കാട്ടുകടന്നല്‍ കിഴടക്കുന്നത്
ടി എ റസാഖ്
![]() |
|
അനുഭവങ്ങളിലൂടെ ഒരാള്‍ വളരുന്നതാണ് നാമിവിടെ കാണുന്നത്. കാട്ടുകടന്നലില്‍ എല്ലാമുണ്ട്. അതിതീവ്രമായ ഇന്നും പ്രസക്തമായ വിപ്ലവാശയങ്ങള്‍ അത് മുന്നോട്ടുവയ്ക്കുന്നു. ഇന്നത്തെക്കാലത്ത് നമുക്ക് നഷ്ടമായ ഹൃദ്യമായ പ്രണയത്തിന്റെ സൗരഭ്യവും ഇതിലുണ്ട്. മതം അധികാരതാല്‍പ്പര്യങ്ങളുമായി ഇഴചേരുന്ന പ്രതിലോമരാഷ്ട്രീയത്തെ അത് തുറന്നുകാട്ടുന്നു. വെടിയുണ്ടയുടെ നേരെ വിരിമാറുകാട്ടുന്ന ആദര്‍ശധീരതയെ ഈ നോവല്‍ മഹത്വവല്‍ക്കരിക്കുന്നു. പി ജിയുടെ പരിഭാഷയിലൂടെയാണ് മലയാളികള്‍ക്ക് കാട്ടുകടന്നല്‍ കൂടുതല്‍ പരിചിതമായത്. മലയാളഭാഷയിലുണ്ടായ ഏറ്റവും മനോഹരമായ പുസ്തകങ്ങളിലൊന്നാണ് ഈ പരിഭാഷ. |
മനുഷ്യസ്‌നേഹികളും പൊതുപ്രവര്‍ത്തകരും എഴുതാനാഗ്രഹിക്കുന്നവരും സമൂഹത്തില്‍ മാറ്റംകൊതിക്കുന്നവരും കാട്ടുകടന്നല്‍ വായിച്ചിരിക്കണമെന്ന് ആവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. തന്റെ യൗവനകാലത്തെന്നോ ആണ് എഥ്ല്‍ വോയ്‌നിച്ച് ലോകപ്രശസ്തമായ മാസ്റ്റര്‍പീസ് സൃഷ്ടിച്ചത്. എഴുത്തുകാരിയുടെ ജീവിതം പുസ്തകത്തിലെ കഥപോലെതന്നെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ഈ പുസ്തകമെഴുതി ഏറെക്കഴിയുംമുമ്പ് ജന്മദേശം വിട്ടുപോയ അവര്‍ തന്റെ രചന ലോകപ്രശസ്തമായതും ലെനിനും ചെ ഗുവേരയുമടക്കമുള്ള മഹാന്മാരായ വിപ്ലവകാരികളെയും ഒരു കാലഘട്ടത്തിലെ രാഷ്ട്രീയത്തെയൊന്നാകെയും സ്വാധീനിച്ചതും അവര്‍ അറിഞ്ഞതേയില്ല.
സോവിയറ്റ് റഷ്യയില്‍മാത്രം മുപ്പതുലക്ഷത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞ കാട്ടുകടന്നലിന്റെ രചയിതാവ് ആരാലും അറിയപ്പെടാതെ കഴിഞ്ഞു. പില്‍ക്കാലത്ത് ഏതാനും പത്രപ്രവര്‍ത്തകര്‍ എഥ്‌ലിനെ കണ്ടെത്തി വെള്ളിവെളിച്ചത്തിലേക്കുകൊണ്ടുവന്നു. ചെറുപ്പംമുതല്‍തന്നെ ദൃശ്യമാധ്യമങ്ങളോട് എനിക്ക് ആഭിമുഖ്യമുണ്ടായിരുന്നു. ആദ്യം നാടകത്തിലും ഇപ്പോള്‍ സിനിമയിലും പ്രവര്‍ത്തിക്കുന്നു. ഈ രണ്ടു കലയിലും കഥയുടെ പര്യവസാനത്തിലെത്തുമ്പോള്‍ ക്ലൈമാക്‌സ് ഉണ്ടാകാറുണ്ട്. അതേപോലെ ഒരു ക്ലൈമാക്‌സ് കാട്ടുകടന്നലിനുണ്ട്. കഥാപാത്രസൃഷ്ടിയില്‍ എഴുത്തുകാരി പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത നമ്മെ അത്ഭുതപ്പെടുത്തും. ഓരോ കഥാപാത്രത്തിന്റെയും മാനസികഭാവങ്ങളും ശരീരചലനങ്ങളും ഇത്ര കൃത്യമായി ആവിഷ്‌കരിക്കാന്‍ ചെറുപ്രായത്തില്‍ അവര്‍ക്കെങ്ങനെ സാധിച്ചുവെന്നുതോന്നും. അതാണ് പ്രതിഭ. ഒരു വ്യക്തിയുടെ രണ്ടുഭാവങ്ങളാണ് നോവലില്‍ നമുക്ക് കാണാനാകുന്നത്. വൈദികര്‍ക്കൊപ്പം ജീവിച്ച ശാന്തനും ലജ്ജാശീലനുമായ അനാഥനായ ചെറുപ്പക്കാരനായിരുന്നു ആര്‍തര്‍. ഇയാളെ ഒരുദിവസം കാണാതാകുന്നു. ജിം എന്ന സുന്ദരിയായ പെണ്‍കുട്ടി ആര്‍തറെ കാണാതായതില്‍ ദുഃഖിതയാണ്. കാരണം, അവള്‍ക്കയാളോട് പ്രണയമായിരുന്നു.
കഥയുടെ രണ്ടാംഭാഗത്ത് റിവാറസ് എന്ന കഥാപാത്രം കടന്നുവരുന്നു. വിപ്ലവനായകനാണയാള്‍. വിപ്ലവസംഘടനയുമായി ജിം ബന്ധപ്പെടുന്നു. കാഴ്ചയില്‍ വിരൂപനായ റിവാറസിനോട് അവള്‍ക്കെന്തോ അടുപ്പംതോന്നുന്നു. ആര്‍തറുടെ ചില സ്വഭാവങ്ങള്‍ റിവാറസിനുമുള്ളതാണ് അതിനു കാരണം. റിവാറസ് പരുക്കനാണ്. അയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നു. മാപ്പെഴുതിക്കൊടുത്താല്‍, വിപ്ലവസംഘടന ഉപേക്ഷിച്ചാല്‍ അയാള്‍ക്ക് രക്ഷപ്പെടാമെന്ന് മെത്രാന്‍ അയാളെ അറിയിക്കുന്നു. എന്നാല്‍, മാപ്പുപറയാന്‍ അയാള്‍ തയ്യാറല്ല. വെടിവയ്ക്കുന്നവരോട് അയാള്‍ പറയുന്നത് 'നിങ്ങളുടെ കൈ വിറയ്ക്കരുത്. എന്റെ നെഞ്ചിനുനേരെതന്നെ നിറയൊഴിക്കണം' എന്നാണ്. കൊല്ലപ്പെടുന്നതിനുമുമ്പായി അയാള്‍ ജിമ്മിന് നല്‍കാനായി ഒരു കത്ത് ഏല്‍പ്പിക്കുന്നു; താന്‍ കൊല്ലപ്പെട്ടതായി അറിയിച്ച് പള്ളിമണി മുഴങ്ങുമ്പോള്‍ ഈ കത്ത് പൊട്ടിച്ച് വായിക്കണമെന്ന നിര്‍ദേശത്തോടെ. ആ കത്തില്‍ ഒരു രഹസ്യമുണ്ടായിരുന്നു; വര്‍ഷങ്ങള്‍ക്കുമുമ്പ് പള്ളിയരമനയില്‍നിന്ന് കാണാതായ ആര്‍തറാണ് താനെന്ന രഹസ്യം. ലജ്ജാശീലനും അന്തര്‍മുഖനുമായ ഒരാള്‍ മനുഷ്യമോചന പോരാളിയായി പരിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്രമാണ് കാട്ടുകടന്നല്‍ എന്നുചുരുക്കം.
അനുഭവങ്ങളിലൂടെ ഒരാള്‍ വളരുന്നതാണ് നാമിവിടെ കാണുന്നത്. കാട്ടുകടന്നലില്‍ എല്ലാമുണ്ട്. അതിതീവ്രമായ ഇന്നും പ്രസക്തമായ വിപ്ലവാശയങ്ങള്‍ അത് മുന്നോട്ടുവയ്ക്കുന്നു. ഇന്നത്തെക്കാലത്ത് നമുക്ക് നഷ്ടമായ ഹൃദ്യമായ പ്രണയത്തിന്റെ സൗരഭ്യവും ഇതിലുണ്ട്. മതം അധികാരതാല്‍പ്പര്യങ്ങളുമായി ഇഴചേരുന്ന പ്രതിലോമരാഷ്ട്രീയത്തെ അത് തുറന്നുകാട്ടുന്നു. വെടിയുണ്ടയുടെ നേരെ വിരിമാറുകാട്ടുന്ന ആദര്‍ശധീരതയെ ഈ നോവല്‍ മഹത്വവല്‍ക്കരിക്കുന്നു. പി ജിയുടെ പരിഭാഷയിലൂടെയാണ് മലയാളികള്‍ക്ക് കാട്ടുകടന്നല്‍ കൂടുതല്‍ പരിചിതമായത്. മലയാളഭാഷയിലുണ്ടായ ഏറ്റവും മനോഹരമായ പുസ്തകങ്ങളിലൊന്നാണ് ഈ പരിഭാഷ.