തിഹാറില്‍ വിരിഞ്ഞ താമര
രഞ്ജിത്ത് ശ്രീധര്‍
അഴിമതിക്കൊക്കെ ഒരു നിലയും വിലയുമുള്ള കാലമാണ്. സ്പെക്ട്രം എന്ന കാണാനോ തൊടാനോ പറ്റാത്ത സാധനംകൊണ്ട് ആണ്ടിമുത്തു രാജ നടത്തിയ അഴിമതി എത്രകോടിയുടേത് എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കുമാവതില്ല. കല്‍മാഡി കളിച്ചത് 95 കോടിയുടെ കളി. 11 കൊല്ലം മുമ്പ് ബങ്കാരു ലക്ഷ്മണ്‍ വാങ്ങിയതോ വെറും ഒരു ലക്ഷം. അഴിമതിക്കാര്‍ക്ക് അപമാനമാണ് ബങ്കാരു ലക്ഷ്മണ്‍ വരുത്തിവെച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. നാലുകൊല്ലം ജയിലില്‍ കിടക്കുന്നതു പോരാഞ്ഞിട്ട് ഒരു ലക്ഷം രൂപ പിഴയൊടുക്കുകയും വേണം. കിട്ടിയ കോഴ മുഴുവന്‍ പിഴ. എന്റെ കോഴ, എന്റെ പിഴ എന്ന് കരഞ്ഞുവിളിച്ച് കഴിയുകതന്നെ ഗതി. സനാതനധര്‍മമനുഷ്ഠിച്ച് ജീവിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് എന്നതൊക്കെ ഇനി ചരിത്രം മറക്കും. മാതൃധര്‍മം, പിതൃധര്‍മം, പുത്രധര്‍മം, പുത്രീധര്‍മം, ആചാര്യധര്‍മം, പൌരധര്‍മം എന്നിവയൊക്കെ പാലിച്ചുകൊണ്ടാണ് ഏഴു പതിറ്റാണ്ടായി ജീവിക്കുന്നത്. അതില്‍ പിഴച്ചത് പൌരധര്‍മത്തില്‍ മാത്രം. പൊതുപ്രവര്‍ത്തകനെന്ന പദവി ദുരുപയോഗപ്പെടുത്തി എന്നാണ് കോടതി പറയുന്നത്.
![]() |
|
പാര്‍ട്ടിയില്‍ ബുദ്ധിജീവികള്‍ കുറവായതിനാല്‍ എഴുതുന്നതിന് അവസരം കിട്ടാറുണ്ട്. പാഞ്ചജന്യ, ഓര്‍ഗനൈസര്‍ എന്നീ പ്രസിദ്ധീകരണങ്ങളിലായിരുന്നു എഴുത്ത് പതിവ്. തെലുങ്കുപത്രങ്ങളിലും കാവിരാഷ്ട്രീയത്തിന്റെ താത്ത്വിക പ്രത്യയശാസ്ത്രവിശകലനങ്ങള്‍ എഴുതുമായിരുന്നു. ബി. സുശീലയാണ് ഭാര്യ. നാലു മക്കളുണ്ട്. ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് വാസം. ഒറ്റക്കല്ല, കൂട്ടിന് കുറെപ്പേരുണ്ട്. വി.ഐ.പിമാര്‍ അഥവാ വെരി ഇംപോര്‍ട്ടന്റ് പ്രിസണേഴ്സ്. പക്ഷേ, അവരുടെ മുഖത്തൊക്കെ ഒരു പുച്ഛമില്ലേ എന്ന ഒരു തോന്നല്‍. ഒരു ലച്ചം രൂപ അഴിമതി നടത്തി വയസ്സാന്‍കാലത്ത് വന്നിരിക്കുന്നു എന്നൊരു ഭാവം! |
രാമരാജ്യം ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന പാര്‍ട്ടിയെ ലക്ഷ്മണന്‍ കഷ്ടപ്പെടുത്തിയത് ഒരു പഴയ കഥയാണ്. പുരാണമൊന്നുമല്ല, പത്തുകൊല്ലത്തോളം പഴക്കം കാണും. അത്രയേയുള്ളൂ. കഥയോര്‍ക്കുമ്പോള്‍ ബി.ജെ.പിക്കാര്‍ക്ക് ഇപ്പോഴും സങ്കടം വരും. അഴിമതിക്കറ പുരളാത്ത പാര്‍ട്ടി എന്നൊക്കെ പ്രതിച്ഛായ വളര്‍ത്തിക്കൊണ്ടിരുന്ന സുന്ദരസുരഭിലകാലം. കുപ്പായക്കുടുക്കില്‍ വെക്കാവുന്ന കാമറകൊണ്ടു പിള്ളേര്‍ കളിച്ച കളിയില്‍ കുടുങ്ങിയത് അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍. രാമന്‍ ഒളിയമ്പെയ്ത് ബാലിയെ വധിച്ചു എന്ന ഒരു കഥയുണ്ട് രാമായണത്തില്‍. ഡിജിറ്റല്‍കാലത്ത് ഒളിയമ്പ് ഒളികാമറയാണ്. ഇന്റര്‍നെറ്റ്തലമുറയുടെ ഒളിയമ്പില്‍ വീണത് ബങ്കാരു ലക്ഷ്മണ്‍. കഥ അവിടംകൊണ്ട് തീര്‍ന്നില്ല. ഇനി ഈ 72ാം വയസ്സില്‍ ജയിലില്‍ പോവണം. അഴിയെണ്ണണം. നാലുകൊല്ലം ഇനിയവിടെയിരുന്ന് രാമരാജ്യം സ്വപ്നം കാണാം.
കോഴ തന്ന് പൌരധര്‍മം പിഴപ്പിച്ചവര്‍ ഞെളിഞ്ഞുനടക്കുന്നുണ്ട്. ഒരു സ്യൂട്കേസില്‍ കുറച്ച് നോട്ടുകെട്ടുകള്‍ അടുക്കിവെച്ച് പമ്മിപ്പമ്മി വന്നാല്‍ പ്രതിരോധമന്ത്രാലയം വരെ വിലയ്ക്കു വാങ്ങാവുന്ന കാലമായിരുന്നു അത്. അന്ന് പ്രതിരോധം ഭരിക്കുന്നത് ജോര്‍ജ് ഫെര്‍ണാണ്ടസ്. പഴയ സോഷ്യലിസ്റ് സിംഹം. ലണ്ടനിലെ സാങ്കല്‍പിക ആയുധകമ്പനിയുടെ താപബൈനോക്കുലറുകള്‍ ഇന്ത്യക്ക് വില്‍ക്കുന്നതിനുള്ള ഇടനിലക്കാരായി വേഷം മാറിവന്നത് തെഹല്‍ക്കയുടെ പുലിക്കുട്ടികള്‍. അന്ന് ഭാരതം ഭരിക്കുന്നത് ഭാരതീയ ജനതാപാര്‍ട്ടിയാണല്ലോ. ഭാരതത്തോടുള്ള അഗാധമായ ദേശസ്നേഹവും കൂറും ഭക്തിയും കരകവിഞ്ഞു നില്‍ക്കുന്ന പാര്‍ട്ടി ദേശീയാധ്യക്ഷനെത്തന്നെ അവര്‍ സമീപിച്ചു. സര്‍ക്കാറിന്റെ കരാര്‍ നേടുന്നതിന് സഹായിക്കണം അതാണ് ആവശ്യം. ഉദാരമനസ്കനും വിശാലവീക്ഷണത്തിന്റെ ഉടമയുമായ ബങ്കാരു ലക്ഷ്മണെ കാണുന്നതിനുപോലും പണംകൊടുക്കേണ്ടിവന്നു അപസര്‍പകപത്രക്കാര്‍ക്ക്.
പ്രതിരോധദല്ലാള്‍മാര്‍ ആവശ്യപ്പെട്ടത് 10 ലക്ഷം. ഒരു ലക്ഷം രൂപ തന്നാല്‍ ബങ്കാരുവിന്റെ അടുക്കല്‍ എത്തിക്കാമെന്ന് പറഞ്ഞത് പാര്‍ട്ടി എം.പി സാഹിബ് സിങ് വര്‍മ. അങ്ങനെ എട്ടുതവണ കണ്ടു. കര്‍മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന എന്നാണ് ഗീതയില്‍ പറയുന്നത്. കര്‍മംചെയ്യുക, ഫലം ഇച്ഛിക്കരുത് എന്നര്‍ഥം. അതൊക്കെ അനുസരിച്ച് ജീവിക്കുന്നയാളാണ് എന്നതൊക്കെ ശരിതന്നെ. എന്നുവെച്ച് വെറുംകൈയോടെ എങ്ങനെയാണ് ഒരു സഹായം ചെയ്തുകൊടുക്കുക. അന്ന് 60 കൊല്ലത്തെ ജീവിതപരിചയമുണ്ട് എന്നോര്‍ക്കണം. ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതാവാണ് എന്നൊക്കെ പറഞ്ഞ് ഞെളിഞ്ഞിരുന്ന കാലത്ത് ഈച്ചപോലും തിരിഞ്ഞുനോക്കാതെയാണ് നല്ലകാലം കഴിഞ്ഞുപോയത്. കിട്ടുന്നതുപോരട്ടെ എന്നു വിചാരിച്ചു.പൌരധര്‍മം മറന്നിട്ടല്ല. ഫലം നോക്കാതെ കര്‍മം ചെയ്യണമെന്ന ഗീതാവചനം മറന്നിട്ടല്ല. പുതുവത്സരസമ്മാനമായി ഒരു ലക്ഷം രൂപ സ്വീകരിക്കണം എന്ന് പറഞ്ഞപ്പോള്‍ മനസ്സങ്ങ് ദുര്‍ബലമായിപ്പോയി. മനുഷ്യനല്ലേ. മാലാഖയല്ലല്ലോ. മേശവലിപ്പു തുറന്ന് പണം അതിലേക്കിടുന്ന കാഴ്ച അന്ന് ലോകം മുഴുവന്‍ കണ്ടു. ബാക്കി പണം ഡോളറായിട്ടോ രൂപയിലോ വേണ്ടത് എന്ന ഇടനിലക്കാരുടെ ചോദ്യത്തിന് ഡോളര്‍ മതി എന്ന് വിനീതനായി. 2001 മാര്‍ച്ച് 13ന് ഒളികാമറകളുടെ ഒളിയമ്പേറ്റ് ലക്ഷ്മണ്‍ വീണു.
1939ല്‍ ആന്ധ്രപ്രദേശിലെ മഡിഗ ദലിത് കുടുംബത്തില്‍ ജനനം. ഉസ്മാനിയ സര്‍വകലാശാലയുടെ ഈവനിങ് കോഴ്സിലൂടെ ബി.എ. പിന്നീട് ഹൈദരാബാദില്‍നിന്ന് എല്‍.എല്‍.ബി. 12ാംവയസ്സില്‍ കാക്കിനിക്കറിട്ടു തുടങ്ങിയ കളിയാണ് കാവിരാഷ്ട്രീയം.1958ല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി. 1962ല്‍ റെയില്‍വേയില്‍ ഉദ്യോഗം കിട്ടി. മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 1969ല്‍ ജോലി ഉപേക്ഷിച്ചു.
ട്രേഡ് യൂനിയന്‍ രംഗത്താണ് ആദ്യം കാലുറപ്പിച്ചത്. പല സ്ഥാപനങ്ങളിലും തൊഴിലാളികളെ സംഘടിപ്പിച്ച് പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കി. ജനസംഘം നേതാവായി വളര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസുകാരെ വേട്ടയാടിയ പൊലീസ് ആദ്യം ബങ്കാരുവിനെ അകത്താക്കി. മിസപ്രകാരം ഒന്നരകൊല്ലം ജയിലില്‍ പാര്‍ത്തു. 1986ല്‍ ബി.ജെ.പിയുടെ ആന്ധ്ര പ്രസിഡന്റായി. പട്ടികജാതി മോര്‍ച്ചയുടെ അഖിലേന്ത്യാ പ്രസിഡന്റായി ഏഴുകൊല്ലം. 1991ല്‍ ആന്ധ്രയിലെ നന്ദ്യാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ നേരിടാന്‍ പാര്‍ട്ടി രംഗത്തിറക്കി. എന്നാല്‍, തെരഞ്ഞെടുപ്പുഫലം തിരിച്ചടിയായി. അഞ്ചുലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് റാവു ജയിച്ചു. നോക്കണേ, കാവിനേതാവിന് ജനങ്ങളുടെ പിന്തുണ.
രാജ്യത്തെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം റാവു നേടിയപ്പോള്‍ ബങ്കാരു പാതാളപ്പടവുകളിറങ്ങി. 1996ല്‍ ഗുജറാത്തില്‍നിന്ന് രാജ്യസഭാംഗമായി. അതേവര്‍ഷം അദ്വാനി രാമരാജ്യമുണ്ടാക്കാന്‍ എയര്‍ കണ്ടീഷന്‍ചെയ്ത മോട്ടോര്‍രഥയാത്ര നടത്തിയപ്പോള്‍ ലക്ഷ്മണ്‍ നിഴല്‍പോലെ അനുഗമിച്ചു. വാജ്പേയിക്കും അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സുസമ്മതനായതിനാല്‍ പാര്‍ട്ടിയുടെ അമരത്ത് അവരോധിക്കപ്പെട്ടു. കടിപിടിയും വടംവലിയുമാണ് കസേരക്ക് അവസരമൊരുക്കിയത്; കഴിവല്ല. ബംഗ എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന ബങ്കാരു ലക്ഷ്മണില്‍ വാജ്പേയി കണ്ട ഗുണം അദ്ദേഹം മിതഭാഷിയാണെന്നായിരുന്നു. തെലുങ്കിലും ഇംഗ്ളീഷിലും മാത്രമല്ല ഹിന്ദിയിലും പ്രസംഗിക്കും. അതുകൊണ്ട് പാര്‍ട്ടിയിലെ ഹിന്ദിലോബിയെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞു. പിന്നീട് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി.
പാര്‍ട്ടിയില്‍ ബുദ്ധിജീവികള്‍ കുറവായതിനാല്‍ എഴുതുന്നതിന് അവസരം കിട്ടാറുണ്ട്. പാഞ്ചജന്യ, ഓര്‍ഗനൈസര്‍ എന്നീ പ്രസിദ്ധീകരണങ്ങളിലായിരുന്നു എഴുത്ത് പതിവ്. തെലുങ്കുപത്രങ്ങളിലും കാവിരാഷ്ട്രീയത്തിന്റെ താത്ത്വിക പ്രത്യയശാസ്ത്രവിശകലനങ്ങള്‍ എഴുതുമായിരുന്നു. ബി. സുശീലയാണ് ഭാര്യ. നാലു മക്കളുണ്ട്. ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് വാസം. ഒറ്റക്കല്ല, കൂട്ടിന് കുറെപ്പേരുണ്ട്. വി.ഐ.പിമാര്‍ അഥവാ വെരി ഇംപോര്‍ട്ടന്റ് പ്രിസണേഴ്സ്. പക്ഷേ, അവരുടെ മുഖത്തൊക്കെ ഒരു പുച്ഛമില്ലേ എന്ന ഒരു തോന്നല്‍. ഒരു ലച്ചം രൂപ അഴിമതി നടത്തി വയസ്സാന്‍കാലത്ത് വന്നിരിക്കുന്നു എന്നൊരു ഭാവം!
ജന്മംകൊണ്ട് ദലിതനാണ്. ഒറ്റരാത്രികൊണ്ട് സവര്‍ണനാക്കപ്പെടുന്ന അനുഭൂതിയായിരുന്നു പാര്‍ട്ടി ദേശീയ അധ്യക്ഷനായപ്പോള്‍. ആദ്യദലിത് അധ്യക്ഷന്‍, ആദ്യ ദക്ഷിണേന്ത്യക്കാരന്‍. ദലിതനായ തന്നെ പാര്‍ട്ടിനേതൃത്വം ആട്ടിപ്പുറത്താക്കി എന്നു പറഞ്ഞാണല്ലോ കല്യാണ്‍സിങ് ബി.ജെ.പി വിട്ടുപോയത്. സവര്‍ണപാര്‍ട്ടിയെന്ന പേരുമാറ്റി സാമൂഹിക അടിത്തറ വികസിപ്പിക്കാന്‍ ദലിത് അനുകൂല പ്രതിച്ഛായ വളര്‍ത്തണമെങ്കില്‍ ബങ്കാരുതന്നെ വേണം തലപ്പത്ത് എന്ന് നേതൃത്വം പറഞ്ഞപ്പോള്‍ വര്‍ണാശ്രമധര്‍മങ്ങളില്‍, ചാതുര്‍വര്‍ണ്യത്തിന്റെ തീച്ചൂളയില്‍ എരിഞ്ഞുതീര്‍ന്ന തന്റെ കുലത്തിന്റെ ചരിത്രം പാടേ മറന്നു. ദലിതരെ അടിച്ചമര്‍ത്തുന്ന സവര്‍ണ ഹൈന്ദവ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടുനിന്നു. അതുകൊണ്ട് സവര്‍ണനോ ദലിതനോ മെച്ചമുണ്ടായില്ല എന്ന് പാര്‍ട്ടിയുടെ ചരിത്രകാരന്മാര്‍ സങ്കടത്തോടെ സമ്മതിക്കും.