യുദ്ധഭ്രാന്തനെതിരെ ഉണര്‍ന്നിരിക്കുക
സീതാറാം യച്ചൂരി
![]() |
|
ഇന്ന് നമ്മള്‍ അരുതെന്ന് പറഞ്ഞില്ലെങ്കില്‍ നാളെ നമുക്ക് വേണ്ടി അരുതെന്ന് പറയാന്‍ ആരുമുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം ഇന്ത്യന്‍ ഭരണാധികാരികള്‍ മനസിലാക്കണം. അതുള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണമാവണം ഇന്ത്യ നടത്തേണ്ടത്. കൂടാതെ എല്ലാ മനുഷ്യസ്‌നേഹികളും അമേരിക്കയുടെ തെമ്മാടിത്തത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധിക്കണം. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ സഖാക്കളും സുഹൃത്തുക്കളും അമേരിക്കന്‍ യുദ്ധക്കൊതിയെ തുറന്ന് കാട്ടണം. അമേരിക്കയുടെ രക്തപങ്കിലമായ ചരിത്രത്തെ പറ്റി മറ്റുള്ളവരോട് സംസാരിക്കണം. നമുക്കിനി യുദ്ധം വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കണം. നമ്മള്‍ ശാന്തിപാലകരാണ്. നമുക്ക് യുദ്ധം വേണ്ട. |
മധ്യപൗരസ്ത്യദേശം എണ്ണ സമൃദ്ധമായ പ്രദേശമാണ്. അവിടെ എണ്ണയ്ക്ക് തീപിടിച്ചാല്‍ എന്തു സംഭവിക്കുമെന്നു പ്രവചിക്കാന്‍ പ്രയാസമാണ്. 1929ലെ പൊതുസാമ്പത്തികക്കുഴപ്പമാണ് രണ്ടാംലോക മഹായുദ്ധത്തിലേക്ക് ലോകത്തെ വലിച്ചിഴച്ചത്. അതിന്റെ കെടുതി ലോകം വേണ്ടത്ര അനുഭവിച്ചുകഴിഞ്ഞു. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സ്വാഭാവികമായും പോറലേറ്റിട്ടില്ല. സോവിയറ്റ് യൂണിയന് കനത്ത നഷ്ടം അനുഭവിക്കേണ്ടിയും വന്നു. സോവിയറ്റ് യൂണിയന്‍ വളര്‍ത്തിയെടുത്തതിന്റെ മൂന്നിലൊന്നും നശിച്ചുപോയി. എങ്കിലും ഹിറ്റ്‌ലറെ പരാജയപ്പെടുത്തി.
ഹിറ്റ്‌ലറുടെ ആത്മഹത്യയിലാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്. അമേരിക്കയുടെ മേധാവിത്വം ഉറപ്പിക്കാനാണ് ഹിരോഷിമയിലും നാഗസാക്കിയിലും സമാധാനപരമായ അന്തരീക്ഷത്തില്‍ ആറ്റംബോംബ് വര്‍ഷിച്ച് വരും തലമുറയ്ക്കുകൂടി നാശം വിതച്ചത്. ഹിരോഷിമയും നാഗസാക്കിയും ഇന്നും കരയുന്നു. യുദ്ധങ്ങള്‍ സമ്മാനിക്കുന്നതും അവശേഷിപ്പിക്കുന്നതും കണ്ണീരുമാത്രമാണല്ലൊ.
സാമ്രാജ്യത്വത്തിന്റെ കൂടപ്പിറപ്പാണ് യുദ്ധം. അമേരിക്കന്‍ ഐക്യനാടുകളുടെ സ്വഭാവംതന്നെ യുദ്ധ സമ്പദ് വ്യവസ്ഥയുടേതാണ്. അവിടെ നിര്‍മിക്കുന്ന ആയുധങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളംവേണം. യുദ്ധസാമഗ്രികള്‍ വിറ്റഴിക്കണമെങ്കില്‍ യുദ്ധഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല, ആയുധശേഷി ഉപയോഗപ്പെടുത്തിയുള്ള പിടിച്ചടക്കലും നടക്കണം. കോളനിവ്യവസ്ഥ അവസാനിച്ചതോടെ കമ്പോളം തേടിയുള്ള പരക്കംപാച്ചിലിലാണ് അമേരിക്ക.
യുദ്ധത്തിന് വസ്തുനിഷ്ഠമായ ഒരു കാരണവും വേണ്ട. കാരണം സൃഷ്ടിക്കാന്‍ അക്രമികള്‍ക്കറിയാം. നവകൊളോണിയല്‍ വ്യവസ്ഥയാണല്ലോ കോളനിവാഴ്ചയ്ക്ക് പകരമായി സാമ്രാജ്യത്വം കണ്ടെത്തിയത്. അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിച്ചത് ബിന്‍ലാദനെ ഒളിപ്പിച്ചെന്നാരോപിച്ചാണ്. ബിന്‍ലാദന്‍ അമേരിക്കയുടെ സൃഷ്ടിയാണ്. താലിബാന്‍ തീവ്രവാദികളെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണം അട്ടിമറിക്കാന്‍ സമര്‍ഥമായുപയോഗിച്ചതും അമേരിക്കയാണ്. അമേരിക്കയുടെ വിക്രിയകള്‍ വിവരിച്ചാലും വിവരിച്ചാലും തീരില്ല. ആയുധകച്ചവടത്തിന്റെയും വില്‍പ്പനയുടെയും രാഷ്ട്രീയം ആയുധം ഉപയോഗിക്കാനുള്ള യുദ്ധത്തിന്റെ രാഷ്ട്രീയം കൂടിയാണ്. അമേരിക്ക സമം യുദ്ധം എന്ന് എഴുതി ചേര്‍ക്കാന്‍ സമയമതിക്രമിച്ചു.
ഇറാഖിന്റെ കൈവശം മനുഷ്യരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശേഷിയുള്ള ആയുധമുണ്ടെന്നായിരുന്നു അമേരിക്കയുടെ ആരോപണം. സദ്ദാംഹുസൈന്‍ ആ ആരോപണം നിഷേധിച്ചു. ഐക്യരാഷ്ട്രസഭ അന്വേഷണസംഘത്തെ നിയോഗിച്ചു. മനുഷ്യരാശിയെ കൊന്നൊടുക്കാനുള്ള ആയുധങ്ങള്‍ ഇറാഖില്‍ ഇല്ലെന്നു കണ്ടെത്തി. എന്നാല്‍, സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് അമേരിക്ക തള്ളുകയാണുണ്ടായത്. അങ്ങനെയാണ് രക്തചൊരിച്ചിലിലേക്ക് പോയത്. ഇറാഖില്‍ രണ്ടാഴ്ചയ്ക്കകം സമാധാനം സ്ഥാപിക്കുമെന്ന് വീമ്പിളക്കിയ ബുഷിനും ഒബാമയ്ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവിടെ സമാധാനം സ്ഥാപിക്കാനായില്ല.
ഇറാക്കില്‍ വംശീയകലാപം ഇളക്കിവിട്ടതും സുന്നി-ഷിയ തര്‍ക്കം കുത്തിപ്പൊക്കിയതും അമേരിക്കയാണ്. ഇറാഖിനെ ആയുധശക്തി ഉപയോഗിച്ച് കീഴ്‌പ്പെടുത്തുമ്പോള്‍ ഒരു കണ്ണ് ഇറാനുനേരെ തുറന്നുവെച്ചിരിക്കയായിരുന്നു അമേരിക്ക. മതനിരപേക്ഷ രാഷ്ട്രമായ, ഉറച്ച സാമ്രാജ്യത്വ വിരുദ്ധ സമീപനം സ്വീകരിച്ച ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെക്കൂടി അട്ടിമറിക്കാനുള്ള അജന്‍ഡയാണ് ഇപ്പോള്‍ ഒബാമയ്ക്കുള്ളത്. സിറിയ രാസായുധം ഉപയോഗിച്ചെന്നാണ് പുതിയ ആരോപണം.
അസദ് സംശയത്തിനിട നല്‍കാത്ത രീതിയില്‍ സ്പഷ്ടമായി രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. സിറിയ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് റഷ്യയും പറയുന്നു. രാസായുധം പ്രയോഗിച്ചത് അമേരിക്കയുടെ പിന്തുണയോടെ അസദ് ഭരണം അട്ടിമറിക്കാന്‍ കുറച്ചുകാലമായി കലാപം നടത്തുന്ന വിമതസേനയാണ്്. അതിന് മതിയായ തെളിവുകളുമുണ്ട്. ഇതൊന്നും സാമ്രാജ്യത്വ കഴുകന്മാര്‍ക്ക് ബോധ്യമാകാഞ്ഞിട്ടല്ല. അമേരിക്കയ്ക്ക് സിറിയയില്‍ കടന്നുകയറാനുള്ള വെമ്പല്‍ അടക്കി നിര്‍ത്താന്‍ പറ്റാത്തതുകൊണ്ടാണ്.
ഇപ്പോള്‍ ലോകസമാധാനം എന്നത് ഒരിക്കല്‍ക്കൂടി മാനവരാശിയുടെ മുന്നില്‍ തിളങ്ങുന്ന അജന്‍ഡയായി രംഗപ്രവേശം ചെയ്തിരിക്കുന്നു. അമേരിക്കയുടെ യുദ്ധക്കൊതി ലോകത്തിന് വല്ലാതെ ഭീഷണിയാവുന്നു. ഇന്ന് നമ്മള്‍ അരുതെന്ന് പറഞ്ഞില്ലെങ്കില്‍ നാളെ നമുക്ക് വേണ്ടി അരുതെന്ന് പറയാന്‍ ആരുമുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം ഇന്ത്യന്‍ ഭരണാധികാരികള്‍ മനസിലാക്കണം. അതുള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണമാവണം ഇന്ത്യ നടത്തേണ്ടത്. കൂടാതെ എല്ലാ മനുഷ്യസ്‌നേഹികളും അമേരിക്കയുടെ തെമ്മാടിത്തത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധിക്കണം. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ സഖാക്കളും സുഹൃത്തുക്കളും അമേരിക്കന്‍ യുദ്ധക്കൊതിയെ തുറന്ന് കാട്ടണം. അമേരിക്കയുടെ രക്തപങ്കിലമായ ചരിത്രത്തെ പറ്റി മറ്റുള്ളവരോട് സംസാരിക്കണം. നമുക്കിനി യുദ്ധം വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കണം.
നമ്മള്‍ ശാന്തിപാലകരാണ്. നമുക്ക് യുദ്ധം വേണ്ട..