ശൂരനാട് എന്ന നാട് ഇപ്പോഴുമുണ്ടോ?
അശോകന്‍ ചരുവില്‍
കുട്ടിക്കാലം മുതലേ എനിക്കു യാത്രകളില്‍ ചെറിയ കമ്പമുണ്ട്. സാമ്പത്തിക പരാധീനതകള്‍ കൊണ്ട് ദൂരയാത്രകള്‍ക്കൊന്നും അധികം സാധിച്ചിട്ടില്ല. എന്നെ സ്നേഹിക്കുന്ന കുറച്ചു വായനക്കാര്‍ മറുനാടുകളില്‍ ഉള്ളതുകൊണ്ട് അവരുടെ ചിലവില്‍ ഗള്‍ഫ് നാടുകളിലും ഇന്ത്യയിലെ വന്‍നഗരങ്ങളിലും പോകാന്‍ കഴിഞ്ഞു. പക്ഷേ നഗരയാത്രകളില്‍ എനിക്കത്ര താല്‍പ്പര്യമില്ല. ടൂറിസ്റു കേന്ദ്രങ്ങളും ഇഷ്ടമില്ല. മനുഷ്യര്‍ സ്വാഭാവികമായി പാര്‍ക്കുന്ന, ജീവിതം ഇരമ്പുന്ന ഇടങ്ങള്‍ കാണണം. നമ്മുടെ കൊച്ചു കേരളത്തെ ഏതാണ്ടൊക്കെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് വടക്കന്‍ കേരളം. പാലക്കാടും മലപ്പുറവും ഉള്‍പ്പെടുന്ന മധ്യകേരളം. തെക്കന്‍ ദിക്കുകളിലേക്ക് അത്രയധികം പ്രവേശനം ഉണ്ടായിട്ടില്ല.
![]() |
|
യാത്ര പറഞ്ഞു പുറത്തിറങ്ങിയ ശേഷം ആ മുഖ്യമന്ത്രി തിരിച്ചു വന്ന് എഴുതിയ ഉത്തരവെടുത്ത് ഒന്നു തിരുത്തി, അതിങ്ങനെയായിരുന്നു: ‘പുതുപ്പള്ളിയെ കാറില്‍ വേണം നാഗര്‍കോവിലിലേക്ക് കൊണ്ടു പോകുവാന്‍. ബസ്സില്‍ കൊണ്ടു പോയി അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കരുത്.’ |
കാണാനാഗ്രഹിക്കുന്ന നിരവധി ദേശങ്ങള്‍ പഴയ തിരുവിതാംകൂറില്‍ ഇനിയും ബാക്കി കിടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരിടം ശൂരനാടാണ്. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകളി’ലൂടെ എ. പി. കളക്കാടിന്റെ ‘പോര്‍ക്കലി’യിലൂടെ സുപരിചിതമാണെങ്കിലും സ്ഥലം ഒന്നു നേരില്‍ കാണണമെന്നുണ്ട്. ആ പ്രദേശം ഇപ്പോഴും അവിടെയുണ്ടോ എന്നറിയാനാണ്. ഒരിക്കല്‍ തിരു-കൊച്ചിയുടെ കരുത്തനായ മുഖ്യമന്ത്രി പരവൂര്‍ ടി. കെ. നാരായണപിള്ള തനിക്കുള്ള സര്‍വ്വ അധികാരങ്ങളുടേയും ഭാഷയില്‍ ഇങ്ങനെ പറഞ്ഞുവല്ലോ: ‘ശൂരനാട് എന്ന ഒരു നാട് ഇനി വേണ്ട.’ ഒരു സംസ്ഥാന മുഖ്യമന്ത്രി അങ്ങനെ പറയുകയും പോലീസ് സംവിധാനം ഒന്നടക്കം അതിനുവേണ്ടി പാഞ്ഞെത്തുകയും ചെയ്തത് ചരിത്രമാണ്. തണ്ടാശ്ശേരി രാഘവന്‍ മുതല്‍ അഞ്ചു സഖാക്കള്‍ അക്കാലത്ത് കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. എന്നാലും ഒന്നറിയണമല്ലോ ഒരു ഭരണാധികാരി വിചാരിച്ചാല്‍ ഒരു ഗ്രാമം ഇല്ലാതാവുമോ എന്ന്. ‘ജനത എന്റെ ശത്രുവാണ്. അതുകൊണ്ട് ഞാന്‍ അവരെ ശിക്ഷിക്കുന്നു’ എന്ന് ആക്രോശിച്ച ഒരു ഭരണാധികാരി ഇന്ത്യ ഭരിച്ചിരുന്നു. സാക്ഷാല്‍ മുഹമ്മദ് ബിന്‍ തുഗ്ളക്ക്. അദ്ദേഹം തന്റെ കോട്ടക്കുവെളിയില്‍ പൌരന്‍മാരുടെ ജഡങ്ങള്‍ നിരത്തിയിടുമായിരുന്നുവത്രെ. നാലഞ്ചു ദിവസങ്ങള്‍ ജീര്‍ണിച്ച ശേഷമേ അവ സംസ്കരിക്കുമായിരുന്നുള്ളു. മറ്റുള്ളവര്‍ക്ക് ഒരു താക്കീത് എന്ന നിലയില്‍. ഒരു ഭരണാധികാരിക്കും ഒരു ജനതയെ തോല്‍പ്പിക്കാനാവില്ല എന്ന ചരിത്ര യാഥാര്‍ത്ഥ്യമായി ശൂരനാട് ഇന്നും നിലനില്‍ക്കുന്നു.
കമ്യൂണിസ്റു പാര്‍ട്ടിയുടെ കല്‍ക്കത്താ തിസീസിന്റെ കാലത്താണ് ശൂരനാട് സംഭവം നടക്കുന്നത്. കല്‍ക്കത്താ തിസീസിലെ നയസമീപനം തെറ്റായിരുന്നു എന്ന് പാര്‍ട്ടി പിന്നീട് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ ശൂരനാടോ, ഇടപ്പള്ളിയോ, ഉത്തര കേരളത്തിലെ കര്‍ഷക ഗ്രാമങ്ങളോ തെറ്റായിരുന്നു എന്ന് ഒരു ചരിത്ര വിശകലനത്തിനും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാല്പതുകളുടെ അവസാനത്തില്‍ കേരളത്തില്‍ നടന്ന എണ്ണമറ്റ സമരങ്ങള്‍ ഒന്നും തന്നെ കമ്യൂണിസ്റു പാര്‍ട്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചു വിട്ടതല്ല. അതു മനസ്സിലാകണമെങ്കില്‍ ശൂരനാടിനു മുമ്പുള്ള തിരുവിതാംകൂറിന്റെ സമരചരിത്രം പഠിക്കണം. കേരളീയ നവോത്ഥാനം. ഉണര്‍ന്നു കഴിഞ്ഞ ജനത. ദിവാന്‍ വാഴ്ചക്കെതിരെ തിരുവനന്തപുരത്തു നടന്ന സമരങ്ങള്‍. പേട്ടയിലെ വെടിവെപ്പ്. ആലപ്പുഴയിലെ പൊതുപണിമുടക്ക്. വയലാര്‍, പുന്നപ്ര സമരങ്ങള്‍. അതുവരെ അടച്ചമര്‍ത്തപ്പെട്ടു കിടന്നവന്‍ കരളുറപ്പോടെ എഴുന്നേറ്റു നിന്നു. കരണത്തടിക്കാന്‍ വന്ന കൈ അവന്‍ പിടിച്ചു മാറ്റിയതിന് കല്‍ക്കത്താ തിസീസ് സഹായിച്ചിട്ടുണ്ടെങ്കില്‍ അത്രയും ശരിയാണ്. ഒന്നോര്‍ക്കണം. തിസീസിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ ഒരു ബോംബും പൊട്ടിയിട്ടില്ല. ഒരു പാലവും പൊളിച്ചിട്ടില്ല. ഒരു തീവണ്ടിയും മറിച്ചിട്ടില്ല. ഒരൊറ്റ നിരപരാധിയും കൊല്ലപ്പെട്ടിട്ടില്ല. 1942ലെ കിറ്റ്വിന്ത്യാ സമരക്കാലത്ത് അമ്പേ നഷ്ടപ്പെട്ടുപോയ ജനപിന്തുണ ഏതാണ്ട് തിരിച്ചുപിടിച്ചു കൊണ്ടാണ് ഒളിവില്‍ നിന്നും അമ്പതില്‍ കമ്യൂണിസ്റു പാര്‍ട്ടി കയറി വരുന്നത്. പിന്നീട് നടന്ന പൊതു തെരഞ്ഞെടുപ്പ് അതിനു തെളിവാണ്.
ഇപ്പോള്‍ ശൂരനാടിനെ ഓര്‍ക്കാന്‍ കാരണമുണ്ട്. ഈയിടെ പുതുപ്പള്ളി രാഘവന്റെ ‘വിപ്ളവ സ്മരണകള്‍’ വീണ്ടും വായിച്ചു. ശൂരനാട് അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയായി അറസ്റു ചെയ്യപ്പെട്ട്, ലോക്കപ്പു മര്‍ദ്ദനങ്ങളുടെ നീണ്ട നാള്‍വഴികള്‍ പിന്നിട്ട് രോഗിയായി പുതുപ്പള്ളി ജയിലാശുപത്രിയില്‍ കിടക്കുകയാണ്. അപ്പോഴേക്കും ടി. കെ. നാരായണപിള്ളയെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് കോണ്‍ഗ്രസ്സുകാര്‍ തന്നെ വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രിയായത് സി. കേശവനാണ്. മുഖവുര വേണ്ടാത്ത പോരാളി. അദ്ദേഹം ഭരണമേറ്റതിനെ തുടര്‍ന്ന് സ്ഥിതിഗതികളില്‍ വലിയ മാറ്റം വന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ടി. വി.യും ഗൌരിയമ്മയും അടക്കമുള്ള നേതാക്കള്‍ പ്രാഥമിക സൌകര്യങ്ങള്‍ക്കുവേണ്ടി നിരാഹാരമനുഷ്ടിക്കുകയാണ്. മുഖ്യമന്ത്രി ജയില്‍ സന്ദര്‍ശിച്ചു. തന്നെ അനുഗമിച്ചിരുന്ന ഐ.ജി.കരുണാകരന്‍ കര്‍ത്താവിന്റെ തടസ്സവാദങ്ങള്‍ ഒടിച്ചു മടക്കി വലിച്ചെറിഞ്ഞ് വേണ്ട സൌകര്യങ്ങള്‍ അനുവദിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടു.
ആ സന്ദര്‍ശനത്തിനിടെ ജയിലാശുപത്രിയിലെ ഒരു കട്ടിലില്‍ ചുരുണ്ടു കിടന്നിരുന്ന പുതുപ്പള്ളിയെ സി. കേശവന്‍ കണ്ടു. ഒരു വിപ്ളവകാരി മറ്റൊരു വിപ്ളവകാരിയെ തിരിച്ചറിഞ്ഞ ആവേശകരമായ സന്ദര്‍ഭമായിരുന്നു അത്. സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രക്ഷോഭ കാലങ്ങളില്‍ എത്രയോ വട്ടം ഒന്നിച്ച് ജയിലില്‍ കഴിഞ്ഞവരാണ് അവര്‍. ജ്വലിക്കുന്ന എത്രയെത്ര ഓര്‍മകള്‍. രാജവാഴ്ചയെ നടുക്കുന്ന കേശവണ്ണന്റെ സിംഹഗര്‍ജ്ജനങ്ങള്‍ക്ക് എത്രയോ തവണ പുതുപ്പള്ളി സാക്ഷിയായിരിക്കുന്നു. കൊടിയ മര്‍ദ്ദനങ്ങള്‍ക്കിടയില്‍ ഒരുവട്ടം പോലും കരഞ്ഞിട്ടില്ലാത്ത പുതുപ്പള്ളിയുടെ കണ്ണുകള്‍ അപ്പോള്‍ നനഞ്ഞു കാണുമോ?
പുതുപ്പള്ളി രാഘവനെ മെച്ചപ്പെട്ട ചിരിത്സകള്‍ക്കായി നാഗര്‍കോവില്‍ സാനിട്ടോറിയത്തിലേക്ക് അയക്കാന്‍ അപ്പോള്‍തന്നെ മുഖ്യമന്ത്രി ഉത്തരവിട്ടു. ആശുപത്രി സൂപ്രണ്ടിനോട് ഫോണ്‍ ചെയ്ത് സൌകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടു. ഒരു കാര്യം മാത്രമേ രാഘവനോട് അദ്ദേഹം ഉപദേശിച്ചുള്ളു: ‘ആ എം. എന്‍നെപ്പോലെ ചാടിപ്പോയ്ക്കളയരുത്.’
യാത്ര പറഞ്ഞു പുറത്തിറങ്ങിയ ശേഷം ആ മുഖ്യമന്ത്രി തിരിച്ചു വന്ന് എഴുതിയ ഉത്തരവെടുത്ത് ഒന്നു തിരുത്തി, അതിങ്ങനെയായിരുന്നു: ‘പുതുപ്പള്ളിയെ കാറില്‍ വേണം നാഗര്‍കോവിലിലേക്ക് കൊണ്ടു പോകുവാന്‍. ബസ്സില്‍ കൊണ്ടു പോയി അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കരുത്’ .
Asokan Charuvil,
Kattoor. P. O.
Thrissur.
Phone : 0480 2876572
Mob : 9447618659