സൈലന്റ് വാലിയില്‍ പോയിട്ടില്ലേ?
എ മനോജ്
![]() |
|
ഉയരത്തില്‍ നിന്ന് നിശബ്ദതാഴ്വരയെ കാണാന്‍ എന്താ ഒരു സൌന്ദര്യം. നീലാകാശം കുട ചൂടി നില്‍ക്കുന്ന ഹരിത ഭൂമി. ദൂരെ വെള്ളി മേഘങ്ങള്‍ മലയുടെ കൂര്‍ത്ത ശിഖരങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്നു. ഇടക്കെപ്പോഴോ ഇരുണ്ടു പോകുന്ന വനഭൂമി മേഘങ്ങളോട് എന്തൊക്കെയോ കിന്നാരം പറയുന്നുണ്ട്. ടവറില്‍ നിന്ന് നോക്കുമ്പോള്‍ ഭവാനിപ്പുഴ കാണാനാവുന്നുണ്ട്. പാത്രക്കടവ് പദ്ധതിയുടെ ഭാഗമാണ് പോലും ഈ പ്രദേശം. ഏക്കര്‍ കണക്കിന് വനഭൂമി നഷ്ടമാകുമെന്ന കാരണത്താല്‍ പദ്ധതി ഇപ്പോള്‍ വേണ്ടെന്നു വെച്ചിരിക്കയാണ്. |
സൈലന്റ് വാലിയിലേക്കുള്ള യാത്ര തുടങ്ങി. ജീപ്പില്‍ വേറെയും ആള്‍ക്കാരുണ്ട്. ഒരു മഹേന്ദ്ര ജീപ്പ്. സുഖമായി ഇരുന്നു. ജീപ്പ് ഡ്രൈവര്‍ സംസാരിച്ചുകൊണ്ട് താനാണ് ഗൈഡ് എന്ന് പ്രഖ്യാപിച്ചു. നല്ല കാറ്റുണ്ട്. മരങ്ങള്‍ വല്ലാത്തൊരു ശബ്ദമുണ്ടാക്കുന്നു. നിറയെ കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ആടിയും ചാടിയും ജീപ്പ് മുന്നോട്ടു നീങ്ങി. വഴിയില്‍ ഒരു ആദിവാസി ഊര് ഡ്രൈവര്‍ ശ്രദ്ധയില്‍പ്പെടുത്തി. പുലി മാന്തിയ മരവും തൈലം ഉണ്ടാക്കുന്ന പുല്‍ചെടിയും ഇരുണ്ട വഴിത്താരകളും ആനയിറങ്ങുന്ന വഴികളും ഒക്കെ ഏറെ ആകര്‍ഷകമാകുന്നു. ഇദ്ദേഹം ഡ്രൈവര്‍ ജോലിയിലാണോ ഗൈഡ് ജോലിയിലാണോ മികവുറ്റവന്‍ എന്ന് പറയാന്‍ സാധിക്കില്ല.
ജീപ്പ് മെല്ലെ നില്‍ക്കുന്നു. ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞു. വന്‍മരങ്ങളില്‍ ചാടിത്തിമര്‍ക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍. അവര്‍ ഞങ്ങള്‍ക്കെന്ന പോലെ സര്‍ക്കസുകള്‍ കളിക്കയാണ്. വീണ്ടും ജീപ്പിന്റെ കുലുക്കം. ദൂരെ എവിടെ നിന്നോ ഒരു മലയണ്ണാന്റെ ശബ്ദം. കാട്ടിലെ സിഗ്നല്‍ ബോയാണത്രെ! ക്രൂര മൃഗങ്ങളില്‍ നിന്നും പാവപ്പെട്ട മൃഗങ്ങളെ അപായ സൂചന നല്‍കി രക്ഷപ്പെടുത്തുവാനാണ് ഇങ്ങനെ കൂകി വിളിക്കുന്നത്. വഴിയരികിലെ അരുവിയുടെ കരയില്‍ ജീപ്പ് നിന്നും. നല്ല തണുത്ത വെള്ളം. വയര്‍ നിറയെ കുടിച്ചു. ബിസ്ളേരി വാട്ടറൊക്കെ എന്തിന് കൊള്ളാം. മുഖം കഴുകിയപ്പോള്‍ വല്ലാത്തൊരു ഉന്മേഷം. നിശബ്ദതയുടെ താഴ്വര അടുത്തുവരികയാണ്. കൈയ്യെത്തും ദൂരത്ത്!
ഇടതൂര്‍ന്ന വനങ്ങള്‍ കടന്ന് യാത്ര വിശാലമായ ഒരു താഴ്വരയില്‍ എത്തി. സുന്ദരം. മനോഹരമായ കാഴ്ച. ഓരോ മലകളും മറ്റൊന്നിന് അതിരിട്ടുകൊണ്ട് നീലാകാശത്തെ തൊട്ടുകളിക്കുന്നു. ഈ സ്ഥലത്തിന്റെ പേര് സൈരന്ധ്രി എന്നാണത്രേ. സൈലന്റ് വാലിയുടെ ഒരു ഭാഗം. കുറെ ഭാഗങ്ങള്‍ തമിഴ്നാട്ടിലാണ്. കാഴ്ചകള്‍ കാണാന്‍ ഒരു വലിയ വാച്ച് ടവറുണ്ട്. തല കറക്കവും മറ്റും ഉള്ളവര്‍ ഇതില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്ന് ഗൈഡ് പറഞ്ഞു. ചാടി കയറുന്ന ചിലര്‍ പകുതി വെച്ചു പരാജിതരായി താഴേക്കിറങ്ങുന്നു.
ഉയരത്തില്‍ നിന്ന് നിശബ്ദതാഴ്വരയെ കാണാന്‍ എന്താ ഒരു സൌന്ദര്യം. നീലാകാശം കുട ചൂടി നില്‍ക്കുന്ന ഹരിത ഭൂമി. ദൂരെ വെള്ളി മേഘങ്ങള്‍ മലയുടെ കൂര്‍ത്ത ശിഖരങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്നു. ഇടക്കെപ്പോഴോ ഇരുണ്ടു പോകുന്ന വനഭൂമി മേഘങ്ങളോട് എന്തൊക്കെയോ കിന്നാരം പറയുന്നുണ്ട്. ടവറില്‍ നിന്ന് നോക്കുമ്പോള്‍ ഭവാനിപ്പുഴ കാണാനാവുന്നുണ്ട്. പാത്രക്കടവ് പദ്ധതിയുടെ ഭാഗമാണ് പോലും ഈ പ്രദേശം. ഏക്കര്‍ കണക്കിന് വനഭൂമി നഷ്ടമാകുമെന്ന കാരണത്താല്‍ പദ്ധതി ഇപ്പോള്‍ വേണ്ടെന്നു വെച്ചിരിക്കയാണ്. കാട്ടിലൂടെ നടക്കാമെന്ന് ഗൈഡിനോട് പറഞ്ഞു. മുന്‍പ് കണ്ട പുഴയുടെ അടുത്തേക്ക് നടക്കാമെന്ന പുള്ളിയുടെ നിര്‍ദേശത്തെ മാനിച്ചു. നടന്ന് ക്ഷീണിക്കുമ്പോള്‍ ഇടയ്ക്കു നടത്തം നിര്‍ത്തി വിശ്രമിക്കാന്‍ ഇടത്താവളങ്ങള്‍ ഉണ്ട്. അട്ടകളെ സൂക്ഷിക്കണമെന്ന് ഇങ്ങോട്ട് പോരുമ്പോള്‍ ആദ്യപഥികര്‍ പറഞ്ഞിരുന്നു. ഒന്നിനെയും കണ്ടില്ല. വഴിയില്‍ നിറയെ വര്‍ണം വിതറി പൂമ്പാറ്റകള്‍. സമയം ഉച്ച തിരിഞ്ഞിരിക്കുന്നു. കൂടെയുള്ളവര്‍ മടങ്ങാമെന്ന് പറയുന്നു. അവരൊക്കെ നടന്നു നടന്നു ക്ഷീണിച്ചിരിക്കുന്നു. തിരികെയുള്ള യാത്ര. ക്ഷീണമില്ലാത്തവരുടെ കൂടെ നിന്നെ കാണാന്‍ ഞാന്‍ ഇനിയും വരും. ഈ താഴ്വര കാണാത്ത കേരളീയന്‍ കേരളത്തിന് ഒരപമാനമാണ് എന്ന് ഞാന്‍ പറയും.