ഒരു വേനലിന്റെ ചൂടില്‍
ബൈജു ആവള
വാക്ക് പെറ്റുപെരുകുന്നിടത്താണ്
ഞാന്‍ ബ്ളേഡിനേക്കാള്‍
മൂര്‍ച്ചകണ്ടത്.
വന്യമായ
കൊമ്പുളികള്‍ക്കിടയില്‍ നിന്നും
ബ്ളേഡ് കരഞ്ഞു;
ക്രൂരം മൃഗീയം പൈശാചികം
മനുഷ്യത്വരഹിതം
'ചത്തത് കീചകനെങ്കില്‍
കൊന്നത് ഭീമന്‍ തന്നെ'
പഴിചാരി പറയുന്ന
മരവാഴക്കുഞ്ഞുങ്ങള്‍
അറിഞ്ഞ് കാണില്ല
വേരകലങ്ങളിലെ ചന്ദനപ്പെരുമ
സുഗന്ധം പരത്തുന്ന
ചില്ലക്കൂടുകളില്‍
കുയിലുകള്‍ മുട്ടയിട്ട്
പറന്ന് പോവും
ഇലകള്‍ നിറഞ്ഞ
മരക്കൊമ്പിനെ
ചുറ്റിപുണര്‍ന്ന
ഇത്തില്‍കണ്ണികള്‍
കടവേരറുക്കുന്നതിന്റെ
ആലോചനയിലാണ്
കാലക്രമേണ...ക്രമേണ...
കാക്ക, കുയിലിനെ
കൊത്തിമാറ്റും
ഇത്തില്‍കണ്ണി
പച്ചപ്പ് ഊറ്റിക്കുടിച്ച്
കടവേരുണക്കും
ആയിരം പൌര്‍ണമി രാത്രികള്‍
ആയിരം പൂര്‍ണചന്ദ്രന്‍മാര്‍
എല്ലാം ഒരു വീഴ്ചയില്‍
കാണാതാവും
നിലഞ്ചേര്‍ന്നമരുന്ന
ശിഖരങ്ങളെ നോക്കി
അടുത്ത മരക്കൊമ്പിലിരുന്ന്
കുയിലുകള്‍
കളിയാക്കി പാടും
മരം വീണേ...
മരം വീണേ...
മരം
നാല് ദിക്കില്‍ നിന്നും
ദിശനോക്കാതെ
പാഞ്ഞടുക്കുന്ന കാറ്റുകള്‍
തമ്മിലേറ്റുമുട്ടി
ഒരു സ്ഫോടനം
സ്ഫോടനത്തില്‍
തകര്‍ന്ന് തരിപ്പണമാകുന്ന
ഇത്തില്‍ കണ്ണിയും
മരവാഴ കുഞ്ഞുങ്ങളും
അവസാനമെന്തോ
പറഞ്ഞിരുന്നു
അത് ശൂന്യതയില്‍
അലിഞ്ഞ് തീരും
തീര്‍ച്ച.
ഒരു വേനലിന് ശേഷം
പുതുമണ്ണില്‍ ഉരഗങ്ങള്‍
വള്ളിത്തിരുളുകളായ്
കുഴഞ്ഞാടി
ശല്‍ക്കം ഉരിഞ്ഞ
പാമ്പിനെപ്പോലെ
മരം മഴയില്‍
കുളിച്ച് നിന്നു
മഴതോര്‍ന്നു
പക്ഷെ, മരം
പെയ്തുകൊണ്ടേയിരിക്കുന്നു
പച്ചപ്പ് ഊറ്റിക്കുടിച്ച
ഇത്തില്‍ കണ്ണികള്‍
വേരുകളാഴ്ത്തി
ഇക്കിളിപ്പെടുത്തിയ
മരവാഴകുഞ്ഞുങ്ങള്‍
ഇവര്‍ക്കറിയില്ലല്ലോ
ചോരമണക്കുന്ന മണ്ണിലെ
മരവേരിന്റെ ആഴം
മണ്ണിന്റെ മുറിവും
ആഴവുമറിഞ്ഞ ബ്ളേഡ്
പിന്നെയും പിന്നെയും
മുറുമുറുത്തു
ക്രൂരം മൃഗീയം
പൈശാചികം
മനുഷ്യത്വരഹിതം
ചില്ലക്കൊമ്പുകളില്‍
വീണ്ടും കൂടൊരുക്കുന്ന കാക്ക
ഉറക്കെ വിളിച്ച് പറയുന്നു
സത്യമേവ ജയതേ...
സത്യമേവ ജയതേ....

പാതി(രാ) ജീവിതങ്ങള്‍
എം ആര്‍ അനില്‍കുമാര്‍
അധികമാരുമില്ലാത്ത
അരണ്ട ബാറുപോലുണ്ടതിശീതമായ്
പാതിരാത്രി
(നിശീഥിനിയെന്ന് പഴയകവികള്‍)
മേഘവസ്ത്രസുതാര്യതയ്ക്കുള്ളില്‍
മുലയുലച്ചാടുകയാണ്
മദാലസ നീല നഗ്നചന്ദ്രിക
ഒരു പെഗ്ഗ് ഹണീബിയിലേയ്ക്ക്
വഴുതിവീണുപോകുന്നുണ്ട്
ഐസ്ക്യൂബു പോലൊരു കൊള്ളിമീന്‍
പാതയോരങ്ങളില്‍
പ്രവാചകരെ വഴിതെറ്റിക്കുന്ന
പിഴച്ച നക്ഷത്രങ്ങള്‍
മത്തുപിടിച്ചിട്ടാവണം
കിഴവന്‍ മരങ്ങള്‍ നിന്നിടത്തു നിന്നാടുന്നു
കാറ്റ് തോളില്‍ കൈയ്യിട്ട്
മരങ്ങളെ വീഴാതെ ചുറ്റിപ്പിടിക്കുന്നു
തെരുവിനപ്പുറത്ത്
പെറുതികെട്ട പെണ്ണിനെപ്പോലൊരു
പട്ടിയുണ്ട്, കലിമൂത്ത്
നിര്‍ത്താതെ കുരച്ചുകൊണ്ടിരിക്കുന്നു
വിജനതയില്‍
ആരോടെന്നില്ലാതെ
ആര്‍ക്കുവേണ്ടിയുമല്ലാതെ..
വല്ലാത്തൊരലര്‍ച്ചയില്‍
മദ്യപന്‍
കഥകളിക്കാരനായ്
വിചിത്രമാം പദങ്ങളാടുന്നു,
ചുവടു തെറ്റി വീഴുന്നു,
ചുറ്റിലും ഹാസ്യമുല്‍ഭവിക്കുന്നു,
പല്ലുകള്‍ പരിഹാസപൂര്‍വം നുറുങ്ങിച്ചിരിക്കുന്നു.
വേച്ചു വേച്ചിഴയും നിഴലിന്‍
വിറയാര്‍ന്ന വിരലുകള്‍
വീട്ടുചുമരിന്മേല്‍
സ്വിച്ചിന്മേല്‍
തബല വായിക്കുന്നു…
അപരിചിത വിരല്പര്‍ശമേറ്റ പെണ്ണിനേപ്പോല്‍
ബള്‍ബുകള്‍ ഞെട്ടിയുണരുന്നു
ഇരുള്‍
ഭയപ്പെട്ട്
തുണിവാരിയെടുത്ത്
പിന്നാമ്പുറത്തേയ്ക്കോടി മറയുന്നു
ഉള്ളില്‍ നിന്നൊരു വെളിച്ചം
പിറുപിറുത്തുകൊണ്ട്
മുടിയും മുലയും കെട്ടിവെച്ചെഴുന്നേല്‍ക്കുന്നു
ഒരു ശാപഗന്ധത്തോടെ
വാതില്‍പാളികള്‍
രണ്ടായ് പിളര്‍ന്ന്
ഒരുവള്‍ മരം പോലെ
പുറത്തേയ്ക്ക് തലനീട്ടി നില്‍ക്കുന്നു
അവളുടെ ഇലകളില്‍
മര്‍മ്മരം ചുഴലിചുറ്റിത്തിരിയുന്നു
അവളുടെ കണ്ണുകളില്‍
ഒരു പാതിരാ (കോപ)സൂര്യന്‍ ജ്വലിക്കുന്നു
ഇനിയാണ്
അതിവിലോല ലോലമായ്
അവളുടേയും പുനരവന്റെയും
പാതി(രാ) ജീവിതം.

ഹസ്ന എന്ന വണ്ടി
ഹരിശങ്കര്‍ കര്‍ത്ത

മുടന്തനായൊരു മദ്യപാനിക്കിഴവന്റെ അസഹനീയ സാന്നിദ്ധ്യം.
നിന്റെ ഏറ്റവും മികച്ച വസ്ത്രം പോലും എന്നെ രസിപ്പിക്കുന്നില്ല.
നിന്റെ ശരീരമാണെനിക്ക് പഥ്യം.
അതുകൊണ്ടാണ് കടന്ന് ചെല്ലാവുന്ന മുറികളിലേക്കെല്ലാം
അവസരങ്ങള്‍ മുതലാക്കി ഞാനോടി കയറുന്നത്.
പക്ഷെ
നിന്റെ മജ്ജയോളം എത്താത്തതിനാല്‍ എന്റെ അഭിലാഷമെത്ര ശപ്തമാണ്.
നിന്റെ ചുണ്ടുകള്‍ക്ക് എന്റെ ചുണ്ടുകളെ ഓര്‍മ്മ കാണുമോ?
നിന്റെ ശരീരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരത്തെ
കലാപത്തിലൂടെ അട്ടിമറിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
നമ്മള്‍ വിമോചനപ്രണയശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ലല്ലോ.
ഞാന്‍ കെട്ടുന്നതിനെ പറ്റിയും നീ മുറുക്കി കെട്ടുന്നതിനെ പറ്റിയും
സിദ്ധാന്തങ്ങള്‍ ചുട്ടെടുക്കുന്നു. അടവുകള്‍ മെനയുന്നു. തമ്മിലിടയുന്നു.
പൊരുതി ജയിച്ച് പൊരുത്തപെടാനാകാതെ നില്‍ക്കുമ്പോള്‍
നനവുമ്മ കാച്ചി പോട്ട് പോട്ടെന്ന് ജപിച്ച്
തീര്‍ത്ഥാടനകുതുകികള്‍ ആകുന്നു.
എത്ര കൃത്രിമമായാണ് ഞാന്‍ ഇതൊക്കെ മൊഴിഞ്ഞു കൂട്ടുന്നത്.
എന്റെ അപൂര്‍ണ്ണതയ്ക്ക് നേരെ ഈ വരികള്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്നു,
നീ അടുത്തുണ്ടായിരുന്നുവെങ്കില്‍ ഒരു വഴക്കടിച്ച് രക്ഷപെടാമായിരുന്നു.
'ഓശാനാ ഓശാനാ അത്യുന്നതങ്ങളില്‍ ഓശാനാ...’
(ഇമ്മാനുവേല്‍ പള്ളി, പൈപ്പ് ലൈന്‍)
നീ അത്യുന്നതങ്ങളിലേക്കുള്ള ഏണിപ്പടികള്‍ അല്ലെങ്കിലെന്ത്?
എനിക്കിങ്ങനെ ഉപമകളും വര്‍ണ്ണത്തിലാശങ്കകളും
ഒക്കെ വേണമെന്ന് തോന്നുകയാണ്
പക്ഷെ, ചിഹ്നനിഷേധിയായൊരു നീണ്ടവരിയില്‍ കുടുങ്ങി
നമ്മുടെ പിറക്കാനിരിക്കുന്ന സ്നേഹകോപ്പരാട്ടികളെ
കാണാനാര്‍ത്തി പൂണ്ട്, വിരലുകളാല്‍ ഹൃദയം തൊലിച്ച്
നോക്കുകയാണല്ലോ ഞാന്‍
(ഹബ്ബ്)
എനിക്ക് മതി ഉദിക്കുന്നില്ല കഴ മുടിയുന്നില്ല.
മൂവാറ്റുപുഴയിലേക്കൊഴുകുന്ന വണ്ടികളോട് ചൊരുക്ക് തോന്നുന്നു.
എന്റെ വിരലുകള്‍ ഒരു തന്ത്രിവാദ്യത്തില്‍ തുള്ളിക്കളിക്കുന്ന കുട്ടിപ്പാവാടക്കാരിയാണെന്നൊക്കെയങ്ങ് തോന്നുമ്പോള്‍
പച്ച നിറമുള്ള വണ്ടി മുരളുകയും നിന്നെപ്പോലെ അതും
ഇഷ്ടമുള്ള ഒരിടത്തേക്ക് കൊണ്ട് പോകാം എന്നു വാഗ്ദാ!നം ചെയ്യുന്നു.
ഞാനീ ഭാരത്തോടൊപ്പം വീടെത്താനായാസപ്പെട്ടാ!ഞ്ഞ്
ആ അവസരത്തെ കൊന്ന് കൊലവിളിക്കുന്നു.
ആ കൊലവിളിയെന്നെ പേടിപ്പിക്കുന്നെടി.
പക്ഷെ, അതിനെ ഞാന്‍ മറികടക്കുന്നു
ആ വണ്ടിയില്‍ ഞാന്‍ കടന്നിരുന്നു കഴിഞ്ഞു.
(കുംഭമാസത്തിലെ ഉത്രം, 1187).

Comments
RSS feed for comments to this post