ലോക സാമ്പത്തിക ശക്തിയാവുമ്പോള്‍
നമുക്ക് സംഭവിക്കുന്നത്
മേധാ പട്കര്‍
ദരിദ്രനാരായണന്മാര്‍ എന്നാണ് രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ഓമനപ്പേര്. വരുമാനത്തിന്റെ തോതനുസരിച്ച് ജനങ്ങളെ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ രണ്ടായി പകുത്തു ഭക്ഷ്യ സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ തരംതിരിച്ചത് സ്വാതന്ത്യ്രലബ്ധിക്ക് ശേഷം ഏറെക്കാലം കഴിഞ്ഞ്. ഇതിനു മുന്‍പ് ഈ കണക്കുപ്രകാരം ദാരിദ്യ്ര രേഖ നിര്‍ണയിക്കപ്പെട്ടത് 1972ലാണ്. അന്ന് ഒന്നര രൂപ പ്രതിദിന വരുമാനമുള്ളവരെയാണു ദാരിദ്യ്ര രേഖയില്‍ നിന്നു മുക്തരാക്കിയത്. ഈ നിസാര വരുമാനം പോലുമില്ലാത്ത 20 കോടി ജനങ്ങളാണ് അന്ന് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്നത് 40 കോടി ആയി വളര്‍ന്നു. പുതുക്കിയ കണക്കനുസരിച്ച് പ്രതിമാസം 965 രൂപ വരുമാനമുള്ള നഗരവാസിയും 781 രൂപ വരുമാനമുള്ള ഗ്രാമവാസിയും ബിപിഎല്‍ പരിധി കടക്കും. ഒരു നേരം വിശപ്പടക്കാന്‍ ശേഷിയില്ലാത്ത 40 കോടിയിലധികം പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയില്‍, അങ്ങനെയൊരു വര്‍ഗമേ ഇല്ലെന്ന് അന്താരാഷ്ട്ര വേദികളില്‍ പ്രസംഗിക്കാന്‍ വക കിട്ടുമെന്നല്ലാതെ ആസൂത്രണ കമ്മിഷന്റെ പുതിയ കണക്കു കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ലഭിക്കില്ല.
![]() |
|
രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതുന്ന ലിബറല്‍ സാമ്പത്തിക നയസമീപനങ്ങളാണ് ഇന്നാട്ടിലെ ദരിദ്ര ജനകോടികളെ പിന്നെയും ചവിട്ടിത്താഴ്ത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് പുതിയ ദാരിദ്യ്രരേഖാ മാനദണ്ഡം. മനുഷ്യത്വത്തിന്റെ അവസാന കണികയും ഹൃദയത്തില്‍ നിന്ന് വാര്‍ന്നു പോകുന്നവരാണു ദരിദ്ര ജനകോടികളുടെ തലയിലെഴുത്ത് കുറിക്കുന്നതെന്ന് ഇവിടെ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. |
ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാമത്തെ ലോക സാമ്പത്തിക ശക്തിയാകുമെന്നാണ് ആഗോള സാമ്പത്തിക പ്രവചനം. ദാരിദ്യ്രരേഖ അതിജീവിക്കാന്‍ ഭക്ഷ്യ സുരക്ഷാ ബില്‍ കൊണ്ടുവരുമെന്നു ചെങ്കോട്ടയിലും എഐസിസി സമ്മേളനപ്പന്തലിലും ക്യാബിനറ്റ് റൂമിലും തുടര്‍പ്രഖ്യാപനങ്ങള്‍ നടന്നു. പാര്‍ട്ടി പ്രമേയങ്ങളിലും പ്രധാനമന്ത്രിയുടെയും യുപിഎ അധ്യക്ഷയുടെയും പ്രസംഗങ്ങളിലുമൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേള്‍ക്കാറുള്ള ഈ പ്രഖ്യാപനങ്ങളുടെ മധുരം പറ്റി അന്തിയുറങ്ങുന്ന പട്ടിണിപ്പാവങ്ങളെ പരിഹസിക്കാന്‍ പുതിയൊരു കണക്കു കൂടി അവതരിപ്പിച്ചിരിക്കുന്നു, കേന്ദ്ര ആസൂത്രണ കമ്മിഷന്‍. നഗരങ്ങളില്‍ 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയും ദിവസവേതനം ലഭിക്കുന്നവര്‍ ഇനിമേല്‍ ദാരിദ്യ്രരേഖയ്ക്ക് മുകളിലാണെന്നത്രേ! മടിയില്‍ ലാപ്ടോപ്പ് മലര്‍ത്തിവച്ചു കണക്കു മെനയുന്ന ബുദ്ധിരാക്ഷസന്മാരുടെ പുതിയ കണ്ടെത്തല്‍. എന്നുവച്ചാല്‍ തൊഴിലുറപ്പു പദ്ധതിപ്രകാരം 150 രൂപ നിരക്കില്‍ ജോലി ചെയ്യുന്ന കൂലിപ്പണിക്കാരന്‍ പോലും ഇനി സമ്പന്നന്മാരുടെ ഗണത്തില്‍ പരിഗണിക്കപ്പെടുമെന്നു ചുരുക്കം.
അധികാരത്തിന്‍റെ രണ്ടാമൂഴത്തിലേക്ക് യുപിഎ സര്‍ക്കാരിനെ എതിരേല്‍ക്കുമ്പോള്‍, ഭക്ഷ്യ സുരക്ഷാ ബില്‍ ആയിരുന്നു അവര്‍ മുന്നോട്ടു വച്ച വാഗ്ദാനം. എഐസിസി വേദികളിലും പാര്‍ട്ടി അധ്യക്ഷയുടെ പ്രസംഗങ്ങളിലും പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ പ്രഖ്യാപനങ്ങളിലുമൊക്കെ ഇക്കാര്യം പലതവണ ജനങ്ങള്‍ കേട്ടു. സംതൃപ്തിയടഞ്ഞു. പക്ഷേ, അങ്ങനെയൊരു ബില്‍ ഇന്നും ദരിദ്ര നാരായണന്മാരുടെ മനക്കോട്ട മാത്രമാണ്. എന്നാല്‍, സാമ്രാജ്യത്വ രാഷ്ട്രത്തലവന്മാരോടു വീമ്പു പറയാന്‍ നമുക്ക് വേറേ ചില കണക്കുകളുണ്ട്. ചന്ദ്രയാന്‍ കുതിപ്പും ആറ്റം ബോംബും മിസൈല്‍ വൈദഗ്ധ്യവും മറ്റും വേണ്ടതിലേറെ പ്രചരിക്കപ്പെടുന്നു. വരുംകാലത്ത് തങ്ങള്‍ക്കു മത്സരിക്കേണ്ടി വരിക, ഇന്ത്യയോടും ചൈനയോടുമാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ള ആഗോള രാഷ്ട്രത്തലവന്മാര്‍ പ്രവചിക്കുമ്പോള്‍ നമ്മുടെ വീമ്പിനു പിന്‍ബലമേകുന്നു. അപ്പോഴും ചേരികളിലും ആദിവാസിക്കുടികളിലും മറ്റുമായി നരകയാതന അനുഭവിക്കുകയാണു മൂന്നിലൊന്നിലധികം വരുന്ന ജനകോടികള്‍.
ആഗോള മാന്ദ്യത്തില്‍ നിന്ന് പോറല്‍ പോലുമേല്‍ക്കാതെ രാജ്യത്തെ തുഴഞ്ഞു കരപറ്റിച്ച സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരുമാണ് രാജ്യത്തെ നയിക്കുന്നതും ഭരിക്കുന്നതും. പ്രധാനമന്ത്രിയുടെ ഓഫിസ് അടക്കം എല്ലാ നയതന്ത്ര സമിതികളിലും പദ്ധതി ആവിഷ്കരണ കമ്മിറ്റികളിലും നിറഞ്ഞു തുളുമ്പുന്നുണ്ട് മൊണ്ടേക് സിങ് അലുവാലിയ മോഡല്‍ വിഖ്യാത ധനതത്വശാസ്ത്ര മസ്തിഷ്കങ്ങള്‍. എന്നാല്‍, ഇതാ ഭാവിയുടെ ലോകജേതാവ് എന്ന അതിമനോഹര പരസ്യഘോഷത്തിന്റെ മറുപുറം ഇരുണ്ടതും ദുരിതപൂരിതവുമാണ്. വളര്‍ച്ചാനിരക്കിന്റെ വമ്പന്‍ കണക്കുകളുടെ മറുപുറം ഏതു പരിഷ്കൃത സമൂഹത്തെയും ലജ്ജിപ്പിക്കാന്‍ പോന്നതും. അതു കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ പോന്നതാണ് ഇപ്പോള്‍ ആസൂത്രണവിഭാഗം തയാറാക്കുന്ന ദാരിദ്യ്ര രേഖാ മാനദണ്ഡം. പ്രതിമാസം ആയിരം രൂപയില്‍ത്താഴെ മാത്രം വരുമാനമുള്ള ഇന്ത്യക്കാരെപ്പോലും ദാരിദ്യ്രരേഖയ്ക്കു മുകളില്‍ പ്രതിഷ്ഠിച്ചാല്‍ സര്‍ക്കാരിനു നിരവധി മേഖലകളില്‍ ഭാരം കുറയും. ഭക്ഷ്യ സബ്സിഡിയുടെ ബാഹുല്യം കുറയും. പാവപ്പെട്ടവര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാകും. ഇന്ത്യ ഒറ്റയടിക്ക് സമ്പന്ന രാഷ്ട്രമായെന്നു ലോകത്തോട് വമ്പു പറയുകയും ചെയ്യാം. അതേസമയം, തലചായ്ക്കാന്‍ ഒരു കൂരയോ, ഒരു നേരം വിശപ്പടക്കാനുള്ള വഴിയോ ഇല്ലാത്ത, നാല്‍പ്പതു ശതമാനം വരുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് എന്തു പുരോഗതി ഉണ്ടായെന്നു മാത്രം ചോദിക്കരുത്. അതിന് ഉത്തരം കിട്ടുക എളുപ്പമല്ല.
രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതുന്ന ലിബറല്‍ സാമ്പത്തിക നയസമീപനങ്ങളാണ് ഇന്നാട്ടിലെ ദരിദ്ര ജനകോടികളെ പിന്നെയും ചവിട്ടിത്താഴ്ത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് പുതിയ ദാരിദ്യ്രരേഖാ മാനദണ്ഡം. മനുഷ്യത്വത്തിന്റെ അവസാന കണികയും ഹൃദയത്തില്‍ നിന്ന് വാര്‍ന്നു പോകുന്നവരാണു ദരിദ്ര ജനകോടികളുടെ തലയിലെഴുത്ത് കുറിക്കുന്നതെന്ന് ഇവിടെ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു .