വീണ്ടും മെസ്സി മാജിക്ക്
എ എന്‍ രവീന്ദ്രദാസ്
2011-12ലെ സ്പാനിഷ് ലീഗ് കിരീടം ചിരന്തനവൈരികളായ റയല്‍ മാഡ്രിഡിന് അടിയറവച്ചെങ്കിലും എഫ്സി ബാഴ്സലോണയുടെ സൂപ്പര്‍താരവും മൂന്നുതവണത്തെ ബാലണ്‍ ഡി ഓര്‍ ബഹുമതിക്കുടമയുമായ സാക്ഷാല്‍ ലയണല്‍ ആന്ദ്രേസ്മെസ്സി 50 ഗോളുകളുടെ ടോപ്സ്കോറര്‍ പദവിയില്‍ തനിക്ക് എതിരാളിയില്ലെന്ന് തെളിയിച്ചിരിക്കുന്നു. ഒപ്പം ബാഴ്സ താരങ്ങളുടെ പ്രിയങ്കരനായ ഗുരുപെപ്പ് ഗ്വാര്‍ഡിയോളയുടെ വിടവാങ്ങലിന് അത് ഉചിതമായ ഉപഹാരവുമായി. ലാലീഗയില്‍ തങ്ങളുടെ അവസാനത്തേതിനു മുമ്പത്തെ മത്സരത്തില്‍ എസ്പാനിയോളിനെ തകര്‍ത്ത നാലു ഗോളും വലയിലാക്കിയ മെസ്സിയെക്കുറിച്ച് ഗ്വാര്‍ഡിയോള പറഞ്ഞതിങ്ങനെ: "എനിക്കാവുന്ന തരത്തില്‍ ഞാന്‍ മെസ്സിയെ സഹായിച്ചു. ഒപ്പം എന്നെ വിശ്വസ്തനായ കോച്ചാക്കി മാറ്റുന്നതില്‍ മെസ്സിയുടെ ബൂട്ടും വലിയ പങ്കുവഹിച്ചു". അതേ, ഫുട്ബോളില്‍ ലയണല്‍ മെസ്സിയുടെയും എഫ്സി ബാഴ്സലോണയുടെയും പെപ്പ് ഗ്വാര്‍ഡിയോളയുടെയും സുവര്‍ണലിപികളിലെഴുതിയ കാലഘട്ടമാണ് കടന്നുപോകുന്നത്.
![]() |
|
ഫുട്ബോളില്‍ സാഹസികതയുടെ അഴകെന്തെന്ന് ലോകം ഉള്‍പ്പുളകത്തോടെ നോക്കിക്കാണുന്ന കളിക്കാരുടെ നിരയിലാണ് ഈ ഇരുപത്തഞ്ചുകാരനും. സ്വന്തം പ്രതിഭകൊണ്ടും ഉള്‍ക്കാഴ്ചകൊണ്ടും മെസ്സി നേടിയ ഒട്ടേറെ ഗോളുകളുണ്ട്. ഇരട്ടയും ഹാട്രിക്കുകളുംകൊണ്ട് സമ്പന്നമായ ആ ഗോള്‍നിധിയില്‍ എന്നും പവിഴമുത്തുപോലെ തിളങ്ങിനില്‍ക്കുന്ന ചില ഗോളുകളുമുണ്ട്. കളി മെനയുന്നവന്റെയും ഗോളടിക്കാരന്റെയും കളിധര്‍മം ഒരാളില്‍ സന്നിവേശിച്ച അസാധാരണ പ്രതിഭയാണ് മെസ്സി. |
സ്പെയിനില്‍ മൂന്നു സീസണായി കാത്തുസൂക്ഷിച്ച കിരീടം കൈവിടേണ്ടിവന്നു. ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനലില്‍ വീണുപോയി. ഇനി പ്രതീക്ഷയുടെ ഏകകണിക സ്പാനിഷ്കിങ്സ് കപ്പാണ്. അങ്ങനെ നേട്ടങ്ങളുടെ കണക്കെടുപ്പില്‍ വരള്‍ച്ചയുടെ വര്‍ഷമാണെങ്കിലും മെസ്സിയുടെ ഗോളടിമികവും സമാനതകളില്ലാത്ത കേളീമികവും ഫുട്ബോളിലെ ബാഴ്സശൈലിയും ഗ്വാര്‍ഡിയോളയുഗവും ചരിത്രാംശമായി മാറുകയാണ്. '54ലെ ഹംഗറിയേക്കാള്‍, '78ലെ ഹോളണ്ടിനേക്കാള്‍, '82ലെ ബ്രസീലിനേക്കാള്‍ സുന്ദരമായ ഫുട്ബോള്‍ ബാഴ്സയുടെ കുടക്കീഴില്‍ അണിനിരന്ന മെസ്സിയും സംഘവും ലോകത്തിനു സമ്മാനിച്ചിരിക്കുന്നു. ഗോള്‍വേട്ടയില്‍ മെസ്സിയോട് ഏതാണ്ട് ഒപ്പത്തിനൊപ്പം മുന്നേറുകയായിരുന്ന റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ്താരം ക്രിസ്റ്യാനോ റൊണാള്‍ഡോയെ ഒടുവില്‍ വള്ളപ്പാട് അകലെ നിര്‍ത്തിയാണ് അര്‍ജന്റീന്‍താരം സീസന്റെ കൊട്ടിക്കലാശത്തിലേക്കു കുതിക്കുന്നത്. കഴിഞ്ഞ സീസണില്‍ എല്ലാ കളികളിലുമായി മൊത്തം 53 ഗോളടിച്ച മെസ്സിക്ക് ഇപ്പോള്‍ സ്പാനിഷ് ലീഗിലെ 50 ഉള്‍പ്പെടെ സീസണില്‍ മൊത്തം 72 ഗോളായി. റൊണാള്‍ഡോ മൊത്തം ഗോളിലും ഏറെ പിന്നിലാണ്. നേരത്തെ മലാഗയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഹാട്രിക് നേടിയ മെസ്സി, 39 വര്‍ഷം പഴക്കമുള്ള യേഡ്മുള്ളറുടെ യൂറോപ്യന്‍ സ്കോറിങ് റെക്കോഡ് സ്വന്തം പേരിലേക്കു മാറ്റിയെഴുതിയിരുന്നു. 197273 സീസണില്‍ ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിച്ചിനുവേണ്ടി ഒരു സീസണില്‍ മുള്ളര്‍ നേടിയ 67 ഗോളുകളുടെ റെക്കോഡാണ് മെസ്സി മാജിക്കിലൂടെ പഴങ്കഥയായത്. എത്ര വലിയ പ്രതിഭയാണെങ്കിലും ഒരുരംഗത്ത് തുടര്‍ച്ചയായി മികവു പ്രകടിപ്പിക്കുകയെന്നത് ദുഷ്കരമാണ്. മെസ്സിയാകട്ടെ ബൂട്ടുകെട്ടി കളിമേടുകളിലിറങ്ങുമ്പോഴൊക്കെ ഉലയിലൂതിയ പൊന്നുപോലെ തന്റെ കഴിവും കരുത്തും സ്ഫുടംചെയ്തെടുക്കുകയാണ്.
ഫുട്ബോളില്‍ സാഹസികതയുടെ അഴകെന്തെന്ന് ലോകം ഉള്‍പ്പുളകത്തോടെ നോക്കിക്കാണുന്ന കളിക്കാരുടെ നിരയിലാണ് ഈ ഇരുപത്തഞ്ചുകാരനും. സ്വന്തം പ്രതിഭകൊണ്ടും ഉള്‍ക്കാഴ്ചകൊണ്ടും മെസ്സി നേടിയ ഒട്ടേറെ ഗോളുകളുണ്ട്. ഇരട്ടയും ഹാട്രിക്കുകളുംകൊണ്ട് സമ്പന്നമായ ആ ഗോള്‍നിധിയില്‍ എന്നും പവിഴമുത്തുപോലെ തിളങ്ങിനില്‍ക്കുന്ന ചില ഗോളുകളുമുണ്ട്. കളി മെനയുന്നവന്റെയും ഗോളടിക്കാരന്റെയും കളിധര്‍മം ഒരാളില്‍ സന്നിവേശിച്ച അസാധാരണ പ്രതിഭയാണ് മെസ്സി. കളിക്കളത്തിലെ ഏറ്റവും കുഞ്ഞനായ ഈ കളിക്കാരന്‍ ഒത്താശചെയ്തതും നേടിയും വെറും ഗോളുകളായിരുന്നില്ല. എല്ലാം വിയര്‍പ്പുചിന്തി നേടിയ നിസ്തുലമായ ഫുട്ബോള്‍ സൃഷ്ടികളായിരുന്നു. ചെറുപ്പക്കാരനായ ഈ താരത്തിനു മുന്നില്‍ കാലം ഇനിയും ബാക്കി. എന്നാല്‍ മെസ്സിയുടെ നേട്ടങ്ങളെല്ലാം ക്ളബ് ഫുട്ബോളിലാണ്. അര്‍ജന്റീനയ്ക്കായി ലോകകിരീടം സ്വന്തമാക്കിയ ഒരു സമ്പൂര്‍ണ ഫുട്ബോളര്‍ എന്ന നിലയില്‍ മെസ്സിയുടെ നിയോഗം പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.