മയ്ക്കുണ്ട് എന്ന് സ്ഥാപിച്ചു വെച്ചിട്ടുണ്ട്. അമ്മയെന്ന വാക്കിന് ജീവശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ മാത്രമല്ല മനശാസ്ത്രപരമായും അതിരുകള്‍ ഉണ്ടാക്കിയിരിക്കുന്നു. അമ്മയെന്നാല്‍ ഇന്നയിന്ന സ്വഭാവങ്ങള്‍ ഉള്ളവള്‍ ആയിരിക്കണം, ആ സ്വഭാവങ്ങള്‍ ആണ് അമ്മയെ അമ്മയാക്കുന്നത്. അല്ലാതെ പ്രസവിക്കല്‍ അല്ല.
പ്രകൃതിയില്‍, സ്വന്തം സന്തതികളെ നിലനിര്‍ത്താന്‍ വേണ്ടി മനുഷ്യവര്‍ഗത്തിലെ സ്ത്രീകള്‍ മാത്രമല്ല സഹനവും വേദനയും വലിയതോതില്‍ അനുഭവിക്കുന്നത്. മറ്റു പല മൃഗങ്ങളിലും ഇതിലും സങ്കീര്‍ണ്ണവും ആപത്കരമായതും ആയ പ്രത്യുത്പാദനങ്ങള്‍ നടക്കുന്നുണ്ട്. മനുഷ്യരെ പോലെ തന്നെ അവറ്റയെല്ലാം സ്വന്തം സന്തതികളെ വളരെ ശ്രദ്ധയോടെ പരിചരിക്കുന്നു. എന്നാല്‍ വിവേകവും വകതിരിവും ഉള്ള മനുഷ്യസമൂഹത്തിന്, അവരുടെ സ്ത്രീകള്‍ അമ്മയായിക്കഴിഞ്ഞാല്‍ ഇതുപോലെ ഉള്ള പരിചരണവും പെരുമാറ്റവ്യതിയാനവും സമൂഹത്തിലെ എല്ലാത്തിനോടും വേണം എന്ന വാശിയാണ്. ഇവിടെ സംസ്‌കാരവും പ്രകൃതിയും തമ്മിലുള്ള വിപര്യയം കാണിക്കുന്നുണ്ട്, ആധിപത്യവ്യവസ്ഥിതി. 'അമ്മ' എന്നാല്‍ ചുറ്റിനുമുള്ള എല്ലാത്തിനോടും എല്ലാവരോടും ഒരേ തരത്തില്‍ കാച്ചിക്കുറുക്കിയ സ്വഭാവത്തില്‍ പെരുമാറണം എന്നാണു സമൂഹത്തിന്റെ ചട്ടം.
പുരുഷന്മാര്‍ക്ക്, അച്ഛന്മാര്‍ക്ക് ഇങ്ങനെ ഒന്ന് ബാധകമല്ല. പക്ഷേ, ഒരു പുരുഷനോടും ലൈംഗീക അതിക്രമത്തിന്റെ മേഖലയില്‍ അല്ലാതെ, എന്തെങ്കിലും കുറ്റം ചെയ്താല്‍ 'താനൊരു അച്ഛനല്ലേ' എന്ന ചോദ്യം ഉയരുന്നില്ല. ലോകമൊട്ടുക്കും ബോംബുകള്‍ വര്‍ഷിക്കാന്‍ സഹായിക്കുന്ന ഒബാമ ഒരു അച്ഛനല്ലേ, ഒരച്ഛന്‍ ഇങ്ങനെ ചെയ്യുന്നുവോ! എന്ന് ചോദിക്കുന്നത് കേള്‍ക്കാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. പക്ഷേ, സ്ത്രീയുടെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ചും അമ്മ എന്നതിന് കൃത്യമായ ചട്ടങ്ങളും നിയമങ്ങളും ഉണ്ട്. സമൂഹം, അത് സ്ത്രീയുടെ തന്നെ വ്യക്തിത്വമാക്കി മാറ്റിയിട്ടുമുണ്ട്.
തന്റെ ശരീരത്തിലെ ഗര്‍ഭപാത്രം എന്ന അവയവം ഉപയോഗിച്ച് കഴിഞ്ഞാല്‍ സ്ത്രീ എല്ലാം തികഞ്ഞവള്‍ ആകും പിന്നെ അവള്‍ സമൂഹത്തിലെ സഹനത്തിന്റെ ബിംബമായി നിലകൊള്ളണം. സ്വന്തം സന്തതികളെ വളര്‍ത്തി കാലംകഴിച്ചു കൊള്ളണം. ഗര്‍ഭപാത്രം ഉപയോഗിച്ച് കഴിഞ്ഞ ഈ സ്ത്രീയുടെ സ്വഭാവത്തില്‍, ജനനം മുതലേ നിലനിന്നിരുന്ന സ്ത്രീത്വനന്മയുടെ വകഭേദങ്ങള്‍ തിങ്ങിനിറയുകയും 'അമ്മ' എന്നത് ഒരു മാതൃകയാവുകയും ചെയ്യണം എന്നാണ് സമൂഹം കല്‍പ്പിക്കുന്നത്. സ്ത്രീയ്ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങള്‍ എല്ലാം ജനിച്ചു വീണ ആ സന്തതിയുടെ നേര്‍ക്കാണ് എന്നും, അത് പൊതുവായ ഒരു സമീപനം/സ്വഭാവം അല്ല എന്നുമുള്ള സത്യം മറച്ചു വെച്ച്, സ്ത്രീയെ ഒരു മനുഷ്യനായിരിക്കാന്‍ സമൂഹം സമ്മതിക്കുന്നില്ല. 'മാതൃത്വം' എന്നത് ഒരു സ്വഭാവം ആയാണ് വീക്ഷിക്കുന്നത്, അതൊരു അവസ്ഥയാണ് എന്നത് മനപൂര്‍വ്വം അവഗണിക്കുന്നു.
സഹനമോ, കാരുണ്യമോ, സഹാനുഭൂതിയോ, സഹജീവിസ്നേഹമോ എല്ലാം മനുഷ്യഗുണങ്ങള്‍ ആണ്. അത് സ്ത്രീയ്ക്കും പുരുഷനും അമ്മയ്ക്കും അച്ഛനും ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ഒരു സ്ത്രീ അമ്മയാവുന്നത് കൊണ്ട് ഈ ഗുണങ്ങള്‍ എല്ലാം ഉണ്ടായിരിക്കണം എന്നും അല്ലെങ്കില്‍ അമ്മ എന്നത് ഇങ്ങനെ മാത്രമാണ് എന്നും തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍, അമ്മയാകാന്‍ കഴിയാത്ത പുരുഷനില്‍ നിന്നും ഇതൊന്നും പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കില്‍, പ്രതീക്ഷിക്കുന്നത് സാധാരണമല്ല എന്നൊരു മോചനമാര്‍ഗം അവിടെ തുറന്നിടുകയാണ്. അമ്മയെന്ന സ്ത്രീയ്ക്ക് ക്രൂരത/രൗദ്രം/പ്രതിഷേധം/ധൈര്യം/തന്റേടം എന്നിവ നിഷിദ്ധമാണ് എന്ന് പറയുമ്പോള്‍, ഏറ്റവും അധികം അവിടെ അഭികാമ്യമായി പ്രതീക്ഷിക്കപ്പെടുന്നത് സ്ത്രീയുടെ വിധേയത്വം ആണ്. അമ്മ എന്ന പേരില്‍, മാതൃത്വം എന്ന പേരില്‍ സ്ത്രീ കാഴ്ചവയ്‌ക്കേണ്ട വിധേയത്വം. അതാണ് സ്ത്രീത്വമെന്നും സ്ത്രീയെന്നും ഊട്ടിയുറപ്പിക്കുകയാണ് സമൂഹം. സ്ത്രീയുടെ സ്വഭാവത്തില്‍ ആധിപത്യത്തിന്റെയോ, സധൈര്യം മുന്നിട്ട് നില്‍ക്കുന്നതോ ആയ യാതൊന്നും കാണരുത്! എന്ന് മാതൃത്വത്തെ മഹത്വവത്കരിക്കുന്നതിലൂടെ പുരുഷാധിപത്യ സമൂഹം കൈയ്യടക്കത്തോടെ സ്ഥാപിച്ചെടുക്കുന്നു.
ഇത്തരുണത്തില്‍ മാതൃത്വത്തിന്റെ ഉദ്‌ഘോഷണം/മഹത്വവത്കരണം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് എങ്കിലും സമൂഹത്തിലെ യുക്തിവാദികളുടെ/നാസ്തികവാദികളുടെ/ പുരോഗമന ബുദ്ധിജീവികളുടെ അബോധത്തില്‍ അത് എത്രമാത്രം ഉറച്ചു പോയിട്ടുണ്ട് എന്നതിന്റെ ഏറ്റവും മുന്തിയ ആനുകാലിക ഉദാഹരണം ആണ് മാതാഅമൃതാനന്ദമയിയെ വിമര്‍ശിക്കുന്നവരുടെ ഭാഷ. അമൃതാനന്ദമയി അല്ലെങ്കില്‍ ആള്‍ദൈവം എന്ന ആശയം ആളുകളുടെ പ്രതീക്ഷയും ഭാവിയിന്മേലുള്ള അനിശ്ചിതത്വവും ആശങ്കയും വിറ്റാണ് ലാഭങ്ങള്‍ ഉണ്ടാക്കുന്നത്. മനുഷ്യകൂട്ടങ്ങളുടെ അയുക്തിയെ ചൂഷണം ചെയ്ത് ചതിയ്ക്കുന്നു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മാനസികമായി കൂട്ടങ്ങളെ പ്രീണിപ്പിച്ചു നിര്‍ത്തി ആരുടെയൊക്കെയോ കീശ നിറയ്ക്കുന്നുണ്ട്. സമൂഹത്തില്‍ യാതൊരു തരത്തിലും അര്‍ഹിക്കാത്ത പ്രാധാന്യം നേടുന്നുണ്ട്. മതവും മുതലാളിത്തവും ചേര്‍ന്ന്‍ നടത്തുന്ന അയുക്തിയുടെ അമൃതവിഹാരത്തിന് നേരെ തൊടുക്കുന്ന വലിയ വിമര്‍ശനം എന്താണെന്നോ? "അമ്മ" എന്ന വാക്കിന്റെ വിലകളഞ്ഞു! എന്ന്. അമ്മ എന്ന വാക്കിന്റെ അര്‍ഥം കളങ്കപ്പെടുത്തി! എന്ന്. ഇത്തരത്തില്‍ ക്രൂരതകള്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് എങ്ങനെയാണ് അമ്മയാകാന്‍ കഴിയുക! എന്ന്.
അമ്മ എന്ന വാക്കിന് അവര്‍, വിമര്‍ശന സമൂഹം ഒരര്‍ത്ഥം കല്‍പ്പിച്ചുകൊടുത്തിരുന്നു. അതിനകത്ത് നില്‍ക്കാതെ, ഒരു സ്ത്രീ, അയുക്തിയും അന്ധവിശ്വാസവും പ്രചരിപ്പിക്കാന്‍ ഇറങ്ങിയത് സഹിക്കാന്‍ സമൂഹത്തിന് കഴിയുന്നില്ല. അവരുടെ കണ്ണില്‍പെടുന്നത് ആദ്യം ഈ അമ്മയെന്ന ആശയത്തിന്റെ സാമാന്യവല്‍ക്കരണം എങ്ങനെ ഇല്ലാതായി എന്നതാണ്.
ഒരു സൂപ്പര്‍സെറ്റ് ഉണ്ട്. പൊതുബോധം വാര്‍ത്തെടുത്ത "അമ്മ"യെ അയുക്തിയുടെ, പുരുഷാധിപത്യത്തിന്റെ ഒരു ഫ്രെയിമില്‍ ഇട്ട് വാഴ്ത്തുന്നവര്‍. അതേ സമൂഹത്തിന്റെ വെറുമൊരു സബ്‌സെറ്റാണ് യുക്തി ഉപയോഗിച്ച് മതദൈവആത്മീയതകളെ എതിര്‍ക്കുന്നത്. എന്നാല്‍, ഈ സബ്‌സെറ്റ് മറ്റേ സൂപ്പര്‍സെറ്റിന്റെ പുരുഷാധിപത്യ ചിന്തയില്‍ നിന്ന് വിടുതല്‍ നേടിയവര്‍ അല്ല. അവരതിനകത്ത് തങ്ങള്‍ക്ക് ലഭിക്കുന്ന സുഖലോലുപതകളെ വിട്ടുകളഞ്ഞ് തീവ്രമായ നിലപാടുകള്‍ എടുക്കാന്‍ തയ്യാറല്ല. സ്ത്രീയെ തെറ്റുകുറ്റങ്ങള്‍ ചെയ്യാവുന്ന ഒരു മനുഷ്യനായി പരിഗണിക്കുന്നില്ല. തന്നോടൊപ്പം സമത്വത്തിലാണ് സ്ത്രീ എന്ന് അംഗീകരിക്കാന്‍ കഴിയുന്നില്ല. പകരം "അമ്മ"എന്ന വാക്കിന്റെ, ആ ആശയത്തിന്റെ കളങ്കമാണ് അവരെ അലട്ടുന്നത്. അമ്മ എന്ന ആശയം കളങ്കപ്പെട്ടു എന്ന് പറയുമ്പോള്‍ അമ്മ എന്ന ആശയം കളങ്കപ്പെടാന്‍ പാടില്ലാത്ത എന്തോ ആണെന്ന മുന്‍ വിധിയിന്മേലാണ് ഈ വിമര്‍ശനങ്ങളും കവിതകളും മറ്റും എഴുതപ്പെടുന്നത്.
ഇവിടെ വിമര്‍ശിക്കേണ്ടത് മതത്തെയായിരുന്നു. മനുഷ്യരെ ചൂഷണം ചെയ്യുന്നതിനെയായിരുന്നു. ചെപ്പടിവിദ്യകളെ തെളിവുകളുടെ ബലത്തില്‍ ചോദ്യം ചെയ്യുകയായിരുന്നു വേണ്ടത്. മനുഷ്യന്റെ ആശങ്കയെ കച്ചവടം ചെയ്തതിനെ എതിര്‍ക്കുകയായിരുന്നു വേണ്ടത്. ഒരു ജനാധിപത്യ സമൂഹത്തില്‍ അനര്‍ഹമായി ഒരാള്‍ക്ക് ഇത്രയും പവര്‍വന്നതിനെ ചെറുക്കുകയായിരുന്നു വേണ്ടത്. അതെല്ലാം വിഴുങ്ങിയിട്ട് "അമ്മ" എന്നതിലേക്ക് ശ്രദ്ധ കൊടുക്കുമ്പോള്‍ ഉയരുന്ന ചോദ്യം 'മാതാ' എന്നത് മാറ്റി വെറും അമൃത ആയാല്‍ വിമര്‍ശനങ്ങള്‍ ഉയരുകയില്ലേ എന്നതാണ്. ലോകത്തിന്റെ അമ്മയാണ് എന്ന സ്ത്രീവിരുദ്ധത വില്‍ക്കുന്നതിനെ ഇങ്ങനെയാണോ എതിര്‍ക്കുക? "അമ്മയിങ്ങനെയോ" എന്ന മറുചോദ്യം ചോദിച്ച് പുരോഗമന പക്ഷമെന്ന് പറയുന്നവരും മറ്റേവിഭാഗം ഉപയോഗിച്ച അതേ സ്ത്രീവിരുദ്ധത തന്നെയാണ് ആയുധമാക്കുന്നത്. നിങ്ങളല്ല അമ്മ, ഞങ്ങളുടെ ചിന്തയില്‍ ഉള്ള അമ്മയാണ് അമ്മ. പിന്നെയുള്ളത് അമ്മയെന്നതിനെ ഉപഗ്രഹം ചെയ്തു വരുന്ന പ്രതീക്ഷകളും ചിട്ടവട്ടങ്ങളുമാണ്.
ആദ്യം പറഞ്ഞ, മുതലാളിത്ത പുരുഷാധിപത്യ വ്യവസ്ഥിതി ചിട്ടയായി അടവെച്ച് വിരിയിച്ചെടുക്കുന്ന 'ബുദ്ധി'ജീവികളുടെ ശേഷിക്കുറവ് മാത്രമാണിത്. പൊളിറ്റിക്കലി കറക്റ്റ് ആയ വിശകലനങ്ങളും വിമര്‍ശനങ്ങളും നടത്താന്‍ വ്യൂഹത്തിന് പുറത്തു ചിന്തിക്കാന്‍ കഴിയുന്നില്ല എന്നത് തീര്‍ച്ചയായും പ്രാപ്തിക്കുറവാണ്. ഒരു സമൂഹം പുരോഗമിക്കുക എന്നാല്‍, അതിനകത്ത് വസ്തുതകളെ യാതൊരു മുന്‍വിധിയും ഇല്ലാതെ സമീപിക്കാന്‍ കഴിയുന്ന, വിശകലനങ്ങള്‍ ചിട്ടവട്ടങ്ങളുടെ അകമ്പടിയില്‍ അല്ലാതെ നടത്തുന്ന കൂട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണ്. സമൂഹത്തിന്റെ, മനുഷ്യകുലത്തിന്റെ പുരോഗതിയ്ക്ക് തടയിടുന്ന ശീലങ്ങള്‍/ആചാരങ്ങള്‍ കാണുമ്പോള്‍ അവയെ എങ്ങനെ എതിര്‍ക്കണം എന്ന യുക്തി പോലും ഉദിക്കാത്ത ഒരു സമൂഹത്തിലാണ് നാമിന്നും ഉള്ളത്!. അവിടെ നിന്നും നാം ആരംഭിക്കേണ്ടിയിരിക്കുന്നു.
Comments
RSS feed for comments to this post