എന്റെ അബ്ബ
ശബ്‌ന അസ്‌മി
![]() |
|
"ഒരാള്‍ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, ആ മാറ്റം തന്റെ ജീവിതക്കാലത്ത് ഒരു പക്ഷേ യാഥാര്‍ത്ഥ്യമാകില്ലായിരിക്കാമെന്ന ബോധം അയാള്‍ക്കുണ്ടാവണം. എങ്കിലും ആ ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനം അയാള്‍ മുന്നോട്ട് കൊണ്ടുപോയേ തീരൂ''. അതാണ് അബ്ബയുടെ പ്രമാണം. മഌഷ്യന്റെ നന്മയിലാണ് അദ്ദേഹം വിശ്വസിച്ചത്. ഇരുണ്ടക്കാലത്തില്‍പ്പോലും മുന്നോട്ട് പോകാന്‍ അദ്ദേഹത്തെ സഹായിച്ചത് ആ വിശ്വാസമാണ്. ഗുജറാത്തിലെ വര്‍ഗീയകൂട്ടക്കൊലയിക്കിരയായവരുടെ കണ്ണീരൊപ്പുന്നതിലൂടെ, സര്‍ക്കാരുകളുടെ ഹൃദയശൂന്യമായ നയങ്ങള്‍ കാരണം കുടിയിറക്കപ്പെടുന്ന ചേരിനിവാസികളുടെ കണ്ണീരൊപ്പുന്നതിലൂടെ, സമൂഹത്തിലെ പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും - പ്രത്യേകിച്ച് സ്‌ത്രീകളുടെ- കണ്ണീരൊപ്പുന്നതിലൂടെ മഌഷ്യരില്‍ മഹാനായ എന്റെ അബ്ബയ്‌ക്ക് ഞാന്‍ ആദരാഞ്‌ജലി അര്‍പ്പിക്കുകയാണ്. |
എന്റെ സുഹൃത്തുക്കള്‍ക്ക് അദ്ദേഹം കവിയാണെന്ന് അറിയാമായിരുന്നു. എന്താണ് അതിന്റെ അര്‍ത്ഥം. എനിക്കറിയില്ലായിരുന്നു. എന്റെ രക്ഷിതാക്കള്‍ എല്ലാ രീതിയിലും സാധാരണ രക്ഷിതാക്കളുടെ നടപ്പ് രീതിയില്‍നിന്ന് വ്യത്യസ്‌തരായിരുന്നു. അച്ഛഌം അമ്മയും ഇംഗ്ലീഷ് സംസാരിക്കുന്നവരായിരിക്കണമെന്നാണ് സ്‌കൂളിലെ നിയമം. അബ്ബയോ അമ്മയോ ഇംഗ്ലീഷ് സംസാരിച്ചിരുന്നില്ല. അലിസര്‍ദാര്‍ ജഫ്രിയുടെ ഭാര്യ സുല്‍ത്താന ജഫ്രിയാണ് അമ്മയായി സ്‌കൂളില്‍ എത്തിയത്. അച്ഛനായി അദ്ദേഹത്തിന്റെ സുഹൃത്ത് മുനീഷ് നാരായണ്‍ സക്‌നേനയും.
പത്താം ക്ലാസ്സിലായിരുന്നപ്പോഴാണ് ഒരു ദിവസം വൈസ് പ്രന്‍സിപ്പള്‍ എന്നെ വിളിച്ചു. ഒരു "മുഷൈര'യില്‍ എന്റെ അച്ഛന്‍ പാടുന്നത് കണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പാരന്റ്‌സ് ഡേ യില്‍ വന്നപ്പോള്‍ കണ്ടതില്‍ നിന്ന് ഏറെ വ്യത്യാസം തോന്നിയല്ലോ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ വിളറി. ""ഓ... അത് ടൈഫോയിഡ് വന്ന് വല്ലാതെ തൂക്കം കുറഞ്ഞത് കൊണ്ടാണ്''. പിന്നെയും എന്തൊക്കെയോ പറഞ്ഞ് ഞാന്‍ തടിതപ്പി.
പക്ഷേ ഒരു കാര്യം എനിക്ക് അതോടെ ബോധ്യമായി. അബ്ബയെ ഇനിയും അധികകാലം തിരശ്ശീലക്കുപിന്നില്‍ നിര്‍ത്താന്‍ ആവില്ല. അദ്ദേഹം അപ്പോഴേക്കും സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിക്കാന്‍ തുടങ്ങിയിരുന്നു. പിന്നൊരിക്കല്‍ ഒരു കൂട്ടുകാരി അവളുടെ അച്ഛന്‍ എന്റെ അച്ഛന്റെ പേര് പത്രത്തില്‍ വായിച്ചതായി വന്നു പറഞ്ഞു. ഇത്തവണ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ ക്ലാസ്സിലെ 40 കുട്ടികളില്‍ ആരുടെയും അച്ഛന്റെ പേര് അതുവരെ പത്രത്തില്‍ വന്നിരുന്നില്ല. ആദ്യമായി എന്റെ അച്ഛന്റെ വ്യത്യസ്‌തത ഒരു നേട്ടമായി എനിക്ക് തോന്നി. പിന്നീടൊരിക്കലും അച്ഛന്‍ കൂര്‍ത്തയും പൈജാമയും ധരിക്കുന്നത് ലജ്ജാകരമായി എനിക്ക് തോന്നിയില്ല.
സത്യത്തില്‍ അതിഌശേഷം അതുവരെ ഒളിപ്പിച്ചുവെച്ചിരുന്ന കറുത്ത പാവയെ വരെ ഞാന്‍ ക്ലാസ്സില്‍ കൊണ്ടുവരാന്‍ തുടങ്ങി. അച്ഛന്‍ വാങ്ങി തന്നതായിരുന്നു. എനിക്കിഷ്‌ടം കോമളമായ, നീലക്കണ്ണുകളുള്ള പാവയായിരുന്നു. അച്ഛന്‍ പതിഞ്ഞ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. ""കറുപ്പാണ് സുന്ദരം''. പക്ഷേ ഒരു ഏഴുവയസ്സുകാരിയുടെ മനസ്സിന് അത് ഉള്‍കൊള്ളുവാനാകുമായിരുന്നില്ല.
എന്നാല്‍ മൂന്ന് വര്‍ഷത്തിഌശേഷം അത് ഞാന്‍ പുറത്തേക്കെടുത്തു. "വ്യത്യസ്‌തനായ അച്ഛന്റെ വ്യത്യസ്‌തയായ മകളായി' പുതിയൊരു ആത്മവിശ്വാസത്തോടെ എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. മറ്റ് കുട്ടികള്‍ക്ക് അസൂയ തോന്നുന്ന ഒരാളായി ഞാന്‍ മാറി. "ഒരു കോട്ടം പോലും എങ്ങനെ നേട്ടമാക്കിമാറ്റാമെന്ന പാഠം'. അതാണ് അദ്ദേഹം എനിക്ക് പകര്‍ന്ന് തന്ന ആദ്യപാഠം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കമ്യൂണായ റെഡ്‌ഫ്‌ളാറ്റ് ഹാളിലാണ് ഒമ്പതുവയസ്സുവരെ ജീവിച്ചത്. ഓരോ കുടുംബത്തിഌം ഓരോ മുറിമാത്രം. കുളിമുറിയും കക്കൂസും പൊതുവായിട്ടുള്ളത്. ഭാര്യാഭര്‍തൃബന്ധവും കടുംബബന്ധങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ പുനര്‍നിര്‍വചിക്കപ്പെട്ടതായിരുന്നു. എല്ലാ ഭാര്യമാരും തൊഴിലെടുക്കുന്നവരായിരുന്നു. വീട്ടില്‍ ഉള്ള രക്ഷിതാവ് - അച്ഛനായാലും അമ്മയായാലും - ആരാണോ അയാള്‍ക്കാണ് കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തം. പൃഥി തിയേറ്റര്‍ അംഗമായിരുന്ന അമ്മ മിക്കസമയവും നാടകവുമായി യാത്രയിലായിരിക്കും. അപ്പോഴൊക്കെ എന്നെയും സഹോദരന്‍ ബാബയെയും കുളിപ്പിച്ചതും ഭക്ഷണം തനനതും എല്ലാം അബ്ബയായിരുന്നു.
അബ്ബ സമ്പാദ്യമെല്ലാം കമ്യൂണിസ്റ്റ് പാര്‍ടിക്ക് നല്‍കിയത് കൊണ്ടാണ് ആദ്യഘട്ടത്തില്‍ അമ്മ ജോലിക്ക് പോകേണ്ടി വന്നത്. പ്രതിമാസം നാല്‌പത് രൂപയാണ് പാര്‍ടി അബ്ബയ്‌ക്ക് അഌവദിച്ചത്. അതുകൊണ്ടുമാത്രം നാലംഗ കുടുംബത്തിന് കഴിഞ്ഞൂ കൂടാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, പിന്നീട് സാമ്പത്തികമായി മെച്ചപ്പെടുകയും താമസം ജാനകീകുടീരത്തിലേക്ക് മാറ്റുകയും ചെയ്‌തപ്പൊഴും അമ്മ ജോലി ചെയ്യുന്നത് നിര്‍ത്തിയില്ല. കാരണം നാടകാഭിനയത്തെ അവര്‍ സ്‌നേഹിച്ചിരുന്നു.
അച്ഛന്റെ സുഹൃത്തുക്കളില്‍ എനിക്ക് ഏറെ ഇഷ്‌ടം ബീഗം അക്തറെയായിരുന്നു. അവര്‍ ചിലപ്പോഴൊക്കെ വീട്ടില്‍ അതിഥിയായി താമസിക്കാറുണ്ട്. ജോഷ് മലിഹാബാദി, ഫിറാഖ് ഖോരക്‌പുരി, ഫൈസ് അഹമ്മദ് ഫൈസ്‌ഖ, എന്നിവരും ഇങ്ങനെ തങ്ങാറുണ്ട്. ഞങ്ങളുടെ വീട്ടിലാണെങ്കില്‍ പ്രത്യേക അതിഥി മുറിയോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നിമില്ല. എന്നാല്‍ ഈ കലാകാരന്‍മാരൊന്നും സുഖസൗകര്യം പ്രധാനമായി കണ്ടില്ല. ചെറിയ വീട്ടിലെ ഊഷ്‌മള സൗഹൃദത്തെ അവര്‍ പഞ്ചനക്ഷത്രഹോട്ടലുകളിലെ സൗകര്യത്തെക്കാള്‍ വിലമതിച്ചു. ഇവരുടെ "മെഹ്‌ഫിലു'കള്‍ എനിക്ക് ഏറെ ആകര്‍ഷകമായി. ശ്രദ്ധയോടെ ഞാന്‍ അതിലിരിക്കും. അവര്‍ ചൊല്ലുന്നതിന്റെ പകുതിയുടെ അര്‍ത്ഥം പോലും മനസിലാകുമായിരുന്നില്ല. പക്ഷേ അതിലെ സുന്ദരസംഗീതം എന്റെ കാതുകള്‍ക്ക് ആസ്വാദ്യമായി. അണമുറിയാത്ത സംവാദങ്ങള്‍. ഗ്ലാസ്സുകളുടെ കലപില. മുറിയാകെ നിറയുന്ന പുക. ഞാനൊരിക്കലും അതില്‍ നിന്ന് ഓടിയൊളിച്ചില്ല. എങ്കിലും പിറ്റേന്ന് കാലത്ത് തന്നെ സ്‌കൂളില്‍ പോകുകയും ചെയ്യും. മുതിര്‍ന്നുവെന്ന ബോധവും പരിഗണിക്കപ്പെടുന്നുവെന്ന തോന്നലും ഇത് എന്നില്‍ വളര്‍ത്തി.
താമസിയാതെ ഞാന്‍ "മുഷൈര’ കളിലും പങ്കെടുക്കുവാന്‍ തുടങ്ങി. സഹിര്‍ ലുധിയന്‍വിയായിരുന്നു അക്കാലത്ത് ഏറെ പ്രശസ്‌തന്‍. അലി സര്‍ദാര്‍ ജഫ്രിയും ഏറെ ബഹുമാനിക്കപ്പെട്ടു. എന്നാല്‍ കൈഫി അസ്‌മിയുടേത് വ്യത്യസ്‌ത മാജിക്കായിരുന്നു. ഏദ്ദേഹം എപ്പോഴും അവസാനപേരുകാരനായിരിക്കും. ഞാന്‍ സ്റ്റേജില്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങും. കൈഫിയുടെ പ്രകമ്പനം കൊള്ളുന്ന ശബ്‌ദവും നായകീയതയും ഭാവവും ഏറെ ആകര്‍ഷകമാണ്. ഓരോ തവണ കൈഫിയുടെ പേര് അനൗണ്‍സ് ചെയ്യുമ്പോഴും. ജനങ്ങളുടെ നിലക്കാത്ത കരഘോഷമായിരിക്കും. അത് കേട്ടായിരിക്കും ഞാന്‍ ഞെട്ടിയുണരുക. എന്നാല്‍ കൈയ്യടി കേട്ട് അദ്ദേഹം ഒരിക്കലും അത്ഭുതപ്പെടുകയോ ആവേശംകൊള്ളുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. "മുഷരൈ' യും റെക്കോഡിങ്ങും കഴിഞ്ഞ് വന്നാല്‍ അതേപ്പറ്റി ഒരു വാക്കുപോലും വീട്ടില്‍ പറയാറില്ല.
പതിനെട്ട് വയസ്സുള്ളപ്പോള്‍ ഒരു ദിവസം അദ്ദേഹം ഒരു പരിപാടിയില്‍ 'നസം' പാടി വീട്ടില്ലെത്തി. ശ്രാതാക്കളുടെ പ്രതികരണം അറിയാന്‍ ഞാന്‍ അടുത്തുകൂടി. ഇതുകണ്ട് അമ്മ എന്നെ വിലക്കി. അദ്ദേഹം ഒന്നും പറയാന്‍ പോകുന്നില്ല. എന്നെ കാണുന്നില്ലേ? വര്‍ഷങ്ങളായി ആകാംക്ഷ തീര്‍ക്കാന്‍ കൈഫി തിരിച്ചുവരുമ്പോള്‍ ഞാന്‍ പത്രങ്ങള്‍ വായിക്കാറുണ്ട്- അവര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ വിട്ടില്ല. അബ്ബയുടെ മടിയില്‍ ഇരുന്ന് ഌള്ളുകയും ഇക്കിളി കൂട്ടുകയും ചെയ്‌തു. ഒടുവില്‍ അബ്ബ ഇങ്ങനെ പറഞ്ഞു: "ചെറിയ മഌഷ്യരാണ് ആത്മപ്രശംസ നടത്തുക. ഞാന്‍ എപ്പൊഴെങ്കിലും മോശമായി പാടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വന്ന് പറയും".
എഴുതുമ്പോള്‍ കുടുംബാംഗങ്ങള്‍ നിശബ്‌ദരായിരിക്കണമെന്നൊന്നും അദ്ദേഹത്തിഌണ്ടായിരുന്നില്ല. എഴുതുമ്പോഴും മുറിയുടെ വാതില്‍ തുറന്നിടും. ഒരിക്കല്‍ എഴുത്തുമേശ വാതിലിനടുത്ത് നിന്ന് ഞാന്‍ മാറ്റിയിട്ടു. കുറേകൂടി സ്വകാര്യത കിട്ടട്ടേ എന്നുകരുതി. വൈകുന്നേരം തിരിച്ചെത്തിയ ഉടന്‍ അച്ഛന്‍ അത് പഴയ സ്ഥലത്തേക്ക് തിരിച്ചിട്ടു. താന്‍ പ്രത്യേകതയുള്ള എന്തെങ്കിലും ചെയ്യുന്നതായി അദ്ദേഹം ഭാവിച്ചില്ല.
അബ്ബയ്‌ക്കും ജാവേദിഌമിടയില്‍ പൊതുവായി ചിലതുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. രണ്ടുപേരും കടുത്ത രാഷ്‌ട്രീയ ജീവികള്‍. ഞാന്‍ എപ്പോഴും രാഷ്‌ട്രീയ ചര്‍ച്ചയില്‍നിന്ന് ഒഴിഞ്ഞുനിന്നു. വീട്ടിലെ രാഷ്‌ട്രീയ ചര്‍ച്ചകളോടുള്ള പ്രതികരണമെന്ന നിലയില്‍ പത്രവായന ഉപേക്ഷിച്ച് അതില്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ ജാവേദുമായി പരിചയപ്പെടുകയും ജാവേദും അബ്ബയുമായുള്ള രാഷ്‌ട്രീയസംവാദം കേള്‍ക്കുകയും ചെയ്‌തത്തോടെ എന്റെ സ്വഭാവത്തില്‍ മാറ്റം വന്നു. എനിക്കും ക്രമേണ രാഷ്‌ട്രീയത്തില്‍ താല്‍പ്പര്യം ജനിച്ചു. ശരിക്കും പറഞ്ഞാല്‍ ജാവേദിലൂടെ ഞാന്‍ വീണ്ടും അബ്ബയെ കണ്ടെത്തുകയായിരുന്നു. ഉര്‍ദു കവിത, രാഷ്‌ട്രീയം... അങ്ങനെ അച്ഛന്റെ പാത എത്ര അഗാധമാണെന്ന് തിരിച്ചറിയാനായി.
ലോകത്തേക്ക് കണ്‍തുറന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ട നിറം ചുവപ്പാണ്. അന്ന് എന്റെ മാതാപിതാക്കള്‍ റെഡ്‌ഹാളിലായിരുന്നല്ലോ താമസം. അവിടെ കവാടത്തില്‍ നിറയെ ചെങ്കൊടികളായിരുന്നു. എന്നാല്‍ തൊഴിലാളികളുടെയും വിപ്ലവത്തിന്റെയും നിറമാണ് ചുവപ്പെന്ന് എനിക്ക് മനസ്സിലായത് പിന്നെയും ഏറെ കഴിഞ്ഞാണ്. ചെറുപ്പത്തില്‍ അമ്മയുടെ "പൃഥി' തിയേറ്ററിനൊപ്പം ഞാന്‍ ഏറെ സഞ്ചരിച്ചിട്ടുണ്ട്.
അച്ഛനൊപ്പം തൊഴിലാളി- കര്‍ഷക സമ്മേളനങ്ങള്‍ക്കും പോകും. അവിടെ നിറയെ ചുവന്ന കൊടിതോരണങ്ങളും വിപ്ലവകവിതകളും ആയിരിക്കും. ഒരു കുട്ടിയെന്ന നിലയില്‍ റാലികള്‍ കാണാനായിരുന്നു എനിക്ക് ആവേശം. തൊഴിലാളുകള്‍ എന്നെ എപ്പോഴും ലാളിച്ചു.
എന്തായാലും അങ്ങനെ എന്റെ വേരുകള്‍ മണ്ണിലേക്കിറങ്ങുകയായിരുന്നു. ഇന്ന് ഞാന്‍ ഒരു പ്രകടനത്തില്‍, അല്ലെങ്കില്‍ പദയാത്രയില്‍, അതുമല്ലെങ്കില്‍ നിരാഹാരത്തില്‍ പങ്കെടുക്കുമ്പോള്‍ കുട്ടിക്കാലത്തെ അഌഭവത്തിന്റെ ഒരു തുടര്‍ച്ചയായേ തോന്നാറുള്ളൂ. മുബൈയിലെ ചേരിനിവാസികളെ കുടിയിറക്കുന്നതിനെതിരെ നടത്തിയ നിരാഹാരത്തിന്റെ നാലാംനാള്‍ എന്റെ രക്തസമ്മര്‍ദം വല്ലാതെ കുറഞ്ഞു. അടുത്തുണ്ടായിരുന്ന അമ്മ വല്ലാതെ പരിഭ്രമിച്ചു. അബ്ബ അപ്പോള്‍ പാട്‌നയിലായിരുന്നു. അവിടെനിന്ന് ഒരു ടെലഗ്രാം :""വിജയാംശംസ, സഖാവെ''.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നിന്ന് മീറത്തിലേക്ക് പദയാത്രക്കുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. യാത്ര പറയാനായി വീട്ടില്‍ ചെന്നതായിരുന്നു. ഞാന്‍ അസ്വസ്ഥയും പദയാത്ര വിജയിക്കുമോ എന്നതില്‍ സംശയാലുവുമായിരുന്നു. യു പിയിലെ തെരുവിലേക്ക് ഒരു സിനിമാതാരം ഇറങ്ങുന്നത് അപകടമാണെന്ന് പറഞ്ഞ് എല്ലാവരും വിലക്കി. അക്രമികള്‍ കല്ലെറിയുമെന്നും വസ്‌ത്രങ്ങള്‍ ഉരിയുമെന്നും അവര്‍ ആശങ്കപ്പെട്ടു. കുടുംബാഗങ്ങളെല്ലാം ഈ ആശങ്ക പങ്കുവെക്കുന്നുണ്ടായിരുന്നു. മമ്മി, ബാബ, ബാബയുടെ ഭാര്യ തന്‍വി, ജാവേദ് എല്ലാവരും അസ്വസ്ഥരാണെങ്കിലും ആരും ഒന്നും പറഞ്ഞില്ല. ഞാന്‍ അബ്ബയുടെ മുറിയിലേക്ക് കടന്നു. പിന്നിലൂടെ ചെന്ന് അബ്ബയെ കെട്ടിപ്പിടിച്ചു. എന്നെ പിടിച്ച് മുന്നിലേക്ക് നിര്‍ത്തി പറഞ്ഞു:""എന്റെ ധീരയായ മകള്‍ വിരണ്ടുപോയോ? പോകൂ. നിനക്ക് ഒന്നും സംഭവിക്കില്ല'' ആ കണ്ണുകള്‍ ഭയരഹിതമായിരുന്നു. എന്റെ ഞരമ്പുകളില്‍ പുത്തന്‍ ഉണര്‍വ് പ്രവഹിച്ചതുപോലെ തോന്നി. കൂട്ടത്തില്‍ പറയട്ടെ ആ പദയാത്ര വന്‍വിജയമായിരുന്നു.
അച്ഛനെന്ന നിലയില്‍ എല്ലായ്‌പ്പോഴും അബ്ബയെ എനിക്ക് പുര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു. കവിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സൃഷ്‌ടികളില്‍ എനിക്കിപ്പോഴും അത്യൂഗ്രമായ ആശ്ചര്യമാണ്. അവയൊന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞോ എന്ന് സംശയം. എന്നാല്‍ ആ കവിതകളിലെ ഭാവനയും ശക്തിയും വിശാലകാഴ്‌ചപ്പാടും ശ്രദ്ധേയമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍പോലും സാമൂഹികമായ പശ്ചാത്തലത്തില്‍, വിശാലമായ അര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നതായിരുന്നു രീതി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സമരങ്ങള്‍ അദ്ദേഹത്തിന്റെ മാത്രമായി ഒതുങ്ങിയില്ല; എല്ലാ മഌഷ്യരുടെയും പോരാട്ടമായി അത് മാറി. ചേരിനിവാസികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം, വനിതാവിമോചനം, വര്‍ഗീയവിരുദ്ധസമരം ഇതില്ലെല്ലാം അദ്ദേഹത്തിന്റെ ചിന്തയാണ് എന്നെ നയിക്കുന്നത്.
എന്താണോ പ്രസംഗിക്കുന്നത്, അത് ജീവിതത്തില്‍ പാലിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് അബ്ബ. വാക്കും പ്രവൃത്തിയും തമ്മില്‍ ചെറിയ വൈരുദ്ധ്യം പോലുമില്ല. നല്ല ഉദ്യേശങ്ങള്‍ മാത്രം പോരാ, അത് പ്രവൃത്തിയിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന വിശ്വാസത്തിലാണ് ഞാന്‍ വളര്‍ന്നത്.
മിജ്‌വാനിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാതെ നിങ്ങള്‍ക്ക് കൈഫി അസ്‌മിയെ മനസ്സിലാക്കാനേ കഴിയില്ല. അസംഗഢിലെ ഒരു ചെറുഗ്രാമമാണ് "മിജ്‌വാന്‍'. കൈഫിയുടെ ജന്മഗ്രാമം. ചെറുപ്രായത്തില്‍ തന്നെ കൈഫി മിജ്‌വാന്‍ വിട്ടു. വിവാഹം കഴിഞ്ഞ് ആദ്യത്തെ കുഞ്ഞ് ജനിച്ചശേഷമാണ് (ഒരു വയസ്സായപ്പോള്‍ ആ മകന്‍ മരിച്ചു.) അബ്ബ പന്നീട് അവിടെ സന്ദര്‍ശിക്കുന്നത്. വിഭജനത്തെ തുടര്‍ന്ന് കൈഫിയുടെ ബന്ധുക്കളധികവും പാക്കിസ്ഥാനിലേക്ക് പോയി. അതോടെ മിജ്‌വാനിലെ തന്റെ വേരുകള്‍ എന്നന്നേക്കുമായി നഷ്‌ടപ്പെട്ടതായി അദ്ദേഹം കരുതി.
1973 ല്‍ മസ്‌തിഷ്‌കാഘാതത്തില്‍ നിന്ന് ഭാഗീകമായി സുഖം പ്രാപിച്ചുവരുന്ന ഘട്ടത്തില്‍ അദ്ദേഹം "മിജ്‌വാന്‍' എന്ന് നിരന്തരം ഉരുവിട്ടുകൊണ്ടിരുന്നു. ഇതുകാരണം അമ്മ അദ്ദേഹത്തെ അവിടേക്ക് കൊണ്ടുപോയി. അത് അബ്ബക്ക് അത്ഭുതകരമായ യാത്രയായിരുന്നു. ജന്മഗ്രാമമായ മിജ്‌വാന്‍ നിലനില്‍ക്കുന്നുണ്ടെന്നും എന്നെന്നും നിലനില്‍ക്കുമെന്നും അദ്ദേഹത്തിന് ബോധ്യമായി. അബ്ബ പിറന്ന വീട്ടില്‍ അകന്ന ബന്ധുക്കളായ ചിലര്‍ താമസിക്കുന്നുണ്ടായിരുന്നു.
അവരെ അവിടെനിന്ന് ഇറക്കിവിടുന്നത് അനീതിയാണെന്ന് അദ്ദേഹത്തിന് തോന്നി. (മണ്ണില്‍ പണിയെടുക്കുന്നവനാണ് ഭൂമി എന്ന കമ്യൂണിസ്റ്റ് തത്വം). 15--20 വര്‍ഷത്തെ താമസത്തിനിടയില്‍ ആ ഗ്രാമത്തെ പൂര്‍ണ്ണമായി കൈഫി മാറ്റിതീര്‍ത്തു.നേരത്തെ അവിടെ ഒന്നുമുണ്ടായിരുന്നില്ല. റോഡ്, വൈദ്യുതി, ടെലഫോണ്‍, സ്‌കൂള്‍, കംപ്യൂട്ടര്‍ സെന്റര്‍, ജൂനിയര്‍ കോളേജ്.... ഇന്നവിടെ എല്ലാമുണ്ട്. മിജ്‌വാനിലെ ജനങ്ങള്‍ ഇതിന്റെ പേരില്‍ ഏറെ കാലം കൈഫിയെ സ്‌മരിക്കും.
അബ്ബയുടെ മുറി. ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ നീലാകാശം കാണാം. പച്ചപ്പൂല്ലുകള്‍, വിടര്‍ന്ന പുഷ്‌പങ്ങള്‍. മുറിയില്‍, അലമാരയില്‍ വൃത്തിയായി അടുക്കിവെച്ച പുസ്‌തകങ്ങള്‍. കണ്ണട, റൈറ്റിംഗ് പാഡ് എഴുതാന്‍ കാത്തിരിക്കുന്നതുപോലെ മൗണ്ട്‌ബ്ലാങ്ക്‌പെന്‍. എല്ലാം നേരത്തെയുള്ളതുപോലെത്തന്നെയുണ്ട്. പക്ഷെ അബ്ബ മാത്രം....
അബ്ബ യാത്രയായപ്പോള്‍ എനിക്കയച്ച അഌശോചന കത്തില്‍ അനീസ് ജംഗ്‌് ഇങ്ങനെ എഴുതി: ""ഒരച്ഛന്റെ മരണം ഉണ്ടാക്കുന്ന നഷ്‌ടം എന്താണെന്ന് എനിക്കറിയാം ശബ്‌ന. ഒരാള്‍ക്ക് ഒരിക്കലും അച്ഛനമ്മമാര്‍ നഷ്‌ടപ്പെടില്ല എന്നുമറിയാം. മരണത്തോടെ വ്യത്യസ്‌തവും നിഗൂഡവുമായ രീതിയില്‍ അവര്‍ നമ്മളോട് കൂടുതല്‍ അടുത്ത് നില്‍ക്കും. അവരുടെ ആത്മാവിനെ ശരീരമെന്ന വസ്‌തുവില്‍ തളച്ചിടാന്‍ കഴിയില്ലെങ്കിലും വായുവും ശ്വാസവും പോലെ അത് നമുക്ക് ചുറ്റും വ്യാപിക്കും.'' തീര്‍ച്ചയായും ആശ്വാസവാക്കുകള്‍ തന്നെ. പക്ഷേ അടക്കാനാവാത്ത തീവ്രദു:ഖം എന്നെ പൊതിയുകയാണ്.
അബ്ബ എനിക്ക് അച്ഛന്‍ മാത്രമായിരുന്നില്ല. സുഹൃത്ത്, ഉപദേശകന്‍, ഗുരു എല്ലാമായിരുന്നു. രോഗം വന്ന് ഐ സി യുവില്‍ കഴിയുകയായിരുന്ന അവസാന നാളുകളില്‍ മൂക്കിലും തൊണ്ടയിലുമെല്ലാം ട്യൂബ് ഇട്ടതിനാല്‍ അദ്ദേഹത്തിന് സംസാരിക്കുവാന്‍ കഴിയുമായിരുന്നില്ല. എന്നിട്ടും ഞങ്ങള്‍ക്ക് ആശയവിനിമയം സാധ്യമാകുമായിരുന്നു. കണ്‍പുരികങ്ങള്‍ വളയ്‌ക്കുമ്പോള്‍, എന്റെ കൈയ്യില്‍ മൃദുവായി തലോടുമ്പോള്‍, എന്നെ നോക്കുമ്പോള്‍ എനിക്ക് ആ മനസ്സ് വായിക്കാനാവും. അബ്ബയുടെ സംസാരത്തില്‍ എന്നും നിശബ്‌ദതക്ക് ഏറെ പ്രാധാന്യമുണ്ടായിരു-ന്നു. അദ്ദേഹം വാക്കുകള്‍ക്കൊപ്പം നിശബ്‌ദതയിലൂടെയും സംസാരിച്ചു.
ആശുപത്രിയിലാകും മുമ്പുതന്നെ അദ്ദേഹം നിശബ്‌ദനായി കഴിഞ്ഞിരുന്നു. ഗുജറാത്ത് കൂട്ടക്കൊല അദ്ദേഹത്തെ വല്ലാതെ ഉലച്ചുകളഞ്ഞു. ടെലിവിഷനിലെ ഗുജറാത്ത് കലാപങ്ങളുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ മുഖം വേദനയാല്‍ വലിഞ്ഞുമുറുകുന്നത് ഞാന്‍ കണ്ടു. എന്റെ കണ്ണുകള്‍ നിറഞ്ഞു. മതത്തിന്റെ പേരില്‍ മഌഷ്യന്‍ മഌഷ്യനെ കൊല്ലുന്ന വെറുക്കപ്പെടേണ്ട ഈ പ്രതികാരം കാണുമ്പോള്‍-""്‌നിങ്ങള്‍ക്ക് തോല്‍പ്പിക്കപ്പെട്ടതായി, പ്രയത്‌നങ്ങള്‍ വൃഥാവിലായതായി തോന്നുണ്ടോ?”എന്റെ കണ്ണീര്‍ തുടച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ""ഒരാള്‍ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, ആ മാറ്റം തന്റെ ജീവിതക്കാലത്ത് ഒരു പക്ഷേ യാഥാര്‍ത്ഥ്യമാകില്ലായിരിക്കാമെന്ന ബോധം അയാള്‍ക്കുണ്ടാവണം. എങ്കിലും ആ ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനം അയാള്‍ മുന്നോട്ട് കൊണ്ടുപോയേ തീരൂ''. അതാണ് അദ്ദേഹത്തിന്റെ പ്രമാണം. മഌഷ്യന്റെ നന്മയിലാണ് അദ്ദേഹം വിശ്വസിച്ചത്. ഇരുണ്ടക്കാലത്തില്‍പ്പോലും മുന്നോട്ട് പോകാന്‍ അദ്ദേഹത്തെ സഹായിച്ചത് ആ വിശ്വാസമാണ്. ഗുജറാത്തിലെ വര്‍ഗീയകൂട്ടക്കൊലയിക്കിരയായവരുടെ കണ്ണീരൊപ്പുന്നതിലൂടെ, സര്‍ക്കാരുകളുടെ ഹൃദയശൂന്യമായ നയങ്ങള്‍ കാരണം കുടിയിറക്കപ്പെടുന്ന ചേരിനിവാസികളുടെ കണ്ണീരൊപ്പുന്നതിലൂടെ, സമൂഹത്തിലെ പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും - പ്രത്യേകിച്ച് സ്‌ത്രീകളുടെ- കണ്ണീരൊപ്പുന്നതിലൂടെ മഌഷ്യരില്‍ മഹാനായ എന്റെ അബ്ബയ്‌ക്ക് ഞാന്‍ ആദരാഞ്‌ജലി അര്‍പ്പിക്കുകയാണ്.