പുരസ്‌കാര കച്ചവടമോ?
എ എന്‍ രവീന്ദ്രദാസ്
![]() |
|
62 വര്‍ഷത്തെ ദേശീയ വോളിബോളിന്റെ ചരിത്രത്തില്‍ കേരളം നേടിയ നാലു കിരീടങ്ങളില്‍ മൂന്നിലും ടോമിന്റെ കൈയൊപ്പുണ്ടായിരുന്നു. രണ്ട് ഏഷ്യന്‍ ഗെയിംസുകളും മൂന്ന് സാഫ്, നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും ഉള്‍പ്പെടെ നാല്‍പ്പതോളം തവണ ഇന്ത്യക്ക് കളിച്ച കോഴിക്കോട്ടെ തൊട്ടില്‍പ്പാലത്തുകാരനായ ടോം ആറു കിരീടവിജയങ്ങളിലും പങ്കാളിയാണ്. ഒരുപക്ഷേ, മറുനാടന്‍ ടീമുകളുടെ പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ കേരളത്തിനുവേണ്ടി മാത്രം കളിച്ചതാകുമോ ടോമിന്റെ അയോഗ്യത? |
കഴിവിനും മികവിനും വ്യക്തമായ മാനദണ്ഡങ്ങള്‍ കായികരംഗത്തില്ലെങ്കില്‍ പിന്നെ എവിടെയാണ് അതുണ്ടാവുക? ഒരു ഇന്ത്യന്‍ കായികതാരത്തിന് സാധാരണ നിലയില്‍ മോഹിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം എക്കാലത്തും 'അര്‍ജുന അവാര്‍ഡ്' തന്നെയാണ്. ഇപ്പോള്‍ എല്ലാ അംഗീകാരങ്ങള്‍ക്കും മീതെ രാജീവ്ഗാന്ധി ഖേല്‍രത്‌ന നിലവിലുണ്ടെങ്കിലും എല്ലാവര്‍ക്കും അത് ആഗ്രഹിക്കാനാവില്ല. കഴിഞ്ഞ ഏതാനും ആഴ്ചയായി ദേശീയ കായിക അവാര്‍ഡുകളെ ചുറ്റുപ്പറ്റി ഉയര്‍ന്ന വിവാദങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.
ഇത്തവണ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശചെയ്ത 16 പേരുടെ പട്ടികയില്‍നിന്ന് ടോമിനെ മാത്രം ഒഴിവാക്കുകയായിരുന്നല്ലോ? മലയാളിയായ സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസന്റെ ശക്തമായ നിലപാടുകളാണ് ഇക്കാര്യത്തില്‍ ഒരു പുനരാലോചനയ്‌ക്കെങ്കിലും വഴിവച്ചത്. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. എല്ലാ തവണയും ടോം ജോസഫ് എന്ന പേര് ഒന്നുറക്കെ പറയുകകൂടി ചെയ്യാതെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഇത്തവണ ഈ താരത്തിനുവേണ്ടി വാദിക്കാന്‍ ആളെങ്കിലുമുണ്ടായി. അത്രയും നന്ന്.
ജിജി തോംസണ്‍ ടോമിനെ തഴഞ്ഞതിലുള്ള എതിര്‍പ്പുമായി രംഗത്തുവന്നതിനുശേഷമാണ് കേരള സര്‍ക്കാര്‍പോലും ഇക്കാര്യം അറിഞ്ഞതെന്നത് വിചിത്രമായി തോന്നുന്നു. ഒരു മലയാളിതാരത്തിന് അര്‍ഹമായ ബഹുമതി നേടിക്കൊടുക്കുന്നതിന് സര്‍ക്കാര്‍തലത്തിലും കായികസംഘടനകളുടെ തലത്തിലും പിന്തുണ നല്‍കേണ്ടതല്ലേ. വേണ്ടസമയത്തൊന്നും അത്തരം ഇടപെടലുകള്‍ ഇപ്പോള്‍ ടോമിനെന്നപോലെ മുമ്പ് കേരളം കണ്ട മറ്റൊരു പ്രഗത്ഭ വോളിബോളറായ പപ്പന്‍ എന്ന ടി ഡി ജോസഫിനും അത്‌ലീറ്റ് കെ കെ പ്രേമചന്ദ്രനും ഫുട്‌ബോളര്‍ വി പി സത്യനും നീന്തല്‍താരം സെബാസ്റ്റ്യന്‍ സേവ്യറിനും ലഭിച്ചിട്ടില്ലെന്നതാണ് ചരിത്രം.
കളിക്കാനും കാണാനും ആളില്ലാത്ത പല കായിക ഇനങ്ങളിലെയും കളിക്കാര്‍ക്ക് അര്‍ജുന നല്‍കിയപ്പോഴാണ് ഏറെ ജനകീയമായ വോളിബോളിനെ ഇത്തവണയും അവഗണിച്ചതെന്നത് ശ്രദ്ധേയം. ഇത്തവണ ദേശീയ ടൂര്‍ണമെന്റിലെയും ഫെഡറേഷന്‍ കപ്പിലെയും വിജയം നല്‍കിയ പ്രതീക്ഷയിലായിരുന്നു ടോം പുരസ്‌കാരത്തിന്റെ പടിവാതിലിലെത്തിയത്. ''ഒരുതവണകൂടി അപേക്ഷിക്കാനില്ല. അര്‍ജുന പുരസ്‌കാരം കിട്ടിയില്ലെന്നു കരുതി കളിക്കളം വിടുന്നില്ല” തന്നെ വീണ്ടും വീണ്ടും തഴയപ്പെട്ടതിലുള്ള നിരാശ മറച്ചുവയ്ക്കാതെ ടോം പറയുന്നു.
ഒന്നരപ്പതിറ്റാണ്ടിലേറെയായി രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടോം ജോസഫിനെക്കാള്‍ മികച്ചവനായി ഇന്ത്യന്‍ വോളിബോള്‍ കോര്‍ട്ടില്‍ ഇതിഹാസതാരം ജിമ്മി ജോര്‍ജല്ലാതെ മറ്റാരുമില്ല. വര്‍ഷങ്ങളായി ടോം അവഗണിക്കപ്പെടുമ്പോഴും വോളിബോള്‍ കോര്‍ട്ടില്‍നിന്നുതന്നെ പല താരങ്ങളും അര്‍ജുനന്മാരായിട്ടുണ്ട്. 2008ല്‍ മാത്രം ഇന്ത്യക്ക് കളിക്കാനിറങ്ങിയ ഹരിയാനക്കാരന്‍ സഞ്ജയ്കുമാറിന് 2011ല്‍ അര്‍ജുന ലഭിച്ചത് ഹരിയാന സര്‍ക്കാരും അവിടത്തെ വോളിബോള്‍ സംഘടനയും ഒറ്റമനസ്സോടെ രംഗത്തുവന്നതുകൊണ്ടു മാത്രമായിരുന്നു. സുദീര്‍ഘമായ ഈ കാലയളവില്‍ കേരളത്തില്‍നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയിരുന്നെങ്കില്‍ ടോം ഇപ്പോഴും ഇങ്ങനെ അപമാനവും അവഗണനയും ഏറ്റുവാങ്ങേണ്ടിവരുമായിരുന്നില്ല.
62 വര്‍ഷത്തെ ദേശീയ വോളിബോളിന്റെ ചരിത്രത്തില്‍ കേരളം നേടിയ നാലു കിരീടങ്ങളില്‍ മൂന്നിലും ടോമിന്റെ കൈയൊപ്പുണ്ടായിരുന്നു. രണ്ട് ഏഷ്യന്‍ ഗെയിംസുകളും മൂന്ന് സാഫ്, നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും ഉള്‍പ്പെടെ നാല്‍പ്പതോളം തവണ ഇന്ത്യക്ക് കളിച്ച കോഴിക്കോട്ടെ തൊട്ടില്‍പ്പാലത്തുകാരനായ ടോം ആറു കിരീടവിജയങ്ങളിലും പങ്കാളിയാണ്. ഒരുപക്ഷേ, മറുനാടന്‍ ടീമുകളുടെ പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ കേരളത്തിനുവേണ്ടി മാത്രം കളിച്ചതാകുമോ ടോമിന്റെ അയോഗ്യത?
കേരളത്തില്‍നിന്ന് റെയില്‍വേയിലേക്കു പോയ കെ ജെ കപില്‍ദേവാണ് അവസാനമായി അര്‍ജുന നേടിയ മലയാളിതാരം. അതിനുമുമ്പ് ഏലമ്മയും ജിമ്മിജോര്‍ജും കുട്ടികൃഷ്ണനും സാലി ജോസഫും സിറില്‍ വെള്ളൂരും ഉദയകുമാറുമാണ് വോളിബോളില്‍നിന്നുള്ള മലയാളത്തിന്റെ അര്‍ജുനന്മാര്‍. ഉന്നതനിലയില്‍ വര്‍ഷങ്ങളായി കളിക്കുന്ന ടോം ജോസഫിനെ പുരസ്‌കാരത്തില്‍നിന്നു തഴയാന്‍ ആര്‍ക്കെങ്കിലും മതിയായ കാരണം നിരത്താനുണ്ടോ? ഒച്ചപ്പാടുണ്ടാക്കി നേടിയെടുക്കേണ്ടതല്ല കായികരംഗത്തെ പുരസ്‌കാരങ്ങള്‍. കളികളെല്ലാം കച്ചവടമാകുന്ന കാലമാണിത്. എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച ചില കായികതാരങ്ങള്‍കൂടി ഉണ്ടെന്ന കാര്യം സര്‍ക്കാരുകളും കായികരംഗം ഭരിക്കുന്നവരും മറക്കാതിരുന്നാല്‍ കൊള്ളാം..