നമുക്കിടയില്‍
രശ്മി കിട്ടപ്പ
നമുക്കിടയില്‍ ഒരു പുഴയുണ്ട്
തിടുക്കപ്പെട്ടോടി
കരകളെ കരയിക്കുന്ന ഒന്ന്.
നമുക്കിടയില്‍ ഒരു കാടുണ്ട്
ചീവീടുകളെ ഇറക്കിവിട്ട്
രാത്രിയെ പേടിപ്പിക്കുന്ന ഒന്ന്.
നമുക്കിടയില്‍ ഒരു കടലുണ്ട്
ഗര്‍ജ്ജിച്ചു ഗര്‍ജ്ജിച്ച്
തീരത്തെ ഞെട്ടിക്കുന്ന ഒന്ന്.
നമുക്കിടയില്‍ ഒരു മരമുണ്ട്
പൂക്കാത്ത ചില്ലകളെ
ഇലകളാല്‍ മൂടുന്ന ഒന്ന്.
നമുക്കിടയില്‍ ഒരു നിഴലുണ്ട്
നിന്നിലേക്കു ചാഞ്ഞ്
നിന്നില്‍നിന്നെന്നെ മറയ്ക്കുന്ന ഒന്ന്.

https://www.facebook.com/rashmi.kittappa
സുന്ദരകാണ്ഡം
ഡോണ മയൂര
നിനക്ക്
മാനും മാരീചനും
ഞാന്‍ തന്നെ.
നിനക്ക്
രാവണനും
നിന്റെ
പുഷ്പ്പകവിമാനവും
ഞാന്‍ തന്നെ.
എന്നിട്ടും
നിന്റെ കൂടെ
പറന്നെത്താന്‍ ശ്രമിച്ച
ജടായുവും,
അതിന്റെ
ചിറകരിഞ്ഞ വാളും
ഞാനായി.
ഇനി നിന്റെ
മായാവിനോദവും
ഞാന്‍ തന്നെ!.

https://www.facebook.com/dona.mayoora
മുത്യേമ്മ
ഗണേഷ് മലയത്ത്

വടക്കേ തൊടിയില്‍,
വാതിലുള്ള വൈക്കോല്‍
കൂനയിലിരുന്നു,
നിര്‍ത്താതെ മുടി ചീകുന്ന
മുത്യേമക്ക് ഞാനെന്റെ,
വര്‍ത്താനമെല്ലാം
വാരി കൊടുത്തിരുന്നു.
എന്റെ,
നുണകഥപ്പാട്ടിന്നവസാനം,
തേഞ്ഞ പേന്‍ചീര്‍പ്പു
മോണ കാട്ടിയൊരു,
പൊട്ടിച്ചിരി.
ചൂരല്‍ കഷായം,
കുടിച്ചെന്നു കേക്കുമ്പോള്‍,
കണ്ണിറുക്കിയൊരു,
നരച്ച തേങ്ങല്‍.
അമ്മച്ചി,
മരിച്ചു പോയത്,
എങ്ങോട്ടെന്നതിനൊരു
മുത്തവും തലോടലും.
അറിയാത്ത ഭാഷയില്‍,
ഒരുപാടൊരുപാട്,
തേയാത്ത മറുപടികള്‍.
എല്ലാരും പറയുന്നു,
ഇന്നലെ രാത്രി,
'വടക്കേലെ
ചെവി കേക്കാത്ത
മുത്യേമയും മരിച്ചു പോയെന്ന്'.
എങ്ങോട്ടാണാവോ ?!.

https://www.facebook.com/malayath
കാരണത്തെക്കുറിച്ച് ഒരു കാര്യവിചാരം
വി അബ്ദുള്‍ ലത്തീഫ്

നിന്റെ തന്ത എന്ന 'പൊളി'വചനം
സൗഹൃദം തകരാനുള്ള സൂത്രവാക്യമേയല്ല
കലാപത്തിന്റെ പെട്ടെന്നുള്ള കാരണമാണ്.
ആട് അതിരു കടന്നു,
പള്ളിക്കു മുമ്പില്‍ പടക്കം പൊട്ടി എന്നൊക്കെ പറയുമ്പോലെ.
കറിക്ക് ഉപ്പു കൂടിയത്,
മൊഴി ചൊല്ലാന്‍ കാരണമാകുന്നതുപോലെ.
അവനോട് ഒരുവാക്കധികം പറഞ്ഞത്,
പ്രണയത്തിന്റെ അറുതിയാകുന്നതുപോലെ.
ആരുടേയോ ഗര്‍ഭത്തില്‍ ഒരു ഹിറ്റ്‌ലര്‍ വളരുന്നുണ്ടാവും
അല്ലെങ്കില്‍ ഒരു രാവണന്‍.
പഴയ ഏതോ യുദ്ധത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍,
ഗര്‍വ്വ്,
അസൂയ,
മടുപ്പ്,
അവഗണനയുടെ ഗോത്രസ്മൃതികള്‍
പിന്നെ തന്ത തന്നെ വേണമെന്നില്ല.
പാറിവീണ ഒരു മുടിയായാലും മതി.

Comments
RSS feed for comments to this post