അമരാവതി സത്യാഗ്രഹം
ഡോ. പി. മോഹന്‍ദാസ്
![]() |
|
ഈ സമരത്തെ നഖശിഖാന്തം എതിര്‍ത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ പല രാഷ്ട്രീയ നേതാക്കളും പത്രമാധ്യമങ്ങളും മെല്ലെമെല്ലെ അഭിപ്രായം മാറ്റി. കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി കേരളത്തില്‍ സ്ഥാപിച്ച ഫാദര്‍ വടക്കന്‍ സത്യാഗ്രഹപ്പന്തലില്‍ സഖാവ് എ.കെ.ജിയെ സന്ദര്‍ശിച്ചു. രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും പ്രവര്‍ത്തരും സത്യാഗ്രഹ പന്തലിലേക്ക് ഒഴുകിയെത്തി. നിരാഹാരസമരത്തിന്റെ പത്താം ദിവസം എ.കെ.ജി കൂടുതല്‍ ക്ഷീണിതനായി. അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടു പോകാന്‍ കോട്ടയം ഡി.എസ്.പി യുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി. വിവരം മണത്തറിഞ്ഞ ജനങ്ങള്‍ അര്‍ദ്ധരാത്രിയിലും പോലീസിന്റെ ശ്രമത്തെ പ്രതിരോധിച്ചു. പിറ്റേന്ന് കാലത്ത് പത്ത് മണിയോടെ എ.കെ.ജി.യെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. പക്ഷെ, ആശുപത്രിയിലും നിരാഹാര സമരം തുടര്‍ന്നു. ഇതോടെ സമരം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. കേളപ്പജിയടക്കമുള്ള നേതാക്കളും പി.ടി.ചാക്കോവിനെപ്പോലുള്ള മന്ത്രിമാരും പ്രശ്‌നം പരിഹരിക്കാന്‍ തീവ്രമായ ശ്രമം നടത്തി. പക്ഷെ, കുടിയിറക്കിയ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ സഖാവ് എ.കെ.ജി ഉറച്ചുനിന്നു. |
ഏകദേശം രണ്ടാഴ്ചകൊണ്ട് 1700 കുടുംബങ്ങളെയാണ് അവിടെനിന്നും ഇറക്കിവിട്ടത്. വൃദ്ധര്‍, രോഗികള്‍, ഗര്‍ഭിണികള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരുമായി കുടിയൊഴിപ്പിക്കപ്പെട്ട ആയിരങ്ങള്‍ നട്ടംതിരിയുകയായിരുന്നു. കുടിലുകള്‍ തീവെച്ച് നശിപ്പിച്ചും തകര്‍ത്തും വിളകള്‍ നശിപ്പിച്ചും സര്‍ക്കാരിന്റെ ഭരണരഥം മുന്നേറി. മഴയിലും തണുപ്പിലും വിറങ്ങലിച്ചു നിന്ന ജനതയെ യാതൊരു തരത്തിലും സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കുറച്ചു പേരെ തെരെഞ്ഞെടുത്ത് ട്രാന്‍സ് പോര്‍ട്ട് ബസ്സില്‍ കയറ്റി അമരാവതിയിലേക്ക് കൊണ്ടുപോയി. തങ്ങളുടെ വീട്ടുസാധനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ക്കവിടെ ഉപേക്ഷിക്കേണ്ടിവന്നു. തീര്‍ത്തും വാസയോഗ്യമല്ലാത്ത ഷെഡ്ഡുകളുണ്ടാക്കിയാണ് അമരാവതിയില്‍ പാവപ്പെട്ട കര്‍ഷകരെ താമസിപ്പിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകസംഘവും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നപ്പോഴാണ് ആഴ്ചയില്‍ ഒരു ഇടങ്ങഴി അരി സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. അമരാവതിയിലെ ഭൂമി ഭൂരിഭാഗവും പാറക്കെട്ടുകളായിരുന്നു. കൃഷിചെയ്യാന്‍ കൊള്ളാവുന്നത് വളരെ കുറഞ്ഞ സ്ഥലം മാത്രം. പല കുടുംബങ്ങള്‍ക്കും ഒന്നിനും കൊള്ളാത്ത ഒരേക്കര്‍ തരിശുഭൂമിയാണ് നല്‍കിയത്. അച്ചന്‍കോവിലില്‍ നാലും അഞ്ചും ഏക്കര്‍ കൃഷിഭൂമിയുണ്ടായിരുന്ന കര്‍ഷകര്‍ക്ക് ഈ പാറക്കെട്ടില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു.
ഒരു സ്വാഭാവിക മുന്നേറ്റം പോലെ കര്‍ഷകര്‍ ഒന്നിച്ചുനിന്ന് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചു. കര്‍ഷകസംഘം ഈ മുന്നേറ്റത്തിന് സകല പിന്തുണയും നല്‍കി. ഈ സമയത്ത് കേരളത്തിന് വെളിയിലായിരുന്ന സഖാവ് എ.കെ.ജി. കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരുടെ അവസ്ഥയറിഞ്ഞ് കേരളത്തിലേക്ക് കുതിച്ചെത്തി.
ജൂണ്‍ ഒന്നാം തീയതി കോട്ടയത്തുനിന്നും അമരാവതിയിലെത്തിയ എ.കെ.ജി. കര്‍ഷകര്‍ സംഘടിപ്പിച്ച മീറ്റിംഗില്‍ പങ്കെടുത്തു. നനഞ്ഞ് കുതിര്‍ന്ന തറയില്‍ കീറപ്പായ വിരിച്ച് കുഞ്ഞുങ്ങളും വൃദ്ധരും അനുഭവിക്കുന്ന നരകയാതന നേരിട്ടു കണ്ടു. അവരുടെ വിളകള്‍ പോലീസ് നശിപ്പിച്ച കഥകള്‍ കര്‍ഷകര്‍ എ.കെ.ജിയോട് നേരിട്ട് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വിളവെടുക്കാനുള്ള സാവകാശം പോലും നല്‍കാത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ ജനങ്ങള്‍ രോഷംകൊണ്ടു. താന്‍ നേരിട്ടു കണ്ട ദയനീയ അവസ്ഥ സഖാവ് എ.കെ.ജി. ഇങ്ങിനെ വിവരിക്കുന്നു. ''അവിടെയുള്ള ഷെഡ്ഡുകള്‍ അതിദയനീയമായ കാഴ്ചയായിരുന്നു. ഹൃദയമുള്ള ഒരാള്‍ക്ക് കരയാതെ അവിടെ നിന്ന് പോകാന്‍ സാധ്യമല്ല. ഷെഡ്ഡിന് പുറത്തുള്ള ചില വീടുകളുടെ തൊഴുത്തുകളില്‍ കന്നുകാലികളോടൊത്ത് ചില ആളുകള്‍ താമസിച്ചിരുന്നത് കണ്ടു. ഷെഡ്ഡിലും പശുത്തൊഴുത്തിലും കഴിഞ്ഞുകൂടുന്ന അവരെ കണ്ടപ്പോള്‍ ഇത് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയായിട്ടാണ് എനിക്ക് തോന്നിയത്...... നൂറു കണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കിയത് ഞാന്‍ നോക്കിക്കണ്ടു. അവയില്‍ ചിലത് കല്ലും തടിയും ഉപയോഗിച്ച് പണിത വീടുകളായിരുന്നു. അവ തകര്‍ത്തുകളയാന്‍ പോലീസ് ശ്രമിച്ചിട്ടു കഴിഞ്ഞിരുന്നില്ല. വാഴ, കപ്പ, പച്ചക്കറികള്‍, നെല്‍വയലുകള്‍ ഇവയൊക്കെ നശിപ്പിച്ചത് നടന്നു കണ്ടു.''
ഉടുമ്പന്‍ചോലയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരായിരുന്നില്ല. പാര്‍ടിയോട് അനുഭാവമുള്ളവരും ഇല്ലെന്നു തന്നെ പറയാം. മിക്കവരും വിമോചനസമരകാലത്ത് അതിന്റെ കൊടിപിടിച്ചവരായിരുന്നു. പക്ഷെ ഇത്തരമൊരവസ്ഥയില്‍ അവരുടെ രാഷ്ട്രീയമോ കൊടിയുടെ നിറമോ നോക്കാന്‍ സഖാവ് എ.കെ.ജി യിലെ പാവങ്ങളുടെ പടത്തലവന് കഴിഞ്ഞില്ല. അയ്യപ്പന്‍ കോവിലില്‍ നടന്ന തികച്ചും മനുഷ്യത്വവിരുദ്ധമായ കുടിയിറക്കില്‍ പ്രതിഷേധിക്കാന്‍ കോട്ടയത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ സഖാവ് എ.കെ.ജി തന്റെ നിരാഹാര സമര തീരുമാനം പ്രഖ്യാപിച്ചു. ജൂണ്‍ 6-ാം തീയതി മുതല്‍ അമരാവതിയില്‍ നിരാഹാരസമരം നടത്താനുള്ള സഖാവ് എ.കെ.ജി യുടെ തീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആവുന്നത്ര ശ്രമിച്ചു.
ശക്തമായി പെയ്യുന്ന മഴയും ഹൈറേഞ്ചിലെ കൊടും തണുപ്പും സഹിച്ച് അമരാവതിയിലെ വെള്ള വും ചെളിയും നിറഞ്ഞ ഒരു താല്‍ക്കാലികഷെഡ്ഡില്‍ എ.കെ.ജി കഴിച്ചു കൂട്ടിയ ദിനങ്ങള്‍ കര്‍ഷകസമര ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരേടാണ്. രാഷ്ട്രീയ ജാതിമതഭേദ മന്യേസമരത്തിന് പിന്തുണയുമായി പാവപ്പെട്ട കര്‍ഷകര്‍ രംഗത്തെത്തിയത് തികച്ചും ആവേശകരമായിരുന്നുവെന്ന് സഖാവ് എ.കെ.ജി രേഖപ്പെടുത്തുന്നു. സഖാവിന്റെ തന്നെ ഭാഷയില്‍ ''അക്കൂട്ടത്തില്‍ ക്രിസ്ത്യാനികളും നായന്മാരും പുലയരും ഈഴവരും മുസ്ലീമുകളും എല്ലാം ഉണ്ടായിരുന്നു. അവരില്‍ കോണ്‍ഗ്രസുകാരും ലീഗുകാരും പി.എസ്.പി ക്കാരും ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ്കാര്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധന്മാരും എന്‍.എസ്.എസുകാരും കത്തോലിക്കാ കോണ്‍ഗ്രസ്‌കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്യൂണിസ്റ്റുകാരെ കല്ലെറിയണം എന്ന് വിശ്വസിച്ചിരുന്ന കമ്യൂണിസ്റ്റ് വിരുദ്ധരും യാതൊരുകാര്യത്തിനും കമ്യൂണിസ്റ്റുകാരുമായി സഹകരിക്കരുതെന്ന് ദൃഢമായി വിശ്വസിച്ചിരുന്നവരുമായിരുന്നു അതിലധികം പേരും എന്നാല്‍ ഒരു പൊതു അപകടത്തിന്റെ സാന്നിധ്യത്തില്‍ ഇത്തരത്തിലുള്ള എല്ലാ ജാതിമത വ്യത്യാസങ്ങളും അപ്രത്യക്ഷമായി. അമരാവതിയിലെ ഷെഡ്ഡുകള്‍ ഇത്തരം ചിന്തകളെ തല്ലിത്തകര്‍ത്തു.''
ഈ സമരത്തെ നഖശിഖാന്തം എതിര്‍ത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ പല രാഷ്ട്രീയ നേതാക്കളും പത്രമാധ്യമങ്ങളും മെല്ലെമെല്ലെ അഭിപ്രായം മാറ്റി. കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി കേരളത്തില്‍ സ്ഥാപിച്ച ഫാദര്‍ വടക്കന്‍ സത്യാഗ്രഹപ്പന്തലില്‍ സഖാവ് എ.കെ.ജിയെ സന്ദര്‍ശിച്ചു. രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും പ്രവര്‍ത്തരും സത്യാഗ്രഹ പന്തലിലേക്ക് ഒഴുകിയെത്തി. നിരാഹാരസമരത്തിന്റെ പത്താം ദിവസം എ.കെ.ജി കൂടുതല്‍ ക്ഷീണിതനായി. അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടു പോകാന്‍ കോട്ടയം ഡി.എസ്.പി യുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി. വിവരം മണത്തറിഞ്ഞ ജനങ്ങള്‍ അര്‍ദ്ധരാത്രിയിലും പോലീസിന്റെ ശ്രമത്തെ പ്രതിരോധിച്ചു. പിറ്റേന്ന് കാലത്ത് പത്ത് മണിയോടെ എ.കെ.ജി.യെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. പക്ഷെ, ആശുപത്രിയിലും നിരാഹാര സമരം തുടര്‍ന്നു. ഇതോടെ സമരം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. കേളപ്പജിയടക്കമുള്ള നേതാക്കളും പി.ടി.ചാക്കോവിനെപ്പോലുള്ള മന്ത്രിമാരും പ്രശ്‌നം പരിഹരിക്കാന്‍ തീവ്രമായ ശ്രമം നടത്തി. പക്ഷെ, കുടിയിറക്കിയ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ സഖാവ് എ.കെ.ജി ഉറച്ചുനിന്നു.
ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാന പ്രശ്‌നങ്ങളില്‍ സുവ്യക്തമായ ചില തീരുമാനങ്ങള്‍ ഉണ്ടായി. മുന്നേക്കര്‍ വീതം ഓരോ കുടുംബത്തിനും ഭൂമി നല്‍കുക, നാഴി അരി വീതം ഒരാള്‍ക്ക് ആവശ്യമായ അത്രയും കാലം സൗജന്യമായി നല്‍കുക, കൃഷിക്ക് ഉപയുക്തമല്ലാത്ത ഭൂമിക്കുപകരം നല്ല ഭൂമി അനുവദിക്കുക, താല്‍ക്കാലിക ആശുപത്രിയും വൈദ്യസഹായവും അനുവദിക്കുക, സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുക, കുടിയിറക്കിന് ഒരു പൊതുനയം ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് ജൂണ്‍ 27-ാം തീയതി സഖാവ് എ.കെ.ജി തന്നെ 21 ദിവസം നീണ്ടുനിന്ന നിരാഹാര സമരം പിന്‍വലിച്ചു.
മാനവസ്‌നേഹത്തിന്റെ ഉദാത്തമായ ചൈതന്യം പ്രവഹിപ്പിച്ചുകൊണ്ട് പാവങ്ങളുടെ പടത്തലവന്‍ വീണ്ടും സമരചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം വിരചിച്ചു. അമരാവതി സത്യാഗ്രഹത്തെ വിലയിരുത്തിയ കര്‍ഷക നേതാവ് കെ.എ.കേരളീയന്‍ സമരത്തെ ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു.
''സഖാവ് എ.കെ.ജി യുടെ ഉപവാസയജ്ഞം നമ്മുടെ മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പുനര്‍ജന്മമാണ്. രാജ്യത്തെ കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ വിരുദ്ധ ചേരികളാക്കി നിര്‍ത്തി തന്‍കാര്യം നേടുക എന്നത് സ്ഥാപിത വര്‍ഗ്ഗത്തിന്റെ തത്വസംഹിതയും നിത്യജീവിതകലയുമാണ്.... വമ്പിച്ച ഒരു ദേശീയ പദ്ധതിയായ ഇടുക്കിപ്പദ്ധതിയുടെ പേരിലും സ്ഥാപിത താല്‍പ്പര്യത്തിന് അതിന്റേതായ സ്വാര്‍ത്ഥം നേടുന്നതിനുള്ള അകാലികമായ ധൃതിയുമാണ് നമുക്ക് അയ്യപ്പന്‍ കോവിലിലെ കുടിയിറക്കില്‍ കാണാന്‍ കഴിയുന്നത്.... ദേശീയ പ്രശ്‌നപരിഹാരത്തില്‍ എന്തെല്ലാം വിരുദ്ധത്തട്ടിപ്പുകള്‍ കൊണ്ട് കുട്ടിക്കരണം മറഞ്ഞാലും എല്ലാ വൈരുദ്ധ്യങ്ങളും മാറ്റിവെച്ച് ജനത ഒന്നിച്ചണിനിരന്ന് വിജയം വരിക്കുമെന്നതിന്റെ സര്‍വ്വശ്രേഷ്ഠമായ ഉദാഹരണമാണ് അമരാവതി. അമരാവതി ഒരു ചൂണ്ടു പലകയാണ്. അതില്‍ നിന്ന് എല്ലാവരും പാഠം പഠിക്കണം എന്ന എ.കെ.ജി യുടെ അഭ്യര്‍ത്ഥന പ്രസ്ഥാനശത്രുക്കള്‍ക്കെന്ന പോലെ സംഘടിതമായി പ്രവര്‍ത്തിക്കുന്നതില്‍ പ്രസ്ഥാന ബന്ധുക്കള്‍ക്കും പാഠമായിരിക്കട്ടെ.''.