അമേരിക്കന്‍ കൊടിപ്പത്തി താഴുമ്പോള്‍
സീതാറാം യച്ചൂരി
![]() |
|
എത്ര ദിവസം ഈ സ്തംഭനം നീണ്ടുനില്‍ക്കുമെന്നതിന് അമേരിക്കയ്ക്ക് ഒരു മുന്‍വിധിയുമില്ല. രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ദേശീയവരുമാനത്തില്‍ ഇചിവുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ജനങ്ങളുടെ ദുരിതം ഇപ്പോള്‍ തന്നെ തുടങ്ങി കഴിഞ്ഞു. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് കക്ഷികള്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു എന്നത് വസ്തുതയാണ്. ഇത് എല്ലാ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെയും ഉദാരവത്കരണ പിന്തിരിപ്പന്‍മാരും ഉദാരവാദികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായാണ് കാണേണ്ടത്. നേരത്തെ സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ നിയോലിബറര്‍ ചിന്താധാരയില്‍ നിന്നും വേറിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇക്കൂട്ടര്‍ നിര്‍ബന്ധിതരായിരുന്നു. സമ്പദ്ഘടനയില്‍ ഭരണകൂടം ഇടപെടേണ്ടതില്ല എന്നും അതിനെ കയറൂരിവിട്ടാല്‍ മതിയെന്നുള്ള നിയോലിബറല്‍ കാഴ്ചപ്പാടിനെ മാറ്റിവെച്ച് അന്ന് ഉത്തേജക പാക്കേജുകള്‍ ഉണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ വൈവിധ്യമാര്‍ന്ന ഇടപെടലുകള്‍ നടത്തിയിരുന്നു. അങ്ങനെയാണ് പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് മുതലാളിത്തം രക്ഷപ്പെട്ടത്. ലോകമാകെ മുതലാളിത്തം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അവര്‍ക്ക് നവലിബറല്‍ നയങ്ങളിലൂടെ ഏറെ മുന്നോട്ടുപോവാന്‍ സാധിക്കില്ല എന്ന വിളംബരം കൂടിയാവുന്നുണ്ട് ഈ അമേരിക്കന്‍ തകര്‍ച്ച. |
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വപ്നമായ ആരോഗ്യപരിരക്ഷാ പദ്ധതിക്കെതിരെ റിപ്പബ്ലിക്കന്മാരുടെ കടുത്ത എതിര്‍പ്പാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 'ഒബാമാ കെയര്‍' എന്നറിയപ്പെടുന്ന പദ്ധതി ഉപേക്ഷിക്കുകയോ ഒരുവര്‍ഷം വൈകിപ്പിക്കുകയോ ചെയ്താലേ പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ അംഗീകരിക്കൂവെന്നണ് റിപ്പബ്ലിക്കന്മാരുടെ നിലപാട്. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക പണമില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ 'അടച്ചുപൂട്ടു'കയാണ് ചെയ്തത്. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ സംവിധാനവും പൂട്ടിയതോടെ എട്ടു ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ വീട്ടിലിരിക്കും. എന്നാല്‍, സൈനികര്‍ക്ക് ശമ്പളം ഉറപ്പാക്കാന്‍ ഒബാമ പ്രത്യേക ഉത്തരവ് പുറത്തിറക്കി. അതേ സമയം സൈന്യത്തിലെ സിവിലിയന്‍ ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവുകയുമില്ല. ഇത്തരത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പാപ്പരാകുന്നത് ആഗോള സാമ്പദ് വ്യവസ്ഥയെ ബാധിക്കും.
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നടങ്കം അടച്ചിടുമ്പോള്‍ എട്ടു ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഒറ്റദിവസംകൊണ്ട് ജോലി നഷ്ടമാകുന്നത്. അമേരിക്കന്‍ പട്ടാളത്തിലെ സൈനികേതര ജീവനക്കാരോട് ഇനി ജോലിയില്ല എന്ന് പറയുമ്പോള്‍ പ്രതിരോധവിഭാഗത്തിലെ ജീവനക്കാരില്‍ പകുതിയോളം പേര്‍ നിരാലംബരാവുകയാണ്. ദേശീയ സുരക്ഷാചുമതലയുള്ള സൈനികര്‍ക്കുമാത്രമേ ശമ്പളം കിട്ടൂ. മറ്റുള്ളവര്‍ക്ക് ജോലിചെയ്യാം. പക്ഷേ, ശമ്പളം കിട്ടില്ല.
അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ഡോളറിന്റെ മൂല്യവും കൂപ്പുകുത്തുന്നുണ്ട്. അത്യാവശ്യമേഖല ഒഴികെ എല്ലാ സംവിധാനങ്ങളും അടച്ചിടുമ്പോള്‍ അമേരിക്കയില്‍ സര്‍ക്കാര്‍തന്നെ ബന്ദിനാണ് ആഹ്വാനം ചെയ്യുന്നത്. അമേരിക്കയില്‍ വിവിധ ഊര്‍ജോല്‍പ്പാദക സംരംഭങ്ങളിലായി 13,814 ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. ഇവരില്‍ 1113 പേര്‍ ഇനി ജോലി ചെയ്താല്‍ മതി എന്നാണ് തിട്ടൂരം. ആണവനിലയങ്ങളും ജലവൈദ്യുതപദ്ധതികളും പ്രവര്‍ത്തിപ്പിക്കാന്‍വേണ്ടിയാണ് ഇവരെ നിലനിര്‍ത്തുന്നത്. അതോടൊപ്പം അമേരിക്കയുടെ ആണവായുധശേഖരത്തിന്റെയും ആണവകപ്പലുകളുടെയും പരിപാലനത്തിന് 343 പേരെ നിലനിര്‍ത്തി. തെക്ക് പടിഞ്ഞറന്‍ മേഖലയുടെ പൂര്‍ണ വൈദ്യുതി ഉല്‍പ്പാദനവിതരണം നിയന്ത്രിക്കാനുള്ളത് 400 തൊഴിലാളികള്‍മാത്രമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനേഴ് വര്‍ഷം മുമ്പുള്ള പ്രതിസന്ധിഘട്ടത്തില്‍ ഇത്ര തീക്ഷ്ണമായിരുന്നില്ല കാര്യങ്ങളെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലിയിരുത്തുന്നു.
വീണിജ്യ മേഖലയും ഏതാണ്ട് സ്തംഭനാവസ്തയില്‍ ആണ്. സമുദ്രയാന വാണിജ്യമേഖലയിലെ 46,420 ജീവനക്കാരില്‍ 40,234 പേരോടും ഒഴിഞ്ഞ് പോവാന്‍ പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണത്തിനും കപ്പല്‍ഗതാഗത നിരീക്ഷണത്തിനും മറ്റുമായി 6186 പേര്‍ തുടരും. ആകാശയാത്രകള്‍ കര്‍ശനമായി പരിമിതപ്പെടുത്തി. ആ മേഖലയില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ താരമ്യേന കുറവാണ്. 55,468 ജീവനക്കാരില്‍ 36,987 പേര്‍ പണിക്കുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പരിപാലനത്തിന്റെ ഭാഗമായി ബഹിരാകാശ വിക്ഷേപണ പദ്ധതികള്‍ പരിമിതമായി തുടരുമെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തിലും ആളുണ്ടാകും. സുരക്ഷ വിലയിരുത്താന്‍വേണ്ടിയുള്ള ആകാശപരിശോധനകളും സ്വകാര്യവ്യക്തികള്‍ക്കുള്ള ആകാശസുരക്ഷാ സംവിധാനവും നിര്‍ത്തി.
അമേരിക്കന്‍ ദേശീയ മൃഗസംരക്ഷണകേന്ദ്രവും 19 മ്യൂസിയവും ഗ്യാലറികളും ദേശീയ ചരിത്രമ്യൂസിയവും പോട്രേറ്റ് ഗ്യാലറിയും എയര്‍സ്‌പേസ് മ്യൂസിയവും അടച്ചിടും. ഈ മേഖലയിലെ 42,020 ജീവനക്കാരില്‍ വസ്തുവകകളുടെ സംരക്ഷണത്തിനായി 688 പേരെമാത്രം നിലനിര്‍ത്തി. സംരക്ഷണകേന്ദ്രങ്ങളിലെ മൃഗങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും അധികൃതര്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. അമേരിക്കന്‍ വിമോചനത്തിന്റെ പ്രതീകമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നിലകൊള്ളുന്ന ദേശീയ ഉദ്യാനമുള്‍പ്പെടെയുള്ളവ പൂട്ടി. 24,645 ദേശീയോദ്യാന ജീവനക്കാരില്‍ നിലനിര്‍ത്തിയത് 3266 പേരെമാത്രം. ഉദ്യാനങ്ങളില്‍ ചെലവഴിക്കാനെത്തിയവരോട് മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ദേശിച്ചു.
രഹസ്യാന്വേഷണ ഏജന്‍സികളില്‍ ഒരു വെട്ടിക്കുറയ്ക്കലും വരുത്തിയില്ല. എഫ്ബിഐ ഏജന്റുമാരെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചില്ല. ജയില്‍ ജീവനക്കാരെയും മാറ്റി നിര്‍ത്തിയില്ല. എന്നാല്‍, ആഭ്യന്തരസുരക്ഷാമേഖലയിലെ 2,31,117 ജീവനക്കാരില്‍ 14 ശതമാനത്തെ വെട്ടിക്കുറച്ചു. 31,295 സുരക്ഷാജീവനക്കാര്‍ക്ക് തൊഴിലില്ലാതായി. തീരസംരക്ഷണത്തിനും ഗതാഗതസുരക്ഷയ്ക്കും അത്യാവശ്യ ജീവനക്കാര്‍മാത്രമേയുള്ളു. എമിഗ്രേഷന്‍ സേവനങ്ങളെയും ഭരണസ്തംഭനം ബാധിക്കും. കോടതികളിലെ 1,14,486 ജീവനക്കാരില്‍ 96,744 പേരോടും വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചു.
ആരോഗ്യമേഖലയിലെ പകുതിയിലധികം ജീവനക്കാരെയും മാറ്റി നിര്‍ത്തി. 78,198 ജീവനക്കാരില്‍ 40,512 പേര്‍ക്കും ജോലി നഷ്ടമായി. രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ നടത്തിവന്ന പദ്ധതികള്‍ ഒറ്റയടിക്ക് റദ്ദാക്കി. രോഗപ്രതിരോധകേന്ദ്രങ്ങളില്‍ അത്യാവശ ജീവനക്കാര്‍മാത്രം മതിയെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസമേഖലയില്‍ 212 പേര്‍മാത്രം. സ്‌കൂളുകളിലെയും കോളേജുകളിലെയും ജീവനക്കാരെ ഒന്നടങ്കം പറഞ്ഞുവിട്ടു. വിദ്യാഭ്യാസവകുപ്പിലെ 4225 ജീവനക്കാരില്‍ നിലനിര്‍ത്തിയത് 212 പേരെമാത്രം. പാവപ്പെട്ട കുട്ടികള്‍ക്കുള്ള പ്രാഥമിക ഭക്ഷണത്തിനുള്ള ഫണ്ട് കുറച്ചുകാലംകൂടിയേ നല്‍കൂ എന്ന മുന്നറിയിപ്പുമുണ്ട്. പരിസ്ഥിതി സംരക്ഷണവകുപ്പിലെ 16,205 ജീവനക്കാരില്‍ നിലനിര്‍ത്തിയത് 1069 പേരെയാണ്.
ഇത്രയും വിശദമായി പ്രതിപാദിച്ചത് അമേരിക്ക എന്ന സാമ്രാജ്യത്വഭീകരന്റെ അവസ്ഥ, പ്രതിസന്ധി വരച്ചുകാട്ടാനാണ്. എത്ര ദിവസം ഈ സ്തംഭനം നീണ്ടുനില്‍ക്കുമെന്നതിന് അമേരിക്കയ്ക്ക് ഒരു മുന്‍വിധിയുമില്ല. രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ദേശീയവരുമാനത്തില്‍ ഇടിവുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ജനങ്ങളുടെ ദുരിതം ഇപ്പോള്‍ തന്നെ തുടങ്ങി കഴിഞ്ഞു. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് കക്ഷികള്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു എന്നത് വസ്തുതയാണ്. ഇത് എല്ലാ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെയും ഉദാരവത്കരണ പിന്തിരിപ്പന്‍മാരും ഉദാരവാദികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായാണ് കാണേണ്ടത്. നേരത്തെ സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ നിയോലിബറര്‍ ചിന്താധാരയില്‍ നിന്നും വേറിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇക്കൂട്ടര്‍ നിര്‍ബന്ധിതരായിരുന്നു. സമ്പദ്ഘടനയില്‍ ഭരണകൂടം ഇടപെടേണ്ടതില്ല എന്നും അതിനെ കയറൂരിവിട്ടാല്‍ മതിയെന്നുള്ള നിയോലിബറല്‍ കാഴ്ചപ്പാടിനെ മാറ്റിവെച്ച് അന്ന് ഉത്തേജക പാക്കേജുകള്‍ ഉണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ വൈവിധ്യമാര്‍ന്ന ഇടപെടലുകള്‍ നടത്തിയിരുന്നു. അങ്ങനെയാണ് പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് മുതലാളിത്തം രക്ഷപ്പെട്ടത്.
പ്രസിഡന്റ് ഒബാമയ്ക്ക് ഇപ്പോള്‍ പ്രശ്‌നപരിഹാരത്തില്‍ അത്ര വലിയ താല്‍പ്പര്യമൊന്നുമില്ല. രണ്ടാമൂഴത്തിന്റെ ശേഷിക്കുന്ന കാലയളവ് കഴിച്ചുകൂട്ടുക എന്നതിലേ താല്‍പ്പര്യമുള്ളൂ. മൂന്നാം ഊഴം ഇല്ല എന്നറിയാവുന്ന ഒബാമ ഒരുവിധ റിസ്‌കും ഏറ്റെടുക്കാന്‍ തയ്യാറാവില്ല. അദ്ദേഹത്തിന് അതിന്റെ കാര്യമില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുന്നതിനുപിന്നില്‍ ഇതും ഒരു ഘടകമാണ്. ഈ അവസ്ഥയും അമേരിക്കന്‍ ബോണ്ടുകളുടെ മൂല്യത്തില്‍ വരുന്ന ഇടിവും അമേരിക്കന്‍ സമ്പദ്ഘടനയുടെ വിശ്വാസ്യത അന്താരാഷ്ട്രതലത്തില്‍ വീണ്ടുമൊരിക്കല്‍കൂടി അപകടത്തിലാക്കും. ഇതിനിടെതന്നെ പ്രധാന അന്താരാഷ്ട്ര കറന്‍സിയുമായുള്ള വിനിമയത്തില്‍ ഡോളര്‍ 0.2 ശതമാനം താഴ്ന്നു. ബോണ്ട് കമ്പോളത്തില്‍ 0.3 ശതമാനം ഇടിവുവന്നു. 1995ലും 96ലും ഫെഡറല്‍ ഗവണ്‍മെന്റ് രണ്ട് സന്ദര്‍ഭങ്ങളിലായി 28 ദിവസം അടച്ചിട്ട ചരിത്രമുണ്ട്. പ്രശ്‌നങ്ങളില്‍നിന്ന് വൈകാതെ കരകയറിയെന്ന് അമേരിക്ക പറയുമെങ്കിലും ലോകരംഗത്ത് അതുണ്ടാക്കിയ വിശ്വാസത്തകര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും പഴയപടി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. ഇപ്പോള്‍ അമേരിക്കയുടെ കൊടിപ്പത്തി താഴുമ്പോള്‍, ലോകമാകെ മുതലാളിത്തം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അവര്‍ക്ക് നവലിബറല്‍ നയങ്ങളിലൂടെ ഏറെ മുന്നോട്ടുപോവാന്‍ സാധിക്കില്ല എന്ന വിളംബരം കൂടിയാവുന്നുണ്ട് ഈ അമേരിക്കന്‍ തകര്‍ച്ച.