കേരളം എങ്ങോട്ട്?
ഡോ. കെ എന്‍ പണിക്കര്‍
കേരളത്തെ കുറിച്ചുള്ള പൊതുധാരണ, ഇവിടെ സമാധാന പൂര്‍ണമായ അന്തരീക്ഷവും സമൂഹവുമാണ് ഉള്ളത് എന്നാണ്. ഇന്ത്യയുടെ പല ഭാഗത്തും വര്‍ഗീയ ലഹളകളും അക്രമണങ്ങളും മറ്റ് കലാപങ്ങളും ഒക്കെ നടക്കുമ്പോള്‍ കേരളം അവയ്ക്കൊന്നും അടിപ്പെടാതെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു സ്ഥിതിയാണുണ്ടായിരുന്നത്. ഇത് പൊതുവില്‍ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും ക്രമസമാധാനത്തില്‍ മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനമാണ് കേരളം എന്ന വിലയിരുത്തലുണ്ടാവുകയും ചെയ്തിട്ടുണ്ട്. അത് ശരിയുമായിരുന്നു. മലയാളികള്‍ എവിടെയായാലും സമാധാന പ്രിയരും നല്ല സൌഹൃദബന്ധങ്ങള്‍ പുലര്‍ത്തുന്നവരുമാണെന്നാണ് പൊതുവിലുള്ള ധാരണ. അതിനാല്‍ തന്നെ കേരളത്തിന് പുറത്തുള്ള മലയാളികളെ സംബന്ധിച്ചും നല്ല അഭിപ്രായം രൂപപ്പെട്ടു വന്നിട്ടുണ്ട്. ഞങ്ങള്‍ സൌഹൃദ സദസുകളില്‍ പറയാറുണ്ട്, മലയാളിയാണെങ്കില്‍ ഡല്‍ഹിയും ബോംബെയും കല്‍ക്കട്ടയും പോലുള്ള വലിയ പട്ടണങ്ങളില്‍പ്പോലും താമസിക്കാനായി ഒരു വീടുകിട്ടാന്‍ ബുദ്ധിമുട്ടില്ല എന്ന്. മലയാളി മറ്റുള്ളവരെക്കാള്‍ കൂടുതല്‍ എളുപ്പത്തില്‍ സ്വീകരിക്കപ്പെടുകയാണ്. അതിന് കാരണം മുകളില്‍ സൂചിപ്പിച്ച സമാധാന പ്രിയത്തെ കുറിച്ചുള്ള, നല്ല നടപടികളെ കുറിച്ചുള്ള ധാരണയാണ്. എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ കുറെ നാളുകളായി സംഭവിച്ചു കൊണ്ടിരിക്കുന്ന പല പ്രവണതകളും ഈ ധാരണ തിരുത്തിയെഴുതേണ്ട ഒരവസ്ഥയിലേക്ക് സമൂഹത്തെ എത്തിച്ചിരിക്കുന്നു.
![]() |
|
എനിക്ക് തോന്നുന്നത്, സാമ്പത്തിക - നൈതിക - സാംസ്കാരിക മാറ്റങ്ങളുടെ ഭാഗമായി ഒരു വിഷമ സന്ധിയിലേക്ക് കേരളം കൂപ്പുകുത്തുകയാണെന്നാണ്. അതിന് തടയിടാന്‍ സാധ്യമാവുന്ന ഒരു സാംസ്കാരിക അന്തരീക്ഷവും ഭരണ ചടുലതയും ഉണ്ടായെങ്കില്‍ മാത്രമേ സമാധാന പ്രിയരെന്ന് മലയാളികളെ വിശേഷിപ്പിച്ചിരുന്ന ഒരു കാലാവസസ്ഥയിലേക്ക് മടങ്ങിവരാന്‍ നമുക്ക് സാധിക്കുകയുള്ളു. |
ഇന്ന് മലയാളത്തില്‍ പുറത്തിറങ്ങുന്ന പത്രങ്ങള്‍ എടുത്തു നോക്കുമ്പോള്‍ അവയുടെ പുറങ്ങളില്‍ നിറയുന്നത് അക്രമങ്ങളെയും അരാജകത്വങ്ങളേയും കുറിച്ചുള്ള വാര്‍ത്തകളാണ്. കൊലപാതകങ്ങള്‍, ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള അക്രമണങ്ങള്‍, മോഷണങ്ങള്‍, പെണ്‍വാണിഭങ്ങള്‍, പകപോക്കലുകള്‍ തുടങ്ങി വ്യത്യസ്തമാര്‍ന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍. ഇത്തരം കാര്യങ്ങളില്ലാത്ത ദിവസങ്ങള്‍ നമ്മുടെ ശ്രദ്ധയിലേക്ക് വരുന്നേയില്ല. ദിനംപ്രതി ഈ കുറ്റകൃത്യങ്ങള്‍ പെരുകിവരികയും ചെയ്യുന്നു. ഇത് എന്തുകൊണ്ട് എന്നത് സ്വാഭാവികമായും ചിന്തിക്കേണ്ട ഒരു വിഷയമാണ്. കേരള സമൂഹത്തില്‍ ഉണ്ടായ ഈ പ്രവണത ഒരര്‍ത്ഥത്തില്‍ മാനവീകത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ഗതിവിഗതികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്രൂരതയുടെ മാര്‍ഗം സ്വീകരിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു വിഭാഗമെങ്കിലും ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ശക്തി പ്രാപിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച മാധ്യമങ്ങളിലൂടെ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട അധ്യാപകനെതിരായ അക്രമപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, നമ്മുടെ കേട്ടറിവുകളിലുള്ള സാധാരണ ഗതിയിലുള്ള പകപോക്കലല്ല അവിടെ സംഭവിച്ചിരിക്കുന്നതെന്ന് കാണാനാവും. എല്ലാ വിധത്തിലുള്ള ക്രൂരതകളും സീമകളെല്ലാം ലംഘിച്ചുകൊണ്ട് അവിടെ പ്രകടിപ്പിക്കപ്പെട്ടു. മുന്‍പ് ഒരു കോളേജ് അധ്യാപകന്റെ കൈവെട്ടിയതിലും ഇതേ മൃഗീയ സ്വഭാവം പ്രകടമായിരുന്നു.
ദേശീയ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമായി ഇത്തരത്തിലുള്ള പ്രവണതകളെ ബന്ധപ്പെടുത്തുമ്പോള്‍, ക്രൂരതയുടെ വര്‍ധിച്ച സ്വഭാവം ഇന്ത്യയിലാകെ തന്നെ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ഇതിനെ പലപ്പോഴും വര്‍ഗീയതയുമായി ബന്ധപ്പെട്ട്, അല്ലെങ്കില്‍ വര്‍ഗീയതയില്‍ വന്ന മാറ്റവുമായി ബന്ധപ്പെട്ടാണ് നാം വിലയിരുത്തുന്നത്. ഉദാഹരണത്തിന് 2002ല്‍ ഗുജറാത്തില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് -വര്‍ഗീയതയുടെ ക്രൂരതയ്ക്കും വധശ്രമങ്ങള്‍ക്കും- അതിന് മുന്‍പ് ഉണ്ടാവാത്ത തരത്തിലുള്ള ക്രൂരതയുടെ ഒരു മാനമുണ്ടായിരുന്നു. ഈയൊരു ഭാവമാറ്റം കഴിഞ്ഞ പത്ത് കൊല്ലങ്ങളില്‍ ദേശീയ തലത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത്തരം സംഭവങ്ങളല്ല; അതായത് ഒരു വര്‍ഗീയ കലാപത്തിന്റെ ഭാഗമായി അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു സംഘര്‍ഷത്തിന്റെ ഭാഗമായിട്ടല്ല ഇത്തരം ആക്രമണങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നത്. ഇവിടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന കൊച്ചുകൊച്ചു അഭിപ്രായ വ്യത്യാസങ്ങള്‍, താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ നിന്നാണ് വലിയ ക്രൂരതകള്‍ സംഭവിക്കുന്നത്. അത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രവണതകള്‍ക്കെതിരായി വിപുലമായ സാമൂഹ്യ അവബോധവും രാഷ്ട്രീയ ഇടപെടലും ആവശ്യമാണ്.
സാമൂഹ്യ അവബോധത്തിന്റെ കാര്യം പറയുമ്പോള്‍ ഈ ക്രൂരതയുടെ ഒരു വശം സാമ്പത്തികമാണെന്ന് കാണാന്‍ കഴിയും. മലയാളിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ വളരെ വര്‍ധിച്ചിരിക്കുന്നു. ഓരോ വ്യക്തിയുടേയും ആഗ്രഹങ്ങള്‍ സാധിക്കാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നുവന്നിരിക്കുന്നു. അതിനാല്‍ തന്നെ അവിഹിതമായ രീതിയിലുള്ള ധനാര്‍ജ്ജനമെന്നത് ആവശ്യകതയായി മാറുന്നു. ഇപ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും അക്രമങ്ങളും വലിയ രീതിയില്‍ വര്‍ധിക്കുന്നത് അതുകൊണ്ടാണെന്ന് തോന്നുന്നു. കുടുംബത്തിലെ മുതിര്‍ന്നവരെ സഹായിക്കാനോ അവരെ പരിരക്ഷിക്കാനോ തയ്യാറില്ലാത്ത ഒരു കുടുംബ വ്യവസ്ഥ ഉരുത്തിരിഞ്ഞുണ്ടാവന്നതിന്റെ കാരണവും വേറൊന്നല്ല.
ആലംബമില്ലാത്ത അമ്മമാരെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളിലെല്ലാം തന്നെ വരുന്നുണ്ട്. അവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരുന്നു, സംരക്ഷണമില്ലാതെ നരകിക്കേണ്ടി വരുന്നു. അമ്മയോട് സ്നേഹമില്ലാത്ത വ്യക്തികള്‍ അപൂര്‍വ്വമാണ്. ഇവിടെ അമ്മയോടുള്ള സ്നേഹത്തിനെ മറികടക്കുന്നത് അമ്മയുടെ സമ്പത്ത് എടുത്ത് ഉപയോഗിക്കാനുള്ള ത്വരയാണ്. പണത്തോടുള്ള ആര്‍ത്തിയാണ് അമ്മയോടുള്ള സ്നേഹത്തിന് പകരം വെക്കപ്പെടുന്നത്. എങ്ങിനെയാണ് ജീവിക്കേണ്ടത് എന്ന കാഴ്ചപ്പാട് മാറിയിരിക്കുന്നു. ജീവിത രീതികള്‍ മാറിമറിഞ്ഞിരിക്കുന്നു. ആവശ്യങ്ങള്‍ മാറിയിരിക്കുന്നു. കമ്പോളങ്ങളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ മാറിയിരിക്കുന്നു. കമ്പോള സംസ്കാരവും മാറ്റിന് വിധേയമായിരിക്കുന്നു. നമ്മളിപ്പോള്‍ ഉപഭോഗ തൃഷ്ണ കീഴടക്കിയ ഒരു സമൂഹം മാത്രമാണ്.
പുതിയ ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി പുതിയ ഉപഭോഗ വസ്തുക്കള്‍ നമ്മുടെ മുന്നിലെത്തുന്നു. ലൈംഗിക ഉത്തേജക വസ്തുക്കളുടെ കുത്തൊഴുക്ക് മുതല്‍, കളിക്കോപ്പുകളുടെ സ്വഭാവത്തിലും ഉപയോഗത്തിലും വന്ന മാറ്റങ്ങള്‍ വരെ കാണേണ്ടതുണ്ട്. ഇന്ന് ഒരു കുഞ്ഞ് ആവശ്യപ്പെടുന്നത് പത്ത് രൂപയുടെ കളിപ്പാട്ടമല്ല; അമ്പതിനായിരം രൂപ വിലവരുന്ന കളിപ്പാട്ടമാണ്. ആ കുട്ടിയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മൂല്യാവബോധം ഉണ്ടാവുന്നില്ല. ആര് വലിയവന്‍ എന്ന മത്സരമാണ് അവിടെ ഉണ്ടാവുന്നത്. വളര്‍ത്തപ്പെടുന്നത്. അടുത്ത വീട്ടിലെ കുട്ടിക്ക് ഇത് ഉണ്ടെന്നും അതിനാല്‍ തന്നെ തനിക്കും ഇത് വേണം എന്ന ആവേശമാണ് ഇവിടെ പ്രാവര്‍ത്തികമാവുന്നത്. കമ്പോളത്തിന്റെ മാറ്റവും ആകര്‍ഷണവും ആവശ്യങ്ങളെയാകെ മാറ്റിമറിച്ചിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ പട്ടണത്തിലെ ചെറുപ്പക്കാര്‍ ഡല്‍ഹി, ബോംബെ, കല്‍ക്കട്ട പോലുള്ള നഗരങ്ങളിലെ ചെറുപ്പകാരുടെ ജീവിത രീതിയെ പിന്തുടരാന്‍ ഔത്സുക്യം കാണിക്കുന്നത്. ഒരു പക്ഷെ അവരാണ് നാം ഇന്ന് കാണുന്ന പല അക്രമണങ്ങള്‍ക്കും പിന്നില്‍ നില്‍ക്കുന്നത്. നമ്മുടെ ചലച്ചിത്രങ്ങള്‍ പോലുള്ള സാംസ്കാരിക ഉത്പന്നങ്ങളിലും നമുക്കത് കാണാന്‍ സാധിക്കും. ഞാനിന്നലെ ഡെല്‍ഹി ബില്ലി എന്ന സിനിമ കണ്ടു. അത് ചെറുപ്പക്കാരുടെ അക്രമണത്തെയാണ് പ്രണയീകരിക്കുന്നത്. അതിന്റെ സൃഷ്ടാക്കള്‍ അതില്‍ ഒരു അപാകതയും കാണുന്നില്ല. ആ സംസ്കാരത്തെ ബിംബവത്കരിക്കുന്നതിനാണ് ഇത്തരം ചിത്രങ്ങള്‍ പ്രയോജനപ്പെടുക. ഇതൊക്കെ സ്വാംശീകരിച്ചുകൊണ്ടാണ് പുതിയ തലമുറ വളരുന്നത്. വരും തലമുറകള്‍ക്ക് വഴികാട്ടികളാവുന്നത്.
കൊല്ലുംകൊലകളും പോലുള്ള പാതകങ്ങള്‍ സര്‍വ്വസാധാരണമാവുന്ന ഒരു സമൂഹം സംഘടിതമായ വ്യവസായങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് ഒരുക്കുന്നത്. സ്വര്‍ണവ്യാപാരമായാലും പെണ്‍വാണിഭമായാലും സംഘടിതമായി സംഘടിപ്പിക്കപ്പെടുന്നതാണ്. അതിന്റെ വേരുകള്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അവ രാജ്യത്തെ മറ്റ് മഹാ നഗരങ്ങളിലേക്കും വിദേശത്തേക്കും വളര്‍ന്നിരിക്കുന്നുണ്ട്. സംഘടിതമായ ബിസിനസ് ശൃംഘലയാണ് ഇവയ്ക്കൊക്കെയുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ബിസിനസുകള്‍ വളരുന്നു. ജനങ്ങള്‍ അവയില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നു.
സമൂഹം ഇത്തരത്തില്‍ തലകീഴായി വളരുമ്പോള്‍ രണ്ട് തരത്തിലുള്ള പ്രതിവിധികളെ കുറിച്ച് ആലോചിക്കണം. ഒന്നാമതായി, സാമൂഹ്യ അവബോധത്തിലുണ്ടാവുന്ന മാറ്റം. ഇത്തരത്തിലുള്ള ഒരു പരിശ്രമത്തില്‍ സാംസ്കാരികമായ ഇടപെടലിന് വലിയ പ്രസക്തിയുണ്ട്. ഈ കാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിലോ, ഇരുപതാം നൂറ്റാണ്ടിലോ സംഘടിപ്പിച്ചതുപോലുള്ള ഇടപെടലുകള്‍ക്ക് സാധ്യതകളില്ല. ഇന്ന് നമ്മുടെ സാംസ്കാരിക നായകന്‍മാര്‍ക്ക് ഒരു പ്രസ്താവന ഇറക്കുക എന്നതില്‍ കവിഞ്ഞ് മറ്റ് തലങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ട് സാംസ്കാരികമായ ഇടപെടല്‍ എന്നത് ഇന്ന് പ്രസ്ഥാനങ്ങളിലൂടെ സാധിക്കാം എന്ന് വ്യാമോഹിക്കുന്നത് എത്രമാത്രം അര്‍ത്ഥവത്താവും എന്ന് പരിശോധിക്കേണ്ടതുണ്ട്. മുന്‍പ് ഇവിടെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളില്‍ ആത്മസമര്‍പ്പണം ചെയ്തിരുന്ന ഒരു വിഭാഗം നേതാക്കള്‍ തന്നെയുണ്ടായിരുന്നു. ഇന്ന് അത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നുമില്ല. കാരണം പഴയ പ്രസ്ഥാനങ്ങളുടെ സ്വഭാവം ഏറെ മാറിക്കഴിഞ്ഞു. അതിനാല്‍ തന്നെ രാഷ്ട്രീയ അവബോധ പ്രവര്‍ത്തനം പൌരസമൂഹത്തില്‍ നിന്നുണ്ടാവും എന്ന പ്രതീക്ഷ ഒരുപക്ഷെ യാഥാര്‍ത്ഥ്യമാവാന്‍ സാധ്യതയില്ല. രണ്ടാമതായി, ഈ കൊല്ലുംകൊലകളുമൊക്കെ നടത്തുന്നത് ക്രിമിനല്‍ പ്രവര്‍ത്തനമാണ് എന്നതില്‍ സംശയമില്ല. നിലവിലുള്ള നിയമങ്ങള്‍ക്കും രീതികള്‍ക്കും എതിരായിട്ടാണ് ഇവയൊക്കെ സംഭവിക്കുന്നത്. അപ്പോള്‍ അത്തരം കാര്യങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുന്നത് വാസ്തവത്തില്‍ ഭരണകൂടത്തിനാണ്. ഭരണകര്‍ത്താക്കളുടെ ഇടപെടലാണ് ഇത്തരം പ്രവണതകള്‍ക്കെതിരായി വളരെ ശക്തമായി നടപ്പിലാക്കാന്‍ സാധ്യതയുള്ളത്. ഇത്തരം സംഭവങ്ങളുടെ വലിയ പരമ്പരകള്‍ തന്നെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. അവ പരിശോധിക്കുമ്പോള്‍ ഒരു അക്രമണം സംഭവിച്ചു കഴിഞ്ഞാല്‍ ഭരണകൂടത്തിന് അതിലുള്‍പ്പെട്ടവര്‍ക്കെതിരായി ശക്തമായ നടപടികളെടുക്കുവാന്‍ സാധിക്കും. അതിന് തടസ്സങ്ങളൊന്നുമില്ല. എന്നാല്‍, ഇത്തരം ക്രൂരതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചിട്ടും അതില്‍ പങ്കാളികളാവുന്നവര്‍ ഒരേപേരായിരുന്നിട്ടും സര്‍ക്കാരിന് ഇത്തരം പ്രവണതകളെ മുന്‍കൂട്ടി അറിഞ്ഞ് ഇല്ലാതാക്കുവാന്‍ സാധിക്കുന്നില്ല.
സംഘടിതമായ ഗ്രൂപ്പുകളാണ് പിന്നിലുള്ളതെങ്കിലും ഇത്തരം അക്രമണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് ആകസ്മികമായിട്ടാണ്. ആകസ്മികമായാണെങ്കില്‍പ്പോലും ജീവനെടുക്കാന്‍ പാകത്തിലുള്ള ആര്‍ജ്ജവവുമായി സംഘടിത ഗ്രൂപ്പുകള്‍ ഈ സമൂഹത്തില്‍ മുന്നേ നിലനില്‍ക്കുന്നുണ്ട്. അവിടെ വെച്ച് അവരുടെ വഴി ശരിയായ ദിശയിലാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മാധ്യമങ്ങളില്‍ ഗുണ്ടകളെ പറ്റിയുള്ള സചിത്രറിപ്പോര്‍ട്ടുകള്‍ ചിത്രങ്ങള്‍ സഹിതം വരുന്നുണ്ട്. ഓരോ കൃത്യങ്ങള്‍ സംഭവിക്കുമ്പോഴും ഇതുണ്ടാവുന്നുണ്ട്. എന്നാല്‍, ഗുണ്ടാസംഘങ്ങള്‍ എന്ന നിലയിലുള്ള അവരുടെ നിലനില്‍പ്പ് ഇല്ലാതാക്കുവാന്‍ സര്‍ക്കാറിന്റെ സന്നാഹങ്ങള്‍ക്ക് സാധിക്കുന്നില്ല, അല്ലെങ്കില്‍ അവര്‍ അങ്ങനെ ഭാവിക്കുന്നു. ഒരു ഗുണ്ടാനിയമം ഉണ്ടാവാന്‍ പോവുന്നു എന്ന് കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് പറഞ്ഞിരുന്നു, പക്ഷെ സംഭവിച്ചില്ല.
എനിക്ക് തോന്നുന്നത്, സാമ്പത്തിക - നൈതിക - സാംസ്കാരിക മാറ്റങ്ങളുടെ ഭാഗമായി ഒരു വിഷമ സന്ധിയിലേക്ക് കേരളം കൂപ്പുകുത്തുകയാണെന്നാണ്. അതിന് തടയിടാന്‍ സാധ്യമാവുന്ന ഒരു സാംസ്കാരിക അന്തരീക്ഷവും ഭരണ ചടുലതയും ഉണ്ടായെങ്കില്‍ മാത്രമേ സമാധാന പ്രിയരെന്ന് മലയാളികളെ വിശേഷിപ്പിച്ചിരുന്ന ഒരു കാലാവസസ്ഥയിലേക്ക് മടങ്ങിവരാന്‍ നമുക്ക് സാധിക്കുകയുള്ളു .
e-mail: This e-mail address is being protected from spambots. You need JavaScript enabled to view it