സൂര്യനെ പോലെ ജ്വലിക്കുന്ന സിനിമ
ജിനേഷ് കുമാര്‍ എരമം
'ഉദയസൂര്യന്റെ നാട്’ എന്നാണ് ജപ്പാനെ വിളിക്കാറ്. സൂര്യനുമായി അവരുടെ സംസ്കാരത്തിനുള്ള ബന്ധം കൊണ്ടാകാം ഇത്. അകിര കുറോസാവ എന്ന ജാപ്പനീസ് സംവിധായകനെയും സൂര്യന്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ജപ്പാനെ ലോകസിനിമയുടെ ചക്രവാളത്തിലേക്കുയര്‍ത്തിയ 'റാഷമണ്‍’ എന്ന ചിത്രം ഇതിന് തെളിവാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ അണുബോംബാക്രമണത്തില്‍ ശവപ്പറമ്പായി മാറിയ ഒരു രാജ്യം മറ്റു മേഖലകളിലെന്ന പോലെ സിനിമയിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. 1950ലാണ് 'റാഷമണ്‍’ പുറത്തിറങ്ങിയത്. റ്യുനോസു കെ അകുടഗാവെയുടെ 'റാഷമണ്‍' (1915), 'മരക്കൂട്ടങ്ങള്‍ക്കിടയില്‍' (1922) എന്നീ ചെറുകഥകളെ ആധാരമാക്കിയാണ് ചിത്രമുണ്ടാക്കിയത്. തിരക്കഥയെഴുതിയത് കുറോസാവയും ഷിനോബു ഹാഷിമോത്തോയും ചേര്‍ന്ന് 1951 ലെ വെനീസ് ചലച്ചിത്രമേളയില്‍ 'സുവര്‍ണ്ണ സിംഹം’ പുരസ്കാരവും പിന്നീട് ഓസ്കാര്‍ ഓണററി അവാര്‍ഡും നേടിയതോടെ സിനിമയും സംവിധായകനും ജപ്പാനും ചലച്ചിത്രരംഗത്തെ ഇതിഹാസങ്ങളായി മാറി.
![]() |
|
എന്താണ് സത്യം?, മനുഷ്യനിലെ നന്മകള്‍ പൂര്‍ണ്ണമായും അവസാനിച്ചുവോ ഇങ്ങനെയുള്ള ചില ചോദ്യങ്ങളുന്നയിക്കുകയാണ് ചിത്രം. ഉത്തരം കണ്ടത്തേണ്ട ജോലി പ്രേക്ഷകര്‍ക്ക് നല്‍കുകയാണ്. ഒരു സംഭവം പലര്‍ പറയുമ്പോള്‍ പല കഥകളായി മാറുന്നു. അവ പരസ്പര വിരുദ്ധം പോലുമാകാം. സത്യം കണ്ടെത്തുക എന്നത് എളുപ്പപ്പണിയല്ല ഇതിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. |
കഥാചിത്രത്തെ (ഫീച്ചര്‍ ഫിലിം)ക്കുറിച്ചുള്ള പരാമ്പരാഗത ധാരണകളെയൊക്കെ തിരുത്തിയെഴുതുകയായിരുന്നു 'റാഷമണ്‍’. തുടക്കം, മധ്യഭാഗം, അന്ത്യം എന്നിങ്ങനെ നേര്‍രേഖയില്‍ വളര്‍ന്നുവരുന്നതാണ് മിക്ക കഥാചിത്രങ്ങളും. നായകന്‍ , നായിക, പ്രതിനായകന്‍ എന്നിവരെല്ലാം എങ്ങനെയായിരിക്കണമെന്ന് പ്രേക്ഷകര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടാകും. നായകന്‍ പ്രതിനായകനുമേല്‍ വിജയം നേടും. നായികയെ അയാള്‍ സ്വന്തമാക്കും. ഒടുവില്‍ കാര്യങ്ങളെല്ലാം നേരെചൊവ്വെയാക്കിയ ശേഷമേ ചിത്രം അവസാനിക്കൂ. ഒളിപ്പിച്ചുവെച്ച കഥയുടെ കെട്ടഴിഞ്ഞ് എല്ലാം മനസിലാക്കിയ പ്രേക്ഷകര്‍ക്ക് ആശ്വാസവും സന്തോഷവും. ഈ രീതിക്ക് നേരെ എതിരാണ് 'റാഷമണി'ല്‍ കുറോസാവയുടെ കഥപറച്ചില്‍. എന്താണ് സത്യം?, മനുഷ്യനിലെ നന്മകള്‍ പൂര്‍ണ്ണമായും അവസാനിച്ചുവോ ഇങ്ങനെയുള്ള ചില ചോദ്യങ്ങളുന്നയിക്കുകയാണ് ചിത്രം. ഉത്തരം കണ്ടത്തേണ്ട ജോലി പ്രേക്ഷകര്‍ക്ക് നല്‍കുകയാണ്. ഒരു സംഭവം പലര്‍ പറയുമ്പോള്‍ പല കഥകളായി മാറുന്നു. അവ പരസ്പര വിരുദ്ധം പോലുമാകാം. സത്യം കണ്ടെത്തുക എന്നത് എളുപ്പപ്പണിയല്ല ഇതിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.
18ാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതും തകര്‍ച്ചയിലായതുമായ റാഷമണ്‍ കവാടത്തില്‍ വെച്ചാണ് ചിത്രമാരംഭിക്കുന്നത്. കൊടുംമഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു പുരോഹിതനും മരംവെട്ടുകാരനും കവാടത്തിനടിയില്‍ നില്‍ക്കുകയാണ്. ഒരു സാധാരണക്കാരനും അവിടെയെത്തുന്നു. അയാളോട് അവര്‍ ഒരു സംഭവം വിവരിക്കുകയാണ്. മരം വെട്ടുകാരന്‍ കഥ പറഞ്ഞുതുടങ്ങുന്നു: മൂന്നുനാള്‍ മുമ്പ് കാട്ടിലയാള്‍ ഒരു പടയാളിയുടെ (സമുറായ്) ജഡം കണ്ടെത്തുന്നു. അയാള്‍ അക്കാര്യം അധികാരികളെ അറിയിച്ചു. സമുറായിയെയും ഭാര്യയെയും ആ ദിവസം കാട്ടില്‍ കണ്ടുവെന്ന് പുരോഹിതനും പറയുന്നു. ഇരുവരെയും കോടതിമുറ്റത്തേക്ക് വിളിച്ചു. സമുറായിയെ തജോമാരു എന്ന കൊള്ളക്കാരന്‍ കൊന്നതാണെന്നും സമുറായിയുടെ ഭാര്യയെ അയാള്‍ മാനഭംഗപ്പെടുത്തിയെന്നുമാണ് കേസ്. കൊള്ളക്കാരന്‍ പറയുന്ന കഥ ഇതല്ല. കാട്ടില്‍വെച്ച് പുരാതനമായ വാള്‍ കാണിക്കാമെന്ന് പറഞ്ഞ് സമുറായിയെ വഴിതെറ്റിച്ചു പിടിച്ചുകെട്ടിയെന്നും ഭാര്യ കഠാരകൊണ്ട് ആക്രമിക്കാന്‍ വന്നുയെന്നും അയാള്‍ പറയുന്നു. പിന്നെ കൊള്ളക്കാരനോട് അവള്‍ക്ക് ഇഷ്ടംതോന്നി. ഭര്‍ത്താവുമായി ദ്വന്ദ്വയുദ്ധം നടത്താന്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ സമുറായ് മരിച്ചു. ഭാര്യ പേടിച്ച് ഓടിപ്പോയി. ഭാര്യപറയുന്നത് മറ്റൊരു കഥയാണ്. അപമാനിതയായ താന്‍ ഭര്‍ത്താവിനോട് മാപ്പ് ചോദിച്ചു. അയാള്‍ പ്രതികരിച്ചില്ല. അസ്വസ്ഥയായ അവള്‍ ഭര്‍ത്താവിനെ കുത്തിക്കൊന്നു. സ്വയം മരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമുറായിയുടെ ആത്മാവിനെ ഒരു മന്ത്രവാദിനി ആവാഹിച്ച് അയാളെക്കൊണ്ടും കഥ പറയിക്കുന്നുണ്ട്. കൊള്ളക്കാരനോടൊപ്പം ഭാര്യ പോകാന്‍ സമ്മതിച്ചു. തന്നെകൊല്ലാന്‍ കൊള്ളക്കാരനോട് പറഞ്ഞെന്നും ഒടുവില്‍ ഭാര്യ ഓടിപ്പോയപ്പോള്‍ താന്‍ സ്വയം കുത്തിമരിച്ചതാണെന്നുമാണ് സമുറായ് പറയുന്നത്. ഇതൊന്നുമല്ല സത്യമെന്ന് മരംവെട്ടുകാരന്‍ പറയുന്നു. സമുറായിയുടെ ഭാര്യയോട് കൊള്ളക്കാരന്‍ വിവാഹഭ്യര്‍ത്ഥന നടത്തി. പോരാടി ജയിക്കുന്നയാളെ ഭര്‍ത്താവായി സ്വീകരിക്കാമെന്ന് അവള്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഏറ്റുമുട്ടുന്നു. സമുറായ് മരിക്കുന്നു. സ്ത്രീ ഓടി രക്ഷപ്പെടുന്നു.
ഈ കഥകളിലെ സത്യം എന്തെന്ന് പറയുന്നതിന് പകരം മറ്റൊരു സീനിലാണ് ചിത്രം അവസാനിപ്പിക്കുന്നത്. കവാടത്തില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ കാണുന്നു. അതിന്റെ വസ്ത്രം മോഷ്ടിക്കാനാണ് സാധാരണക്കാരന്‍ തയ്യാറാകുന്നത്. മരംവെട്ടുകാരന്‍ ക്ഷുഭിതനാകുന്നു. തന്റെ ആറുമക്കളോടൊപ്പം ആ കുഞ്ഞിനെയും വളര്‍ത്തുമെന്നു അയാള്‍ പറയുന്നു. ലോകത്ത് നന്മ അവസാനിച്ചിട്ടില്ലെന്ന് ആശ്വസിക്കുന്ന പുരോഹിതനില്‍നിന്ന് അയാള്‍ കുഞ്ഞിനെ വാങ്ങി നടക്കുന്നു. അപ്പോഴേക്കും മഴ മാറി മാനംതെളിയുന്നു. പ്രത്യാശയുടെ സൂര്യന്‍ കടന്നുവരുന്നു. സൂര്യനുനേരെ ക്യാമറ തിരിച്ച ആദ്യ ചിത്രമാണിത്. കണ്ണാടികൊണ്ട് സൂര്യവെളിച്ചം പ്രതിഫലിപ്പിച്ചാണ് പലരംഗങ്ങളും ചിത്രീകരിച്ചത്. സൂര്യന്‍ കഥാപാത്രംപോലെ നിറഞ്ഞുനില്‍ക്കുന്നു. യുദ്ധത്തില്‍ തകര്‍ന്ന ജപ്പാനെക്കുറിച്ചുള്ള അന്യാപദേശകഥയാണ് ചിത്രമെന്ന വ്യാഖ്യാനമുണ്ടായിട്ടുണ്ട്. ഇതിലെ കവാടം ഒരു പ്രതീകം തന്നെയാണ് .