വിവാദങ്ങളിലൂടെ വീണ്ടും സജീവമായ കഥാകാരി രാജലക്ഷ്മിയുടെ കഥ നെല്ലില്‍ പ്രസിദ്ധീകരിക്കുന്നു. മരണം പോലും പിച്ചിചീന്തുന്നതില്‍ നിന്ന് പിന്‍തിരിയാനുള്ള കാരണമാവുന്നില്ല. സ്ത്രീത്വത്തിന് നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ പൊതു ഇടങ്ങളില്‍ മാത്രമല്ല. സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളിലൂടെയും സാഹിത്യ നിപുണനായ ഒരു വേട്ടക്കാരന്‍, സ്ത്രീത്വത്തെ അപമാനിക്കുന്നു. രാജലക്ഷ്മി ജീവനോടെയില്ലാത്ത ഈ കാലത്ത് അദ്ദേഹം നടത്തുന്ന ആരോപണങ്ങള്‍ വിലകുറഞ്ഞ വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. ഈ അവസരത്തില്‍ രാജലക്ഷ്മിയുടെ ഒരു കഥ പുതുവായനക്കാര്‍ക്കായി പങ്കുവെക്കുന്നു.
മാപ്പ്
രാജലക്ഷ്മി
"So the most disgusting of pronouns is - "
അവള്‍ നിര്‍ത്തി.
"she"
പുറകിലെ ബഞ്ചില്‍ നിന്നാണ്.
ക്ളാസ് നിശബ്ദമായി.
ആ ചെറുപ്പക്കാരിയായ അദ്ധ്യാപിക വിളര്‍ത്തു.
ഭാഷയിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍വ്വനാമശബ്ദമാണ്.
'അവള്‍!’
ഇരുപതു കുട്ടികള്‍ മാത്രമുള്ള ക്ളാസ്സ്. ആകെ ഒരു പെണ്‍കുട്ടിയേ ഉള്ളൂ. അത് അന്നു വന്നിട്ടുമില്ല.
ആ ചെറിയ മുറിയില്‍ പത്തൊമ്പത് ആണ്‍കുട്ടികളെകൂടാതെ സ്ത്രീയായി ആകെ ഉള്ളത് ചെറുപ്പക്കാരിയായ ആ അദ്ധ്യാപിക മാത്രമാണ്.
ഏറ്റവും കുത്സിതമായ ശബ്ദം.
‘അവള്‍'
അതു പറഞ്ഞ ഒച്ച സുപരിചിതമാണ്.
അയാളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ശാസിക്കുകയാണ് വേണ്ടതെന്ന് അവള്‍ക്ക് അറിയായ്കയല്ല.
ആ കുട്ടികളുടെ മുമ്പില്‍ കടലാസുപോലെ വെളുത്ത മുഖവുമായി അവള്‍ ഒരു നിമിഷം നിന്നു. എന്നിട്ട്, മേശപ്പുറത്തു കിടന്ന പുസ്തകം എടുക്കുക കൂടി ചെയ്യാതെ ക്ളാസ്സില്‍ നിന്നു പുറത്തേക്കു കടന്നു.
പീരിയേഡിന്റെ നടുക്ക് അവള്‍ മുറിയിലേക്കു തിരിച്ചു കയറി ചെന്നപ്പോള്‍ അവിടെ മറ്റദ്ധ്യാപകര്‍ എല്ലാവരും ഉണ്ട്.
'ആ, തോന്നുമ്പോത്തോന്നുമ്പോ ക്ളാസ്സും വിട്ടോണ്ട് വരിക. പണികൊള്ളാം. പ്രിന്‍സിപ്പല് കാണാത്തതു ഭാഗ്യം’. കര്‍ത്താവു മാസ്റര്‍ പകുതി കളിയും പകുതി കാര്യവുമായി പറഞ്ഞു.
അവള്‍ക്കു സഹിക്കാന്‍ വയ്യാതായി. മേശമേല്‍ തലവെച്ച് അവള്‍ തേങ്ങാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അടക്കാന്‍ കഴിയാത്ത തേങ്ങലുകള്‍.
'അയ്യോ എന്തുപറ്റി ടീച്ചര്‍?’
എല്ലാവരും എണീറ്റു.
'കര്‍ത്താവു മാഷ് എന്താണ് അതിനോടു പറഞ്ഞത്?’ ഓരോരുത്തരുടെ ആകാംക്ഷ ഉണരുകയാണ്.
ഇതു മഹാകുറച്ചിലാണ്. ഈ പുരുഷന്റെ മുമ്പില്‍ വെച്ച് ഇങ്ങനെ കരയുന്നതു നാണക്കേടാണ്. നല്ലവരാണെങ്കിലും അവര്‍ അന്യരാണ്.
ഇതൊക്കെ ആലോചിച്ചെങ്കിലും അവള്‍ക്ക് തേങ്ങല്‍ അടക്കാന്‍ കഴിഞ്ഞില്ല.
ആരോ ഒരാള്‍ അടുത്ത ഡിപ്പാര്‍ട്ടുമെന്റില്‍ പോയി അവിടെയുള്ള ഒരു ടീച്ചറെ വിളിച്ചുകൊണ്ടുവന്നു.
പുരുഷന്‍മാര്‍ എല്ലാവരും ഇറങ്ങിപ്പോയി.
മൂന്നു കുട്ടികളുടെ അമ്മയായ ആ നല്ല സ്ത്രീ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. അവര്‍ ഒരു കസേര വലിച്ചിട്ട് അവളുടെ തല പതുക്കെ തടവിക്കൊണ്ട് അടുത്തിരുന്നു.
പതുക്കെപ്പതുക്കെ തേങ്ങല്‍ നിന്നു. അവര്‍ ഒരു ഗ്ളാസ്സില്‍ വെള്ളവുമായി വന്നു. 'മുഖം കഴുകൂ’.
അവള്‍ ജനാലയ്ക്കല്‍ ചെന്നിരുന്നു മുഖം കഴുകി. ടീച്ചറിന്റെ ലോലമായ കര്‍ച്ചീഫില്‍ തുടച്ചെന്നുവരുത്തി.
'ഞാനങ്ങു പൊയ്ക്കോട്ടെ ടീച്ചര്‍? എനിക്കിന്ന് ഇനി ക്ളാസ്സില്‍ പോകാന്‍ വയ്യ’.
'രമ പൊയ്ക്കോളൂ. ഞാന്‍ പറഞ്ഞോളാം. ചെന്നു കിടന്നൊന്ന് ഉറങ്ങൂ. നാളെ വന്നാല്‍ മതി. Class ഒക്കെ ഞാന്‍ adjust ചെയ്യിച്ചോളാം'.
പടിവരെ അവര്‍ കൂടെ വന്നു.
കുടകൊണ്ട് മുഖം മറച്ച് അവള്‍ ഇറങ്ങിപ്പോകുന്നതു വരാന്തയിലും മുറ്റത്തും ഉള്ളവര്‍ ശ്രദ്ധിച്ചു.
എന്താണു സംഭവിച്ചത്?
കോളേജ് മുഴുവന്‍ ബഹളമായി. കര്‍ത്താവു മാസ്റ്റര്‍ തന്നെ ക്ളാസ്സിലെ കുട്ടികളില്‍ ഒരാളെ വിളിച്ചുചോദിച്ച് കാര്യം മനസ്സിലാക്കി.
വര്‍ത്തമാനം കാട്ടൂതീപോലെ പടര്‍ന്നു. ആ കോളേജിന്റെ ചരിത്രത്തില്‍ ഇതൊരു സംഭവമാണ്.
ഒരു ടീച്ചര്‍ ക്ളാസ്സില്‍ നിന്ന് ഇറങ്ങി വന്നു കരയുക.
അതും, ആ പാവം രമടീച്ചര്‍.
അവര്‍ പഠിപ്പിക്കുന്നതിനെപ്പറ്റി ആണെങ്കില്‍ ഇതുവരെ അങ്ങനെ പരാതിയൊന്നും കേട്ടിട്ടില്ല.
പറഞ്ഞുപറഞ്ഞു സംഭവത്തിനു നാടകീയത വര്‍ദ്ധിച്ചു.
ടീച്ചര്‍ ക്ളാസ്സില്‍ നിന്നേ കരഞ്ഞു കൊണ്ടാണ് ഇറങ്ങിവന്നത്.
ഒരു കുട്ടി ക്ളാസ്സില്‍ എഴുന്നേറ്റു നിന്ന് സഭ്യമല്ലാത്ത എന്തോ പറഞ്ഞു. അവര്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നു.
ആര്‍ക്കും ഒരുപദ്രവത്തിനും ചെല്ലാത്ത ആ പാവം രമടീച്ചര്‍. അതും പറഞ്ഞതോ, പോള്‍ വര്‍ഗീസ്. കോളേജ് യൂണിയന്റെ പ്രസിഡന്റ്. പോള്‍ വര്‍ഗീസിനെപ്പറ്റി അതുവരെ കേട്ടിട്ടില്ലാത്ത പരാതികള്‍ ഓരോന്നായി പുറത്തുവന്നു.
ആള്‍ സ്വല്‍പ്പം പിഴയാണ്. പ്രസിഡന്റ് ഒക്കെ ആയതിനുശേഷം ഈയിടെ അഹങ്കാരവും കുറേ കുടുതലാണ്.
അയാള്‍ എപ്പോഴും പെണ്‍കുട്ടികളുടെ വെയിറ്റിംഗ് റൂമിന്റെ പരിസരത്ത് ഉണ്ട്. ആരോ ഒരാള്‍ കണ്ടു പിടിച്ചു.
അയാള്‍ മദ്യശാലയിലേക്ക് പുറകിലത്തെ വാതിലില്‍ കൂടി കടന്നു പോകുന്നതു കണ്ടവരുണ്ട്.
ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് പോള്‍ വര്‍ഗീസ് ഒരു തെമ്മാടിയായി. ക്ളാസ്സില്‍ വെച്ച് എന്താണുണ്ടായത് ശരിയ്ക്ക്? ഇത്രയുമേ നടന്നുള്ളോ? മറ്റു പിള്ളേര്് ഇവനെ രക്ഷിയ്ക്കാന്‍ കളവു പറയുന്നതാണോ?
ഇത്രയുമേ സംഭവിച്ചുള്ളൂ എങ്കില്‍ ആ ടീച്ചര്‍ക്ക് ഇത്രയ്ക്ക് ഉള്ളില്‍ തട്ടാന്‍ ചുമ്മാ ആരെങ്കിലും ഡിപ്പാര്‍ട്ട്മെന്റില്‍ വന്നിരുന്നു കരയുമോ?
എന്താണു സംഭവിച്ചത് ഇത്രയ്ക്ക് ഉള്ളില്‍ തട്ടാന്‍. അതാണ് രമയും ആലോചിച്ചിരിക്കുന്നത്.
താന്‍ അവിടെയിരുന്ന് അങ്ങനെ കരഞ്ഞുപോകാന്‍ കാരണം എന്താണ്? ആ കുട്ടി പറഞ്ഞതിനാണോ? അത്രയ്ക്കു കൊള്ളാരുതാത്തവള്‍ ആണോ? ഒരു കുട്ടിയെ നിലയ്ക്കു നിര്‍ത്താന്‍ കൊള്ളില്ല എങ്കില്‍ - കര്‍ത്താവുമാസ്റ്റര്‍ കളിയാക്കിയതിന്? ഛേ ഇങ്ങനെ തൊട്ടാവാടിയൊന്നുമല്ല.
പോള്‍ വര്‍ഗീസിനെ തനിക്കു കുറച്ചു കാര്യമായിരുന്നു. ശരിയാണ്. ചൊടിയും, ചുണയും ഉള്ള ഒരു മിടുക്കന്‍ കുട്ടി. അയാളുടെ ശബ്ദത്തില്‍ അങ്ങനെ കേട്ടപ്പോള്‍ - എന്നാലും ഇത്രയ്ക്ക് -
തനിക്കു നഷ്ടപ്പെട്ടുപോയതിനെ, തിരിച്ചിനി കിട്ടാത്തവിധം കൈവിട്ടുപോയതിനെ പെട്ടെന്നങ്ങു സ്മരിച്ചുപോയി എന്നോ. താന്‍ ജീവിതം എന്നു വിളിക്കുന്ന ഇതിന്റെ പോള്ളത്തരം ഒരു നിര്‍ദ്ദയമായ വെളിച്ചത്തിന്റെ പ്രഭയില്‍ ആവരണമൊക്കെ നീങ്ങി ഒരു നിമിഷത്തില്‍ വ്യക്തമായി കണ്ടു എന്നോ?.
ഇന്നലെകളുടെ വേദന, ഇന്നിന്റെ വ്യര്‍ത്ഥത, നാളെകളുടെ അര്‍ത്ഥ ശൂന്യത ഇതെല്ലാം ആ ഒരു ഞൊടി നേരത്തേക്ക് മറയില്ലാതെ കണ്ടു എന്നോ?
അതാണോ കരഞ്ഞുപോയത്?
പിറ്റേദിവസം തല ഉയര്‍ത്താതെ അവള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ചെന്നു കയറി.
എല്ലാവര്‍ക്കും വളരെ കാര്യം. ഫൈനല്‍ മെയിന്റെ ആ ക്ളാസ്സ് മേലില്‍ എടുക്കേണ്ട എന്നു പ്രെഫസര്‍ വന്നു പറഞ്ഞു.
ഇനി ആ ക്ളാസ്സില്‍ പോകണ്ട? സന്തോഷിക്കുകയാണ് വേണ്ടത്. താന്‍ അധിക്ഷിപ്തയായത് അവിടെ വെച്ചാണ്. അവിടെ ഇനി ചെല്ലേണ്ട. അവരെ ഇനി കാണണ്ട എന്നു വന്നാല്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്.
പോള്‍ വര്‍ഗീസ് -
ഇത്രയ്ക്കു പ്രമാദമായ കേസാവുമെന്ന് ആ കുട്ടി വിചാരിച്ചുകാണില്ല.
എന്തായിരിക്കും ഇപ്പോള്‍ അയാളുടെ മനസ്സില്‍ തന്നെപ്പറ്റി വിചാരം? അവരുകേറി നിലവിളിക്കാന്‍ പോയതുകൊണ്ടല്ലേ ഈ കുഴപ്പമൊക്കെ എന്നായിരിക്കുമോ?
എന്തിനാണ് ആ കുട്ടി അതു പറഞ്ഞത്? മന:പൂര്‍വ്വം തന്നെ ആക്ഷേപിക്കാന്‍ വേണ്ടിയാണോ?
Stratchey യുടെ ഉപന്യാസത്തില്‍ ഏറ്റവും കുത്സിതമായ സര്‍വ്വനാമശബ്ദം എന്ന് ഉപയോഗിക്കുന്നത് ഉത്തമ പുരുഷന്‍ ഏകവചനത്തിന് പകരമാണ്.
താന്‍ അതു പഠിപ്പിച്ചുകൊണ്ടിരിക്കുകയും ആയിരുന്നു.
'ഞാന്‍’ എന്ന പദത്തിനോടുള്ള സ്നേഹം.
ഏറ്റവും മനം മടുപ്പിക്കുന്ന സര്‍വ്വനാമശബ്ദം
ഒരു വലിയ 'ഞാന്‍’ മുമ്പിലുണ്ടായതല്ലേ തന്റെ കുഴപ്പം.
'ഞാനെന്നഭാവമിഹ, തോന്നായ്കവേണം...
സായിപ്പിന്റെ ആ ആശയത്തിന് ഹിന്ദുവേദാന്തത്തിനോട് അടുപ്പമുണ്ട് എന്നൊക്കെ ആലോചിച്ചാണ് ക്ളാസില്‍ പോയത്.
എന്നിട്ട് അവിടെച്ചെന്ന് മുഖവുരയും ഒക്കെക്കഴിഞ്ഞ് കാര്യമായി തുടങ്ങിയപ്പോള്‍
പോള്‍ വര്‍ഗീസ് -
ചടച്ച് കൊലുന്നനെ സുമുഖനായ ആ കുട്ടി, തന്നെ ആക്ഷേപിച്ചിട്ട് അയാള്‍ക്കെന്തുകിട്ടാന്‍...?
കേസ് വലുതായി വരികയാണ്.
പ്രിന്‍സിപ്പലിന്റെ അടുത്തെത്തി എന്നു കേട്ടു.
അങ്ങേരിതു വളരെ ഗൌരവമായിട്ടാണ്പോലും എടുത്തിരിക്കുന്നത്.
രക്ഷാകര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞയച്ചിരിക്കുകയാണ്.
ഓ, തീര്‍ന്നല്ലോ. രമ സമാധാനിച്ചു. രക്ഷാകര്‍ത്താവ് വരും. വല്ലതും കുറച്ചു വര്‍ത്തമാനം പറഞ്ഞു പോകും. കേസും തീരും. സമാധാനം. എങ്ങനെയെങ്കിലും ഇതൊന്നു തീര്‍ന്നിരുന്നെങ്കില്‍ -
പക്ഷേ, വിചാരിച്ചതുപോലെ തീര്‍ന്നില്ല. പോള്‍ രക്ഷാകര്‍ത്താവിനെ കൊണ്ടു വന്നില്ല.
പ്രിന്‍സിപ്പലിന് ശുണ്ഠി കൂടി വരികയാണ്. ഇപ്പോള്‍ ഒരു ക്ളാസിലും കേറ്റുന്നില്ല.
പഠിക്കാന്‍ മിടുക്കനായ കുട്ടി താന്‍ കാരണം ഒരു ക്ളാസിലും കേറാതെ -
അതിനങ്ങ് അച്ഛനെ വിളിച്ചു കൊണ്ടു വന്നു കൂടേ?
അവള്‍ കേള്‍ക്കേ കേസിന്റെ കാര്യം ഡിപ്പാര്‍ട്ടുമെന്റില്‍ ആരും പറയാറില്ല.
ആ സ്ത്രീ മോങ്ങും എന്നായിരിക്കും അവരുടെയൊക്കെ മനസ്സില്‍ ഇപ്പോള്‍ - ഛേ
പക്ഷേ, മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെല്ലാം ഇതാണ് സംസാര വിഷയം. അവിടെയൊക്കെ സ്ത്രീകളുമുണ്ട്. അവര്‍ കേള്‍ക്കേ സംസാരിച്ചു കുടെന്ന് ആര്‍ക്കും നിര്‍ബന്ധവുമില്ല.
അങ്ങനെ ന്യൂസുകള്‍ എല്ലാം ചൂടോടെ രമയ്ക്കും കിട്ടിക്കൊണ്ടിരുന്നു.
അച്ഛനെ വിളിച്ചുകൊണ്ടു വരാത്തത് പോളിന്റെ കുറ്റം മാത്രമല്ല. അയാളുടെ അച്ഛനും അമ്മയും തമ്മില്‍ അത്ര രസമല്ലത്രേ. അച്ഛനാണ് പഠിപ്പിക്കുന്നത്. പണം കൊടുക്കുന്നു. എന്നല്ലാതെ വേറെ ഒന്നും അങ്ങോര്‍ അന്വേഷിക്കാറില്ലത്രേ. ഇയാളുടെ കേസു തീര്‍ക്കാനൊന്നും അങ്ങോര്‍ വരിക ഉണ്ടാവില്ല. കേസും വഴക്കും ഒക്കെ ആണെന്നറിഞ്ഞാല്‍ ഉടനെ പഠിപ്പു നിര്‍ത്തിക്കൊള്ളാന്‍ പറയും. അത്രയേ ഉള്ളൂ.
അച്ഛനല്ലതെ വേറെ അടുത്ത ബന്ധുക്കള്‍ ആരുമില്ല അയാള്‍ക്ക്. അങ്ങനെ, അയാള്‍ രക്ഷാകര്‍ത്താവിനെ കൊണ്ടു വന്നില്ല.
പ്രിന്‍സിപ്പലിന് വൈരാഗ്യം കൂടികൂടി വരികയും.
രണ്ടോ മൂന്നോ രൂപ കൊടുത്താല്‍ ഇഷ്ടം പോലെ രക്ഷാകര്‍ത്താക്കളെ കിട്ടുന്ന നാടാണെന്നു കേട്ടിട്ടുണ്ട്. അങ്ങനെയാണു പോലും അവിടെ സാധാരണ കുട്ടികളുടെ പതിവ്. ഇയാള്‍ക്കും അങ്ങനെ വല്ലതും ചെയ്തുകൂടെ ? അമ്മാവന്മാര്‍ ആര്‍ക്കും ഉണ്ടാകാമല്ലോ.
അയാള്‍ അതൊന്നും ചെയ്തില്ല. യൂണിയന്റെ പ്രസിഡന്റ് ഒരാഴ്ചയിലധികമായി ക്ളാസില്‍ നിന്നും പുറത്താണ്.
ആ കൊല്ലം ഫൈനലിയര്‍ പരീക്ഷയാണ് ആ കുട്ടിക്ക്.
താന്‍ കാരണം ഒരു കുട്ടിക്ക് ....
ചക്രം ഉരുട്ടി വിടാന്‍ മാത്രമേ തന്നെകൊണ്ടു കഴിഞ്ഞുള്ളൂ. ഇനി അതു പിടിച്ചു നിര്‍ത്താന്‍ താന്‍ വിചാരിച്ചാല്‍ ഒക്കില്ല എന്നോ?
എന്തോ വികൃതിത്തരം മനസ്സില്‍ കണ്ട് ആലോചിക്കാതെ പറഞ്ഞുപോയതായിരിക്കും ആ കുട്ടി.
അതിന് -
താന്‍ കാരണം ...
പ്രിന്‍സിപ്പലിനെ ചെന്നു കണ്ടു പറഞ്ഞാലോ. ആ കുട്ടി പറഞ്ഞതിനൊന്നുമല്ല താന്‍ കരഞ്ഞതെന്ന്. പിന്നെ എന്തിനു കരഞ്ഞു എന്നു ചോദിച്ചാല്‍ -
ഒന്നും പറയാനില്ലല്ലോ
ആലോചിച്ച് ആലോചിച്ച് അവസാനം എന്തും വരട്ടെ എന്നു നിശ്ചയിച്ച് അവള്‍ ചെന്നു.
അവളെക്കണ്ട് അദ്ദേഹം വെളുക്കെ ചിരിച്ചു.
മദ്ധ്യവയസ്സു കഴിഞ്ഞ ആ മനുഷ്യനെ കുട്ടികള്‍ കടുവാ എന്നാണ് വിളിക്കാറ് എന്ന് അവള്‍ ഓര്‍ത്തു.
കുശലപ്രശ്നങ്ങള്‍ കഴിഞ്ഞു. ഇനി വന്ന കാര്യം പറയണ്ടേ
“സര്‍, ആ പോള്‍ വര്‍ഗീസ് ;”
“എന്താണ് അയാള്‍ പിന്നെയും കുഴപ്പം വല്ലതും ഉണ്ടാക്കിയോ?”
“ഇല്ല അയാള്‍ ക്ളാസ്സിലൊന്നും കയാറാതെ നടക്കുകയാണ്”
“ഞാന്‍ കേറരുതെന്നു പറഞ്ഞിട്ടാണ്”
“അയാള്‍ മിടുക്കനാണ്”
“അതു മാത്രം പോരല്ലോ”
“ഇത്രയും കൊണ്ട് മതിയാക്കി അയാളെ കേറാന്‍ പറഞ്ഞുകൂടേ സാര്‍?”
അദ്ദേഹം ചിരിച്ചു. മുറിയില്‍ കൂടെ ഉണ്ടായിരുന്ന വേറെ ഒന്നു രണ്ടു മാസ്റര്‍മാരും ചിരിച്ചു.
താനൊരു പമ്പരവിഡ്ഢിയാണ് എന്നാണോ കരുതുന്നത്. ഒരു കുട്ടി എന്തോ പറഞ്ഞെന്നു വെച്ച് ആദ്യം കേറിക്കരയുക. പിന്നെ അയാളെ വെറുതെ വിടണമെന്നു പറയാന്‍ വരിക.
“രമയ്ക്ക് compunction ഒന്നും വേണ്ട ഇതില്‍. Lack of discipline ആണ് അവരുടെ generation ന്റെ കുഴപ്പം. അതും അയാള് union president കുട്ടികളുടെ elected representative. അയാള്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടേണ്ടവനാണ്. നല്ല punishment കൊടുക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും ഒരു പാഠം ആവണം”
“അയ്യോ സാര്‍, ഞാന്‍ കാരണം ഒരു കുട്ടി - “
“രമ വന്ന് ഇത്രയും പറഞ്ഞത് ഒന്നു ചെയ്തേക്കാം. അയാള്‍ക്ക് ഒരു choice കൊടുക്കാം. അയാള്‍ whole college ന്റെ മുമ്പില്‍ വച്ച് apologie ചെയ്യട്ടെ; അല്ലെങ്കില്‍ ടി.സി. മേടിച്ച് പൊയ്ക്കോട്ടെ”
“എല്ലാവരുടെയും മുമ്പില്‍ വച്ച്”
“രമയ്ക്ക് embarassing ഒന്നും ആവില്ല. ഞങ്ങള്‍ എല്ലാവരും ഉണ്ടാവും. രമ വന്നാല്‍ മാത്രം മതി”
“എന്നാലും students ന്റെ മുമ്പില്‍ വച്ച് ആ കുട്ടി”
പ്രിന്‍സിപ്പല്‍ തന്നെ വല്ലാത്ത മട്ടില്‍ നോക്കുകയാണെന്ന് അവള്‍ക്കു തോന്നി.
ദൈവമേ
“എനിക്ക് അടുത്ത hour ക്ളാസ്സുണ്ട്. ഞാന്‍ പോകട്ടെ”
“ശരി”
ഇതും കോളേജ് മുഴുവന്‍ അറിഞ്ഞു.
പോള്‍ വര്‍ഗീസ് മാപ്പു ചോദിക്കാന്‍ സമ്മതിച്ചു എന്നു കേട്ടു.
അയാള്‍ക്കു വോട്ടുകൊടുത്ത് അയാളെ അവരുടെ നേതാവായി തിരഞ്ഞെടുത്ത ആ രണ്ടായിരത്തിലധികം കുട്ടികളുടെ മുമ്പില്‍ വച്ച്. തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. കൃത്യം നാലിന് കോളേജ് വിട്ട ഉടന്‍ എല്ലാവരും മെയിന്‍ ഹാളില്‍ എത്തണം എന്ന നോട്ടീസ് വന്നു.
അയാള്‍ ചെല്ലാതെ പറ്റുമോ?
നാല് പത്തിന് പ്രിന്‍സിപ്പല്‍ എത്തി. പ്ളാറ്റുഫോമില്‍ ആ കോളേജിലെ എഴുപതിലേറെ മീതെ വരുന്ന അദ്ധ്യാപകര്‍. താഴെ കുട്ടികളുടെ സമുദ്രം. ആ രണ്ടായിരം ജോഡി കണ്ണുകളും തന്നിലാണോ തറച്ചിരിക്കുന്നത് ? നാലു പതിനഞ്ചു വരെ പ്രിന്‍സിപ്പല്‍ അക്ഷമനായി കാത്തു നിന്നു. പോള്‍ വര്‍ഗീസ് വന്നില്ല.
നമ്പര്‍ 3572 തേര്‍ഡ് ഡി.സി.യിലെ പോള്‍ വര്‍ഗീസിനെ അച്ചടക്ക രാഹിത്യത്തിന് കോളേജില്‍ നിന്ന് പുറത്താക്കി എന്ന് നോട്ടീസ് എല്ലാ നോട്ടീസ് ബോര്‍ഡുകളിലും അന്നു തന്നെ വന്നു.
പിറ്റേ ദിവസം കൂട്ടുകാര്‍ പറഞ്ഞതൊന്നും കൂട്ടാക്കാതെ അവള്‍ ഒരാഴ്ച ലീവെടുത്ത് നാട്ടില്‍ പോയി.
കുറച്ചൊക്കെ തണുത്ത മനസ്സുമായാണ് തിരിച്ചു വന്നത്.
മുറി തുറന്ന് അകത്ത് കയറിയപ്പോഴേക്കും വാച്ചര്‍ രാമന്‍ നായര്‍ ഒരു പൊതിയും കൊണ്ടു വന്നു.
“പോയേന്റെ പിറ്റെദിവസം ഒരു കുട്ടി കാണാന്‍ വന്നിരുന്നു. ഇവിടെ ഇല്യാന്ന് പറഞ്ഞപ്പോള്‍ ദേ ഇത് ഏല്‍പ്പിച്ചിട്ടു പോയി. കൈയ്യില്‍ത്തന്നെ തരണം എന്നു പറഞ്ഞു. പുസ്തകമാണ്. പൊതിഞ്ഞിങ്ങട് തര്വാണ് ചെയ്തത്., ഇല്ലാന്ന് പറഞ്ഞപ്പോള്‍.”
പുഷ്കിന്റെ കവിതകളുടെ ഒരു സമാഹാരം. വിലകുറഞ്ഞ മോസ്കോ പബ്ളിക്കേഷന്‍. ആദ്യത്തെ പേജില്‍ വടിവുള്ള അക്ഷരത്തില്‍ “ഞാന്‍ മുട്ടു കുത്താന്‍ വന്നപ്പോള്‍ അങ്ങ് വാതില്‍ അടച്ചു കളഞ്ഞു” പോള്‍..