ഓറഞ്ച് മണമുള്ള ഓര്‍മകള്‍
കെ വി സുമിത്ര
![]() |
|
എപ്പോഴും നമ്മളെല്ലാം ഒറ്റയ്ക്കല്ലേ പെട്രാ? എപ്പോഴൊക്കെയോ ഞാനും ഈ ഏകാന്തതയിലായിരുന്നു. ഏകാന്തതപോലും കൂട്ടിനില്ലാത്ത അനന്തതയില്‍. പിന്നെ, ഒരു ജന്മം മുഴുവനും കിട്ടിയാലും ചെയ്ത് തീര്‍ക്കാനുള്ളത്ര ദൌത്യങ്ങള്‍ ചുമരില്‍ താങ്ങി നടക്കുന്നതിനാല്‍ ആ അനന്തതയുടെ ആഴം അറിയാന്‍ മെനക്കെടാറില്ല. പെട്രാ കുറേനേരം കരഞ്ഞു. പിന്നെ, ഒരു പഴയ പള്ളിയുടെ മുറ്റത്ത് മിനുസമുള്ള പുല്‍ത്തകിടിയില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. |
നെതര്‍ലാന്‍ഡ്സിലെ, നെതര്‍ലാന്‍ഡ്സ് ഗവണ്‍മെന്റിന്റെ കീഴിലുള്ള റേഡിയോ ഓഫ് നെതര്‍ലാന്‍ഡ്സ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ (ആര്‍ എന്‍ ടി സി)ആഗോളതലത്തില്‍ നടത്തുന്ന ഫെലോഷിപ്പ്. ഒരു രാജ്യത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ള രാജ്യാന്തര ഫെലോഷിപ്പ്. ഇതിലെ ബോര്‍ഡ്കാസ്റ് മാനേജ്മെന്റ് എന്ന വിഷയത്തിലേക്ക് അപേക്ഷിച്ചത് വെറുമൊരു തമാശയ്ക്കായിരുന്നു. പക്ഷേ ഓണ്‍ലൈന്‍ വഴിയുള്ള അവരുടെ ഓരോ പരീക്ഷകളും മറികടന്ന് അവസാനം, 2012 ലെ ആര്‍ എന്‍ ടി സിയുടെ രാജ്യാന്തര ഫെലോഷിപ്പിന് ഞാനര്‍ഹയായെന്ന ഇ-മെയില്‍ സന്ദേശം വന്നപ്പോള്‍, സത്യത്തില്‍ ഞെട്ടിയെന്ന് മാത്രമല്ല. 'ഈശ്വരാ,' എന്നുച്ചത്തില്‍ വിളിച്ച് പോവുകയും ചെയ്തു. മൂന്ന് മാസമായിരുന്നു ആര്‍ എന്‍ ടി സി ഓരോ 'ഫെലോ'കള്‍ക്കും ഫെലോഷിപ്പിന് ചേരുന്നതിന് മുമ്പായി, സ്വയം തയ്യാറെടുപ്പുകള്‍ക്കായി അനുവദിക്കപ്പെട്ട സമയം. ജോലി, വീട് ഇവയെല്ലാം വിട്ട് 20 ദിനങ്ങള്‍, നെതര്‍ലാന്‍ഡ്സില്‍ ആര്‍ എന്‍ ടി സിയുടെ കൂടെ കഴിയുന്നതിനു വേണ്ടി ഓരോരുത്തര്‍ക്കും തന്ന സമയപരിധി. അതെ, മൂന്ന് മാസങ്ങള്‍ ധാരാളമായിരുന്നു. എങ്കിലും പോകണോ, വേണ്ടയോ എന്ന സങ്കോചം അപ്പോഴും മനസ്സിലുണ്ടായിരുന്നു. പിന്നെ, അമ്മയുടെ ആശ്വസിപ്പിക്കല്‍, ധൈര്യം... മക്കളെ പിരിഞ്ഞ്, വീടുവിട്ട് അതും ദൂരെ ഒരു അന്യരാജ്യത്ത്...
ആ ആകുലതകളുടെ നുറുങ്ങ് മനസ്സായിട്ടാണ് ഷീപ്പോളില്‍ ഇറങ്ങിയത്. അപ്പോള്‍ അവിടത്തെ സമയം ഉച്ച കഴിഞ്ഞ് 02.25 ഫെലോഷിപ്പിന് അര്‍ഹയായത് മുതല്‍ മൂന്ന് മാസക്കാലം ആര്‍ എന്‍ ടി സി യില്‍ നിന്ന് പെട്രാ ടീ നെറ്റിന്റെ (ഫെലോഷിപ്പ് കോഡിനേറ്റര്‍) ഇ-മെയിലുകളുണ്ടായിരുന്നു. ആര്‍ എന്‍ ടി സി ഫെലോഷിപ്പിന്റെ വിവരണങ്ങളും പ്രത്യേകതകളും അറിഞ്ഞിരുന്നത് ആ ഇ-മെയിലുകളിലൂടെയായിരുന്നു. ഫെലോഷിപ്പ് തയ്യാറെടുപ്പുകളും മറ്റും പെട്രാ മെയിലുകളിലൂടെ സുചിപ്പിച്ചിരുന്നു. പെട്രാ ആദ്യമായി എന്നെ സംബോധന ചെയ്തത് "Sumithra",' My dear Good Friend 'എന്നായിരുന്നു. പെട്രയിലൂടെ നെതര്‍ലാന്‍ഡ് എന്ന രാജ്യത്തിന്റെ ഇന്ത്യയോടുള്ള ആദരവായിട്ടാണ് ഞാനത് വായിച്ചത്. പിന്നീട് പെട്രാ മെയിലുകള്‍ ദീര്‍ഘവും വിവരണാത്മകവുമായി മാറി. ഇടയ്ക്ക്, വീടിനെപ്പറ്റി, കുടുംബത്തെപ്പറ്റി പെട്രാ എന്നോട് ചോദിച്ചതോര്‍ക്കുന്നു. മക്കളെ പറ്റി പറഞ്ഞപ്പോള്‍, "Sumithra", your kids are so lucky". "Why- Petra"? "No, a Mother like you... so loveable... caring"... പെട്രായെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍, മൌനമായിരുന്നു മറുപടി. പിന്നെ ഞാനത് ചോദിച്ചില്ല. എന്തോ ഒരു വേദന പെട്രയ്ക്കുള്ളത് പോലെ.
നെതര്‍ലാന്‍ഡ്സ്-പഴങ്ങളുടെയും ഓറഞ്ചുകളുടെയും മണമുള്ള നാട്. അവിടെ സില്‍വര്‍സ്റാം എന്ന സ്ഥലത്തെ ബാസ്റിയന്‍ ഗസ്റ് ഹൌസില്‍ ആയിരുന്നു ഞങ്ങള്‍ക്ക് -ഞങ്ങള്‍ 14 ഡെലിഗേറ്റുകള്‍ക്ക്- താമസം ഏര്‍പ്പാടാക്കിയിരുന്നത്. സില്‍വര്‍സ്റാം, പ്രകൃതി കാവ്യാത്മകമായി വരച്ചിട്ടിരിക്കുന്ന ഒരു അത്യുഗ്രന്‍ സീനറി പോലെ തോന്നിപ്പിക്കുന്ന സ്ഥലം. ബാസ്കണില്‍ താമസം ഏര്‍പ്പാടാക്കിയ എന്ന് വൈകുന്നേരം തന്നെ ഞാന്‍ പെട്രയെ അന്വേഷിച്ചു.." She will be coming evening'' എന്നായിരുന്നു റിസപ്ഷനിസ്റിന്റെ മറുപടി. വൈകുന്നേരത്തെ ആ ഒത്തുകൂടലിന് മനസ്സ് തയ്യാറെടുത്തു. സ്വന്തം രാജ്യത്തെ പ്രതിനിധാനം ചെയ്തെത്തിയ 14 പ്രതിനിധികളായിരുന്നു കൂടെയുള്ള സഹപാഠികള്‍. സ്ത്രീ സുഹൃത്തുക്കള്‍. മെല്‍ബ (ഫിലിപ്പിയന്‍സ്), ക്രിസ്റീന്‍ (നൈജീരിയ), ഇലോന (അല്‍ബാനിയ), ചന്ദ്രിക (ശ്രീലങ്ക) തുടങ്ങിയവര്‍ക്കിടയില്‍ ഇന്ത്യന്‍ പ്രതിനിധിയായി ഞാനും. ആര്‍ എന്‍ ടി സി സംഘങ്ങള്‍ പറഞ്ഞ സമയത്തെത്തി. ഒപ്പം പെട്രയും. എല്ലാവരും നോക്കി നില്‍ക്കേ അവര്‍ എന്നെ ആശ്ളേഷിച്ചു. തലങ്ങും വിലങ്ങും. അറിയില്ല, ഈ 'പെണ്‍പുലി'കള്‍ക്കിടയില്‍ -സുമിത്ര- എന്ന എന്നെ പെട്ര എങ്ങനെ തിരിച്ചറിഞ്ഞുവെന്ന്. പിന്നീട് ഞാനറിഞ്ഞു. ആ ആശ്ളേഷണത്തിനിടയില്‍ അവര്‍ കരയുകയായിരുന്നുവെന്ന്. എന്തിനാണ് കരയുന്നതെന്നോ, കരച്ചില്‍ നിര്‍ത്താനോ ഞാന്‍ പെട്രയോട് പറഞ്ഞില്ല. ആര്‍ എന്‍ ടി സിയുടെ ജിഎം മിസ്റര്‍ പീറ്റര്‍ "ഈ വൈകുന്നേരം ബോറാക്കല്ലേ'' എന്ന് പറഞ്ഞ് അത്താഴത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് ഞങ്ങളെ ക്ഷണിച്ചു. എന്റെ കൈ അണച്ചുപിടിച്ച് പെട്ര എനിക്കരികിലുണ്ടായിരുന്നു. 20 ദിവസങ്ങള്‍ വരെ ആ കൈത്തലം എന്റെ ചൂട് പറ്റിചേര്‍ന്നിരുന്നു. ഇടയ്ക്കൊരു ദിവസം ഔട്ടിംഗിന്, ക്ളാസില്ലാതിരുന്ന ഒരു ഞായറാഴ്ച പെട്ര എന്നെ ക്ഷണിച്ചു. ഒപ്പം ചേരാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല... ആ യാത്രയില്‍ ഒരു കുമ്പസാരം പോലെ എന്റെ മുന്നില്‍ പെട്ര അവരുടെ മനസ്സ് തുറന്നു. വിവാഹമോചനം, പിന്നീടുള്ള ഒറ്റപ്പെടല്‍, മക്കള്‍. എത്ര സ്നേഹം കൊടുത്താലും സ്വന്തം ജീവിതം മാത്രം അന്വേഷിക്കുന്ന സുഖം തേടി പോകുന്ന സ്വന്തം മക്കള്‍, പിന്നെയും ഒറ്റപ്പെടല്‍ "I'm always alone, Sumithra" -"always" എന്ത് പറയണമെന്നോ എന്ത് പറഞ്ഞാലാണ് ആശ്വാസമാവുകയെന്നോ എനിക്കറിയില്ലായിരുന്നു. 'alone' എന്ന അഞ്ചക്ഷരം ഉള്ള ഒരൊറ്റ ഇംഗ്ളീഷ്പദം എത്ര കാഠിന്യം. എപ്പോഴും, എപ്പോഴും നമ്മളെല്ലാം ഒറ്റയ്ക്കല്ലേ പെട്രാ? എപ്പോഴൊക്കെയോ ഞാനും ഈ ഏകാന്തതയിലായിരുന്നു. ഏകാന്തതപോലും കൂട്ടിനില്ലാത്ത അനന്തതയില്‍. പിന്നെ, ഒരു ജന്മം മുഴുവനും കിട്ടിയാലും ചെയ്ത് തീര്‍ക്കാനുള്ളത്ര ദൌത്യങ്ങള്‍ ചുമരില്‍ താങ്ങി നടക്കുന്നതിനാല്‍ ആ അനന്തതയുടെ ആഴം അറിയാന്‍ മെനക്കെടാറില്ല. പെട്രാ കുറേനേരം കരഞ്ഞു. പിന്നെ, ഒരു പഴയ പള്ളിയുടെ മുറ്റത്ത് മിനുസമുള്ള പുല്‍ത്തകിടിയില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. വീട്ടില്‍ നിന്ന് പെട്ര കൊണ്ടുവന്ന ചെറിയ കഷണങ്ങളുള്ള ഉരുളക്കിഴങ്ങ് കറിയും ഓംലെറ്റ് പീസിനുള്ളിലാക്കിയ റൊട്ടിയും. ഓറഞ്ച് മണമുള്ള പെട്ര ഉണ്ടാക്കിയ ഉരുളക്കിഴങ്ങ് കറിയ്ക്കുമുണ്ടായിരുന്നു ഒരു ഓറഞ്ച് ചുവ. മാംസം കഴിക്കാത്ത എനിക്ക് ഇതേ തരാനുള്ളു എന്ന ക്ഷമാപണവും. ആ വൈകുന്നേരം അവസാനിക്കും വരേ ഞങ്ങളിവിടെ ചെലവഴിച്ചു. ഇടയ്ക്ക് പെട്ര ഇംഗ്ളീഷില്‍ കവിതകള്‍ ചൊല്ലി. ഞാന്‍ ഹിന്ദുസ്ഥാനി ഗസലുകളും. അങ്ങനെ ആ വൈകുന്നേരം അവസാനിപ്പിച്ച് മടക്കയാത്രയ്ക്ക് പുറപ്പെടും മുമ്പ് എന്റെ കൈയില്‍ പിടിച്ച് വളരെ ആര്‍ദ്രമായി പെട്ര പറഞ്ഞു. . ""Really you are my soul.. my soul...’. “കാണാം. ഞാനെഴുതാം, നമുക്ക് സംസാരിക്കാം... ഞാന്‍ കൂടെയുണ്ട്...'' എന്നെല്ലാം പറയണമെന്നുണ്ടായിരുന്നു. വാക്കുകള്‍ തൊണ്ടയ്ക്കകത്ത് അടക്കപ്പെട്ട പോലെ.
തിരിച്ചുള്ള യാത്ര അതികഠിനമായി തോന്നി. എന്നെ പിടിച്ച് നിര്‍ത്തുന്ന എന്തോ ഒന്ന് അവിടെ ഉപേക്ഷിച്ച് പോരും പോലെ. ആര്‍ എന്‍ ടി സി ഏര്‍പ്പാടാക്കിയ ടൂറിസ്റ് കാറില്‍, സില്‍വര്‍സ്റം മുതല്‍ ഷീപ്പോള്‍ എയര്‍പോര്‍ട്ട് വരെയുള്ള നെതര്‍ലാന്‍ഡ്സ് മണ്ണില്‍ എന്റെ പ്രിയപ്പെട്ടതെന്തോ ഞാന്‍ കളഞ്ഞ് പോരും പോലെ. ഷീപ്പോള്‍ എയര്‍പോര്‍ട്ടിലൂടെ ലഗ്വേജ് ബാഗേജ് ഉന്തി നടക്കുമ്പോള്‍, ഓരോ യൂറോപ്പ്യന്റെയും മുഖങ്ങള്‍ക്കിടയില്‍ എവിടെയെല്ലാമോ അനേകം പെട്രാമാര്‍ ഉള്ളതുപോലെ. യൂറോപ്പ് എന്ന മഹാസൌന്ദര്യഭൂമികയില്‍ ഇതുപോലെ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന എത്രയെത്ര പെട്രമാര്‍. എന്നാലും പെട്രാ ടീ നീറ്റ് - അവരെന്റെ ആരായിരുന്നു? എന്റെ അമ്മയല്ലാതെ എന്നെ ഇത്രയേറെ സ്നേഹിച്ച ഒരു സ്ത്രീ 20 ദിവസങ്ങളുടെയല്ല; 20 വര്‍ഷങ്ങളുടെ, 20 യൂഗങ്ങളുടെ ആത്മാവ് പറിച്ചെടുത്ത സ്നേഹം പകര്‍ന്ന ആ സ്ത്രീ അവരെനിക്ക് ആരാണ്? ഇതെഴുതുമ്പോഴും 52 വര്‍ഷങ്ങളുടെ അനുഭവപടലം ചുവപ്പിച്ച ആ മുഖം മനസ്സില്‍ ഊറിയൂറി വരുന്നു. ഏകാന്തത പോലും കൂട്ടിനില്ലാത്ത അനന്തതയില്‍, ആ മുഖം കൂടുതല്‍ അടുത്തുവരുന്നു!.
This e-mail address is being protected from spambots. You need JavaScript enabled to view it
www.facebook.com/sumithra.sathyanarayanan
Comments
രോഗിക്കും ധനഹീനനും
അതിദുഖിതനായോനും
മിത്ര ദര്‍ശനം ഔശധം .......
RSS feed for comments to this post