സങ്കടക്കടലിലെ അനിയത്തി
ഇന്ദുമേനോന്‍
വിചിത്രവും വ്യത്യസ്തവുമായിരുന്നു ഹരിതയുടെ ആഗ്രഹങ്ങള്‍. കാര്‍ഗില്‍ യുദ്ധസമയത്ത് പട്ടാളക്കാരനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം. പറക്കു മന്ത്രം പഠിച്ച് ചിറകുവച്ച് പറന്ന് വാര്‍ഡന്‍ മുരളിമാഷുടെ കണ്ണുവെട്ടിച്ച് സിനിമയ്ക്ക് പോകണമെന്ന ആഗ്രഹം. മേട്രണ്‍ സുശീലാമ്മയ്ക്ക് ദേഷ്യം വരുന്ന ചൂളമടിപ്പാട്ടുകള്‍ ഹോസ്റ്റല്‍ഗാനമാക്കണമെന്ന ആഗ്രഹം. അങ്ങനെ കൌതുകം നിറഞ്ഞ ആയിരം ആഗ്രഹങ്ങള്‍. സദാ പാട്ടുപാടിയും ചൂളം കുത്തിയും ഗോഷ്ടി കാട്ടിയും എന്റെ മുറിവരാന്തയ്ക്ക് മുമ്പില്‍ അവളെന്നും വന്നു.
![]() |
|
അന്നുരാത്രി ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിച്ച് കിടന്നു. എന്റെ അനിയത്തി എന്നെ പിടിക്കുന്നതുപോലെ അവള്‍ എന്റെ വയര്‍ ചുറ്റിപ്പിടിച്ചു. പകല്‍ പറയാത്ത സംഭവങ്ങള്‍ പാതിയാക്കിയ കഥകള്‍ എല്ലാം പറഞ്ഞുകൊണ്ടേയിരുന്നു. കരച്ചിലും സങ്കടവും പതംപറച്ചിലുകളും.. ഒടുക്കം വിതുമ്പല്‍ മാത്രമായി... ചെറുതേങ്ങല്‍... ഉടല്‍ വിറ.. കണ്ണീരിന്റെ നേരിയ ചൂട്.. സ്ത്രീക്ക് മാത്രം സംസാരിക്കാനാവുന്ന അതിദീനമായ ഭാഷയില്‍ അവള്‍ മുഴുവന്‍ സങ്കടങ്ങളും പറഞ്ഞുതീര്‍ത്തു. ഒരു സ്ത്രീക്ക് മാത്രം കഴിയുന്ന അലിവോടെ ഞാനവളുടെ തലമുടിയില്‍ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു. എന്റെ നെഞ്ചില്‍ അവളും അവളുടെ സങ്കടവും ഉരുകി.. അവള്‍ ഉറങ്ങി. |
ഹരിത എന്നേക്കാളും അഞ്ചോ ആറോ വയസിന് ഇളയതായിരുന്നു. തടിച്ചുരുണ്ട ആകൃതിയൊത്ത മനോഹര ശരീരം. നല്ല ഉയരം. തേന്‍പോലെ മൃദുവായ തൊലി. പൂമ്പാറ്റ ചിറകുപോലെ വിടര്‍ന്ന പോളകളുള്ള വലിയ ബംഗാളി ദുര്‍ഗ്ഗാ കണ്ണുകള്‍. നീണ്ട ഭംഗിയേറിയ മൂക്ക് രാകി ചെത്തിയതുപോലെ കൂര്‍ത്തുനിന്നു. ഇളംനിറമുള്ള ചോക്ലേറ്റുകൊണ്ട് നിര്‍മ്മിച്ച ഒരു പെണ്‍കിടാവാണ് അവളെന്നുതോന്നും. ഗോതമ്പിന്റെ കതിര്‍ക്കുലമണികള്‍ ഉതിര്‍ന്നുവീഴുമ്പോലുള്ള സംസാരം. ഇത്തിരി കോലന്‍മുടി കാറ്റിലിളക്കിയും കൊലുസൂരി വീണപോലെ നേര്‍ത്ത കിലുക്കച്ചിരി ചിരിച്ചും അവളെനിക്ക് പ്രിയപ്പെട്ടവളായി.
“തിന്നാനെന്തുണ്ട്?'' എന്ന പതിവു ചോദ്യത്തോടെ എന്റെ അലമാരയിലെ മധുരഹല്‍വയും കേക്കും പൊട്ടിച്ചുതിന്നു.
“ഇതുകഴിഞ്ഞാല്‍ നഴ്സിംഗിന് പോണം ഇന്ദ്വേച്ചി.''
സാധാരണ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ ഫാഷന്‍പോലുള്ള നഴ്സിംഗ് ഭ്രമമോ, ജര്‍മ്മനി ഹരമോ ആയിരുന്നില്ല ആ ആഗ്രഹത്തിനു പുറകില്‍. അവളുടെ ഹൃദയത്തില്‍ സദാ വീണുകിടക്കുന്ന അപാരമായൊരു ദയാവായ്പും വേദനിക്കുന്നവരോടുള്ള സ്നേഹവും സഹതാപവുമായിരുന്നു അതിനു പുറകില്‍. അവള്‍ വെളുത്ത ലില്ലിപ്പൂ വസ്ത്രധാരിണിയായി മരുന്നും സിറിഞ്ചുമായി വരുന്നത് ഞാന്‍ വെറുതെയോര്‍ക്കും.
“ന്നട്ട് ഇന്ദ്വേച്ചിയെ വേദനിപ്പിക്കാതെ സൂചി കുത്തിത്തരാം... മാലാഖ ഉമ്മവച്ചതുപോലെ സുഖള്ള സൂചി'' അവള്‍ മാലാഖയെപ്പോലെ കൈകള്‍ വായുവില്‍ വിടര്‍ത്തി കട്ടിലില്‍നിന്നും പറക്കുംപോലെ ഉടുപ്പുപിടിച്ച് കുസൃതിയില്‍ താഴേയ്ക്കുചാടി.
കോഴിക്കോട് 2009: അവളുടെ സ്വപ്നകല്യാണം
അവള്‍ സ്വപ്നം കണ്ടതുപോലെ അവളുടെ ജീവിതം. നഴ്സിംഗ് ബി.എസ്.സി കഴിഞ്ഞ ഉടനെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി. ജോലിക്കിടയില്‍ കല്യാണാലോചനകളുടെ പെരുമഴ. ഒടുക്കം കല്യാണം. വെളുവെളുത്ത പട്ടുസാരി... മഞ്ഞുപൊഴിഞ്ഞതുപോലെയുള്ള വെളുത്ത വെയില്‍... വെള്ളക്കല്ലുള്ള കിരീടം... അവള്‍ സാരിയുടുത്ത ഒരു രാജകുമാരി... അവളുടെ വരനും സുന്ദരനായിരുന്നു. പറഞ്ഞുകേട്ടതിലും എത്രയോ അധികം സുന്ദരന്‍. ചുവന്ന സ്ട്രോബറിപോലത്തെ ചുണ്ടുകളില്‍ ചിരിവിരിയുമ്പോള്‍ ഹിന്ദി നടന്‍ അമീര്‍ഖാനെ ആരുമൊന്നോര്‍ക്കും. വിനയം നിറഞ്ഞ പെരുമാറ്റം. സൌഹൃദം പൂക്കുന്ന സംഭാഷണം. കുലീനതയാര്‍ന്ന ചലനങ്ങള്‍. എങ്കിലും അവനുറക്കെ ചിരിക്കുമ്പോള്‍ എന്തോ ഒരസ്വാസ്ഥ്യം എന്നെ ശല്യപ്പെടുത്തി. അസാധാരണമാംവിധം കൂര്‍ത്ത അവന്റെ ഇടത്തെ ഉളിപ്പല്ല് അപകടകരമായ എന്തോ ഒന്ന് ഒളിച്ചുവയ്ക്കുംപോലെ തോന്നി.
വിവാഹം കഴിഞ്ഞശേഷം അവളെന്നെ വിളിച്ചതേയില്ല. സാധാരണ ഹോസ്റ്റല്‍ സൌഹൃദം പോലെ വിവാഹത്തില്‍ അവസാനിക്കേണ്ട ഒന്നായിരുന്നില്ല ഞങ്ങളുടെ ആത്മബന്ധം. പിന്നീട് ആരോ പറഞ്ഞറിഞ്ഞു അവള്‍ ഭര്‍ത്താവൊന്നിച്ച് മലേഷ്യയിലാണെന്ന്.
തിരുവനന്തപുരം 2011: പട്ടിയായി മാറിയ രാജകുമാരി
ജോലിയുമായി ബന്ധപ്പെട്ട് വീണ്ടും ഒരു ഹോസ്റ്റലില്‍ താമസിക്കേണ്ടിവന്നു. കോളജ് ഹോസ്റ്റലില്‍നിന്നും വ്യത്യസ്തമായ അനുഭവം. വിരസമായ സൌഹൃദങ്ങള്‍. ആത്മബന്ധമോ ഹൃദയസ്നേഹമോ ഇല്ലാത്ത ഒരവസ്ഥ. തൊട്ടടുത്ത മുറിയിലെ താമസക്കാരെപ്പോലും അറിയില്ല. അതുകൊണ്ടുതന്നെ തൊട്ടുമുമ്പിലത്തെ റൂമിലെ സഹവാസിനി എനിക്കും അപരിചിത. ഒന്നൊന്നരമാസം കഴിഞ്ഞാണ് ഞാനാ കക്ഷിയെ നേരിട്ടുകണ്ടത്. മെലിഞ്ഞുശോഷിച്ച ഒരു പ്രകൃതക്കാരി. നഴ്സാണെന്നു മാത്രം അറിയാം. കണ്ട മാത്രയില്‍ ഞാന്‍ ഞെട്ടിത്തരിച്ചുപോയി. അവളും. അത് ഹരിതാസേവ്യര്‍ ആയിരുന്നു.
മാരകരോഗം ബാധിച്ച ഒരാളെപ്പോലെയായിരുന്നു അവള്‍. മെലിഞ്ഞുമെലിഞ്ഞ് ശോഷിച്ച അര്‍ബുദരോഗിയാണ് അവളെന്ന് ഞാന്‍ ഭയന്നു. ഹരിതയുടെ പകുതിയേ ഉണ്ടായിരുന്നുള്ളു. പാതി ഹരിത.
എന്തുപറ്റിയതാണെന്ന് ഞാന്‍ ചോദിച്ചില്ല. പക്ഷേ അവള്‍ പറഞ്ഞു. രാജകുമാരിയായി വളര്‍ന്ന ഒരു പെണ്‍കുട്ടി പട്ടിയായി തീര്‍ന്ന കഥ. അതീവ സുന്ദരനായിരുന്നു അവളുടെ ഭര്‍ത്താവിന്റെ ക്രൂരതകളുടെ കഥ. ഇരുട്ടില്‍ അവന് പല്ലുകള്‍ മുളയ്ക്കും, വേട്ടനായെപ്പോലെ നഖങ്ങള്‍ കൂര്‍ക്കും. മനുഷ്യമാംസം പച്ചയ്ക്കു തിന്നാനെന്നവണ്ണമുള്ള ആര്‍ത്തി. പല്ലുകള്‍കൊണ്ട് ആക്രമണം... നെഞ്ചില്‍, വയറില്‍, തുടയില്‍ നായ കടിച്ചതുപോലെ ചോരകിനിഞ്ഞു. പ്രാണവേദനയില്‍ അവള്‍ കരഞ്ഞാല്‍ ശിക്ഷകളുടെ പ്രാധാന്യം ഇരട്ടിച്ചു. ബെല്‍റ്റടി, സിഗരറ്റുവയ്ക്കല്‍, മുട്ടുകാലില്‍ നിര്‍ത്തല്‍ തുടങ്ങി 12 രാത്രികളില്‍ 12 തരം വിചിത്രാനുഭവങ്ങള്‍. വിചിത്ര ശിക്ഷാരീതികള്‍...
“ഞാന്‍ പട്ടിയാണെന്ന് എനിക്കുതോന്നി ചേച്ചീ''. എല്ലാ പുരുഷന്മാരും ഇങ്ങനെയായിരിക്കുകയില്ല എന്നെനിക്കറിയാമായിരുന്നു. ലോണെടുത്ത് വാങ്ങിയ പണ്ടങ്ങള്‍ 15 ലക്ഷം ഡൌവ്റി. ആരോട് ഞാനെന്തു പറയും? അയാള്‍ മലേഷ്യയിലേക്ക് പോകുംവരെ സഹിച്ചാല്‍ മതിയല്ലോ. പോയിക്കഴിഞ്ഞപ്പഴാ രസം. അമ്മായിയമ്മയുടെ വിധം മാറി...''
ഭക്ഷണം കൊടുക്കാതിരിക്കലാണ് മുഖ്യപണി. ഒരു ദോശ, ഒരിഡ്ഡലി, മുക്കാല്‍ ചപ്പാത്തി.
“ഇവള്യൊന്ന് തടി കൊറപ്പിക്കണന്ന് രാജൂനൊരാഗ്രഹം. ആരു ചോദിച്ചാലും അങ്ങന്യാ പറയാ... സിനിമേല് പോലും കണ്ടിട്ടില്ല. ആ സ്ത്രീ വീട്ടിലെ പട്ടിക്ക് അഞ്ചും പത്തും ദോശ കൊടുക്കും. വെശന്നിട്ട് എനിക്ക് ഭ്രാന്തുപിടിച്ചിട്ടുണ്ട് ചേച്ചി. ചേച്ചിക്കറിയ്യോ മുറ്റത്തെറങ്ങി പ്ളാവില കടിച്ചുതിന്ന ദിവസമുണ്ട്. ഒരു ദെവസം വെശന്നിട്ട് ഞാന്‍ പട്ടീടെ പ്ളെയ്്റ്റില് അത് ബാക്കിട്ട ചോറ് വാരിത്തിന്നു ചേച്ചി. അവര് ഫ്രിഡ്ജ് ഒക്കെ പൂട്ടിവയ്ക്കും.''
ഹരിത പൊട്ടിക്കരഞ്ഞു.
“ഞാന്‍ സ്വപ്നം കണ്ട ജീവിതം അതായിരുന്നോ ചേച്ചി. മൂന്നുമാസം കൊണ്ട് വിസ വന്നു. സത്യത്തില് അയാള് ദ്രോഹിച്ചതൊക്കെ ഞാമ്മറന്നുപോയി. വെശപ്പാണ് ചേച്ചി ഏറ്റവും വലിയ ദ്രോഹം. അതനുഭവിച്ചാ മറ്റു വേദനകളും പ്രശ്നങ്ങളും നമ്മള് മറന്നുപോവും. ഞാന്‍ എല്ലാം മറന്ന് മലേഷ്യയ്ക്ക് പോയി. എങ്ങനേലും രക്ഷപ്പെട്ടാ മതിയായിരുന്നു. 68 കിലോയുണ്ടായിരുന്ന ഞാന്‍ 35 കിലോയായിപ്പോയി.''
ഞാന്‍ ആകെ അമ്പരന്നുപോയി. സിനിമാക്കഥപോലെ.
“ഇത്തിരി മെലിയണന്ന് മുമ്പൊക്കെ വല്ലാണ്ട് ആശിച്ചിരുന്നു. അതിന് ദൈവം എന്നെ സൊമാലിയന്‍ മോഡലാക്കുമെന്ന് കരുതീല.'' അവള്‍ കണ്ണീരുകലര്‍ന്ന ഒരു തമാശ പറഞ്ഞു.
“നെനക്ക് ഫോണ്‍ ചെയ്ത് വീട്ടില് പറയാരുന്നില്ലേ?''
“ഹാ... ഫ്രിഡ്ജ് പൂട്ടിയിട്ട ഒരു വീടാ അത്. അവിടത്തെ ഫോണും ലോക്കാ... വല്യ പറമ്പില് ഒറ്റ വീട്. അയല്‍വാസികളില്ല. ആരും അങ്ങോട്ട് വരില്ല. നാട്ടുകാരുമായി നല്ല സഹകരണമാണെ... പിന്നെന്താ ഭക്ഷണം കഴിക്കാണ്ടെ കൊടല് ചുങ്ങിപ്പോയി.''
അടുത്ത മൂന്നുമാസം.. അവന്റെ വകയായിരുന്നു...മലേഷ്യയിലെ ഒരു ഫ്ളാറ്റിലിട്ട് അതിക്രൂരമായ പീഡനം.
“ഞാന്‍ ശരിക്കും പട്ടിയായി ചേച്ചി. രണ്ടുകാലും രണ്ടുകൈയും കുത്തിയങ്ങനെ നില്‍ക്കണം മണിക്കൂറുകളോളം...''
പിന്നെ അവള്‍ പറഞ്ഞ ഓരോ വാക്കിലും ആത്മാവ് പൊടിഞ്ഞ് ചോര തുളുമ്പി. അവള്‍ ഓടിപ്പോകുമെന്ന് ഭയന്ന് നഗ്നയാക്കി മുറിയില്‍ പൂട്ടിയിട്ടത്. ഓരോ ഉപയോഗ ശേഷവും അവളെ തുപ്പിയത് ശരീരം വൃത്തിയാക്കുവാനനുവദിക്കാതെ വൃത്തിഹീനമായ ചണ്ടിപോലെ നിലത്തേക്ക് വലിച്ചിട്ടത്. കടുത്ത യൂറിനറി ഇന്‍ഫെക്ഷന്‍ വന്നിട്ടും പാരസെറ്റമോള്‍പോലും വാങ്ങിത്തരാത്തത്.
“ഓഹ് എന്റെ ചേച്ചി. ഓരോ തവണത്തെ ആവശ്യം കഴിഞ്ഞാലും ഒറ്റച്ചവിട്ടാ നെലത്തേക്ക്. പൊതപ്പില്ല. ഉടുപ്പില്ല. നല്ല പനീം.. ഏസിയാണെങ്കിലോ ഫുള്ളിലും... ജീവനോടെ മോര്‍ച്ചറീല് കെടക്കണപോലെ ഉണ്ട്.''
മതി കുഞ്ഞേ മതി... എന്റെ ദുര്‍ബലമായ വിരലുകളാല്‍ ഞാനവളുടെ വാപൊത്തി. അവളുടെ വാക്കില്‍ പൊടിഞ്ഞരക്തം. കണ്ണില്‍നിന്നും ചീറ്റിയ രക്തം.
“അയ്യോ... അയ്യോ... മതി.''
അവള്‍ വാ തുറന്നു. നഷ്ടപ്പെട്ട അണപ്പല്ലുകളുടെ ഏഴെട്ടു കുറ്റികള്‍. അവള്‍ ഉടുപ്പുതാഴ്ത്തി നെഞ്ചിലെ മാംസമുറിവിന്റെ ഉണങ്ങിയിട്ടും ഉണങ്ങാത്ത കരിയടയാളങ്ങള്‍..
“ഒരു മിംഗ് ചൈനീസ് പെണ്‍കുട്ടിയാ എന്നെ രക്ഷപ്പെടുത്തിയത്... അവള്‍ക്ക് ഇംഗ്ളീഷറിയില്ല. എനിക്ക് ചൈനീസും... എന്നിട്ടും എന്റെ ഭാഷ അവള്‍ക്ക് മനസിലായി... ലോകത്തില്‍ പല ഭാഷകളുണ്ട് ചേച്ചി. എന്നാ സ്ത്രീക്കൊരു ഭാഷയേയുള്ളൂ.. അവളുടെ കണ്ണീര്‍...''
അതെയെന്നു ഞാനും തലകുലുക്കി. ലോകത്തിലെ സര്‍വവ്യാപിയായ സംവേദനകാരിയായ ഏകഭാഷ കണ്ണീര്‍...
“തിരിച്ചുവന്ന് ഒരു മാസം ഐ.സി.യു.വില്... തമാശയെന്താന്നറിയ്യോ... ഈ മൂന്നുമാസത്തില് എനിക്ക് 2 അബോര്‍ഷനുണ്ടായി. ഹഹ.. എന്താ തമാശ.. നഴ്സായ എനിക്കുപോലും മനസിലായില്ല. ഒരു ഡി.എന്‍.സി. ഹോ... വേഗം ഡൈവേഴ്സ് കിട്ടി അതാ ആശ്വാസം...
എന്റെ സ്വര്‍ണ്ണോം പൈസേം ഒക്കെ കിട്ടി. പക്ഷേ സാധനങ്ങളോ സര്‍ട്ടിഫിക്കറ്റുകളോ കിട്ടിയില്ല. അതൊക്കെ അയാള് കത്തിച്ചുകളഞ്ഞു.
കണ്ണീരുമൂടിയ ഒരു ചിരി അവള്‍ ചിരിച്ചു.
പല്ലുകള്‍ കൊഴിഞ്ഞുപോയെങ്കിലും പിങ്ക് തൊണ്ണകാണുന്നിടത്ത് ചിരിക്കൊരു കൌതുകം ഇപ്പോഴുമുണ്ട്.
“പിന്നെ ചേച്ചി. കഴിഞ്ഞമാസം എന്റെ രണ്ടാം കല്യാണമായിരുന്നു. എനിക്ക് വേണ്ടിയല്ലാട്ടോ അപ്പച്ചനും അമ്മയ്ക്കും വേണ്ടി. എന്നെപ്പറ്റി എല്ലാം അറിയുന്ന ഒരാള്‍.. എനിക്ക് ജീവിതോം സ്നേഹോം സ്വാതന്ത്യ്രോം തരാന്നു വാക്കുപറഞ്ഞ ഒരാള്‍... എന്നാലും ഇപ്പോഴും ഒരു ഭയാണ്...''
അന്നുരാത്രി ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിച്ച് കിടന്നു. എന്റെ അനിയത്തി എന്നെ പിടിക്കുന്നതുപോലെ അവള്‍ എന്റെ വയര്‍ ചുറ്റിപ്പിടിച്ചു. പകല്‍ പറയാത്ത സംഭവങ്ങള്‍ പാതിയാക്കിയ കഥകള്‍ എല്ലാം പറഞ്ഞുകൊണ്ടേയിരുന്നു. കരച്ചിലും സങ്കടവും പതംപറച്ചിലുകളും.. ഒടുക്കം വിതുമ്പല്‍ മാത്രമായി... ചെറുതേങ്ങല്‍... ഉടല്‍ വിറ.. കണ്ണീരിന്റെ നേരിയ ചൂട്.. സ്ത്രീക്ക് മാത്രം സംസാരിക്കാനാവുന്ന അതിദീനമായ ഭാഷയില്‍ അവള്‍ മുഴുവന്‍ സങ്കടങ്ങളും പറഞ്ഞുതീര്‍ത്തു. ഒരു സ്ത്രീക്ക് മാത്രം കഴിയുന്ന അലിവോടെ ഞാനവളുടെ തലമുടിയില്‍ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു. എന്റെ നെഞ്ചില്‍ അവളും അവളുടെ സങ്കടവും ഉരുകി.. അവള്‍ ഉറങ്ങി.
...അസ്വസ്ഥമാര്‍ന്ന ആ രാത്രിയില്‍, ഇരുട്ടില്‍ അശരണരായ് നിലവിളിക്കുന്ന അനേകായിരം പെണ്‍കുട്ടികളെയോര്‍ത്ത് നിസഹായതയോടെ ഞാന്‍ ഉറങ്ങാതെ കിടന്നു... .
Comments
RSS feed for comments to this post