സെര്‍ബിയന്‍ അഭിമാനത്തിന്റെ
സുവര്‍ണ ദീപ്തിയില്‍
എ എന്‍ രവീന്ദ്രദാസ്
വിശ്വടെന്നീസില്‍ നാം പുതിയൊരു പുരുഷാര്‍ത്ഥം ദര്‍ശിക്കുകയാണോ. ഈ വര്‍ഷത്തെ മൂന്നാം ഗ്രാന്‍സ്ലാം നേടിക്കൊണ്ട് നൊവാക് ദ്യോക്യോവിച്ച് എന്ന് സെര്‍ബിയക്കാരന്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരുകയാണെന്ന ധാരണ ബലപ്പെടുകയാണിപ്പോള്‍. നാളിതുവരെയുള്ള ദ്യോക്യോവിച്ചിന്റെ പ്രകടനവും ഇപ്പോഴത്തെ നിലവാരവും അളക്കുകയാണെങ്കില്‍ ഒരു കാര്യം സംശയരഹിതമായി പറയാം. റോജര്‍ ഫെഡറും പീറ്റ് സംപ്രാസും ആന്ദ്രെ ആഗസിയും ബ്യോണ്‍ബോര്‍ഗും ജോണ്‍ മെക്കന്‍റോയും മറ്റുമടങ്ങുന്ന വിശ്രുത താരങ്ങളുടെ നിലവാരത്തിലേക്ക് ഈ സെര്‍ബിയന്‍ താരവും എത്തികഴിഞ്ഞു.
![]() |
|
ടെന്നീസ് എന്നത് കളിക്കൊപ്പം മാനസികമായ മേധാവിത്വം കൂടിയാണെന്നു തെളിയിച്ചുകൊണ്ടാണ് ദ്യോക്കോവിച്ച് ഗ്രാന്‍സ്ലാമുകളുടെ ട്രിപ്പിളേറിയത്. പന്ത്രണ്ട് വര്‍ഷം മുമ്പ് ഒരു ടെന്നീസ് റാക്കറ്റും ഒരുപിടി സ്വപ്നങ്ങളുമായി ബല്‍ഗ്രോഡിനോടു യാത്ര പറഞ്ഞിറങ്ങിയ ആ ചെറുപ്പക്കാരന്‍ അസൂയാവഹമായ നേട്ടങ്ങളുടെ നെറുകയില്‍ കാലൂന്നി നില്‍ക്കുമ്പോള്‍, വംശീയ കലാപത്തിന്റെ ഛിന്നഭിന്നമായ യൂഗോസ്ളാവ്യയെക്കുറിച്ചു മാത്രമല്ല, ഒരിക്കലും കരിയാത്ത മുറിവുകളുമായി ജീവിക്കുന്ന സെര്‍ബുകളെയും ക്രൊയേഷ്യക്കാരെയും നാം ഓര്‍ക്കുന്നു. വരും കാലം ദ്യോക്കോവിച്ചിന്റേതായിരിക്കുമോ? ഫെഡറര്‍ അസ്തമിക്കുകയാണ്. നദാല്‍-ദ്യോക്കോവിച്ച് വൈരം ഇതേപോലെ തുടരണമെന്നില്ല. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ കൂടി ഇപ്പോഴത്തെ നിലവാരവും ഫോമും നിലനിര്‍ത്താനായാല്‍ വിശ്വടെന്നീസിലെ അഭിജാത നിരക്കൊപ്പം തന്നെയാവും നൊവാക് ദ്യോക്കോവിച്ചിന്റെ സ്ഥാനം എന്ന് ഉറപ്പിച്ചുപറയാനാവും. |
2008, 2011 വര്‍ഷങ്ങളിലെ ഓസ്ട്രേലിയന്‍ ഓപ്പണും ഈ വര്‍ഷത്തെ തന്നെ വിംബിള്‍ഡണും ഇപ്പോള്‍ യു എസ് ഓപ്പണുമടക്കം നാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ ദ്യോകോവിച്ചിന്റെ ഷോകേസിനെ അലങ്കരിക്കുന്നു. സീസണിലെ മൊത്തം കിരീട നേട്ടമാവട്ടെ പത്ത്. യു എസ് ഓപ്പണില്‍ നദാലിനെ 6-2, 6-4, 6-7, 6-1ന് അടിയറവ് പറയിച്ചതിനൊപ്പം സ്പാനിഷ് താരത്തിനുമേല്‍ ഈ വര്‍ഷം തന്റെ ആറാം വിജയം ആഘോഷിക്കാനും ദ്യോക്കോവിച്ചിന് കഴിഞ്ഞു.
ഒരു കലണ്ടര്‍ വര്‍ഷത്തിലെ നാല് ഗ്രാന്‍സ്ലാം കിരീടങ്ങളില്‍ മൂന്നും ഒരാള്‍ നേടുകയെന്ന രമണീയമായ അത്ഭുതം കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ അഞ്ചാം തവണയാണ് സംഭവിക്കുന്നത്. അതേ സമയം പുരുഷ ടെന്നീസില്‍ ഓപ്പണ്‍ യുഗത്തിന്റെ ആദ്യ മുപ്പത്തിയാറ് വര്‍ഷം ഈ നേട്ടം കണ്ടത് മൂന്ന് തവണ മാത്രമാണ്. യു എസ് ഓപ്പണ്‍ കിരീടധാരണത്തിലൂടെ ദ്യോക്കോവിച്ച് ആ റെക്കോര്‍ഡില്‍ പങ്കാളിയായത് ഏറ്റവും അര്‍ഹതപ്പെട്ട നിലയില്‍ തന്നെയാണ്. റോജര്‍ഫെഡറര്‍ 2004, 2006, 2007ലും റാഫേല്‍ നദാല്‍ 2010ലും ഗ്രാന്‍സ്ലാം ട്രിപ്പിള്‍ നേടിയിരുന്നു.
2011 ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഉയര്‍ത്തി സീസണിന് ഗംഭീരമായ തുടക്കമിട്ട ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണില്‍ അടിതെറ്റി. സെമിയില്‍ കടുത്ത പോരാട്ടത്തില്‍ ഫെഡററിനോടായിരുന്നു തോല്‍വി. എന്നാല്‍ വിംബിള്‍ഡണില്‍ നദാലിനെ ഫൈനലില്‍ കീഴടക്കി തിരിച്ചുവരവു നടത്തി. യു എസ് ഓപ്പണും കരസ്ഥമാക്കിയതോടെ ഇത് ദ്യോക്കോവിച്ച് എന്ന ടെന്നീസ് പ്രതിഭയുടെ സുവര്‍ണവര്‍ഷമായി. ഈ വര്‍ഷം 66 കളികളില്‍ രണ്ട് തവണ മാത്രമാണ് തോല്‍വി രുചിച്ചത്. തുടരെ 43 ജയത്തിനുശേഷമായിരുന്നു ഫ്രഞ്ച് ഓപ്പണില്‍ ഫെഡററോട് കീഴടങ്ങിയത്. ഫെഡറര്‍ക്കും നദാലിനും മുമ്പില്‍ കളിമറക്കുന്നവനെന്ന ദുഷ്പേര് നീക്കിയ ദ്യോക്കോവിച്ചിന്റെ ഈ വര്‍ഷത്തെ പത്ത് കിരീടങ്ങളില്‍ അഞ്ച് മാസ്റേഴ്സ് ട്രോഫികളുണ്ടെന്നത് ഈ സെര്‍ബിയക്കാരന്റെ ടെന്നീസ് സപര്യക്ക് തിളക്കമേറ്റുന്നു. നദാലിനെതിരെ കളിച്ച ആറും ഫൈനലുകളായിരുന്നുവെന്ന സവിശേഷതയുമുണ്ട്. ന്യൂയോര്‍ക്കിലെ ഈ അവസാന പോരാട്ടത്തിലാവട്ടെ ഒരിക്കല്‍പ്പോലും തനിക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നദാലിനെ ദ്യോക്കോവിച്ച് സമ്മതിച്ചില്ല.
എക്കാലത്തെയും മികച്ച കളിക്കാരനായി കരുതപ്പെടുന്ന ഫെഡറര്‍ക്ക് നദാലിനെതിരെ പ്രശ്നങ്ങളുണ്ട്. അതേസമയം സ്വിസ് താരത്തിന്റെ നേട്ടങ്ങളെ പിന്‍പറ്റാനും മറികടക്കാനുമുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്ന നദാലിന്റെ വഴിയിലാവട്ടെ ദ്യോക്കോവിച്ച് വരുന്നു. അങ്ങനെ നോക്കുമ്പോള്‍ മൂവരും തമ്മിലുള്ള പരമ്പരകള്‍ക്ക് ത്രിമാന മുഖമുണ്ട്.
വിശ്വ ടെന്നീസിന്റെ ചരിത്രത്തില്‍ ചുരുക്കം ചിലര്‍ക്ക് കഴിഞ്ഞതുപോലെ തന്റെ ഗെയിമിനെ അസാധാരണമായ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ദ്യോക്കോവിച്ചിന് കഴിഞ്ഞിട്ടുണ്ട്. ഒരു മികച്ച ടെന്നീസ് കളിക്കാരനെന്ന നിലയില്‍ നിന്ന് ചോദ്യം ചെയ്യപ്പെടാനാവാത്ത ചാമ്പ്യനെന്ന നിലയിലേക്കുള്ള രൂപപരിണാമത്തിന്റെ അടിസ്ഥാനമെന്തെന്ന് ചോദിച്ചപ്പോള്‍, അത് കളിയോടുള്ള തന്റെ സമീപനം തന്നെയാണെന്നാണ് ദ്യോക്കോവിച്ച് പ്രതികരിച്ചത്.
തുടര്‍ച്ചയായി ഫെഡററെയും നദാലിനെയും തോല്പിക്കാനാവില്ല എന്ന ചിന്ത ആദ്യ നാളുകളില്‍ ദ്യോക്കോവിച്ചിനെ മഥിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ യു എസ് ഓപ്പണ്‍ ഫൈനലില്‍ നദാലിനോടേറ്റ തോല്‍വിയും തുടര്‍ന്ന് ഡേവിഡ് കപ്പില്‍ സെര്‍ബിയ വിജയിച്ചതും അത്തരം അശുഭ ചിന്തകളില്‍ നിന്ന് കരകയറാന്‍ ഈ ഇരുപത്തിനാലുകാരന് ഉള്‍പ്രേരകമായി.
കളം നിറയുന്ന പോരാളിയെന്നപോലെ അങ്ങേയറ്റം ക്ഷമാശീലനുമാണ് ദ്യോക്കോവിച്ച്.ബേസ് ലൈനില്‍ നിന്ന് കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നവനാണ് ദ്യോക്കോവിച്ച്. പക്ഷെ, അവിടെ നിന്ന് പ്രതിരോധിക്കുകയല്ല, ആക്രമിക്കുകയാണ് അദ്ദേഹത്തിന്‍രെ രീതി. ഗ്രൌണ്ട് സ്ട്രോക്കുകളിലേക്ക് അസ്ത്രത്തിന്‍രെ വേഗതയും കൃത്യതയും ആവാഹിക്കുന്ന ദ്യോക്കോവിച്ചിന്റെ ഫോര്‍ഹാന്‍ഡുകളേക്കാള്‍ കരുത്തുറ്റതാണ് ബാക്ക്ഹാന്‍ഡ് ഷോട്ടുകള്‍. എതിരാളിക്ക് ഓടിയെത്താന്‍ കഴിയാത്ത ആംഗിളിലേക്ക് വിസ്മയാവഹമായ വേഗത്തില്‍ ദ്യോക്കോവിച്ച് പായിക്കുന്ന ഷോട്ടുകളും റിട്ടേണുകളും ഒന്നു കാണേണ്ടതു തന്നെയാണ്. കഴിഞ്ഞ 12 മാസമായി തകര്‍ക്കാനാവാത്ത എതിരാളിയായി വാഴുന്ന ദ്യോക്കോവിച്ചിനെതിരെ നദാലിന്റെ പവര്‍ഗെയിം അവസാന ഗ്രാന്‍സ്ലാം വേദിയിലും വിഫലമായി എന്നുവേണം കരുതാന്‍.
ടെന്നീസ് എന്നത് കളിക്കൊപ്പം മാനസികമായ മേധാവിത്വം കൂടിയാണെന്നു തെളിയിച്ചുകൊണ്ടാണ് ദ്യോക്കോവിച്ച് ഗ്രാന്‍സ്ലാമുകളുടെ ട്രിപ്പിളേറിയത്. പന്ത്രണ്ട് വര്‍ഷം മുമ്പ് ഒരു ടെന്നീസ് റാക്കറ്റും ഒരുപിടി സ്വപ്നങ്ങളുമായി ബല്‍ഗ്രോഡിനോടു യാത്ര പറഞ്ഞിറങ്ങിയ ആ ചെറുപ്പക്കാരന്‍ അസൂയാവഹമായ നേട്ടങ്ങളുടെ നെറുകയില്‍ കാലൂന്നി നില്‍ക്കുമ്പോള്‍, വംശീയ കലാപത്തിന്റെ ഛിന്നഭിന്നമായ യൂഗോസ്ളാവ്യയെക്കുറിച്ചു മാത്രമല്ല, ഒരിക്കലും കരിയാത്ത മുറിവുകളുമായി ജീവിക്കുന്ന സെര്‍ബുകളെയും ക്രൊയേഷ്യക്കാരെയും നാം ഓര്‍ക്കുന്നു. വരും കാലം ദ്യോക്കോവിച്ചിന്റേതായിരിക്കുമോ? ഫെഡറര്‍ അസ്തമിക്കുകയാണ്. നദാല്‍-ദ്യോക്കോവിച്ച് വൈരം ഇതേപോലെ തുടരണമെന്നില്ല. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ കൂടി ഇപ്പോഴത്തെ നിലവാരവും ഫോമും നിലനിര്‍ത്താനായാല്‍ വിശ്വടെന്നീസിലെ അഭിജാത നിരക്കൊപ്പം തന്നെയാവും നൊവാക് ദ്യോക്കോവിച്ചിന്റെ സ്ഥാനം എന്ന് ഉറപ്പിച്ചുപറയാനാവും .