![]() |
|
ഒഞ്ചിയത്ത് ഇപ്പോഴുള്ളത് സ്ഫുടം ചെയ്തെടുത്തതുപോലുള്ള പാര്‍ട്ടിയാണ്. വിഭാഗീയതയുടെ പുഴുക്കുത്തുകളില്ലാത്ത സജീവതയും നന്‍മയുമുള്ള പാര്‍ട്ടി. ആ പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന കുറെ സുമനസുകള്‍. കുലംകുത്തികള്‍ക്ക് ഇനി, കൊടി താഴ്ത്തിവെക്കാം. |
ഒഞ്ചിയത്തിന്റെ വര്‍ത്തമാനം
പ്രീജിത്ത് രാജ്
ഒഞ്ചിയം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു സ്ഥലനാമമാണ്. ഒഞ്ചിയം വെടിവെപ്പും രക്തസാക്ഷിത്വവും മദ്രാസ് സര്‍ക്കാരിനെതിരായ ജനമുന്നേറ്റത്തിന്റെ ഭാഗമായുണ്ടായതാണ്. ജന്‍മിത്വ വ്യവസ്ഥ കൊടികുത്തിയിരുന്ന ഈ നാട്ടിടം ഒരു കമ്യൂണിസ്റ് ഭൂമികയായി മാറുന്നതിന് ഈ സംഭവം നിര്‍ണായകമായ പങ്കുവഹിച്ചു. കോണ്‍ഗ്രസുകാരുടെയും അവരുടെ പോലീസിന്റെയും നരനായാട്ടില്‍ പ്രതിഷേധിച്ച് അവിടുത്തെ ജനങ്ങളുടെ കൂടെ നിന്ന, ജീവിച്ച കമ്യൂണിസ്റ് പാര്‍ട്ടിയെ ജനങ്ങള്‍ നെഞ്ചേറ്റി. 1948ലാണ് ഒഞ്ചിയത്ത് വെടിവെപ്പ് നടന്നത്. നമ്മുടെ നാടിന്റെ വീരസ്മരണകളില്‍ എന്നും ഒഞ്ചിയം തിളങ്ങി നിന്നു. അറുപത്തിനാല് വര്‍ഷം പിന്നിടുമ്പോള്‍ ഒഞ്ചിയം വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകമാണ് ഒഞ്ചിയത്തെ വീണ്ടും ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സിപിഐ എംല്‍ നിന്നും വിട്ടുപോയി ആര്‍ എം പി എന്ന ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ച ചന്ദ്രശേഖരന്‍ 2012 മെയ് 4നാണ് കൊല്ലപ്പെട്ടത്. ദാരുണമായ അന്ത്യം. നികൃഷ്ടമായ കൊലപാതകം. ഈ കൊലപാതകം ആരാണ് നടത്തിയത് എന്നത് ഇന്നും തെളിയിക്കപ്പെടാതെ കിടക്കുന്നു. ഒരു കൊലപാതകത്തിന്റെ വേദനയില്‍ നിന്ന് മാറി, നടുക്കത്തില്‍ നിന്ന് മാറി ഒരാഘോഷം എന്ന നിലയില്‍ അത് പലപ്പോഴും ഉപയോഗിക്കപ്പെട്ടു. ഈ കൊലപാതകത്തെ കുറിച്ചുള്ള നിറംപിടിപ്പിച്ച നുണകള്‍ ഒരു നാടിന്റെ സൌഹൃദത്തെ, സ്വൈര്യതയെ ഇല്ലായ്മ ചെയ്തു. കുറെ ആളുകളെ കുറ്റവാളികളാണ് എന്ന് വിധികല്‍പ്പിച്ച് വേട്ടയാടുന്നതിന് ഈ കൊലപാതകം നിമിത്തമായി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ പല തരത്തിലുള്ള ആശയപ്രചരണങ്ങള്‍ക്കുള്ള ഒരുല്‍പ്പന്നമാക്കി പലരും ഉപയോഗിച്ചു.
ആര്‍ എം പി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് തങ്ങള്‍ യഥാര്‍ത്ഥ കമ്യൂണിസ്റുകള്‍ ആണെന്നാണ്. മറ്റ് ചിലര്‍ അവരുടെ ‘കമ്യൂണിസ’ത്തിന് ധീരതയുടെ പരിവേഷം ചാര്‍ത്തി നല്‍കുന്നു. ആര്‍ എം പിക്ക് ഇന്നുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി മാറാന്‍ സാധിച്ചിട്ടില്ല. ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു ഭരണഘടനയോ, പരിപാടിയോ ഇവര്‍ക്കില്ല. ഇവര്‍ ഇപ്പോള്‍ നടത്തുന്ന പരിപാടി ആക്രമണമാണ്. ഒഞ്ചിയം മേഖലയിലെ സിപിഐ എം പ്രവര്‍ത്തകരെ ശാരീരികമായി ഇരുട്ടിലും വെളിച്ചത്തിലും ആക്രമിക്കുന്നു. സിപിഐ എംനോടുള്ള വിരുദ്ധത ഒരു പക്ഷത്തോടുള്ള വിരുദ്ധതയാക്കി ചുരുക്കുന്നു. മറുപക്ഷം നന്‍മനിറഞ്ഞതാണെന്നും അവര്‍ തങ്ങളുടെ കൂടെയാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ആരെങ്കിലും വന്ന് ഞങ്ങള്‍ക്ക് നേതൃത്വം തായോ എന്ന് നിലവിളിക്കുന്ന രാഷ്ട്രീയ പാപ്പരത്തത്തിന്റെ നേര്‍രൂപമാണ് ആര്‍ എം പി കൂട്ടം.
മുല്ലപ്പള്ളി രാമചന്ദ്രനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ആര്‍ എം പി നേതൃത്വത്തിന് തിരശ്ശീലകള്‍ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തന വഴികള്‍ നിശ്ചയിച്ച് നല്‍കുന്നത്. വിദേശത്ത് നിന്നും സ്വദേശത്തുനിന്നും നിരവധി കേന്ദ്രങ്ങളില്‍ നിന്ന് സ്രോതസ് വെളിപ്പെടുത്താത്ത പണം അവരിലേക്ക് ഒഴുകുന്നു.
ഒഞ്ചിയത്തെ രക്തസാക്ഷികള്‍ ജനങ്ങള്‍ക്ക് വേണ്ടി മുഴക്കിയ വിപ്ളവഭേരിയെ മുക്കിന് മുക്കിന് വെച്ച് കെട്ടിയിരിക്കുന്ന ഫ്ളക്സ് വസന്തത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമോ എന്നാണ് ഒഞ്ചിയത്തെ ആര്‍ എം പി കൂട്ടം ആലോചിക്കുന്നത്. മാധ്യമങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന കമ്യൂണിസ്റുകളെ ഒഞ്ചിയത്തെ നാട്ടുകാര്‍ തിരിച്ചറിഞ്ഞ് തുടങ്ങി. ഇവരുടെ തനിസ്വരൂപം കണ്ട് അസംതൃപ്തി പ്രകടിപ്പിക്കാന്‍ തുടങ്ങി. അരാജകത്വത്തിന്റെ, അരാഷ്ട്രീയതയുടെ ആള്‍രൂപങ്ങളായി നില്‍ക്കുന്ന ഇവരുടെ തോന്ന്യവാസങ്ങളെ, അക്രമങ്ങളെ, ഭീഷണികളെ ഒഞ്ചിയം വെറുക്കുന്നു.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അപലപനീയമാണ്. അതോടൊപ്പം തന്നെ ചന്ദ്രശേഖരന്റെ പേരില്‍ ആര്‍ എം പി കൂട്ടം ആ നാട്ടില്‍ ചെയ്തുകൂട്ടുന്ന സാമൂഹ്യവിരുദ്ധതയും അപലപനീയമാണ്. ഒഞ്ചിയത്തിന്റെ വഴികളിലൂടെ ‘നെല്ലി’ന്റെ ആര്‍ട്ട് എഡിറ്റര്‍ റാം കുമാറിനോടൊപ്പം സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍, തിരിച്ചറിവുകള്‍, ജനങ്ങളുടെ പ്രതികരണങ്ങള്‍. പങ്കുവെക്കുന്നു.
എം കേളപ്പന്‍
കോഴിക്കോട്ടെ പൊതുസമൂഹത്തിന് സ്വീകാര്യനാണ് എം കേളപ്പനെന്ന എം കെ പണിക്കോട്ടി. കോഴിക്കോട്ടെ പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യപഥികന്‍മാരിലൊരാളാണ് കേളപ്പേട്ടന്‍. കോഴിക്കോട്ടെ സിപിഐ എംന്റെ വളര്‍ച്ചയെ, അതിന്റെ ജൈവീകത തുടിക്കുന്ന സ്പന്ദനങ്ങളെ അനുഭവിച്ചറിഞ്ഞ കേളപ്പേട്ടന്‍ ചന്ദ്രശേഖരനടക്കമുള്ളവരുടെ വിദ്യാര്‍ത്ഥി, യുവജന കാലഘട്ടത്തെയും വീക്ഷിച്ചിട്ടുണ്ട്. ഒഞ്ചിയത്തിന്റെ വര്‍ത്തമാനത്തെ വിലയിരുത്തുമ്പോള്‍ കോഴിക്കോട്ടെ തലമുതിര്‍ന്ന കമ്യൂണിസ്റായ കേളപ്പേട്ടനില്‍ നിന്ന് ആരംഭിക്കുന്നതാവും ഉചിതം.
![]() |
|
ഈ ആര്‍ എം പി കൂട്ടം ഒരു കറക്കുകമ്പനി എന്നതിനപ്പുറത്ത് ഒന്നുമല്ല. ഒരു പരിപാടി പോലുമില്ലാത്ത അവര്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്നതില്‍ പോലും അര്‍ത്ഥമില്ല. ചന്ദ്രശേഖരന്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു എന്നവകാശപ്പെടുന്നവരില്‍ ഭൂരിഭാഗവും ജനതാദളില്‍ നിന്നും വന്നവരാണ്. അവരില്‍ പലര്‍ക്കും നമ്മള്‍ നേരത്തെ പറഞ്ഞ വല്ലാത്തൊരു സംസ്കാരം ഉണ്ട്. അരാജകത്വം. റൌഡിസം കള്ളും ഖഞ്ചാവും ഉപയോഗിക്കല്‍. ഇത്തരം കാര്യങ്ങളൊക്കെ അനുവദിച്ചും വാങ്ങിക്കൊടുത്തും ആള്‍ക്കൂട്ടം ഉണ്ടാക്കുന്നത് നല്ലതാണെന്ന് എനിക്കഭിപ്രായമില്ല. ചന്ദ്രശേഖരന്റെ നിലനില്‍പ്പിന് വേണ്ടി ആ പ്രദേശത്ത് ഇത്തരത്തിലുള്ള ആള്‍ക്കാരെ സംഘടനയിലേക്ക് വ്യാപകമായി കൊണ്ടുവന്നിട്ടുണ്ട്. പിന്നെ, ധാരാളം പണവും വന്നിട്ടുണ്ട്. ഗള്‍ഫടക്കമുള്ള മേഖലകളില്‍ നിന്ന് വലിയ രീതിയില്‍ പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോ, അവരുടെ നേതാവായി നടക്കുന്ന വേണുവിന്റെ വീട് കണ്ടിട്ടുണ്ടോ? വലിയ വീടല്ലെ? |
• പ്രീജിത്ത് രാജ് : ഒഞ്ചിയത്തിന്റെ പഴയ പോരാട്ട ചരിത്രത്തെയും ഇന്ന് ഒഞ്ചിയം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തെയും എങ്ങിനെയാണ് നോക്കി കാണുന്നത്?
കേളപ്പേട്ടന്‍ : സ്വാതന്ത്യ്രപൂര്‍വ്വ കേരളത്തില്‍ മലബാറില്‍ നിലനിന്നിരുന്ന ജന്‍മിത്വ വ്യവസ്ഥ ഒഞ്ചിയം പ്രദേശത്തും സജീവമായി ഉണ്ടായിരുന്നു. വലിയ ഭൂപ്രഭുക്കന്‍മാര്‍ അവരുടെയും കൃഷിക്കാരുടെയും ഇടയില്‍ ഇടജന്‍മിമാര്‍. ഇക്കൂട്ടരുടെ കൈയ്യില്‍ ഭൂമി ഉണ്ടാവുകയില്ല. എന്നാല്‍, നാട്ടുജന്‍മിയുടെ ഭൂമി കുടിയാന് കൊടുക്കുന്നത് ഈ ഇടനിലജന്‍മിയാണ്. നാട്ടുജന്‍മിയെക്കാള്‍ ആദായം ഇടജന്‍മിക്കാണ് ഉണ്ടാവുക. കൃഷിക്കാരന് ഇവര്‍ രണ്ട് പേരും പിഴിഞ്ഞ് കഴിഞ്ഞാല്‍ ബാക്കി ഒന്നുമുണ്ടാവില്ല. കൃഷിക്കാര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും വിവരിക്കാന്‍ പറ്റാത്തത്രയും കഠിനമായ ദുരിതമായിരുന്നു. സ്വാതന്ത്യ്രം കിട്ടിയതിന് ശേഷവും വലിയ മാറ്റമൊന്നും ഉണ്ടായില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത അനിശ്ചിതത്വം. ഈയോരവസ്ഥക്ക് അറുതി വരുത്താനുള്ള പോരാട്ടം രൂപംകൊണ്ട് വരുന്നത് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്. കര്‍ഷകര്‍ സംഘടിക്കാന്‍ തുടങ്ങുന്നത്. അത് ഇങ്ങോട്ട് കോഴിക്കോട്ടേക്കും വൈകാതെ സംക്രമിച്ചു. അങ്ങനെയാണ് ഒഞ്ചിയത്തുള്ള ചില കുടിയാന്‍മാരായ കൃഷിക്കാരും സംഘടിക്കാന്‍ തുടങ്ങിയത്. അവര്‍ കര്‍ഷക സംഘത്തിലെ അംഗങ്ങളായിരുന്നു.
ഒഞ്ചിയത്തിന്റെ ചരിത്രം പറയുമ്പോള്‍ വാഗ്ഭടാനന്ദനെ പരാമര്‍ശിക്കാതെ വയ്യ. ഉത്തരകേരളത്തിലെ നവോത്ഥാനനായകരില്‍ പ്രമുഖനായ അദ്ദേഹത്തിന്റെ ആത്മവിദ്യാ സംഘം ഒഞ്ചിയത്തെ കാരക്കാട്ടിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. സാമൂഹികനാചാരങ്ങള്‍ക്കെതിരായും അന്ധവിശ്വാസങ്ങള്‍ക്കെതിരായും ഈ സംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നവോത്ഥാനത്തിന്റെ ധാരകളുടെ ഭാഗമായിരുന്നു. മൊയാരത്ത് ശങ്കരന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ ചില അനുരണനങ്ങളും ഒഞ്ചിയം പ്രദേശത്ത് ഉണ്ടായി. ഇവയില്‍ നിന്നൊക്കെ ആവേശമുള്‍ക്കൊണ്ടുകൊണ്ടാണ് കര്‍ഷക പ്രസ്ഥാനം ഒഞ്ചിയത്ത് വേരുപിടിക്കുന്നത്.
എം കെ കേളുവേട്ടനും മണ്ടോടി കണ്ണനുമൊക്കെ ഒഞ്ചിയത്തെ കര്‍ഷകസംഘത്തിന് നേതൃത്വം കൊടുത്തു. കേളുവേട്ടനടക്കമുള്ള സെറ്റിന് നേതൃത്വം കൊടുത്തത് സി എച്ചാണ്. തലശ്ശേരി അടുത്ത പ്രദേശമാണല്ലൊ. സി എച്ചിനെയും കേളുവേട്ടനെയുമൊക്കെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ വാഗ്ഭടാനന്ദന് നല്ല പങ്കുണ്ട്. ഇവരുടെയൊക്കെ ശ്രമഫലമായാണ് ഒഞ്ചിയത്ത് സുസംഘടിതമായ ഒരു കര്‍ഷക പ്രസ്ഥാനം ഉണ്ടാവുന്നത്. ഒഞ്ചിയത്തെ സഖാക്കള്‍ കുറച്ച് ചോരത്തിളപ്പ് കൂടുതലുള്ള കൂട്ടത്തിലായിരുന്നു. ആ സമയത്താണ് 48 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ വെച്ച് കമ്യൂണിസ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് നടക്കുന്നത്. അവിടെ വെച്ച് ഇന്ത്യയില്‍ സ്വാതന്ത്യ്ര ശേഷവും നിലനില്‍ക്കുന്ന ബ്രിട്ടന്റെ അര്‍ധ കോളനി വാഴ്ചയെ പാര്‍ട്ടികോണ്‍ഗ്രസ് വിലയിരുത്തുകയുണ്ടായി. അതിനെതിരായി ശക്തമായ പോരാട്ടത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. തെലുങ്കാന സമരം നടക്കുന്ന സമയത്തായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്. അന്ന് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായിരുന്ന രണദിവെയാണ് ആ പ്രമേയം അവതരിപ്പിച്ചത്. കല്‍ക്കത്ത തീസിസ്. ആ പ്രമേയത്തിന്റെ ആവേശത്തിലായി ഒഞ്ചിയത്തെ പാര്‍ട്ടിക്കാര്‍.
ഒഞ്ചിയത്തിന് അതിവൈകാരികതയുടെ ഒരു പശ്ചാത്തലം കൂടിയുണ്ട്. ചില കാര്യങ്ങള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ആ കാലത്ത് കണ്ണൂരില്‍ എം എസ് പിക്കാരുടെ തേര്‍വാഴ്ച നടക്കുകയാണ്. എം എസ് പിക്കാര്‍ കണ്ണൂരേക്ക്, വടക്കോട്ടേക്ക് പോകുന്നത് കണ്ണൂക്കര വഴിയാണ്. തീവണ്ടിയില്‍. അത് കണ്ട ഒഞ്ചിയത്തെ ചില സഖാക്കള്‍ എം എസ് പിയുടെ ആ യാത്ര തടയണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നു. വടകരയിലെ പി പി ശങ്കരേട്ടന്‍, കേളുവേട്ടന്‍ കഴിഞ്ഞാല്‍ കായികമായും സംഘാടനപരവുമായൊക്കെ നല്ല ശേഷിയുള്ള സഖാവാണ്. അദ്ദേഹം ഒരിക്കല്‍ യോഗത്തിന് വന്നപ്പോള്‍ ഇവിടുത്തെ സഖാക്കള്‍ എം എസ് പിയെ തടയുന്ന കാര്യം അവതരിപ്പിച്ചു. അന്ന് പാര്‍ട്ടി പ്രവര്‍ത്തനം നിരോധിച്ച സമയമാണ്. കമ്യൂണിസ്റുകളെ വേട്ടയാടുന്ന കാലം. അത്തരത്തിലുള്ള പ്രത്യക്ഷ സമരത്തിലേക്ക് പോകാന്‍ പാര്‍ട്ടി തീരുമാനം ഇല്ലാത്തത് കൊണ്ട് പി പിക്ക് ആ ആവശ്യം അനുവദിക്കാന്‍ പറ്റിയില്ല. ആ യോഗത്തില്‍ പങ്കെടുത്തവര്‍ സഖാവ് പിപിയുടെ നേരെ രോഷം പൂണ്ടു. സഖാവ് ഭീരുവാണ് തുടങ്ങി പിപിയുടെ നേര്‍ക്ക് വിമര്‍ശനം തുടങ്ങി. രൂക്ഷമായ വിമര്‍ശനങ്ങള്‍. അക്കാലത്ത് പാര്‍ട്ടിയുടെ ഒരു തീരുമാനമുണ്ട്. എഴുതിക്കൊടുത്താല്‍ പിന്നെ ആ വിഷയം ചര്‍ച്ചയ്ക്കെടുക്കില്ല. അന്തിമ തീരുമാനമാണ്. പി പി അവര്‍ക്ക് പാര്‍ട്ടിയുടെ ലൈന്‍ എഴുതി കൊടുത്തു. അപ്പോള്‍ പാര്‍ട്ടിയുടെ പൊതുവായ നിലപാടിലേക്ക് വരാന്‍ സഖാക്കള്‍ നിര്‍ബന്ധിതരായി. അങ്ങനെയുള്ള ഒഞ്ചിയത്താണ് പാര്‍ട്ടിയുടെ ഒരു രഹസ്യ യോഗം ചേര്‍ന്നത്. കല്‍ക്കത്ത സമ്മേളനത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ഒഞ്ചിയത്തെ സഖാക്കള്‍ റേഷന്‍ സമ്പ്രദായത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മദ്രാസ് സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. കണാരന്‍ സഖാവിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഒളിവിലുള്ളവരാണ് കൂടുതലുള്ളത്. ആ യോഗം നടക്കുന്ന വിവരം എം എസ് പിക്ക് ആരോ ഒറ്റുകൊടുത്തു.
വടകര മണിയൂര്‍ പഞ്ചായത്തിലെ ഒരു സി കെ വാസു ഉണ്ടായിരുന്നു. എന്തിനും മുന്നിട്ടിറങ്ങുന്ന ഒരു സഖാവായിരുന്നു. പാര്‍ട്ടി അദ്ദേഹത്തെ കായിക പരിശീലനങ്ങള്‍ക്ക് വേണ്ടി ദൂരെ സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുമായിരുന്നു. നല്ല സംഘാടകന്‍ ആണ്. ചെറുപ്പക്കാരെ കൂട്ടിയോജിപ്പിച്ച് അവര്‍ക്ക് വളണ്ടിയര്‍ പരിശീലനമൊക്കെ കൊടുക്കും. അഭ്യാസമുറകള്‍ പഠിപ്പിക്കും. പാര്‍ട്ടിയുടെ താലൂക്ക് കമ്മറ്റിയംഗമാണ്. പുളിയുള്ളതില്‍ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ ഈ സഖാവ് പങ്കെടുത്തിരുന്നില്ല. പിന്നീട്, വെടിവെപ്പിനൊക്കെ ശേഷം മനസിലാക്കാന്‍ സാധിച്ചത് ആ വ്യക്തിയാണ് ഈ യോഗം നടക്കുന്ന വിവരം ഒറ്റുകൊടുത്തത് എന്നാണ്. തൊഴിലാളി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്ന വര്‍ഗവഞ്ചകരുടെ ചരിത്രവും രക്തസാക്ഷിത്വത്തിന്റെ ചരിത്രത്തോടൊപ്പം മനസിലാക്കേണ്ടതാണ്. ഇദ്ദേഹം പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ കാരണം എന്താണ്? ദേശാഭിമാനിയുടെ വരിസംഖ്യ പിരിച്ചത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. അത് അടക്കാതെ നില്‍ക്കാനുള്ള ഉപാധിയായിരുന്നു ഒറ്റുകൊടുക്കല്‍! സാമ്പത്തിക അരാജകത്വത്തിന് മറപിടിക്കാന്‍ വര്‍ഗവഞ്ചന!!
യോഗസ്ഥലത്ത് പോലീസെത്തും മുമ്പേ പങ്കെടുത്ത സഖാക്കള്‍ക്ക് വിവരം കിട്ടിയിരുന്നു. മുക്കാളിയില്‍ ചെറുപയര്‍ പോലീസ് ഇറങ്ങിയിട്ടുണ്ട്! ആ വിവരം കിട്ടിയ ഉടന്‍ തന്നെ യോഗസ്ഥലത്ത് നിന്ന് സഖാക്കളെയൊക്കെ മാറ്റി. പോലീസ് വീട്ടിലെത്തുമ്പോള്‍ അവിടെ വീട്ടുകാരല്ലാതെ മറ്റാരുമില്ല. അവര്‍ അവിടുത്തെ അച്ഛനെയും മകനെയും അറസ്റ് ചെയ്തു. പുളിയുള്ളതില്‍ ചോയിയെയും കണാരനെയും. പോലീസ് അവരുടെ വീട് വളഞ്ഞു എന്ന വിവരം അറിഞ്ഞ് ഒഞ്ചിയത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ അങ്ങോട്ടേക്ക് വരാന്‍ തുടങ്ങി. അക്കാലത്ത് മെഗഫോണിലാണ് പ്രചരണം നടത്തുക. മെഗഫോണിലൂടെയാണ് എം എസ് പിക്കാര്‍ വീട് വളഞ്ഞ കാര്യം ജനങ്ങളെ അറിയിച്ചത്. ഒഞ്ചിയം പ്രദേശത്തെ ഉശിരുള്ള ജനങ്ങള്‍ സംഘടിച്ചു. എം എസ് പിക്കാര്‍ അവരെ കൊണ്ടുപോവുമ്പോള്‍ ജനങ്ങള്‍ അവരുടെ പിന്നാലെ കൂടി. ആള്‍ക്കൂട്ടം കൂടിക്കൂടി വന്നു. രഹസ്യയോഗ സ്ഥലത്ത് നിന്നും മാറി നിന്ന സഖാക്കളും ആ സമയത്ത് ഒഞ്ചിയം ഭാഗത്ത് തന്നെയുണ്ട്. അവര്‍കൂട്ടത്തിലുള്ള താലൂക്ക് കമ്മറ്റി മെമ്പറായ കോണ്‍ഗ്രസ് രാമകുറുപ്പ് എന്ന് വിളിക്കുന്ന പി രാമക്കുറുപ്പിനെ സംഭവത്തിന്റെ സ്ഥിതിഗതികള്‍ മനസിലാക്കാനായി പറഞ്ഞയച്ചു. പണ്ട് കോണ്‍ഗ്രസുകാരനായിരുന്നു രാമക്കുറുപ്പ്. ആ സമയത്ത് ഭീകരമായി മര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്. മെലിഞ്ഞ മനുഷ്യനാണ്. അസാധ്യധൈര്യശാലി. നല്ല പ്രാസംഗികനുമാണ്. രാമക്കുറുപ്പ് എം എസ് പിക്കും ജനങ്ങള്‍ക്കും ഇടയിലുള്ള ഒരു തൈപറമ്പിലേക്ക് കയറി തെങ്ങിന്റെ അരികില്‍ നിന്നുകൊണ്ട് പോലീസുകാരോട് ഉറക്കെ സംസാരിച്ചു. മേഘഗര്‍ജ്ജനം പോലെ. പോലീസ് അറസ്റ് ചെയ്തവര്‍ നിരപരാധികളാണ്. അവരെ വിട്ടയക്കണമെന്ന് അദ്ദേഹം ഉറക്കെ വിളിച്ച് പറഞ്ഞു. തിരികെ ജനങ്ങളോട് പിരിഞ്ഞുപോകാനും ആവശ്യപ്പെട്ടു. ജനങ്ങള്‍ പിന്തിരിഞ്ഞില്ല. അവര്‍ ആരവത്തോടെ മുന്നോട്ടേക്ക് തന്നെ നീങ്ങി. നിരപരാധികളായവരെ വെറുതെ വിടണമെന്ന് ശബ്ദമുയര്‍ത്തി. പോലീസ് വെടിവെപ്പ് ആരംഭിച്ചു. ആദ്യം വെടിവെച്ചത് രാമക്കുറുപ്പിന് നേരെ തന്നെയാണ്. പക്ഷെ, തെങ്ങിന്റെ മറവ് പിടിച്ച് അദ്ദേഹം ആദ്യത്തെ കുറച്ച് വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ടു. അവസാനം ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ വാരിയെല്ല് തുളച്ച് അകത്ത് കയറി പുറത്തേക്ക് തെറിച്ചു. രാമകുറുപ്പ് കുഴഞ്ഞുവീണു. പോലീസ് വെടിവെപ്പ് തുടര്‍ന്നു. എട്ടുപേര്‍ മരിച്ചുവീണു. അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, വി പി ഗോപാലന്‍, സി കെ ചാത്തു, കെ എം ശങ്കരന്‍, വട്ടക്കണ്ടി രഘൂട്ടി എന്നിവര്‍. വെടിയേറ്റ് വീണവരെ നിലത്തൂടെ വലിച്ചിഴച്ച് പോലീസ് പോയി. വെടികൊണ്ട് മരിക്കാത്തവര്‍ പോലീസിന്റെ ഈ പൈശാചിക വൃത്തിയില്‍ പിടഞ്ഞ് മരിച്ചുകാണും. വെള്ളികുളങ്ങരയില്‍ എം എസ് പിക്കാര്‍ വന്ന വടകര പിസിസിയുടെ ഒരു ലോറി നിര്‍ത്തിയിട്ടിട്ടുണ്ട്. ആ ലോറിയിലേക്ക് വെടികൊണ്ടവരുടെ ശരീരം വലിച്ചെറിഞ്ഞു. വടകര കടപ്പുത്തേക്കാണ് വെടിയേറ്റവരെയും കൊണ്ട് പോയത്. അവിടെ ഒരു കുഴികുത്തി എട്ടുപേരെയും ഒരു കുഴിയിലിട്ട് മൂടി. കൊന്നു.
വെടികൊണ്ട രാമക്കുറുപ്പ് മരിച്ചില്ല. വീണ സ്ഥലത്ത് നിന്ന് ഇഴഞ്ഞ് നീങ്ങി തൊട്ടടുത്തുള്ള ഇടവഴിയില്‍ മറഞ്ഞ് കിടന്നതിനാല്‍ അദ്ദേഹത്തെ തിരഞ്ഞ പോലീസുകാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. വെടികൊണ്ടവര്‍ വേറെയുമുണ്ടായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് ഒഞ്ചിയം പ്രദേശത്ത് ഭീകരമായ പോലീസ് രാജായിരുന്നു. നായാട്ട്. എം എസ് പിയും നാടന്‍ പോലീസും സഹായത്തിന് കോണ്‍ഗ്രസുകാരും. അവരുടെ വിളയാട്ടം കമ്യൂണിസ്റുകാരോട് മാത്രമായിരുന്നില്ല. ആ നാടിനോട് മൊത്തത്തിലായിരുന്നു. നരനായാട്ടിന്റെ ഭാഗമായി കമ്യൂണിസ്റുകാരല്ലാത്തവര്‍ പാര്‍ട്ടിയോട് സ്നേഹമുള്ളവരായി, കമ്യൂണിസ്റുകളായി മാറി. വെടിവെപ്പ് ആ നാടിന്റെ ഉശിര് കൂട്ടി. ആ നാട്ടിന്‍പ്പുറം പൂര്‍ണമായും ചുവന്നു. മണ്ടോടി കണ്ണന്റെ പേരില്‍ അറസ്റ് വാറണ്ടുണ്ടായിരുന്നു. ആ സഖാവ് ഒളിവില്‍ നിന്നുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിറളിപൂണ്ട പോലീസ് നാട്ടിലാകെ കയറിയിറിങ്ങി സമാനതകളില്ലാത്ത അക്രമണങ്ങള്‍ നടത്തി. പോലീസിന്റെ ഭീകരതാണ്ഡവം. താന്‍ പോലീസിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ ജനങ്ങള്‍ ഭീകരമര്‍ദനത്തിന് ഇനിയും ഇരയാകും എന്ന തിരിച്ചറിവിന്റെ പുറത്താണ് അദ്ദേഹം പിടികൊടുത്തത്. മൃഗീയമായി മര്‍ദ്ദിച്ചുകൊണ്ട് കമ്യൂണിസ്റ് പാര്‍ട്ടിക്ക് മൂര്‍ദ്ദാബാദ് വിളിപ്പിക്കലാണ് ചെറുപയര്‍ പട്ടാളത്തിന്റെ പ്രധാന പരിപാടി. മണ്ടോടി കണ്ണന്‍ ധീരനായിരുന്നു. അദ്ദേഹം ഇന്‍ക്വിലാബ് വിളിച്ചു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ദേഹത്ത് നിന്നും കിനിഞ്ഞ ചോര ലോക്കപ്പില്‍ തളം കെട്ടി. ആ ചോരയില്‍ മുക്കിയാണ് സഖാവ് ജയില്‍ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചത്. കേരളത്തിന്റെ വിപ്ളവ ചരിത്രത്തിലെ ചോരത്തിളക്കം. കൊല്ലാച്ചേരി കുമാരനും മൃഗീയ മര്‍ദനത്തെ തുടര്‍ന്നാണ് രക്തസാക്ഷിയായത്. .
ഒഞ്ചിയം വീണ്ടും ചുവക്കുകയായിരുന്നു. കോണ്‍ഗ്രസുകാരും ചെറുപയര്‍ പട്ടാളത്തിന്റെ പിന്നാലെ കൂടിവരുമൊക്കെ കമ്യൂണിസ്റുകളായി മാറി. വിപുലമായ ഒരടിത്തറ ഒഞ്ചിയത്തിനുണ്ടായി. അങ്ങനെയുള്ള പാരമ്പര്യമുള്ള ഒഞ്ചിയത്ത് പിന്നീടുണ്ടായ തലമുറ ഇത്തരത്തിലുള്ള ത്യാഗവഴികളിലൂടെ സഞ്ചരിച്ചിട്ടില്ല. അതിന്റെ പോരായ്മ വിഭാഗീയതയടക്കമുള്ള കാര്യങ്ങള്‍ ആ പ്രദേശത്ത് സജീവമാകുന്നതിന് കാരണമായിട്ടുണ്ടാവും.
• കോണ്‍ഗ്രസ് പാര്‍ട്ടി ഒഞ്ചിയം വെടിവെപ്പിന് ശേഷം അവിടെ ഇല്ലാതായെന്ന് തോന്നുന്നു. പക്ഷെ, ജനതാദള്‍ സജീവമായിട്ടുണ്ട്. മുസ്ളീംലീഗും ഉണ്ട്. ഇവിടെയാണ് ചന്ദ്രശേഖരന്റെ ആര്‍ എം പിയും ഉണ്ടാവുന്നത്..
ആര്‍ എം പിയെ ഒരു പാര്‍ട്ടി എന്ന നിലയിലൊന്നും വിലയിരുത്താന്‍ സാധിക്കില്ല. ഒഞ്ചിയം പ്രദേശത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതായിരുന്നു. വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സാമൂഹികാന്തരീക്ഷം കോണ്‍ഗ്രസിന് ഒഞ്ചിയത്ത് പട്ടട തീര്‍ത്തു. കോണ്‍ഗ്രസിനെ പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയായിരുന്നു പഴയ സോഷ്യലിസ്റുപാര്‍ട്ടി. അവരാണ് പിന്നെ ജനാദള്‍ വരെയായി രൂപാന്തരപ്പെട്ടത്. അവരുടെ കേന്ദ്രം കൂടിയാണ് ഒഞ്ചിയം പ്രദേശം. അഴിയൂര്‍, ഏറാമല, ചോറോട് തുടങ്ങിയ പ്രദേശങ്ങളില്‍ അവര്‍ സജീവമായുണ്ട്. അവര്‍ കടുത്ത കമ്യൂണിസ്റ് വിരോധം വെച്ച് പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ അത് സിപിഐ എം വിരോധമായി രൂപാന്തരപ്പെട്ടിരിക്കുന്നു. അത്തരമൊരവസ്ഥയില്‍ നിന്നാണ് ഒഞ്ചിയത്ത് വല്ലാത്ത നിലയിലുള്ള വിഭാഗീയതയുടെ പ്രശ്നം ഉരുത്തിരിഞ്ഞ് വന്നത്. പാര്‍ട്ടിയുടെ ശ്രദ്ധയിലേക്ക് ഗൌരവമുള്ള ഒരു വിഷയമെന്ന നിലയില്‍ വരുമ്പോഴേക്കും പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പുഴുക്കുത്തേറ്റ് ഒരു വിഭാഗം വല്ലാതെ ചീഞ്ഞളിഞ്ഞിരുന്നു. വിഭാഗീയതയുടെ മൂത്താശാരിമാര്‍ ഇത്തരം ഭൂമികകളില്‍ വിളവിറക്കാന്‍ കോപ്പുകൂട്ടുക ചെയ്തതോടുകൂടി ഒഞ്ചിയത്തിന്റെ രക്തപങ്കിലമായ അധ്യായത്തിന് മേല്‍ കറുപ്പ് പടര്‍ത്തുന്ന രീതിയില്‍ അസ്വാരസ്യങ്ങളുണ്ടായി. ടി പി ചന്ദ്രശേഖരന്റെ വിഭാഗീയതാ നിലപാടുകളും അതിന്റെ ഭാഗമായി അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തായതും ഇതോടൊപ്പം തന്നെ കൂട്ടിവായിക്കണം. ചെറുപ്പക്കാരുടെ പല തരങ്ങളിലുള്ള വ്യാമോഹവും എടുത്തുചാട്ടങ്ങളും എല്ലാറ്റിലും വലുതാണ് താനെന്ന് സ്ഥാപിക്കുന്നതിനുള്ള ഹിഡന്‍ അജണ്ടകളുമൊക്കെയാണ് ഒഞ്ചിയത്തിന്റെ നിറം കെടുത്തിയത്.
• ചന്ദ്രശേഖരന്‍ ഒരു മികച്ച സംഘാടകന്‍ ആയിരുന്നില്ലേ? അദ്ദേഹത്തിന്റെ കൊലപാതകം നീതീകരിക്കാന്‍ കഴിയാത്തതല്ലേ? ഒഞ്ചിയത്തെ പാര്‍ട്ടിയെ അത് പ്രതിസന്ധിയിലാക്കിയില്ലേ? ആര്‍ എം പിക്ക് ആ പ്രദേശത്ത് വേരോട്ടമുണ്ടാക്കാന്‍ സാധിച്ചോ?
ചന്ദ്രശേഖരന്‍ മികച്ച ഒരു സംഘാടകന്‍ ആയിരുന്നു. നല്ല കഴിവുള്ള വ്യക്തിയായിരുന്നു. പക്ഷെ, തന്നിഷ്ടക്കാരനും എടുത്തുചാട്ടക്കാരനുമായിരുന്നു. താന്‍ പറഞ്ഞത് നടപ്പിലാക്കാന്‍ ഏതറ്റം വരെയും പോകും. ലക്ഷ്യത്തിലേക്കെത്താന്‍ ഏതു മാര്‍ഗവും സ്വീകരിക്കും. അത്തരത്തിലുള്ള ദോഷവശങ്ങളും കാണേണ്ടതുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകം ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയാത്തതാണ്. സിപിഐ എം സംസ്ഥാന, കേന്ദ്രഘടകങ്ങള്‍ അത് പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. ചന്ദ്രശേഖരന്റെ വധം ഒഞ്ചിയത്തേക്കാള്‍ പ്രശ്നമുണ്ടാക്കുന്നത് പുറത്താണെന്നാണ് എനിക്ക് തോന്നുന്നത്.
വധത്തിന്റെ പേരില്‍ ആ പ്രദേശത്ത് നടന്ന ആക്രമണങ്ങള്‍ വളരെ ഭീകരമായിരുന്നു. അത് ഒഞ്ചിയത്തെ ജനങ്ങള്‍ക്കിടയില്‍ വല്ലാത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഒരു കൊലപാതകം നടന്നാല്‍ അതിന് പിന്നിലുള്ള യഥാര്‍ത്ഥ പ്രതികളെ പിടിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഈ മരണം തങ്ങള്‍ക്കൊരു സാധ്യതയാണ് എന്ന രീതിയിലുള്ള നെറികെട്ട രാഷ്ട്രീയ രീതികള്‍ നടപ്പിലാക്കാന്‍ പാടില്ല. ചന്ദ്രശേഖരന്റെ മരണം സംഭവിച്ചപ്പോള്‍, ചന്ദ്രശേഖരന് വേണ്ടിയെന്ന നാട്യത്തില്‍ നില്‍ക്കുന്ന വലതുപക്ഷത്തിന്റെയും ആര്‍ എം പിയുടെയും കൂടെയായിരുന്നു സംസ്ഥാനത്തെ എല്ലാ ഭരണസംവിധാനങ്ങളും. ഒഞ്ചിയത്ത് നടന്ന കമ്യൂണിസ്റ് വേട്ടക്ക് അവര്‍ മൌനാനുവാദം കൊടുത്തു.
രണ്ട് ദിവസം ഞങ്ങള്‍ ഒന്ന് പതറി. പാര്‍ട്ടിക്ക് ആ വിഷയത്തില്‍ പങ്കുണ്ടെങ്കില്‍ ആ ദിവസങ്ങളില്‍ അവിടെ ചെറിയ രീതിയിലുള്ള പതര്‍ച്ചപോലും ഉണ്ടാവുമായിരുന്നില്ലല്ലോ. വിമര്‍ശകര്‍ അത് കാണാത്തത് എന്താണ്്? ഏതായാലും ആ അവസ്ഥയെ മറികടക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ഇപ്പോള്‍ ആര്‍ എം പിക്കാരും അവരുടെ മേല്‍വിലാസത്തില്‍ ലീഗുകാരടക്കമുള്ള വലതുപക്ഷക്കാരും ഇരുട്ടിന്റെ മറവിലും മറ്റും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. അത് അവിടുത്തെ എല്ലാ ജനങ്ങള്‍ക്കും അറിയാം. അരാജകത്വ-അരാഷ്ട്രീയ രീതികള്‍ നടപ്പിലാക്കുന്നതുകൊണ്ട് ഒഞ്ചിയം പ്രദേശത്തെ ജനങ്ങളുടെ വ്യാപകമായ അവമതിപ്പിന് ആര്‍ എം പിയും കൂടെയുള്ളവരും പാത്രീഭവിക്കുന്നു.
ഈ ആര്‍ എം പി കൂട്ടം ഒരു കറക്കുകമ്പനി എന്നതിനപ്പുറത്ത് ഒന്നുമല്ല. ഒരു പരിപാടി പോലുമില്ലാത്ത അവര്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്നതില്‍ പോലും അര്‍ത്ഥമില്ല. ചന്ദ്രശേഖരന്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു എന്നവകാശപ്പെടുന്നവരില്‍ ഭൂരിഭാഗവും ജനതാദളില്‍ നിന്നും വന്നവരാണ്. അവരില്‍ പലര്‍ക്കും നമ്മള്‍ നേരത്തെ പറഞ്ഞ വല്ലാത്തൊരു സംസ്കാരം ഉണ്ട്. അരാജകത്വം. റൌഡിസം കള്ളും ഖഞ്ചാവും ഉപയോഗിക്കല്‍. ഇത്തരം കാര്യങ്ങളൊക്കെ അനുവദിച്ചും വാങ്ങിക്കൊടുത്തും ആള്‍ക്കൂട്ടം ഉണ്ടാക്കുന്നത് നല്ലതാണെന്ന് എനിക്കഭിപ്രായമില്ല. ചന്ദ്രശേഖരന്റെ നിലനില്‍പ്പിന് വേണ്ടി ആ പ്രദേശത്ത് ഇത്തരത്തിലുള്ള ആള്‍ക്കാരെ സംഘടനയിലേക്ക് വ്യാപകമായി കൊണ്ടുവന്നിട്ടുണ്ട്. പിന്നെ, ധാരാളം പണവും വന്നിട്ടുണ്ട്. ഗള്‍ഫടക്കമുള്ള മേഖലകളില്‍ നിന്ന് വലിയ രീതിയില്‍ പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോ, അവരുടെ നേതാവായി നടക്കുന്ന വേണുവിന്റെ വീട് കണ്ടിട്ടുണ്ടോ? വലിയ വീടല്ലെ? കര്‍ഷക തൊഴിലാളി രംഗത്ത് സജീവമായി നിന്നിരുന്ന ഒരു കുറിയ സഖാവുണ്ടായിരുന്നു. അയാള്‍ ആര്‍ എം പിയിലേക്ക് പോയി. ഇടയ്ക്ക് ഞാനവിടെപ്പോയപ്പോള്‍ കേട്ടത് അയാളും ഗംഭീരന്‍ വീടെടുത്തിട്ടുണ്ടെന്നാണ്. ഈ പൈസയൊക്കെ വേറെയാണ്. ഓര്‍ക്കാട്ടേരിയടക്കമുള്ള ഭാഗങ്ങളിലെ ലീഗ് പ്രമാണിമാരും പൈസക്കാരുമൊക്കെയായിട്ടുള്ള വഴിവിട്ട ബന്ധം. സിപിഐ എമ്മിനെ തകര്‍ക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന അവര്‍ക്ക് കിട്ടിയ ഒരു നല്ല ആയുധമായിരുന്നു ചന്ദ്രശേഖരന്‍. ഇപ്പോള്‍ അയാളുടെ പാര്‍ട്ടിയെയും ഉപയോഗിക്കുന്നത് വലതുപക്ഷമാണ്.
• ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് കോഴിക്കോട്ടെ പാര്‍ട്ടി കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നു, കോഴിക്കോട്ടെ പാര്‍ട്ടിയിലെ ഒരു വിഭാഗം കണ്ണൂരിലെ പാര്‍ട്ടിയുമായി ചേര്‍ന്ന് ചെയ്തതാണ് ഈ പാതകം തുടങ്ങി പല നുണകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സഖാവ് അത് ശ്രദ്ധിച്ചിട്ടുണ്ടോ?
ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഏറ്റവുമേറെ നുണപ്രചരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് തോന്നുന്നു. പലരും പറയും പോലെ സിപിഐ എമ്മിന്റെ കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ നേതൃത്വത്തിന് ചന്ദ്രശേഖരനെ കൊല്ലേണ്ട ഒരാവശ്യവും ഇല്ല. കൊന്നിട്ട് തീര്‍ക്കേണ്ട ഒരു വിഷയമില്ലല്ലോ ഇവിടെ. കൊന്നപ്പോഴല്ലേ വിഷയമുണ്ടായത്. ഇത്രയും ബോധമുള്ള ഒരു പാര്‍ട്ടിക്ക് അത് തിരിച്ചറിയാനുള്ള ശേഷിയില്ല എന്ന് എങ്ങനെയാണ് വ്യാഖ്യാനിക്കാന്‍ സാധിക്കുക. കോഴിക്കോട് സിപിഐ എം ജില്ലാ സെക്രട്ടറി രാമകൃഷ്ണന്‍ ആ പ്രദേശത്തെ സഖാക്കള്‍ വഴി ചന്ദ്രശേഖരനോട് സംസാരിച്ചിട്ടുണ്ട്. എനിക്കറിവുള്ളതാണ് ആ കാര്യം.അതുപോലെ കണ്ണൂര്‍ ജില്ലാസെക്രട്ടറി ജയരാജനും പലരിലൂടെയും അയാളോട് സംസാരിച്ചിരുന്നു. അപ്പോഴൊന്നും ചന്ദ്രശേഖരന്‍ വരില്ലെന്ന് തറപ്പിച്ച് പറഞ്ഞിട്ടില്ല. പറയാം, പറയാം എന്നാണ് പറഞ്ഞത്. പക്ഷെ, പറഞ്ഞില്ല. എന്തോ ഒരു തടസം ഉണ്ടായിരുന്നു. ആരോ തടസം നിന്നിരുന്നു.
• വി എസ് ഒഞ്ചിയത്തേക്ക് വന്നിരുന്നല്ലൊ. ആര്‍ എം പി രൂപീകരിച്ചതിന് ശേഷം അവരെ അഭിസംബോധന ചെയ്ത് തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍. കേളപ്പേട്ടന്‍ അതിനെ എങ്ങനെയാണ് കാണുന്നത്?
വി എസ് ആ സമയത്ത് ഒഞ്ചിയത്ത് വന്നിരുന്നു. പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി വന്നതാണ്. പക്ഷെ, ആ വരവ് ഗുണം ചെയ്തു എന്ന അഭിപ്രായമൊന്നും എനിക്കില്ല. ദ്വയാര്‍ത്ഥത്തിലുള്ള പ്രസംഗമാണ് അവിടെ നടത്തിയത്. പലരും നല്ല അഭിപ്രായമൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ, എനിക്കതത്ര നന്നായി തോന്നിയില്ല. അവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അവര്‍ ചെയ്ത കുറ്റങ്ങളും തെറ്റുകളുമൊന്നും കാണാതെ വഴിതുറന്ന് കൊടുക്കണമെന്ന നിലയിലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പരിശ്രമം ഉണ്ടായത് എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
• ചന്ദ്രശേഖരന്‍ മരണപ്പെട്ടതിന് ശേഷവും വി എസ് ഒഞ്ചിയത്ത് വന്നു. അത് സിപിഐ എമ്മിന് ഗുണം ചെയ്തോ?
ഗുണം ചെയ്തില്ലെന്ന് മാത്രമല്ല. ഏറെ ദോഷം ചെയ്തില്ലെ? നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പിന്റെ ദിവസമല്ലെ അതിനായി തെരഞ്ഞെടുത്തത്! ആ വരവിന്റെ പ്രത്യാഘാതം മനസിലാക്കാന്‍ ആര്‍ക്കാണ് സാധിക്കാത്തത്? അവിടെ വെച്ച് ചില പ്രയോഗങ്ങളും നടത്തി. “ധീരനായ കമ്യൂണിസ്റ്” പോലുള്ളവ. ഇന്ത്യാരാജ്യത്ത് ഇതിന് മുന്‍പ് ഇത്രയും വലിയൊരു നേതാവ് മരണപ്പെട്ടിട്ടില്ല. ഇതിന് മുമ്പ് ഒരാളും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടില്ല എന്ന് ധ്വനിപ്പിക്കുന്ന വര്‍ത്തമാനമല്ലെ പറഞ്ഞത്. അത് ശരിയായില്ല. അതൊന്നും വസ്തുതകള്‍ക്ക് നിരക്കുന്നതുമല്ല. പാര്‍ട്ടിക്ക് അത് വല്ലാതെ ദോഷം ചെയ്തു.
• ഒഞ്ചിയത്തിന്റെ പേരില്‍ ഇന്ന് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളെല്ലാം മറികടക്കാന്‍ സാധിക്കും അല്ലെ?
തീര്‍ച്ചയായും. ഒഞ്ചിയത്ത് ഇപ്പോള്‍ തന്നെ അത് സാധിച്ചിട്ടുണ്ട്. കുറച്ച് നാളുകള്‍ പിന്നിടുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ സിപിഐ എമ്മിനെ നെഞ്ചേറ്റും. കാരണം പാര്‍ട്ടിക്കകത്തുള്ള എല്ലാ കറുപ്പുകളും അവിടെ ഇല്ലാതായി. ഇപ്പോഴുള്ള പാര്‍ട്ടി സ്ഫുടം ചെയ്തെടുത്തതാണ്. അതിന്റെ നന്‍മകള്‍ അവിടുത്തെ ജനങ്ങള്‍ തിരിച്ചറിയും.
ഒഞ്ചിയത്തിന് പുറത്ത് ആ പേര് ചിലര്‍ ആയുധമാക്കുകയായിരുന്നു. പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയ ചിലരും വിഭാഗീയതയില്‍ അഭിരമിക്കുന്നവരും പാര്‍ട്ടിയിലേക്ക് അരാഷ്ട്രീയതയും അരാജകത്വവും കൊണ്ടുവരാനുള്ള താല്‍പ്പര്യമുള്ളവരും പാര്‍ട്ടി നടപടികള്‍ക്കായി കാത്ത് നില്‍ക്കുന്നവരും ഒഞ്ചിയം എന്ന് പറഞ്ഞ് ശബ്ദമുണ്ടാക്കി. അവര്‍ ഇതിന്റെ വക്താക്കളായി നിന്നു. അത്തരക്കാരെ തിരിച്ചറിയാനും ഒഞ്ചിയം നിമിത്തമായി മാറി.
ഇല്ലത്തെ ചീരു ഏടത്തി.
ഒഞ്ചിയം പോരാളിയായിരുന്ന ഇല്ലത്തെ കണ്ണന്റെ ഭാര്യ. ഒഞ്ചിയം സമരവഴിയിലേക്ക് സഞ്ചരിച്ചിരുന്ന കാലത്തും വെടിവെപ്പിനെ തുടര്‍ന്ന് അരങ്ങേറിയ നരനായാട്ടിലും പതറാതെ പാര്‍ട്ടിക്കൊപ്പം നിന്ന ധീരവനിത. വെടിവെപ്പിന് വിധേയമായ ആള്‍ക്കൂട്ടത്തിലൊരുവളായിരുന്നു ചീരുവേടത്തി. ഇന്നും ആ ഓര്‍മകള്‍ വിങ്ങുന്ന മനസുമായാണ് അവര്‍ ജീവിക്കുന്നത്. നിരവധി അസുഖങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ചീരുവേടത്തി ഒഞ്ചിയത്തെ തിരിച്ചറിയുന്നു. ഒഞ്ചിയത്തിന്റെ ചെംചുമപ്പുള്ള ചരിത്രത്തിന് മേലെ വ്യാജനിര്‍മിതികളുടെ വര്‍ണരാജികള്‍ പുതപ്പിക്കുമ്പോള്‍ ചീരുവേടത്തി ക്ഷുഭിതയാവുന്നു. ചരിത്രത്തെ തിരുത്തിയെഴുതാന്‍ പറ്റില്ലെന്നും മണ്ടോടി കണ്ണന്‍ വരച്ച അ