ചുവപ്പ് നിറയുന്ന നേരം
മീര
![]() |
|
അതൊരു വെറും സ്വപ്നമായിരുന്നു. ഉറങ്ങിയും ഉണര്‍ന്നും കണ്ടുതീര്‍ത്തതോ പാതിമുറിഞ്ഞുപോയതോ ആയ അനേകം സ്വപ്നങ്ങളില്‍ ഒന്നുമാത്രം. പക്ഷെ, മറവിയുടെ ചവറ്റുകൂനയിലുപേക്ഷിയ്ക്കാന്‍ നോക്കിയിട്ടും അത് അവിടെക്കിടന്നുകൊണ്ട് തന്നെ അയാളുടെ ഹൃദയത്തിലേയ്ക്കിടക്കിടെ കുരുക്കെറിഞ്ഞ് കൊളുത്തിവലിച്ചുകൊണ്ടിരുന്നു. കുതറിമാറാനാവാതെ ഹൃദയം അര്‍ദ്ധസമ്മതത്തോടെ അടിപ്പെട്ടുമിടിച്ചു. |
ഒരു ചിത്രകാരന്റെ മുറിയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ സ്വയം സജ്ജീകരിയ്ക്കപ്പെട്ടതുപോലെ, പുറം തോടങ്ങിങ്ങ് അടര്‍ന്ന ഭിത്തികളില്‍ അഴുക്കും ഉപയോഗിച്ചുപേക്ഷിച്ചുപോയ ജീവിതങ്ങളുടെ വിരല്‍പ്പാടുകളും ചേര്‍ന്ന് പലജാതി ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിരുന്നു. ഒഴുകുന്ന കാലത്തിലേയ്ക്ക് തുറന്നുവെച്ച ഒരൊറ്റക്കണ്ണ് പോലെ മുറിയുടെ ജനാല, നഗരത്തിന്റെ ചലനാത്മകതയിലേയ്ക്ക് സദാ തുറന്നുവെച്ചിരുന്നു. ചിതറിക്കിടക്കുന്ന സാധനസാമഗ്രികളും ചിതലരിച്ചുതുടങ്ങിയ അനേകം പുസ്തകങ്ങളുടെ ഒരലമാരിയും അവിടെ കാണപ്പെട്ടു. രണ്ട് തുരുമ്പിച്ച ഇരുമ്പുപെട്ടികളും കാലിളകിയ ഒരു ബെഞ്ചും ഒരു ചാരുകസേരയും ഉള്‍പ്പെട്ട ആ മുറിയില്‍ പഴക്കം തട്ടാത്തതായി തോന്നിപ്പിച്ചത് കടുത്ത നിറങ്ങളടങ്ങിയ കുറച്ച് ചായക്കുപ്പികളും ഏതാനും ബ്രഷുകളും മാത്രമായിരുന്നു. ഏതോ വലിയ ഗൃഹത്തിന്റെ തട്ടിന്‍പുറത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ആ മുറിയ്ക്ക് ചായങ്ങള്‍ ചാലിയ്ക്കുന്ന എണ്ണയുടെ തീക്ഷ്ണഗന്ധമായിരുന്നു.
രാവിലത്തെ പതിവു കാലിച്ചായക്ക് ശേഷം മേല്‍പറഞ്ഞവിധം വിമൂകതയുടെ ഉടുപ്പിട്ട് അയാള്‍ ചാരുകസേരയില്‍ ചാഞ്ഞു കിടന്നു. നോട്ടം പുറത്തേയ്‌ക്കെന്ന് തോന്നിയ്ക്കും വിധം ശൂന്യതയിലെ ഏതോ ബിന്ദുവിലേയ്ക്ക് കോര്‍ത്തുകെട്ടിക്കിടന്നു.
അതൊരു വെറും സ്വപ്നമായിരുന്നു. ഉറങ്ങിയും ഉണര്‍ന്നും കണ്ടുതീര്‍ത്തതോ പാതിമുറിഞ്ഞുപോയതോ ആയ അനേകം സ്വപ്നങ്ങളില്‍ ഒന്നുമാത്രം. പക്ഷെ, മറവിയുടെ ചവറ്റുകൂനയിലുപേക്ഷിയ്ക്കാന്‍ നോക്കിയിട്ടും അത് അവിടെക്കിടന്നുകൊണ്ട് തന്നെ അയാളുടെ ഹൃദയത്തിലേയ്ക്കിടക്കിടെ കുരുക്കെറിഞ്ഞ് കൊളുത്തിവലിച്ചുകൊണ്ടിരുന്നു. കുതറിമാറാനാവാതെ ഹൃദയം അര്‍ദ്ധസമ്മതത്തോടെ അടിപ്പെട്ടുമിടിച്ചു.
അനേകം കാലടികള്‍ നിത്യം ചവിട്ടിക്കടന്നുപോവുന്ന വഴിയോരത്ത് അടര്‍ന്ന് വീണ് നിശ്ചലമായിക്കിടക്കുന്ന കരിയില, പെട്ടെന്ന് വീശിയ ഒരു കാറ്റില്‍ ചുറ്റിത്തിരിഞ്ഞ് പച്ചയിലേയ്ക്കുയരുന്നതുപോലെ നിമിഷനേരം കൊണ്ടയാള്‍ നിശ്ചലതയില്‍ നിന്ന് തിടുക്കപ്പെട്ടുണര്‍ന്നു.
“വരയ്ക്കണം., എനിക്കവളെ ക്യാന്‍വാസില്‍ പകര്‍ത്തണം!”
അറിയാതെ ഉയര്‍ന്ന ആത്മഗതത്തിന്റെ അകമ്പടിയോടെ, മനസ്സിലുടക്കിയ ഒരു സ്വപ്നത്തിന്റെ മാസ്മരികത ചോര്‍ന്നുപോകും മുന്നെ ഒപ്പിയെടുക്കാന്‍ തത്രപ്പെട്ട് അയാള്‍ ബ്രഷുകള്‍ പരതിയെടുത്ത് ചായക്കൂട്ടുകള്‍ ഒരുക്കാന്‍ തുടങ്ങി. രൂപപ്പെടാത്ത ചിത്രത്തിന്റെ അനാഥത്വത്തെ പ്രതിഫലിപ്പിച്ച് അയാള്‍ക്ക് മുന്നില്‍ ക്യാന്‍വാസ് വിളര്‍ത്തുകിടന്നു.
അവ്യക്തരൂപങ്ങളും, ശോഷിച്ച മുഖങ്ങളും എന്നോ രൂപം കൊടുത്ത് തെരുവിലേയ്ക്കിറക്കിവിട്ട അനാഥബിംബങ്ങളും ചേര്‍ന്ന് അകാരണമായി ബഹളം കൂട്ടി കലഹത്തില്‍ കലാശിയ്ക്കുന്ന അയാളുടെ പതിവ് ദു:സ്വപ്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒന്ന്! സ്വപ്നത്തില്‍ നഗരത്തിലെ പേരെടുത്ത സ്വകാര്യസ്ഥാപനത്തിന്റെ മുകളിലത്തെ ഏതോ നിലയിലായിരുന്നു അയാള്‍. ലിഫ്റ്റില്‍ നിന്നിറങ്ങി അമ്പരപ്പോടെ കടന്ന് ചെന്നു. ചില്ലു ചുമരുകളുള്ള മുറിയുടെ ശീതീകരിച്ച മൗനത്തിലലിഞ്ഞ് അവള്‍! ഇളം ചുവപ്പ് ചായമണിഞ്ഞ ചുണ്ടുകളില്‍ സ്‌ട്രോ ചേര്‍ത്ത് ഓറഞ്ച് നിറമുള്ള ശീതളപാനീയം നുണഞ്ഞിരിയ്ക്കുകയായിരുന്നു അവളപ്പോള്‍. മുന്നിലെ ചില്ലുമേശമേല്‍ ഇളം റോസ് നിറമുള്ള വലിയ പൂക്കള്‍ തിക്കിത്തിരക്കി നിറഞ്ഞ് പൂത്തുലഞ്ഞ് നില്‍ക്കുന്ന ഒരു ബോണ്‍സായ്മരം. ഒരു ചിത്രത്തിലെന്നപോലെ പരിസരത്തിലിഴുകിച്ചേര്‍ന്ന് മറ്റൊരു പുഷ്പം പോലെ മഞ്ഞ നിറമുള്ള വസ്ത്രമണിഞ്ഞ് കടല്‍ക്കണ്ണുകളോടെ അവള്‍!
സ്വപ്നത്തിന്റെ ബാക്കി ഭാഗത്തെക്കുറിച്ചോര്‍ക്കുന്നതിന് പകരം കണ്ണില്‍ വീണ്ടും തെളിഞ്ഞുകിട്ടിയ ആ ചിത്രപ്രതലത്തിന്റെ വശ്യത അപ്പാടെ പകര്‍ത്താനുള്ള വെമ്പലാണ് അയാളെ അപ്പോള്‍ നയിച്ചത്.
അടച്ച വാതിലിനപ്പുറത്തേയ്ക്കുള്ള ഒറ്റജനാലയുടെ കാഴ്ചയിലപ്പോള്‍ തെരുവില്‍ തിരക്ക് പിടിയ്ക്കാന്‍ തുടങ്ങിയിരുന്നു. ചീറിപ്പായുന്ന വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങളും ഇരമ്പവും മുറുകി മുറുകി, നേരത്തേ അനുഭവപ്പെട്ടിരുന്ന ഇടവിട്ട നേര്‍ത്ത നിശബ്ദതപോലും കീറിമുറിയ്ക്കപ്പെട്ടിരിയ്ക്കുന്നു. റോഡിന് മറുവശത്ത്, കൈയില്‍ ഊന്നുവടിയും കറുത്തകണ്ണടയുമായി ഒരു വൃദ്ധന്‍ റോഡ് മുറിച്ച് കടക്കാനാവാതെ നിസഹായതയില്‍ പരുങ്ങി. ഏറെ നേരമായി അയാളാ നില്‍പ്പ് തുടങ്ങിയിട്ടെങ്കിലും ആരാലും സഹായിയ്ക്കപ്പെടാനും, വാഹനവ്യൂഹത്തെ ഭേദിച്ച് റോഡ് മുറിച്ച് കടക്കാനും വൃദ്ധനായില്ല.
ക്യാന്‍വാസിനഭിമുഖമായി മരക്കസേരയിലിരുന്ന് തലേന്നുകണ്ട സ്വപ്നത്തിന്റെ നിറപ്പൊലിമ പകര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന അയാളും ആ കാഴ്ച്ച കാണാതിരുന്നില്ല. പരിഹാസസമാനമായ ഏതോ ഭാവത്തിലേയ്ക്കു ചായാന്‍ അയാളുടെ ചുണ്ടിലപ്പോളുണ്ടായിരുന്ന ചെറുചിരി വഴുതി. തുടുത്ത ചുണ്ടുകളും കറുത്തിടതൂര്‍ന്ന മുടിയും കരിനീലക്കണ്ണുകളുമുള്ള അവളെ പകര്‍ത്തിയെടുക്കാനുള്ള വ്യഗ്രതയില്‍ അയാള്‍ സ്വയം മറന്നു.
റോഡരികിലെ കാഴ്ചകള്‍ക്കും അല്‍പാല്‍പ്പം മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. വൃദ്ധന്‍ മാത്രം അതേ നില്‍പ്പ് തുടരുന്നത്, പായുന്നവാഹനങ്ങള്‍ക്കിടയിലൂടെ അപ്പോഴും കാണപ്പെട്ടു. മുഷിഞ്ഞ ചുറ്റുപാടിന് യോജിയ്ക്കും വിധം നിറം മങ്ങിയ രൂപത്തോടെയും ജ്വലിയ്ക്കുന്ന ഏതോ അന്തര്‍ഭാവത്തോടെയും അയാളപ്പോഴും ധൃതിപ്പെട്ടു വരച്ചുകൊണ്ടിരുന്നു. ഇടയ്‌ക്കൊന്ന് തലയുയര്‍ത്തിനോക്കിയപ്പോള്‍, തിളങ്ങുന്ന മൂക്കുത്തിയണിഞ്ഞ്, തലയില്‍ നിറയെ പൂചൂടി, നിത്യേന കാണാറുള്ള ആ പൂക്കാരി തമിഴത്തിപ്പെണ്ണ്. അവള്‍ വൃദ്ധന്റെ കൈ പിടിച്ച് റോഡ് മുറിച്ച്കടക്കാന്‍ ശ്രമിയ്ക്കുന്നത് അയാളുടെ കണ്ണില്‍ പെട്ടു. അവളപ്പോള്‍ എന്തോ പറഞ്ഞ് വൃദ്ധന്റെ മുഖത്തു നോക്കി ചിരിയ്ക്കുകയായിരുന്നു. അവളുടെ പാറിപ്പറന്ന ചെമ്പിച്ച മുടിയിഴകളും വെറ്റിലക്കറവീണ പല്ലുകളും അയാളില്‍ വെറുപ്പുകലര്‍ന്ന അലോസരമുണ്ടാക്കി. “നാശം”.
അനാവശ്യമായി ശ്രദ്ധകവര്‍ന്ന അസുഖകരമായ കാഴ്ചകളില്‍നിന്ന് കണ്ണുകള്‍ വലിച്ചെടുത്ത് അയാള്‍ വീണ്ടും സൃഷ്ടിയില്‍ മുഴുകി. മാസ്മരികമായ ഒരു വശ്യാനുഭൂതിയെ കണ്മുന്നിലേയ്ക്ക് പകര്‍ത്താന്‍ അയാളുടെ വിരലുകള്‍ വേഗതയോടെ ചലിച്ചുകൊണ്ടിരുന്നു.
വളരെ പെട്ടെന്ന് അയാളത് വരച്ച് തീര്‍ക്കുകതന്നെ ചെയ്തു. ആത്മനിര്‍വൃതിയുടെ നേര്‍ത്ത ചിരിയോടെ ക്യാന്‍വാസെടുത്ത് ഒരുവട്ടം കൂടി നോക്കിയപ്പോള്‍ അയാളുടെ മുഖത്തെ ചിരി മാഞ്ഞുപോയി! പെട്ടെന്ന് തന്നെ നിരാശയുടെ ഒരു നിഴല്‍മേഘം അവിടെയുരുണ്ടുകൂടി.
“ആരാണിത്?! അല്ല, … ഇവളല്ല,… ഇവളെയല്ല ഞാന്‍...”
വിളര്‍ത്ത ചുണ്ടുകളും ചാരനിറം കലങ്ങിയ കണ്ണുകളില്‍ ചത്ത മത്സ്യത്തെപ്പോലെ നിലച്ച നോട്ടവുമായി അവള്‍ അയാള്‍ക്ക് മുന്നില്‍ ക്യാന്‍വാസില്‍ വാടിനിന്നു. എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ അന്തിച്ച് നിന്ന അയാളിലേയ്ക്ക് ഏതോ വാഹനം സഡന്‍ ബ്രേക്കിടുന്നതിന്റെയും, ജനക്കൂട്ടം തിക്കിത്തിരക്കിപ്പൊതിയുന്നതിന്റേയും ആരവം ഇരച്ചു.
ആകാശനീലിമയിലേയ്ക്ക് തുറന്നുവെച്ച ഒരൊറ്റക്കണ്ണിലൂടെ, ചുവപ്പ്… കടും ചുവപ്പ് ഒലിച്ച് അകത്തേയ്ക്കിറങ്ങുന്നതും മുറിനിറയുന്നതും അയാളപ്പോളറിയാന്‍ തുടങ്ങിയിരുന്നു.…