സോണിയയുടെ മരുന്നും ഫലിച്ചില്ല
രഞ്ജിത്ത് ശ്രീധര്‍
![]() |
|
യു ഡി എഫ് സംവിധാനത്തെ കുറിച്ച് ഘടകകക്ഷികള്‍ക്കൊന്നും ഒരു മതിപ്പുമില്ല. ലീഗ് പറയുന്നു, കോണ്‍ഗ്രസിനകത്ത് നിറയെ പ്രശ്‌നമാണ്. യു ഡി എഫ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. കേരള കോണ്‍ഗ്രസ് പറയുന്നതും കെപിസിസിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചക്കളത്തിപ്പോരിനെ കുറിച്ചാണ്. രമേശ് ചെന്നിത്തലയുടെ പക്ഷത്താണ് തങ്ങളുള്ളതെന്ന് അവര്‍ സോണിയയെ കണ്ട് തുറന്നടിക്കുന്നു. വീരേന്ദ്രകുമാറിന്റെ ദള്‍ പോലുള്ള കൊച്ചു കക്ഷികള്‍ ലീഗും കേരളകോണ്‍ഗ്രസും ഭരണത്തെ ഹൈജാക്ക് ചെയ്തു എന്ന് കരഞ്ഞ പറയുന്നു. എല്ലാവരും ഏക സ്വരത്തില്‍ സര്‍ക്കാരിന് പ്രതിച്ഛായ ഇല്ലെന്ന് അഭിപ്രായപ്പെടുന്നു. യു ഡി എഫ് ചിന്നഭിന്നമായി എന്ന് പരിതപിക്കുന്നു. ഇതെല്ലാം കേട്ട സോണിയാഗാന്ധിക്ക് യുക്തിയുണ്ടെങ്കില്‍ ഇത്രയും കഴിവുകെട്ടവരാണോ കേരളത്തിലെ യു ഡി എഫ് എന്ന് ചിന്തിച്ചുകാണും |
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ യു ഡി എഫിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ പറ്റുമോ എന്നായിരുന്നു സോണിയയുടെ അന്വേഷണം. കെപിസിസിയുടെ നെയ്യാറിലെ പഠനകേന്ദ്രം ഉദ്ഘാടനവും മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാഛാദനവും ആയിരുന്നു സോണിയയുടെ പൊതുപരിപാടികള്‍. പിന്നീട് കോണ്‍ഗ3സ് അധ്യക്ഷയായ സോണിയ, സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് ഔദ്യോഗിക പരിപാടികളിലും പങ്കെടുത്തു. കേരളത്തിലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സോണിയയുടെ ഈ നടപടിയെ ചോദ്യം ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് സര്‍ക്കാര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ് എന്ന് വി എസ് പറഞ്ഞു. സോണിയയുടെ ഈ പരിപാടിയിലൂടെ കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വളരെ മികച്ച കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് വരുത്തി തീര്‍ക്കുവാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. എന്നാല്‍, സംഘടിപ്പിച്ച പരിപാടികളാവട്ടെ തട്ടിപ്പ് പരിപാടികളായും പോയി.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ക്ഷേമപദ്ധതിയായി കൊട്ടിഘോഷിച്ച് സോണിയ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനംചെയ്യിച്ച ആരോഗ്യ കിരണ്‍ പദ്ധതിയാണ് ഇതിലൊന്ന്. 2010 മാര്‍ച്ചില്‍ എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ 'താലോലം' പദ്ധതിയാണ് പേരുമാറ്റി 'ആരോഗ്യ കിരണ്‍' എന്നാക്കിയത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യചികിസ ഉറപ്പാക്കുന്നതായിരുന്നു താലോലംപദ്ധതി. താലോലംപദ്ധതിയിലൂടെ മൂന്നരവര്‍ഷത്തിനുള്ളില്‍ 6607 കുട്ടികള്‍ക്ക് 15.28 കോടിയിലേറെ രൂപയാണ് നല്‍കിയത്. ഈ പദ്ധതി തുടരുന്നതിനാവശ്യമായ ഫണ്ട് ഇപ്പോഴും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലുണ്ട്. സാമൂഹ്യനീതിവകുപ്പിനു കീഴില്‍ അന്നത്തെ മന്ത്രി പി കെ ശ്രീമതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേനയാണ് പദ്ധതി തുടങ്ങിയത്. ആദ്യം സൗജന്യ ക്യാന്‍സര്‍ ചികിത്സമാത്രമായിരുന്നു. 2010 മാര്‍ച്ചില്‍ ഈ പദ്ധതി 'താലോലം' എന്ന പേരില്‍ വിപുലീകരിച്ചു. രാജ്യത്തിനാകെ മാതൃകയായി ഈ പദ്ധതി തുടരുകയാണ്.
ഇതിനിടയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലോലം എന്ന പേരുമാറ്റി. അന്ന് ഉമ്മന്‍ചാണ്ടി പദ്ധതി വീണ്ടും ഉദ്ഘാടനംചെയ്തു. ഇതാണിപ്പോള്‍ സോണിയ ഗാന്ധി ഒരിക്കല്‍ക്കൂടി ഉദ്ഘാടനംചെയ്തത്. ഉദ്ഘാടനത്തിന് മുമ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലടക്കം ഈ ആരോപണം ഉയര്‍ന്നുവന്നു. അത് ശ്രദ്ധയില്‍പ്പെട്ടിട്ടും നിഷേധിക്കാന്‍ വകുപ്പുമന്ത്രിക്കോ വകുപ്പിനോ ആയില്ല. സാധാരണനിലയില്‍ ദേശീയനേതാക്കള്‍ വരുമ്പോള്‍ വകുപ്പുമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പദ്ധതിയുടെ മേന്മ പറയാറുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ വിചാരണ ഭയന്നാവണം അതുമുണ്ടായില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ജെന്റിക് മരുന്ന് സൗജന്യമായി നല്‍കുന്നുവെന്ന തട്ടിപ്പുപദ്ധതിയും സര്‍ക്കാര്‍ പറയുന്നുണ്ട്. വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായിത്തന്നെയാണ് മരുന്ന് നല്‍കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ച് ഈ മരുന്നുവിതരണം കാര്യക്ഷമമാക്കി. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ എത്തിക്കുകയുംചെയ്തു. അവശ്യമരുന്നുകളുടെ പട്ടികയില്‍പ്പെടാത്ത ചുരുക്കം ചില മരുന്നുകള്‍ മാത്രമാണ് പുറമെനിന്ന് വാങ്ങേണ്ടിവരുന്നത്. ഈ മരുന്നുകള്‍ എഴുതുമ്പോള്‍ രാസനാമത്തില്‍ (ജെന്റിക്) എഴുതാനുള്ള നിര്‍ദേശം മുമ്പുമുണ്ടായിരുന്നു. അത് നടപ്പാക്കുകമാത്രമാണ് ചെയ്യേണ്ടത്. അതിനുപകരം സര്‍ക്കാര്‍ ആശുപത്രിയില്‍ പൂര്‍ണമായും ജെന്റിക് ആക്കുന്നുവെന്നും എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നും പറയുന്നത് നിലവിലുള്ള സംവിധാനംതന്നെയാണ്. എന്താണ് ജെന്റിക് എന്നറിയാത്ത സാധാരണക്കാരെ പറ്റിക്കാനായിരുന്നു ആ പദ്ധതിവിളമ്പരം ചെയ്തത്.
'ഭൂരഹിതരില്ലാത്ത കേരളം' എന്ന പദ്ധതിയും സോണിയ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയലാഭം മാത്രം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പായിരുന്നു അത്. ഒരു ലക്ഷം ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമിയുടെ രേഖ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. രേഖ നല്‍കുന്ന ഭൂമി എവിടെയെന്ന് വ്യക്തമായി നിര്‍ണയിക്കുകപോലും ചെയ്തിട്ടില്ല. വിതരണത്തിന് പ്ലോട്ട് തിരിച്ചത് നാമമാത്രമായ ഏക്കറില്‍ മാത്രമാണ്. ഈ ഭൂമിയാകട്ടെ, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ചതാണ്. അത് മൂന്നുസെന്റായി വെട്ടിമുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയേറ്റക്കാരില്‍നിന്ന് പിടിച്ചെടുത്തതും പുറമ്പോക്കുകള്‍ വീണ്ടെടുത്തതും റവന്യൂറിക്കവറിയിലൂടെ പിടിച്ചെടുത്തതുമായ സ്ഥലങ്ങളാണ് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ചത്. ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ചവയില്‍ വാസയോഗ്യമല്ലാത്ത ഭൂമി ഏറെയുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ പിടിച്ചെടുത്തശേഷം കേസുള്ള ഭൂമിയുമുണ്ട്. ചിലയിടങ്ങളില്‍ ഭരണമാറ്റത്തോടെ കൈയേറ്റക്കാര്‍ വീണ്ടും വരുതിയിലാക്കിയ സ്ഥലങ്ങളുണ്ട്. ഇവയൊന്നും ഫീല്‍ഡ് പരിശോധനയിലൂടെ മനസ്സിലാക്കാതെയാണ് പലര്‍ക്കും രേഖ നല്‍കിയത്.
ഭൂരഹിതരില്ലാത്ത കേരളം പരിപാടിക്ക് മുമ്പ് റവന്യുവകുപ്പ് മന്ത്രി മാതൃഭൂമിപത്രത്തിലെഴുതിയ ലേഖനത്തില്‍ ഭൂരഹിതരുടെ എണ്ണം തന്നെ വെട്ടിക്കുറച്ചിരിക്കയാണ്. നാല് ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് അദ്ദേഹം എണ്ണി തെറ്റിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനത്തില്‍ വന്‍കിട കൈയ്യേറ്റഭൂമികളെ കുറിച്ച് പറയുന്നില്ല. പുറമ്പോക്ക് ഭൂമിയെയാണ് മന്ത്രിയും സര്‍ക്കാരും നോട്ടമിട്ടിരിക്കുന്നത്. കൂടാതെ റവന്യുമന്ത്രി, വന്‍കിട കമ്പനികളുടെയും കോര്‍പ്പറേറ്റ് സെക്ടറുകളുടെയും നേര്‍ക്ക് ഭൂമിപിച്ചയ്ക്ക് കൈ നീട്ടുകയാണ്. ഇച്ഛാശക്തിയില്ലാത്ത ഒരു സര്‍ക്കാരിന്റെ മന്ത്രിക്ക് ഇങ്ങനെയേ എഴുതാന്‍ സാധിക്കൂ. ഇത്തരത്തിലുള്ളൊരു സര്‍ക്കാര്‍ ഭൂരഹിതരുടെ പ്രശ്‌നം പരിഹരിക്കും എന്ന് കരുതാന്‍ ഒരിക്കലും സാധിക്കില്ല. നിലവില്‍ ഭൂമി വിതരണം ചെയ്യുന്നതിലും നീതിയില്ല. അതത് ജില്ലകളില്‍ അതേ താലൂക്കുകളിലെങ്കിലും ഭൂമി കണ്ടെത്തി നല്‍കാതെ ജില്ലവിട്ടാണ് ഭൂമി വിതരണം ചെയ്യുന്നത്. തിരുവനന്തപുരത്തുകാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നത് കാസര്‍കോട് ജില്ലയിലാണ്. അങ്ങനെ അവര്‍ ഒഴിഞ്ഞുപോകുന്നെങ്കില്‍ അങ്ങനെയാവട്ടെ എന്നതാണ് നയം. ഭൂമി വിതരണം ചെയ്യുന്നതിലുള്ള മുന്‍ഗണനയിലും അപാകതയുണ്ട്. അഗതികള്‍, അംഗവൈകല്യമുള്ളവര്‍, വിധവകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇവര്‍ക്കാണ് മുന്‍ഗണന. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത സാധുക്കളെ ആ പട്ടികയില്‍ ഉല്‍പ്പെടുത്തേണ്ടിയിരുന്നു. അവരെ ജില്ലവിട്ട് പുനരധിവാസത്തിനുള്ള ഭൂമി വിതരണത്തിന് തെരഞ്ഞെടുത്തത് കൊടുംപാതകമായിപ്പോയെന്ന് പറയാതെ വയ്യ.
എല്ലാവര്‍ക്കും ഭൂമി നല്‍കി കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കാനുള്ള യജ്ഞത്തിന് തുടക്കമിട്ടത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാനത്ത് 120 പട്ടയമേള സംഘടിപ്പിച്ച് 2,60,000 കുടുംബത്തെയാണ് മണ്ണിന്റെ ഉടമകളാക്കിയത്. പദ്ധതി വേഗത്തില്‍ തുടരുമ്പോഴായിരുന്നു ഭരണമാറ്റം. ഇതോടെ പദ്ധതി അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെയാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമരംതുടങ്ങിയത്. സമരം ഒത്തുതീര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം നടപ്പാക്കുന്നതിനുപകരം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നാടകം കളിക്കുകയാണിപ്പോള്‍. തകരുന്ന യു ഡി എഫിന് ഇത്തരം പൊറാട്ട് നാടകത്തിലൂടെ കച്ചി തുരുമ്പുകള്‍ ഇട്ടുകൊടുക്കുകയാണ്. പറ്റുമെങ്കില്‍ പിടിച്ചുകേറട്ടെ എന്നാണ് ഇക്കൂട്ടരുടെ മനസിലിരുപ്പ്. ഇത്രയും നാണംകെട്ട ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതവര്‍ പലപ്പോഴും പരസ്യമായി പറയുന്നുമുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരുടെ ആ നിരീക്ഷണവും ഘടകകക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷയോട് പറഞ്ഞ് പരാതികളുമാണ് ഉയര്‍ന്നുനില്‍ക്കുക. അത് മനസിലാക്കാനുള്ള ബോധമാണ് യു ഡി എഫിനും മുഖ്യമന്ത്രിക്കും വേണ്ടത്.