താലിബാനിസത്തിന്റെ ഓവര്‍ക്കോട്ടുകള്‍
അശോകന്‍ ചരുവില്‍
![]() |
|
പേ പിടിച്ച നായയെ കെട്ടിയിടുക എന്നതാണ് സാമാന്യനിലക്ക് ചെയ്യേണ്ടത്. ഇവിടെ നായയെ യഥേഷ്ടം അഴിച്ചു വിടുകയും അതിന്റെ കടിയേല്‍ക്കാതിരിക്കാന്‍ മനുഷ്യനെ പിടിച്ചു കെട്ടിയിടുകയും വേണം എന്നാണ് മത സംഘടനാ നേതാക്കള്‍ പ്രസ്ഥാവിക്കുന്നത്. തര്‍ക്കം പറയരുതല്ലോ നമ്മുടെ മതപൗരോഹിത്യം സ്ത്രീകളെക്കുറിച്ചു തന്നെയാണ് എക്കാലത്തും ഏറെ ഉറക്കമൊഴിച്ച് ആലോചിച്ചിട്ടുള്ളത്. സ്ത്രീയെന്നാല്‍ അവളുടെ ശരീരമാണെന്നാണ് -ശരീരം മാത്രമാണെന്നാണ്- അവരുടെ നിഗമനം. അങ്ങേയറ്റം പാപപങ്കിലമാണത്. അതിന്റെ കാഴ്ച പുരുഷനെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് അത് പരമാവധി മറച്ചുവെക്കണം. പര്‍ദ്ദയോ ഓവര്‍കോട്ടോ ധരിക്കണം. തന്റെ പതിനാറാമത്തെ പിറന്നാളിന് ഏതെങ്കിലും ഒരു ആശുപത്രിയിലെ ലേബര്‍റൂമില്‍ മലര്‍ന്നു കിടക്കേണ്ടതിനു പകരം ഒരു പെണ്‍കുട്ടി ഐക്യരാഷ്ട്രസഭാ അസബ്ലിയില്‍ പോയി പ്രസംഗിച്ചാല്‍ പിന്നെ ലോകം എങ്ങനെ ഗതിപിടിക്കും? |
പണ്ടു കാലത്ത് നമ്മുടെ വാധ്യാര്‍മാര്‍ ഓവര്‍ക്കോട്ട് ധരിച്ചിട്ടാണ് സ്‌കൂളില്‍ വന്നിരുന്നത്. കോട്ടുണ്ടെങ്കിലും പാന്റ്‌സ് പതിവില്ല. മുണ്ടോ പാളത്താറോ ഉടുക്കും. ഈ ലേഖകന്‍ ഒന്നാം ക്ലാസില്‍ ചേരുമ്പോള്‍ സ്വാതന്ത്ര്യം കിട്ടി പതിനഞ്ചു സംവത്സരങ്ങള്‍ പിന്നിട്ടിരുന്നു. അപ്പോഴേക്കും നമ്മുടെ അധ്യാപകരെല്ലാം കോട്ടില്‍ നിന്നു പുറത്തു ചാടിയിരുന്നു. ഞങ്ങളുടെ കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ അന്ന് ഒരാള്‍ മാത്രം കോട്ട് ധരിക്കുന്നുണ്ട്. ഹെഡ്മാസ്റ്റര്‍ ടി.എല്‍.ജെയിക്കമ്പ് മാസ്റ്റര്‍. കോട്ടു കൂടാതെ ടൈയുമുണ്ട്. ആ കോട്ടിന്റെ നിറം അകലെ നിന്നു കണ്ടാല്‍ മതി കളികളെല്ലാം നിറുത്തി ഞങ്ങള്‍ നിശ്ശബ്ദരാകും. അത്രക്കു വലിയ അധികാരശക്തിയായിരുന്നു അദ്ദേഹം.
ടി.എല്‍.ജെയിക്കബ്ബ് മാസ്റ്റര്‍ ആയിരിക്കണം നമ്മുടെ ഗുരുപരമ്പരയിലെ അവസാനത്തെ കോട്ടുധാരി. മാസ്റ്ററെക്കുറിച്ച് എനിക്ക് വേറെയും ഓര്‍മ്മകളുണ്ട്. മികച്ച അധ്യാപകനുള്ള ദേശീയ അവര്‍ഡ് -അതോ സംസ്ഥാന അവാര്‍ഡോ- ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സ്‌കൂളില്‍ നല്‍കിയ സ്വീകരണ മഹാമഹം ആണ് ഒന്ന്. അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി സി.എച്ച്.മുഹമ്മദ്‌കോയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂരിലെ സെന്റ് തോമസ് കോളേജില്‍ സാക്ഷാല്‍ ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ക്ലാസ്‌മേറ്റായിരുന്നു ജെയിക്കബ്ബ് മാസ്റ്റര്‍. അദ്ദേഹം ഇടക്കു പറയും: “ഈ നമ്പൂതിരിപ്പാടുണ്ടല്ലോ, പിന്നീട് നമ്മുടെ ആദ്യത്തെ മുഖ്യമന്ത്രിയായി. പിന്നെ ലോക കമ്യൂണിസ്റ്റ് നേതാവാണ്. അതൊക്കെ ശരിതന്നെ. പക്ഷേ, ബി.എ. കംപ്ലീറ്റ് ചെയ്തിട്ടില്ല.”
തണുപ്പുരാജ്യമായ ബ്രിട്ടന്റെ മേല്‍ക്കോയ്മയില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞുവെങ്കിലും ഇന്ത്യയില്‍ ഓവര്‍കോട്ട് ഒരു സാമാന്യ വസ്ത്രമായി മാറിയില്ല. കിട്ടിയ താപ്പിന് ഇന്ത്യക്കാരന്‍ അത് ഊരി വലിച്ചെറിഞ്ഞു. എങ്ങനെ എറിയാതിരിക്കും. മുപ്പതും നാല്‍പ്പതും ഡിഗ്രി ചൂടില്‍ വിയര്‍ത്തൊലിക്കുമ്പോള്‍ ഒരു ഓവര്‍കോട്ടിനെക്കുറിച്ച് ചിന്തിക്കുന്നതു പോലും അസഹ്യമാണ്. ഇരുപത്തിനാലും മണിക്കൂറും ശീതികരിച്ച മുറിയില്‍ കഴിയുന്നവര്‍ക്ക് ഇവിടേയും ഓവര്‍കോട്ട് ആവാം. മേല്‍ത്തരം ചില ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഏപ്രില്‍ മെയ് മാസങ്ങളിലും റോഡിലൂടെ കോട്ട് ധരിച്ച് പോകുന്നത് കാണാറുണ്ട്. സ്‌കൂള്‍ യൂണിഫോം എന്ന നിലയിലാണ് അത്. സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചാല്‍ പിന്നെ നിവര്‍ത്തിയില്ലല്ലോ. ക്ലാസില്‍ തലകുത്തി നിന്ന് പഠിക്കണമെന്നു പറഞ്ഞാലും അനുസരിക്കേണ്ടി വരും.
ഞങ്ങള്‍ കഥ വായിക്കുന്നവര്‍ക്ക് 'ഓവര്‍കോട്ട്' എന്നു കേട്ടാല്‍ നിക്കോളോയ് ഗൊഗാള്‍ എന്ന റക്ഷ്യന്‍ ക്ലാസിക് എഴുത്തുകാരനെ ഓര്‍മ്മ വരും അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കഥയുടെ പേരാണ് അത്. ലോക കഥാസാഹിത്യം തന്നെ ഗൊഗാളിന്റെ 'ഓവര്‍കോട്ടി'ല്‍ നിന്നു പുറത്തു വന്നതാണെന്നു പറയാറുണ്ട്. അകാകായ് അകകാവിച്ച് എന്ന ദരിദ്രനായ ക്ലര്‍ക്കിന്റെ കഥയാണത്. ക്ലര്‍ക്കുമാരുടെ വംശത്തോടൊപ്പമാണ് കഥാസാഹിത്യത്തിന്റെ പിറവി എന്നു തോന്നുന്നു. ക്ലര്‍ക്കുമാരുടെ ജീവിതം ചിത്രീകരിക്കുന്ന ലോക പ്രസിദ്ധമായ നിരവധി കഥകള്‍ ഉണ്ട്. ആകാശത്തുമല്ല ഭൂമിയിലുമല്ല എന്ന നിലയിലാണല്ലോ ഒരു ക്ലര്‍ക്കിന്റെ ജീവിതം.
ലൈംഗീക ആക്രമണങ്ങള്‍ ഒഴിവാക്കുവാന്‍ പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കണമെന്ന് പോണ്ടിച്ചേരിയിലെ ഒരു ബി.ജെ.പി.നേതാവ് ആവശ്യപ്പെട്ടതായി ഈയിടെ വാര്‍ത്തയുണ്ടായിരുന്നു. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ യൂണിഫോം എന്ന നിലയില്‍ പെണ്‍കുട്ടികള്‍ക്ക് ഓവര്‍കോട്ട് നിര്‍ബന്ധമാക്കാനുള്ള നിയമം ഉണ്ടാക്കുന്നതിനെക്കുറിച്ച് അവിടത്തെ സംസ്ഥാന ഗവര്‍മ്മേണ്ട് ആലോചിക്കുന്നതായി നേരത്തെ കേട്ടിട്ടുണ്ട്. അങ്ങനെ നമ്മുടെ ഇന്ത്യാ രാജ്യത്ത് വീണ്ടും ഓവര്‍കോട്ടുകള്‍ നിറയാന്‍ പോവുകയാണ്. ഇത്തവണ ക്ലര്‍ക്കുമാരെയും അധ്യാപകരേയും ഒഴിവാക്കി പെണ്‍കുട്ടികളെയാണ് ആ ബാധ പിടികൂടുന്നതെന്നു മാത്രം. എത്ര വയസ്സു മുതലാണ് പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കേണ്ടതെന്ന് നേതാവ് പറഞ്ഞതായി വാര്‍ത്തയിലില്ല. എത്ര വയസ്സായാലാണ് ഒരു പെണ്‍കുഞ്ഞ് ബലാല്‍സംഗത്തിന് ഉപയുക്തമാവുക എന്നതിന് ഇന്ത്യയില്‍ വ്യവസ്ഥയില്ലാത്തതു കൊണ്ടാവും അദ്ദേഹം അതു നിര്‍ദ്ദേശിക്കാത്തത്. താമസിയാതെ അതിനും നിയമം കൊണ്ടുവരുമായിരിക്കും.
ഡല്‍ഹിയില്‍ ജ്യോതിസിംഗ് എന്ന പെണ്‍കുട്ടി താന്‍ യാത്ര ചെയ്ത ബസ്സില്‍വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ലൈംഗിക പീഡനങ്ങളുടെ കാരണങ്ങളെക്കുറിച്ച് രാജ്യം തീവ്രമായി ചിന്തിച്ചത്. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നു. ഔദ്യോഗിക തലത്തില്‍ ജസ്റ്റീസ് വര്‍മ്മ കമ്മിറ്റി ഒരു അന്വേഷണം തന്നെ നടത്തുകയുണ്ടായി. സ്വാഭാവികമായും മതസംഘടനകള്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളാണ് ഏറ്റവുമേറെ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയെപ്പോലെ മതം മനുഷ്യജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്ന ഒരു രാജ്യത്ത് അവരുടെ അഭിപ്രായം മുഖ്യമായും മുഖവിലക്കെടുക്കേണ്ടതുണ്ട്.
ശ്രദ്ധേയമായ ഒരു സംഗതി ഇക്കാര്യത്തില്‍ വ്യത്യസ്ഥ മതസംഘടനകള്‍ പുലര്‍ത്തിയ അഭിപ്രായ ഐക്യമാണ്. മതവൈരവും തുടര്‍ന്നുണ്ടാവുന്ന വര്‍ഗ്ഗീയ കലാപങ്ങളുമാണല്ലോ ഏതാണ്ട് ഒരു നൂറ്റാണ്ടു കാലമായി ഇന്ത്യ അഭിമുഖീകരിക്കുന്ന മുഖ്യ വിപത്ത്. വാതുറന്നാല്‍ പരസ്പരം തീയും വിഷവും ചീറ്റുന്ന മത സംഘടനകള്‍ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍വ്വാത്മനാ യോജിച്ചു. ബലാത്സംഗത്തിനും സ്ത്രീപീഡനത്തിനും മുഖ്യകാരണം സ്ത്രീ തന്നെയാണ് എന്ന് അവര്‍ കണ്ടെത്തി. എന്നുവെച്ചാല്‍ സ്ത്രീയുടെ ശരീരം. അത്യന്തം പ്രകോപനപരമായ ഒരു സ്‌ഫോടക വസ്തുവാണത്. സൂക്ഷിച്ചു കൈകാര്യം ചെയ്യണം.
വര്‍മ്മ കമ്മിറ്റിക്കു മുമ്പാകെയും അല്ലാതെയും അക്കാലത്ത് മതസംഘടനകള്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളെ ഏതാണ്ട് ഇങ്ങനെ ക്രോഡീകരിക്കാം. (1) പുരുഷന്മാര്‍ അധ്വാനിച്ച് വരുമാനമുണ്ടാക്കുകയും സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്ത് കുട്ടികളെ പരിചരിച്ച് വീട്ടിലിരിക്കുകുയും വേണം. (2) സ്ത്രീകള്‍ കണ്ടാല്‍ സ്ത്രീയാണ് എന്നു തോന്നാത്ത വിധത്തില്‍ മൂടിപ്പൊതിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. (3) ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നു പഠിക്കുന്ന മിശ്ര വിദ്യാലയങ്ങള്‍ അടച്ചു പൂട്ടണം. (4) പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും അകമ്പടിയില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കരുത്. (5) 'അന്യപുരുഷന്മാ'രോട് സംസാരിക്കുകയോ സൗഹദം ഭാവിക്കുകുയോ അരുത്. (6) പെണ്‍കുട്ടികളെ എത്രയും ചെറിയ പ്രായത്തില്‍ എന്നുവെച്ചാല്‍ ബലാത്സംഗം ചെയ്യാറായാലുടന്‍ കെട്ടിച്ചു വിടണം.
പേ പിടിച്ച നായയെ കെട്ടിയിടുക എന്നതാണ് സാമാന്യനിലക്ക് ചെയ്യേണ്ടത്. ഇവിടെ നായയെ യഥേഷ്ടം അഴിച്ചു വിടുകയും അതിന്റെ കടിയേല്‍ക്കാതിരിക്കാന്‍ മനുഷ്യനെ പിടിച്ചു കെട്ടിയിടുകയും വേണം എന്നാണ് മത സംഘടനാ നേതാക്കള്‍ പ്രസ്ഥാവിക്കുന്നത്. തര്‍ക്കം പറയരുതല്ലോ നമ്മുടെ മതപൗരോഹിത്യം സ്ത്രീകളെക്കുറിച്ചു തന്നെയാണ് എക്കാലത്തും ഏറെ ഉറക്കമൊഴിച്ച് ആലോചിച്ചിട്ടുള്ളത്. സ്ത്രീയെന്നാല്‍ അവളുടെ ശരീരമാണെന്നാണ് -ശരീരം മാത്രമാണെന്നാണ്- അവരുടെ നിഗമനം. അങ്ങേയറ്റം പാപപങ്കിലമാണത്. അതിന്റെ കാഴ്ച പുരുഷനെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് അത് പരമാവധി മറച്ചുവെക്കണം. പര്‍ദ്ദയോ ഓവര്‍കോട്ടോ ധരിക്കണം. തന്റെ പതിനാറാമത്തെ പിറന്നാളിന് ഏതെങ്കിലും ഒരു ആശുപത്രിയിലെ ലേബര്‍റൂമില്‍ മലര്‍ന്നു കിടക്കേണ്ടതിനു പകരം ഒരു പെണ്‍കുട്ടി ഐക്യരാഷ്ട്രസഭാ അസബ്ലിയില്‍ പോയി പ്രസംഗിച്ചാല്‍ പിന്നെ ലോകം എങ്ങനെ ഗതിപിടിക്കും?
സ്ത്രീയെ സംബന്ധിച്ച് മതങ്ങള്‍ നിര്‍മ്മിച്ചു കൊടുത്ത ബോധവും അബോധവുമാണ് പുരുഷനെ നയിക്കുന്നത്. ഇന്ത്യയില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന ബലാത്സംഗങ്ങള്‍ക്കും അതു സംബന്ധമായ അതിക്രമങ്ങള്‍ക്കും പിന്നില്‍ അമിതമായ പുരുഷ ലൈംഗീക വാഞ്ഛയാണോ ഉള്ളതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും സ്ത്രീശരീരം എന്ന ആദിമ പാപത്തെ അപമാനിക്കുകയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് അവന്‍ നിര്‍വ്വഹിക്കുന്നത്. ഇത് ഒരുവക മതദൗത്യമാണ്. മതവിലക്കുകള്‍ ലംഘിച്ച് സ്വതന്ത്രയായി സഞ്ചരിക്കുകയും സഹപ്രവര്‍ത്തകരായ 'അന്യപുരുഷന്മാ'രുമൊത്ത് സൗഹൃദം പങ്കിടുകയും ചെയ്യുന്ന കുറ്റത്തിനുള്ള ശിക്ഷയാണ് ബലാത്സംഗത്തിലൂടെ പുരുഷന്‍ നല്‍കുന്നത്. മനുഷ്യന്റെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറുന്ന സദാചാരപ്പോലീസുകാരും ഈ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നുത്.
ജോതിസിംഗിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നമ്മുടെ നീതിന്യായക്കോടതി തുക്കൂകയര്‍ വിധിച്ചു. അതോടൊപ്പം മറ്റൊരു വിധിപ്രസ്ഥാവനയും നടന്നു എന്നത് കൗതുകകരമാണ്. കോടതിയുടെ വിധിന്യായം കേട്ട് പ്രക്ഷുബ്ദനായ പ്രതിഭാഗം വക്കീല്‍ തന്റെ വക ഒരു വിധിപ്രസ്ഥാവന നടത്തി. 'അന്യപുരുഷനു'മൊത്ത് രാത്രിയില്‍ സഞ്ചരിക്കുന്നവള്‍ തന്റെ മകളാണെങ്കിലും അവളെ ചുട്ടെരിച്ചു ഭസ്മമാക്കുകായാണ് വേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നുവെച്ചാല്‍ സനാതനമായ ഒരു സാംസ്‌കാരിക ദൗത്യം നിര്‍വ്വഹിച്ചവരാണ് തന്റെ കക്ഷികള്‍ എന്നു വ്യംഗ്യം. തീര്‍ച്ചയായും ഈ വക്കീല്‍ ലക്ഷണമൊത്ത ഒരു മതാനുയായി ആയിരിക്കണം.
പാക്കിസ്ഥാനിലെ താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധിക്കുമ്പോള്‍ ഇന്ത്യയിലെ താലിബാന്‍ ഓവര്‍ക്കോട്ട് നിര്‍ദ്ദേശിക്കുന്നു. ഇത്രക്കു വ്യത്യാസമേ ഇവര്‍ തമ്മിലുള്ളു എന്നതാണ് സത്യം. ഇത്തരം ചില്ലറ അഭിപ്രായ വ്യത്യസങ്ങളുടെ പേരിലാണ് പരസ്പരം പോര്‍വിളിച്ച് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി ചോരപ്പുഴകള്‍ ഒഴുക്കുന്നതും അനാഥത്വവും അഭയാര്‍ത്ഥിപ്രവാഹവും ഉണ്ടാക്കുന്നതും. ഓരോ മതകലഹങ്ങള്‍ തീരുമ്പോഴും എത്ര ജന്മങ്ങളാണ് മഹാനഗരങ്ങളുടെ അധോലോകങ്ങളിലും ചുവന്ന തെരുവുകളിലും അടിയുന്നതെന്ന് ഇവര്‍ ഓര്‍ക്കുന്നുണ്ടോ എന്തോ .
asokan charuvil,
kattoor p.o,
thrissur dist.
pin 680702.
phone 9447618659
Comments
RSS feed for comments to this post