നിലാവിന്റെ ചിരി പോലെ...
വി കെ ജോസഫ്
ഞാനെത്രയോ തവണ കണ്ട ഒരു ചെറിയ സിനിമയെക്കുറിച്ചാണ് പറയുന്നത്. ഓരോ തവണ കാണുമ്പോഴും നെഞ്ചിനകത്ത് കരച്ചിലിന്റെ പെരുമഴ പെയ്യുകയും ആഹ്ളാദത്തിന്റെ തിരമാലകള്‍ കുതിച്ചുയരുകയും ചെയ്യും. അപ്പോഴൊക്കെ ഞാന്‍ എന്റെ ചുറ്റുവട്ടങ്ങളെ, പ്രകൃതിയെ മനുഷ്യരെ, ബന്ധങ്ങളെ, സൌഹൃദങ്ങളെ, കുടുംബത്തെ, ആവേശത്തോടെ പ്രണയിക്കാന്‍ തുടങ്ങും. എന്റെയും മറ്റുളളവരുടെയും ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങും
‘An Occurrence at Owl Creek Bridge’ എന്ന 25 മിനിട്ട് മാത്രം ദൈര്‍ഘ്യമുളള സിനിമയാണിത്.
'An Incident at owl Creek bridge' എന്നും ഈ സിനിമയ്ക്ക് പേരുണ്ട്. ഫ്രഞ്ച് സാഹിത്യകാരന്‍ ആംബ്രോസ് ബിയേഴ്സ് (Ambrose Bierce) 1890 ല്‍ എഴുതിയ ഏറെ പ്രശസ്തമായ ഒരു ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണീ സിനിമ.
![]() |
|
ഈ സിനിമ ഒരടഞ്ഞ നിലവിളിയായി എനിക്കൊപ്പം എന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വര്‍ത്തമാനത്തിന്റെ ദുരിത നിമിഷങ്ങളില്‍ ക്ഷോഭിച്ചും നിരാശപ്പെട്ടും സങ്കടപ്പെട്ടും ക്രുദ്ധരായും പ്രതികാര മോഹികളായും എരിഞ്ഞു തീരുന്ന മനുഷ്യര്‍ക്ക് ഈ സിനിമ, ഒരു നിമിഷ നേരമെങ്കിലും ഒരു നിലാവിന്റെ ചിരിപോലെ മനസ്സില്‍ സാന്ത്വനമാകും. മനുഷ്യരുടെ കാത്തിരിപ്പിന്റെ ചിരിയ്ക്കു മുകളിലൂടെ അവരുടെയും പ്രിയപ്പെട്ടവരുടെയും ജീവിതം ഒരു ശോകഗാനം പോലെ പറന്നുപോകുന്നത് നിശബ്ദം നോക്കിനില്‍ക്കുമ്പോള്‍ ഈ സിനിമ ഞാനോര്‍ക്കും. |
ഒരു മലയടിവാരത്തിന്റെ ശാന്തതയില്‍ ഇല കൊഴിഞ്ഞ മരങ്ങള്‍ക്കിടയിലുളള വിദൂരതയില്‍ തോക്കേന്തിയ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന ഒരു റെയില്‍പ്പാലത്തിന്റെ ദൃശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്. മൂടല്‍മഞ്ഞു പരന്നുകിടക്കുന്ന ഇലകൊഴിഞ്ഞ പ്രകൃതിയുടെ അസ്വസ്ഥകരമായ കാഴ്ചയില്‍, ഈ പാലത്തിന്റെ മുകളില്‍ ഒരു മനുഷ്യന്‍ ഇരുപതടിയിലധികം താഴ്ചയിലേക്കൊഴുകുന്ന പുഴയുടെ ഒഴുക്കിലേക്ക് തലകുനിച്ച് നോക്കിനില്‍ക്കുകയാണ്. അമേരിക്കന്‍ സിവില്‍ വാര്‍ സമയത്ത് ഈ പാലം തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കളളക്കഥ ചാര്‍ത്തിയാണ് നിരപരാധിയായ ഈ മനുഷ്യനെ വധശിക്ഷയ്ക്ക് പട്ടാളക്കോടതി വിധിച്ചത്. അയാളുടെ കൈകള്‍ പുറകിലേക്ക് പിടിച്ചുകെട്ടിയിട്ടുണ്ട്. പാലത്തിനടിയിലൂടെ ഒഴുകുന്ന ജലത്തിന്റെ ചലന വേഗമനുസരിച്ചു നമ്മുടെ കാഴ്ചയുടെ ദൃശ്യങ്ങളും പ്രത്യേക താളത്തില്‍ സഞ്ചരിക്കുമ്പോള്‍ ചുറ്റുവട്ടവും, പട്ടാളക്കാരും, പാലവും പുഴയിലേക്ക് തലകുനിച്ച് നില്‍ക്കുന്ന മനുഷ്യനും കൂടുതല്‍ തെളിവാര്‍ന്നു വരുന്നുണ്ട്. പാലത്തില്‍ നിന്ന് വശത്തേക്ക് തളളിനില്‍ക്കുന്ന ഒരു മരപ്പലകയുടെ മുകളിലേക്ക് ഈ മനുഷ്യനെ കയറ്റി നിര്‍ത്തുകയും അയാളുടെ തലയ്ക്കുമുകളിലുറപ്പിച്ച, കഴുമരത്തിന്റെ ഉത്തരത്തില്‍ കെട്ടിയുറപ്പിച്ച കയറിന്റെ അറ്റം അയാളുടെ കഴുത്തിലേക്കിടുകയാണ്. അയാള്‍ പുഴയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ നിശബ്ദതയില്‍ ഒറ്റപ്പെട്ടവനെപ്പോലെ നിരാശ്രയനെപ്പോലെ ഒഴുകുന്ന തടിക്കഷ്ണം. അവന്റെ ശ്വാസവേഗങ്ങളുടെ ഓര്‍മ്മകള്‍ അവനു കാവലായി നിന്നു. പുഴയുടെ അറിയാത്ത ആഴങ്ങളില്‍നിന്ന് ഒരു നിലവിളി. അവനുവേണ്ടി യാത്ര തുടങ്ങിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുളള ഒഴുക്കിന്റെ ചുഴികളിലൂടെ വലിച്ചെറിയപ്പെടാന്‍ പോകുന്ന അവന്റെ ജീവിതംപോലെ, ആ തടിക്കഷ്ണം താഴേക്ക് പൊയ്ക്കൊണ്ടിരുന്നു. പക്ഷികള്‍ മനോഹരമായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. മലകള്‍ക്കിടയില്‍ ഉദിച്ചുയരുന്ന സൂര്യന്‍ പ്രഭാതത്തിലെ മഞ്ഞുപാളികള്‍ക്കിടയിലൂടെ സ്വര്‍ണ്ണനിറം വാരിവിതറുന്നതിന്റെ തിളക്കം നമുക്കനുഭവിക്കാം. അയാളുടെ കാലുകള്‍ ബന്ധിച്ചു. കഴുത്തില്‍ കയര്‍ മുറുകാന്‍ തുടങ്ങി. അയാള്‍ കണ്ണടച്ചുനില്‍ക്കുമ്പോള്‍ മനസില്‍ അയാളുടെ വീട്, ഭാര്യ, കുട്ടികള്‍ ഒരു സ്വപ്ന ദൃശ്യത്തിലെന്നോണം മന്ദതാളത്തില്‍ വിരിഞ്ഞുവന്നു. അയാളുടെ കുഞ്ഞുങ്ങള്‍ തോട്ടത്തില്‍ ഊഞ്ഞാലാടുന്നു. ഭാര്യ തോട്ടത്തിലെ കസേരയില്‍ നിന്നെണീറ്റ് ചിരിച്ചുകൊണ്ട് അയാള്‍ക്ക് നേരേ ഒരു കാറ്റിലെന്നോണം ഒഴുകിവന്നു. പ്രണയ സമുദ്രത്തിന്റെ ഒരു തിരപോലെ, നക്ഷത്രങ്ങളിലേക്ക് കണ്ണുതുറക്കുന്ന സ്വപ്നങ്ങളുടെ കൈപിടിച്ചോടുന്ന ഉന്മാദിയായ പ്രണയിനികളെപ്പോലെ അവനും അവളും ഉടല്‍വേഗങ്ങളുടെ കൊടുങ്കാറ്റില്‍ പരസ്പരം അടുത്തുകൊണ്ടിരുന്നു.
ഒരുനിമിഷത്തിന്റെ ഓര്‍മ്മകളില്‍ നിന്നയാള്‍ യാഥാര്‍ത്ഥ്യത്തിന്റെ ദുരിതവൃത്തത്തിലേക്ക്, മരണതാളത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍, ദൃശ്യത്തിനകത്തേക്ക് മഞ്ഞും പുകയും കലര്‍ന്ന കാറ്റൊഴുകിവന്നുകൊണ്ടിരുന്നു. തോക്കേന്തിയ പട്ടാളക്കാര്‍ കറുത്ത യൂണിഫോമില്‍ പാലത്തിനപ്പുറം നിരനിരയായി, നിവര്‍ന്നു നിന്നു. ദൂരെ, മലമുകളിലെ മുനമ്പില്‍ മറ്റൊരു പട്ടാളക്കാരന്‍ ആകാശത്തിന്റെ ശൂന്യതയിലേക്ക് ഉയര്‍ത്തിപ്പിടിച്ച തോക്കുമായി നില്‍ക്കുന്നു. പാലത്തിന് തൊട്ടടുത്ത് ഒരു പീരങ്കി അതിന്റെ തുറുകണ്ണുകളുമായി തയ്യാര്‍. പ്രകൃതിയുടെ ശബ്ദങ്ങള്‍ക്കും പക്ഷികളുടെ ശബ്ദങ്ങള്‍ക്കുമിടയില്‍ പ്രപഞ്ചത്തിന്റെ ജീവതാളംപോലെ നിശബ്ദതയ്ക്കുമേല്‍ ഒരു പോക്കറ്റ് വാച്ചിന്റെ ടിക്.., ടിക്... ശബ്ദം മാത്രം. കഴുത്തില്‍ മുറുകാന്‍ പോകുന്ന കയറിന്റെ വേഗങ്ങളില്‍ അയാളുടെ മുഖവും വലിഞ്ഞുമുറുകി. നിസ്സഹായതയുടെയും വേദനയുടെയും, ഭീതിയുടെയും ഏകാന്തതയുടെയും ഒരു കൊടുങ്കാറ്റ് അതിന്റെ തുടല്‍ പൊട്ടിച്ച് അയാളുടെ ആത്മാവിലേക്കും അതില്‍ വിരിയുന്ന ദൃശ്യങ്ങളിലേക്കും പാഞ്ഞുവരുന്നത് ആ മുഖത്തിലെ വലിഞ്ഞു മുറുകുന്ന പേശികളില്‍ നിന്നും അടഞ്ഞ കണ്‍പീലികളുടെ ചലനങ്ങളില്‍ നിന്നും ചുണ്ടുകളുടെ വിറയലുകളില്‍ നിന്നും അറിയാന്‍ കഴിയും. നമ്മുടെ ഉളളിലേക്ക് നിലയ്ക്കാത്ത ഒരു നിലവിളി കൊലക്കത്തിയായി പാഞ്ഞുവരുന്നത് കണ്ട് നാം പിടയും. ഒരു മനുഷ്യന്റെ ജീവനെടുക്കുന്ന നിമിഷത്തിന്റെ കണക്കുപുസ്തകം പോലെ സൈനിക ഓഫീസര്‍ പോക്കറ്റില്‍ സൂക്ഷിക്കുന്ന നാഴികമണിയെടുത്ത് പരിശോധിക്കുന്നു. കൃത്യസമയം. പാവം മനുഷ്യന്‍, പുറകിലേക്ക് പിടിച്ചുകെട്ടിയ കൈകളുടെ കെട്ടുകളില്‍നിന്ന് കുതറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം ക്ളോസപ്പില്‍. അയാള്‍ നിന്ന പലക താഴുകയും കഴുത്തില്‍ കയര്‍ മുറുകുകയും ചെയ്യുമ്പോള്‍ പൊടുന്നനെ കയര്‍പൊട്ടി, പുഴയുടെ അഗാധതയിലേക്ക് അയാള്‍ താണുപോകുന്നതിന്റെ ദൃശ്യം. പുഴയുടെ അഗാധതയിലെ സ്വാതന്ത്യ്രത്തില്‍ കൈകളുടെ കെട്ടുകളഴിയുന്നു. കാലുകളുടെ കെട്ടുകളും കനമുളള ബൂട്ടുകളും ഉപേക്ഷിക്കപ്പെടുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ബന്ധനങ്ങളുടെ എല്ലാ ചരടുകളും ഭേദിച്ച് പുറംലോകത്തിന്റെ അനുഭവങ്ങളിലേക്ക് കുതിക്കുന്ന ഒരു കുഞ്ഞിനെപ്പോലെ ദൃശ്യങ്ങള്‍ക്കുളളില്‍ അയാള്‍ പൂര്‍ണ സ്വതന്ത്രനായി വെളളത്തിന്റെ ഉപരിതലത്തിലെക്ക് ഉയര്‍ന്ന് വന്ന് സൂര്യപ്രഭയില്‍ തിളങ്ങുന്ന ആകാശത്തിലേക്ക് നോക്കി ശ്വാസമെടുത്ത് ശബ്ദമുണ്ടാക്കുന്നു. ജലത്തിന്റെ അഗാധതയില്‍ നിന്ന് ഉയര്‍ന്നുവരുമ്പോള്‍ ജലപാളികള്‍ക്കിടയിലൂടെ കാണുന്ന തിളങ്ങുന്ന ആകാശത്തിന്റെ കാഴ്ച എത്ര മനോഹരം. മരണവിധിയുടെ ഇരുട്ടില്‍ നിന്ന് ജീവിത പ്രകാശത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ തെളിഞ്ഞ ആകാശത്തിലേക്ക് ഒരു സ്വപ്നംപോലെ അയാള്‍ കുതികൊണ്ടു. അയാള്‍ പൊങ്ങിയത് പാലത്തിന്റെ ചുവട്ടില്‍നിന്ന് കുറച്ച് ദൂരെയാണ്. ഭൂമിയിലേക്ക് ആദ്യം പിറന്നുവീണതുപോലെ, തന്റെ ചുറ്റിലുമുള്ള പരിചിത ലോകത്തിന്റെ മായകാഴ്ചകളിലേക്ക് അയാള്‍ അത്ഭുതം വിടര്‍ന്ന കണ്ണുകളോടെ ഭ്രാന്തമായ ആവേശത്തില്‍ നോക്കിക്കൊണ്ടിരുന്നു. അയാളിതുവരെ കാണാത്ത, അനുഭവിക്കാത്ത, സൌന്ദര്യാനുഭവങ്ങളുടെ ഒരു ലോകത്തെ ആദ്യമായി കണ്ടെടുക്കുന്നതുപോലെ എല്ലാ കാഴ്ചകളും എത്ര മനോഹരമെന്ന് തോന്നിപ്പിക്കുന്നതുപോലെ ക്യാമറയുടെ കണ്ണുകള്‍ അയാള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. കാറ്റിലിളക്കുന്ന മരച്ചില്ലകള്‍, ചില്ലകളിലെ ഇലകള്‍ പക്ഷികളുടെ സംഗീതം, സൂര്യപ്രകാശത്തില്‍ വെളളിപോലെ ജ്വലിക്കുന്ന സുതാര്യമായ ഇലകളുടെ അസാധാരണ കാഴ്ചകള്‍. ഒരിലയുടെ സമീപ ദൃശ്യത്തില്‍, അതിമനോഹരമെന്ന് തോന്നുന്ന ഒരു പുഴു ഇഴഞ്ഞുപോവുന്നു. ഇലകളില്‍ വീഴുന്ന പ്രകാശത്തിനും, സാധാരണ ഒരു പുഴുവിനും ഇത്രയും സൌന്ദര്യമുണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടും. ക്യാമറ നീങ്ങുമ്പോള്‍ മറ്റൊരിലയില്‍ തിളങ്ങുന്ന ജലബിന്ദുക്കള്‍ എത്ര വശ്യമനോഹരം. നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഇലകളിലെ വെളളത്തുളളികള്‍ക്ക് ഇത്രയും സൌന്ദര്യമോ? അയാളുടെ കണ്ണുകള്‍ സാധാരണ ദൃശ്യങ്ങളെ, അസാധാരണമെന്ന് തോന്നിപ്പിക്കുന്ന മനോഹരാനുഭവങ്ങളാക്കി മാറ്റുകയാണ്. മറ്റൊരു ചില്ലയില്‍ വല നെയ്യുന്ന ഒരു എട്ടുകാലി. സാധാരണ ചിലപ്പോള്‍ മനുഷ്യര്‍ക്ക് അറപ്പുണ്ടാക്കുന്ന എട്ടുകാലി ഇപ്പോള്‍ എത്ര മനോഹരം!
വീണ്ടും അയാള്‍ മുങ്ങി ദൂരത്തേക്ക് നീന്തുമ്പോള്‍ പുറകില്‍ പട്ടാളക്കാരുടെ തോക്കുകളില്‍ നിന്ന് വെടിയുണ്ടകള്‍ പാഞ്ഞുവരുന്നുണ്ടായിരുന്നു. വെടിയുണ്ടകളുടെ മരണ വേഗതയ്ക്കും ഭ്രാന്തന്‍ ശബ്ദങ്ങള്‍ക്കുമപ്പുറത്തേക്ക്, അയാള്‍ തന്റെ സ്വാതന്ത്യ്രത്തിന്റെ, മറുകര നോക്കി നീന്തിക്കൊണ്ടിരുന്നു. വെടിയുണ്ടയുടെ ഏതോ ചില്ലുതെറിച്ച് കൈ മുറിഞ്ഞെങ്കിലും അതു കാര്യമാക്കാതെ അയാള്‍ നീന്തിക്കൊണ്ടിരുന്നു. വെള്ളത്തിലൂടെ ഒരു പാമ്പ് നീന്തി പോയത് അയാളെ ഭയപ്പെടുത്തിയില്ല. ആ പാമ്പിന്റെ സാന്നിധ്യവും സഞ്ചാരവും എത്ര സാധാരണം, മനോഹരം എന്ന് തോന്നുന്ന വിധത്തില്‍ സംവിധായകന്‍ ദൃശ്യങ്ങളെ വിന്യസിച്ചിരിക്കുകയാണ്. ശക്തമായ ഒഴുക്കിലൂടെ ചുഴിയിലൂടെ നീന്തി ഒരു വെളളച്ചാട്ടത്തിലൂടെ കടന്ന് താഴെ പുഴയുടെ ശാന്തതയിലേക്ക് അയാള്‍ പ്രവേശിച്ചു. പാറക്കൂട്ടങ്ങളും മണലും, മരങ്ങളും ഒക്കെയുളള പുഴയുടെ തീരത്ത് മണലിനെ കെട്ടിപ്പിടിച്ച് അയാള്‍ കിടന്നു. മണ്ണും ചെളിയും കലര്‍ന്ന മണലിന്റെ സ്പര്‍ശനം എത്ര ആനന്ദകരം എന്നയാളറിഞ്ഞു. ഇന്നലെവരെ താന്‍ കണ്ടിട്ടും കാണാതെപോയ പ്രകൃതിയുടെ മനോഹാരിതയിലേക്ക്, ഒരു കൊച്ചു കുഞ്ഞിന്റെ ഹര്‍ഷോന്മാദത്തോടെ അയാളുടെ കണ്ണുകളും മനസ്സും വിടര്‍ന്നുകൊണ്ടേയിരുന്നത്, നമ്മളും അനുഭവിക്കുകയാണ്. അയാള്‍ തന്റെ തന്നെ ശരീരരത്തിലേക്ക് മണലുവാരിയെറിഞ്ഞ് കുട്ടികളെപ്പോലെ മണലിലുരുണ്ടു. ജീവിതം, തനിക്ക് തിരിച്ചു തന്ന കാഴ്ചകളും അനുഭവങ്ങളും അയാള്‍ വീണ്ടും വീണ്ടും അറിഞ്ഞു. പൂക്കള്‍, മുള്‍ച്ചെടികള്‍, പൂമ്പാറ്റകള്‍, പുഴുക്കള്‍, പഴുതാരകള്‍, പക്ഷികള്‍, ആകാശത്തിലെ മേഘങ്ങള്‍, കാറ്റ്, പച്ച വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍ എല്ലാം ആദ്യാനുഭവങ്ങള്‍ പോലെ. അയാള്‍ തന്റെ വീട്ടിലേക്കുളള വഴികളിലേക്ക് ഓടിക്കൊണ്ടേയിരുന്നു. ആത്മഹര്‍ഷത്തിന്റെ തിരകളില്‍ കുതിച്ചുയരുന്ന ഉന്മാദിയേപ്പോലെ, അയാള്‍ തന്റെ വീടിന്റെ സ്നേഹ സാന്നിധ്യങ്ങളിലേക്ക് കുതിച്ചുകൊണ്ടേയിരുന്നു. പുറകിലെവിടെയോ മരണത്തെ ചങ്ങലയ്ക്കിട്ട് തോല്‍പ്പിച്ചുകൊണ്ട് അയാളോടുന്നതെന്നറിയുന്ന നമ്മളും അയാള്‍ക്കൊപ്പം, ഓടിക്കൊണ്ടിരിക്കുന്ന അനുഭവമാണ്, ക്യാമറയുടെ ചലന വേഗങ്ങളിലെ താളം നമുക്ക് നല്‍കുന്നത്. വീടിന്റെ ഗേറ്റ് കടന്ന് രണ്ടുവശവും മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ദീര്‍ഘ ദൂര വഴിയിലൂടെ അയാള്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കൊണ്ടിരുന്നു. അയാളുടെ ഭാര്യ, പൂമുഖം കടന്ന് മുറ്റം കടന്ന് അയാള്‍ വരുന്ന വഴിയിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു. എതിര്‍ദിശയിലുളള ഓട്ടത്തിന്റെ ദൃശ്യങ്ങള്‍ ഇടവിട്ടാവര്‍ത്തിച്ചുണ്ടാകുന്ന ഉദ്വേഗത്തിന്റെയും ആഹ്ളാദത്തിന്റെയും നിമിഷങ്ങള്‍ക്കൊടുവില്‍, കൈനീട്ടി, അയാള്‍ തന്റെ ആത്മസഖിയെ തൊട്ടുപുണരാനായുന്നു. ലോകസിനിമയിലെ തന്നെ, വൈകാരികതയുടെ അപൂര്‍വ്വതയിലേക്കുയരുന്ന ഈ ദൃശ്യങ്ങള്‍ക്കൊടുവില്‍ അയാള്‍ തന്നിലേക്കെത്തുന്ന തന്റെ പ്രാണസഖിയെ ചുംബിക്കാനായുമ്പോള്‍ കഴുമരത്തിലെ കയര്‍ക്കുരുക്കില്‍ അയാളനുഭവിക്കുന്ന അവസാന പിടച്ചിലിന്റെ ദൃശ്യത്തിലേക്ക് കട്ട് ചെയ്യുകയാണ്. പെട്ടെന്ന്, നമ്മുടെയുളളില്‍ ഉരുള്‍പൊട്ടിയൊഴുകുന്ന, ഇരുട്ടിന്റെ മഹാപ്രവാഹം, ഒരു നിലവിളിയായി സ്തംഭിച്ചുപോകുന്നു. അയാള്‍ ജീവിക്കാനാഗ്രഹിച്ച പ്രകൃതിയില്‍ നിന്നും, അയാള്‍ പുണരാന്‍ കൊതിച്ച, പ്രേയസിയില്‍നിന്നും കുട്ടികളില്‍നിന്നും ആരാണയാളെ മരണത്തിന്റെ അവസാനമില്ലാത്ത ആഴങ്ങളിലേക്ക് എടുത്തെറിഞ്ഞതെന്ന്, ആര്‍ക്കാണതിനധികാരമെന്നും നമ്മളാലോചിച്ചുപോകും. നിരപരാധിയായ ഒരു മനുഷ്യന്റെ ജീവനെടുക്കാന്‍ നമുക്കധികാരമുണ്ടോയെന്നും നമ്മുടെ ജീവന്‍ നമുക്ക് തന്നെ ചവുട്ടിത്തെറിപ്പിക്കാനുമവകാശമുണ്ടോയെന്നും ഈ സിനിമ നമ്മോട് ചോദിക്കുന്നുണ്ട്. മരണത്തിന്റെ മുനമ്പിലേക്ക് നോക്കിനില്‍ക്കുന്ന ഒരു മനുഷ്യന്‍, ഈ സിനിമ കണ്ടാല്‍, താനുപേക്ഷിക്കാന്‍ തീരുമാനിച്ച ജീവിതത്തെ, കൂടുതല്‍ സ്നേഹിച്ചുകൊണ്ട് തിരിച്ചുനടക്കും. നാമറിയാതെ ആസ്വദിക്കാതെ, അനുഭവിക്കാതെ പോകുന്ന ഒരു ലോകംതന്നെ, ഉന്മാദത്തിന്റെ ലഹരിയോടെ സ്നേഹിക്കാന്‍ ഈ സിനിമ സഹായിക്കും. മറ്റൊരു മനുഷ്യന്റെ ജീവിതത്തെ മായ്ച്ചുകളയാന്‍ ആര്‍ക്കാണധികാരമെന്ന് ചോദ്യമുയര്‍ത്തിക്കൊണ്ട്, ഈ സിനിമ കൊലപാതകങ്ങളില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കാന്‍ സഹായിക്കും. മരണത്തിനും ജീവിതത്തിനുമിടയിലെ ഒരു ബിന്ദുവില്‍, ഒരു മനുഷ്യന്‍ താന്‍ പുറകിലുപേക്ഷിക്കാന്‍ പോകുന്ന, അല്ലെങ്കില്‍ തന്നില്‍ നിന്ന് തട്ടിപ്പറിക്കപ്പെട്ട ജീവിതത്തിലേക്ക് ഭ്രമാത്മകമായി സഞ്ചരിക്കുന്നതിന്റെ ആഹ്ളാദാനുഭവങ്ങള്‍, നമ്മള്‍ നെഞ്ചിടിപ്പോടെ, ഉളളില്‍ സൂക്ഷിക്കും. നാം ഈ ലോകത്തെയും ജീവിതത്തെയും കൂടുതല്‍ കൂടുതല്‍ പ്രണയിച്ചുകൊണ്ടിരിക്കും. ലോകസിനിമയിലെ അത്ഭുതാനുഭവങ്ങളിലൊന്നായി ഇത്, ആഹ്ളാദത്തോടെ, വേദനയോടെ, ജീവിതത്തിന്റെ പിടച്ചിലുകളിലൂടെ സൂര്യപ്രഭപോലെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
റോബര്‍ട്ട് എന്റിക്കോ (Robert Enrico, 1962) സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റിവലില്‍ അവാര്‍ഡുനേടി. കൂടാതെ ആ വര്‍ഷത്തെ ഓസ്ക്കാറും ഇതിന് ലഭിച്ചു. ഈ സിനിമ ഒരടഞ്ഞ നിലവിളിയായി എനിക്കൊപ്പം എന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വര്‍ത്തമാനത്തിന്റെ ദുരിത നിമിഷങ്ങളില്‍ ക്ഷോഭിച്ചും നിരാശപ്പെട്ടും സങ്കടപ്പെട്ടും ക്രുദ്ധരായും പ്രതികാര മോഹികളായും എരിഞ്ഞു തീരുന്ന മനുഷ്യര്‍ക്ക് ഈ സിനിമ, ഒരു നിമിഷ നേരമെങ്കിലും ഒരു നിലാവിന്റെ ചിരിപോലെ മനസ്സില്‍ സാന്ത്വനമാകും. മനുഷ്യരുടെ കാത്തിരിപ്പിന്റെ ചിരിയ്ക്കു മുകളിലൂടെ അവരുടെയും പ്രിയപ്പെട്ടവരുടെയും ജീവിതം ഒരു ശോകഗാനം പോലെ പറന്നുപോകുന്നത് നിശബ്ദം നോക്കിനില്‍ക്കുമ്പോള്‍ ഈ സിനിമ ഞാനോര്‍ക്കും .