ഇടതുപക്ഷം
ഷൌക്കത്തലിഖാന്‍

വലതുകാല്‍ വെച്ച്
ഇറങ്ങൂ എന്ന്
നവവധുവിനോട്
അമ്മ
വലതു കാല്‍ വെച്ച്
കയറൂ മോളേ എന്ന്
വരന്റെ അമ്മപെങ്ങന്മാര്‍
മണിയറയ്ക്കകം
പൂകുമ്പോഴും പിന്നെ
പ്പരീക്ഷകള്‍ക്കും
പരീക്ഷണങ്ങള്‍ക്കും
ദീര്‍ഘയാത്രയാകുമ്പോഴും
അമ്മതന്‍ ഗര്‍ഭ ഗേഹം
ചവിട്ടിപ്പൊളിച്ച്
പുറത്തിറങ്ങുമ്പോഴും
വലത് വലത് ......
എന്ന പക്ഷപാതിത്വത്തിന്റെ
പക്ഷം പിടിച്ചാണ്
ഇടതേ....
എനിക്കേറ്റവും പ്രിയപ്പെട്ടൊരീ
ചുവന്ന റോസാപ്പൂവിനെ
നെഞ്ചില്‍ തുന്നിപ്പിടിപ്പിച്ച്
ഈ ഇരമ്പുന്ന
ഉള്‍ക്കടലിനെ
നിനക്ക് സമ്മാനമായ്
തന്നത് .

അവശേഷിക്കുന്നത്
സ്റ്റാലിന സുഗതന്‍

എന്റെ വേദനകള്‍
അവയെ ഞാന്‍ മണലാരണ്യങ്ങളില്‍
അലയുവാന്‍ വിടുകയാണ്
ദാഹിച്ചു വലയുമ്പോള്‍
അവ തിരികെ വന്നുകൊള്ളും
എന്റെ വേദനകള്‍
അവയെ ഞാന്‍ കടലുകളിലലിയുവാന്‍
ഒഴുക്കുകയാണ്
ഉപ്പുവെള്ളം തളര്‍ത്തുമ്പോള്‍
അവ തിരികെ വന്നുകൊള്ളും
എന്റെ വേദനകള്‍
അവയെ ഞാന്‍ മേഘങ്ങളെപ്പോലെ
സ്വാതന്ത്രമാക്കുകയാണ്
ചിറകു തളരുമ്പോള്‍
അവ തിരികെ വന്നുകൊള്ളും
എന്റെ വേദനകള്‍
അവയെ ഞാന്‍
മഞ്ഞുമലകളില്‍
തപസ്സിനയക്കുകയാണ്
ഓര്‍മ്മകളുണരുമ്പോള്‍
അവ തിരികെ വന്നുകൊള്ളും
പക്ഷെ .,
ദാഹിച്ച ഹൃദയവുമായി
ദഹിച്ച മനസ്സുമായി
തളര്‍ന്ന നാവുമായി
തരിച്ച ചിന്തകളുമായി;
കുഴഞ്ഞ ചിറകുമായവര്‍
തിരികെ വരുമ്പോള്‍...
ഒരു കാറ്റു പോലുമായി മാറാന്‍
കഴിയാതെ
മോഹങ്ങളുറഞ്ഞ
മഞ്ഞു മൂടിയ
സ്വപ്നങ്ങളുയിര്‍ത്തു പൊങ്ങിയ
പുല്‍നാമ്പുകളാകുമോ
എന്റേതെന്നു
പറയുവാന്‍
പോലുമാകാതെ
ബാക്കിയാകുക ...? .

പുഴയെഴുതുന്ന പൊയ്നാടകം
പി. ശിവപ്രസാദ്

ഓരോരോ വരകളായ്, ചായങ്ങളായ്
പുഴ ഒരസ്തമയം സ്വപ്നം കാണുമ്പോള്‍
മേഘവില്ലിലൊരു കണ്ണേറുകനല്‍ മാത്രം
ഒളിച്ചും പാത്തും അടങ്ങാതടങ്ങി.
ചാഞ്ഞുറങ്ങിയൊരു പൂവരശ്
ഞാണില്ലാത്തൊരു മുതുതെങ്ങ്
കാക്കപ്പൂവള്ളിപ്പടര്‍പ്പില്‍
കരയുന്നൊരു കുളക്കോഴി
നീര്‍ക്കോലിക്കുളി
മാനത്തുകണ്ണിക്കനവ്...
പുഴയിതിലെല്ലാം പരന്നുപതഞ്ഞ്
പാതാളഗുഹ നൂണിറങ്ങിയൊരു
പഞ്ചാരനുണക്കഥ.
പൈതലിനൊരു പുഴയുടെ ഉച്ചിഷ്ടം
അമ്മിഞ്ഞപ്പാല്‍ക്കടല്‍ നീന്തും
നിലാവിന്റെ കളിമ്പം,
കുടിച്ചാലും തീരാതെയൊഴുകുന്നത്.
അതിശുദ്ധനാം ശാന്തിക്കാരന്
മുറിഞ്ഞ പൂണൂല്‍ പോലെ
ശരിയാകാത്തൊരു ജീവിതനുണ,
പേര്‍ത്തും പറയുക ദിനധര്‍മ്മം.
വിരഹിക്കത് നിലാവിരലാല്‍
ആകാശമെഴുതിയ പ്രണയക്കുറി,
വായിച്ചു മതിയാകാത്ത ചുംബനശ്രുതി.
വീടുമറന്നൊരു തീര്‍ഥാടകന്
വെന്തടര്‍ന്ന കരിഞ്ചുണ്ടില്‍
അമൃതമാകുമൊരു ജലസിന്ധു.
മണല്‍ക്കരാറിന്റെ മാന്ത്രികര്‍ക്കത്
ചവിട്ടടി കഴുകാനൊരു നിറകുടം,
തുളുമ്പാതെ ഒഴിയാതെ പകരുന്നത്.
വിപ്ളവവീണ്‍വാക്കിന്റെ
വിശ്വദര്‍ശന വീഥിയിലാരോ
നഞ്ചുകലക്കി മീന്‍പിടിക്കും വ്യാക്കൂള്‍.
ധ്യാനാത്മക ജീവിതവേദാന്തക്കരയില്‍
ദൈവം സ്വയം ഇരകോര്‍ത്തിട്ടൊരു
കൊമ്പന്‍സ്രാവിന്റെ ആത്മനിര്‍വ്വേദം.
ഒറ്റയാകുന്ന പാലത്തിലേറിക്കുരച്ച്
ചന്ദ്രബിംബത്തിനുമുന്നില്‍
ഒന്നുമല്ലാത്ത നീയും ഞാനും
പറയാനുള്ളതൊക്കെ മറന്ന്
ഒരുമയില്ലാതഭിനയിച്ചു തീര്‍ക്കുന്ന
ഒരു പൊയ്നാടകം..!
യവനികച്ചരടില്‍ത്തൂങ്ങി നിമിഷമളന്ന്
കാണികളുടെ ഉദ്വേഗച്ചുഴികളിലമര്‍ന്ന്
ഭാഷ മറന്നുപോയ ഒരു ദേശത്തിന്റെ
പുരാതന നിഘണ്ടുവില്‍ ഒരു പുഴയായ്...
അരങ്ങില്‍ ഒരു പൊയ്നാടകം .
