ദുരിതം മാറുമോ?
സുഗതകുമാരി
മനുഷ്യജീവന് മറ്റെന്തിനെക്കാളും വിലയുണ്ട്. ഭാരതത്തിന്റെ ഭരണഘടന ജീവന്റെ സംരക്ഷണം ഉറപ്പുനല്‍കുന്നുണ്ട്. ഒരു കൊച്ചുകുട്ടിപോലും യാതന അനുഭവിക്കുന്നതു കാണാനാവില്ല... എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞ ഈ വാക്കുകള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്. ഈ വാക്കുകള്‍ ഭരണകൂടത്തിന്റെ ചെവിയില്‍ പാഠമാവാന്‍ വേണ്ടി ഉച്ചത്തില്‍ മുഴങ്ങേണ്ടതുണ്ട്. സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിച്ചവര്‍ക്കും വിഷ നിര്‍മാണ കമ്പനികള്‍ക്കു വേണ്ടി വാദിച്ച അഭിഷേക് സിങ്വിക്കുമൊക്കെ സുപ്രീം കോടതിയുടെ ഉത്തരവില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.
![]() |
|
ഈയവസരത്തില്‍ എല്ലാം തീര്‍ന്നു എന്ന് നമുക്ക് സമാധാനിക്കാന്‍ സാധിക്കില്ല. കാരണം രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ അനുകൂല ഗൂഢാലോചനകള്‍ തകൃതിയായി നടക്കുന്നു എന്ന ആരോപണം ഇപ്പോഴും അടങ്ങുന്നില്ല. കുത്തക കമ്പനികള്‍ക്ക് ലാഭം കുന്നുകൂട്ടാന്‍ സഹായകമാവുന്ന ഏത് ഉത്പന്നവും പ്രോത്സാഹിപ്പിക്കാന്‍ ഏതുതരത്തിലുള്ള ഗൂഢാലോചനകളും സ്വാഭാവികം മാത്രമാണ്. നമുക്ക് നിതാന്ത ജാഗ്രത പുലര്‍ത്താം. എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ പല കീടനാശിനികളും പ്രയോഗത്തിലുണ്ട്. നിരോധിക്കപ്പെട്ടവ പുതിയ വേഷത്തില്‍ ഒളിഞ്ഞും തെളിഞ്ഞും തിരികെയെത്താന്‍ സാധ്യതയുണ്ട്. ജീവനാശിനിക്കെതിരായ പോരാട്ടം എന്‍ഡോസള്‍ഫാനെതിരെ മാത്രമാക്കി ചുരുക്കേണ്ട ഒന്നല്ല. അത് പ്രകൃതിയെയും മനുഷ്യരെയും ഇല്ലാതാക്കുന്ന വിഷവസ്തുക്കള്‍ക്കെല്ലാമെതിരെ വളര്‍ത്തിയെടുക്കേണ്ടത് തന്നെയാണ്. |
എന്നിട്ടും ദുരിതം പൂര്‍ണമായും മാറുന്നില്ല. അത് വേദനാജനകമാണ്. രാജ്യത്ത് ഇപ്പോഴുള്ള സ്റ്റോക്ക് തീരുന്നതു വരെ വ്യവസ്ഥകള്‍ക്കു വിധേയമായി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി ബെഞ്ച് അനുവാദം നല്‍കിയിരിക്കുന്നു. കെട്ടിക്കിടക്കുന്ന 1,100 മെട്രിക് ടണ്ണോളം എന്‍ഡോസള്‍ഫാന്‍, നിരോധനം നിലവിലില്ലാത്ത രാജ്യങ്ങളില്‍ വിറ്റഴിക്കാമെന്ന ആശ്വാസമുണ്ടാവും നിര്‍മാണ കമ്പനികള്‍ക്ക്. കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണു കയറ്റുമതി അനുമതി നല്‍കിയിരിക്കുന്നത്. തലമുറകളെ തകര്‍ക്കുന്ന മാരകവിഷം എന്നു ബോധ്യപ്പെട്ടിട്ടും അത് കയറ്റി അയച്ച് ബാധ്യത തീര്‍ക്കുന്നതും പണമുണ്ടാക്കുന്നതും ശരിയോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. സര്‍ക്കാരും കമ്പനികളും അടക്കം ബന്ധപ്പെട്ടവരെല്ലാം ചര്‍ച്ച ചെയ്യേണ്ടതും മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി തീരുമാനമെടുക്കേണ്ടതുമായ വിഷയമാണത്. നമ്മുടെ രാജ്യം നിരോധിച്ച ഉത്പന്നം മറ്റൊരിടത്തേക്കു കയറ്റുമതി ചെയ്യാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുവദിക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു. അവിടെയുള്ള മനുഷ്യ ജീവനുകള്‍ക്കും വിലയില്ലേ എന്ന ചോദ്യമാണ് ഉള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.
നമുക്ക് ഈ കോടതി വിധി വലിയ ആശ്വാസമാണ് പകരുന്നത്. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന വിഷം തീര്‍ന്നാല്‍ അതോടെ കഴിഞ്ഞല്ലോ. എന്‍ഡോസള്‍ഫാന്റെ നിര്‍മാണവും വില്‍പ്പനയും ഉപയോഗവും നിരോധിച്ചു കൊണ്ടുള്ള മേയ് 13ലെ ഉത്തരവ് തുടര്‍ന്നും നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഈ നിരോധനത്തില്‍ യാതൊരു ഇളവും വരുന്നില്ല എന്നത് ദീര്‍ഘകാലമായി ജീവനാശിനിയെ ഇല്ലായ്മ ചെയ്യാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. സമൂഹത്തിനുവേണ്ടി പൊരുതി നേടിയ വിജയം തീര്‍ച്ചയായും അവരുടെയെല്ലാം ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനുവേണ്ടി സുപ്രീം കോടതിയെ സമീപിച്ച ഡിവൈഎഫ്ഐയുടെ കുട്ടികളെ അഭിനന്ദിക്കാതെ വയ്യ. ജനസമൂഹത്തിനു വേണ്ടിയുള്ള അര്‍ഥവത്തായ നിയമപോരാട്ടങ്ങള്‍ ഏറെ പ്രസക്തമാണെന്ന് ഇവരുടെ ഇടപെടല്‍ വെളിപ്പെടുത്തുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ഡോസള്‍ഫാനെതിരേ ശക്തമായി നിലകൊണ്ടു എന്നതും വിസ്മരിക്കുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ഓര്‍ത്തു എന്നതും മറക്കുന്നില്ല. കോണ്‍ഗ്രസ് വക്താവായ അഭിഷേക് സിങ്വിയെപ്പോലുള്ളവര്‍ക്കെതിരേ പരസ്യമായി പ്രതിഷേധം പ്രകടിപ്പിക്കാനും അവര്‍ തയാറായി. ഇതൊക്കെ നന്‍മയുടെ അടയാളങ്ങളാണ്.
ഈയവസരത്തില്‍ എല്ലാം തീര്‍ന്നു എന്ന് നമുക്ക് സമാധാനിക്കാന്‍ സാധിക്കില്ല. കാരണം രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ അനുകൂല ഗൂഢാലോചനകള്‍ തകൃതിയായി നടക്കുന്നു എന്ന ആരോപണം ഇപ്പോഴും അടങ്ങുന്നില്ല. കുത്തക കമ്പനികള്‍ക്ക് ലാഭം കുന്നുകൂട്ടാന്‍ സഹായകമാവുന്ന ഏത് ഉത്പന്നവും പ്രോത്സാഹിപ്പിക്കാന്‍ ഏതുതരത്തിലുള്ള ഗൂഢാലോചനകളും സ്വാഭാവികം മാത്രമാണ്. നമുക്ക് നിതാന്ത ജാഗ്രത പുലര്‍ത്താം. എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ പല കീടനാശിനികളും പ്രയോഗത്തിലുണ്ട്. നിരോധിക്കപ്പെട്ടവ പുതിയ വേഷത്തില്‍ ഒളിഞ്ഞും തെളിഞ്ഞും തിരികെയെത്താന്‍ സാധ്യതയുണ്ട്. ജീവനാശിനിക്കെതിരായ പോരാട്ടം എന്‍ഡോസള്‍ഫാനെതിരെ മാത്രമാക്കി ചുരുക്കേണ്ട ഒന്നല്ല. അത് പ്രകൃതിയെയും മനുഷ്യരെയും ഇല്ലാതാക്കുന്ന വിഷവസ്തുക്കള്‍ക്കെല്ലാമെതിരെ വളര്‍ത്തിയെടുക്കേണ്ടത് തന്നെയാണ് .