മറിയുന്ന തീവണ്ടി
അശോകന്‍ ചരുവില്‍
![]() |
|
ഒരു സാഹിത്യകാരന്‍, വിശേഷിച്ച് കഥാകൃത്ത് എന്ന നിലയില്‍ പ്രണയത്തെക്കുറിച്ചും പൂക്കളെക്കുറിച്ചും കിളികളെക്കുറിച്ചും പറയുന്നതിനുപകരം, പ്രകൃതിയിലെ സൗന്ദര്യാനുഭൂതിയില്‍ അഭിരമിക്കുന്നതിനു പകരം അഴിമതി പോലുള്ള ഭൗതീക പ്രശ്‌നങ്ങളില്‍ ആവശ്യമില്ലാതെ ഉല്‍ക്കണ്ഠപ്പെടുന്നയാള്‍ എന്നൊരു വിമര്‍ശനം എനിക്കു നേരെ ഉണ്ട്. സര്‍ക്കാരാപ്പീസീലെ ഗുമസ്തന്‍മാര്‍ കൈക്കൂലി വാങ്ങുന്നതിലും വാങ്ങാതിരിക്കുന്നതിലും എന്ത് ദാര്‍ശനിക പ്രശ്‌നമാണ് അടങ്ങിയിരിക്കുന്നത് എന്ന് എന്നെ മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും കേട്ടിട്ടുണ്ട്. |
പതിവു പോലെ കഴിഞ്ഞ (മെയ് 6) തിങ്കളാഴ്ചയും പുലര്‍ച്ചക്കു തിരുവനന്തപുരത്തെത്തി. സമയം കിറു കൃത്യം നാലു മുപ്പത്. താമസസ്ഥലത്തു ചെന്ന് കുറച്ചു സമയം കിടന്നുറങ്ങി. കുളിച്ച് ഭക്ഷണം കഴിച്ച് ആപ്പീസില്‍ ചെന്നു. സഹപ്രവര്‍ത്തകരില്‍ പലരും എത്താന്‍ താമസിച്ചു എന്നറിഞ്ഞു. എന്തോ ഒരു സിഗ്നല്‍ തടസ്സം കൊണ്ട് തീവണ്ടികള്‍ എത്താന്‍ വൈകി. അതെല്ലാം തികച്ചും സ്വാഭാവികവും സാധാരണവും ആണല്ലോ. തീവണ്ടി മുറികളിലും സ്‌റ്റേഷനുകളിലും അനന്തമായി കാത്തിരിക്കുക എന്നത് ഇന്ത്യന്‍ പൗരനെ സംബന്ധിച്ചേടത്തോളം വിധി കല്പിതമാണ്. ഏതാണ്ട് ഒരു രാത്രിയും പകുതി പകലും നിറുത്തിയിട്ട തീവണ്ടിയില്‍ ഈയുള്ളവന്‍ കുടുങ്ങിപ്പോയിട്ടുണ്ട്. മുംബെയില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു. മണ്‍സൂണ്‍ കാലം കൊങ്കന്‍ ട്രാക്കില്‍ മണ്ണിടിഞ്ഞു. ഉപവാസം ശീലിച്ചിട്ടുള്ളതു കൊണ്ട് അത്ര പ്രശ്‌നം തോന്നിയില്ല എന്നു മാത്രം.
പക്ഷേ തിരുവനന്തപുരത്തുണ്ടായത് സാധാരണ മട്ടിലുള്ള സിഗ്നല്‍ തടസ്സമല്ല; അങ്ങേയറ്റം ഗുരുതരമായ ഒരു പിഴവായിരുന്നുവത്രെ. പിറ്റേന്ന് പത്രങ്ങള്‍ എഴുതി: 'വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്'. 'ട്രെയിന്‍ ത്രൂ' എന്നാണ് ആ പിഴവിന്റെ സാങ്കേതിക നാമം എന്നും ഒരു പത്രം വിശദീകരിച്ചു. റെയില്‍വേക്കാര്‍ ഇതിനെ 'തീവണ്ടി അപകടം' എന്നാണ് വിശേഷിപ്പിക്കുന്നത്. വളരെ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നത്. അഥവാ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്. പോയിന്റുകള്‍ തകരാറിലായ ആ ട്രാക്കിലൂടെ ഓടിയിരുന്നുവെങ്കില്‍ വണ്ടി നിശ്ചയമായും മറിയുമായിരുന്നു. ലൈന്‍ തകരാറിലായത് പുലര്‍ച്ച നാലരക്ക്. സ്വപ്‌നങ്ങളെ അതിന്റെ വഴിക്കു വിട്ട് ഞെട്ടിയുണര്‍ന്ന് അര്‍ദ്ധമയക്കത്തില്‍ വണ്ടിയിറങ്ങി ഉദാസീനനായി ഞാന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന അതേ സമയത്ത്. ഉല്‍ക്കണ്ഠപ്പെടാന്‍ അത്രയൊന്നുമില്ല. ഒരാളുടെ ജീവിതം - പ്രത്യേകിച്ച് എന്റെ ജീവിതം അത്ര പ്രധാനപ്പെട്ടതല്ല.
പക്ഷേ ഒരാളുടെ ജീവിതമല്ലല്ലോ അപകടത്തിലാവുമായിരുന്നത്. ഒരു അപകടത്തെ ദുരന്തമായി കണക്കാക്കുന്നതിന് എത്രയാളുകള്‍ മരിക്കണം എന്നതിനെക്കുറിച്ച് കണക്കു വല്ലതമുണ്ടോ എന്നു നിശ്ചയമില്ല. അധികാരികളുടെ പക്കല്‍ കണക്കു കാണുമായിരിക്കും. എന്തായാലും പിറ്റേന്നത്തെ പത്രങ്ങള്‍ തങ്ങളാലാവുന്ന വിധം വിശദീകരിച്ചെഴുതിയിട്ടും സംഭവം ക്ലിക്കായില്ല. യാത്രക്കാര്‍ക്കും ഇനി യാത്ര ചെയ്യാനിരിക്കുന്നവര്‍ക്കും യാതൊരു കൂസലുമുണ്ടായില്ല. ആളാപായമൊന്നും ഉണ്ടായില്ലല്ലോ എന്ന ഭാവം. കുറച്ചു പേര്‍ മരിച്ചിരുന്നെങ്കില്‍ ഒന്നു വേവലാതിപ്പെടാമായിരുന്നു എന്നും ചിലര്‍ ചിന്തിച്ചു കാണും. ചാനലുകളില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മാരത്തോണ്‍ ചര്‍ച്ച. അഭിപ്രായങ്ങള്‍. വിമര്‍ശനങ്ങള്‍. അന്വേഷണ കമ്മീഷന്‍. റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രിക്ക് ഒരുപക്ഷേ രാജി വെക്കേണ്ടി വരുമായിരുന്നു.
തീവണ്ടി അപകടമുണ്ടായാല്‍ ബന്ധപ്പെട്ട മന്ത്രി രാജി വെക്കുക എന്നത് ഏതാണ്ടൊരു കീഴ്‌വഴക്കം ആയി മാറിയിട്ടുണ്ട് നമ്മുടെ രാജ്യത്ത്. ചില്ലറക്കാരനല്ല ആ കീഴ്‌വഴക്കം തുടങ്ങി വെച്ചത്. ത്യാഗ നിര്‍ഭരമായ ജീവിതം കൊണ്ട് പൊതു പ്രവര്‍ത്തകന്റെ അന്തസ്സിന്റെ പ്രതികമായി മാറിയ ലാല്‍ ബഹാദൂര്‍ ശാസ്ത്രി. അദ്ദേഹത്തിന് മക്കള്‍ ഉണ്ടായിരുന്നതായി അറിയാം. മരുമക്കളും ഉണ്ടായിരിക്കും.
എന്നാല്‍ അപകടം സംഭവിക്കാതെ തന്നെ നമ്മുടെ റെയില്‍വേ മന്ത്രിക്ക് ഇക്കഴിഞ്ഞ ദിവസം രാജി വെക്കേണ്ടി വന്നു. (മറ്റൊരു മന്ത്രിയും ഒപ്പം രാജി വെച്ചിട്ടുണ്ട്. അതെന്തോ വ്യാകരണ പ്രശ്‌നമാണെന്നാണ് കേള്‍വി. നമ്മുടെ സി.ബി.ഐ.യെ നല്ല വ്യാകരണം പഠിപ്പിക്കാന്‍ പന്മന സാറിനേപ്പോലുള്ള ഒരു ഭാഷാ പണ്ഡിതനെ നിയോഗിച്ചാല്‍ ആ പ്രശ്‌നം തീരും.) ഇവിടെ അപകടം സംഭവിക്കാതെയാണ് മന്ത്രിയുടെ രാജി എന്നു പറഞ്ഞാല്‍ മുഴുവന്‍ ശരിയാവുമോ? ദുരന്ത സാധ്യതയുള്ള 'ട്രെയിന്‍ ത്രൂ' വിനെ തീവണ്ടി അപകടം എന്നു വിശേഷിപ്പിക്കാമെങ്കില്‍, ആരോപിക്കപ്പെടുന്ന പത്തുകോടിയുടെ അഴിമതിയെ മറ്റെന്താണ് വിളിക്കേണ്ടത്?
മരുമകന്‍ വാങ്ങിയ(തായി പറയുന്ന) തുകയെ സംബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രിക്ക് അറിവുണ്ടായിരുന്നോ ഇല്ലയോ തുടങ്ങിയ കാര്യങ്ങള്‍ കുറച്ചു ദിവസങ്ങളായി നമ്മുടെ പത്ര പംക്തികളില്‍ ചര്‍ച്ചാ വിഷയമാണ്. അത് അന്വേഷിച്ച് കണ്ടു പിടിക്കട്ടെ. പത്രപ്രവര്‍ത്തകരും ബഹുമാന്യ രാഷ്ട്രീയ നേതാക്കളും വിലയിരുത്തട്ടെ. ഞാന്‍ അതിലേക്കു കടക്കുന്നില്ല. എന്റെ ഉല്‍ക്കണ്ഠ മംഗലാപുരം മെയിലില്‍ സ്ലീപ്പര്‍ ക്ലാസില്‍ സ്വപ്‌നം കണ്ടുറങ്ങുന്നവനെ സംബന്ധിച്ചുള്ളതാണ്. കൈക്കൂലി കൊടുത്തതായി പറയുന്ന ബഹു. റെയില്‍വേ ബോര്‍ഡ് അംഗം ഇപ്പോള്‍ സ്റ്റാഫിന്റെ ചുമതലയാണ് നിര്‍വ്വഹിക്കുന്നത്. അദ്ദേഹത്തിന് ഇലക്ട്രിക്കല്‍ മരാമത്തിന്റെ കൂടി ചുമതല വഹിച്ച് റെയില്‍വെയേയും അതുവഴി രാജ്യത്തേയും ജനങ്ങളേയും സേവിക്കണമെന്ന് അതിയായ ആഗ്രഹം. സേവനത്തിന് ഒരാള്‍ സ്വമേധയാ സന്നദ്ധനാകുമ്പോള്‍ സാധിച്ചു കൊടുക്കണമല്ലോ. ആയിരക്കണക്കിനു കോടി രൂപയുടെ പ്രവര്‍ത്തികള്‍ കരാര്‍ നല്‍കുന്ന റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതല ലഭിച്ചാല്‍ വന്‍തുക അഴിമതിയിലൂടെ സമ്പാദിക്കാമെന്നാണ് ഉദ്ദേശ്യമെന്ന് മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കുന്നു. ഓ, ഈ പത്രങ്ങളേക്കൊണ്ടു തോറ്റു. മാനം മര്യാദക്കു രാജ്യത്തെ സേവിക്കാമെന്നു വിചാരിച്ചാല്‍ അതിനു സമ്മതിക്കുകയില്ല.
വീണ്ടും ബര്‍ത്തില്‍ കിടന്നുറങ്ങുന്നവന്റെ ധര്‍മ്മസങ്കടത്തിലേക്കു വരാം. തീവണ്ടിയിലെ ബര്‍ത്തില്‍ കയറിക്കിടന്നാല്‍ ഏതു അരസികനും സ്വപ്‌നം കാണും എന്നുറപ്പാണ്. ആയിരക്കണക്കിനു കോടി അഴിമതി പ്രതീക്ഷിക്കുന്ന പാളത്തിലൂടെയാണ് നമ്മുടെ തീവണ്ടികള്‍ സദാ കൂകിപ്പായുന്നത് എന്ന അറിവ് അത്രക്ക് ഇന്ദ്രിയാനുഭൂൂതി നല്‍കുന്ന ഒന്നല്ല. ഒരു 'ട്രെയിന്‍ ത്രൂ' സംഭവിക്കാതിരിക്കണമെങ്കില്‍ ദൈവം തന്റെ മറ്റെല്ലാ ചുമതലകളും മാറ്റി വെച്ച് റെയില്‍വേ പാളത്തില്‍ കാവല്‍ നില്‍ക്കണം. അല്ലെങ്കില്‍ ഏ.സി.യിലായാലും സാദാ സ്ലീപ്പറിലായാലും തീവണ്ടിയുടെ താളത്തിനും താരാട്ടിനുമൊപ്പം ഉറങ്ങുന്നവന്റെ പാതി മുറിഞ്ഞ സ്വപ്‌നങ്ങളിലേക്ക് കറുത്ത നിഴലുകള്‍ കടന്നു വരും. കേള്‍ക്കുന്നത് മറിയുന്ന കോടികളുടെ കിലുക്കമാണോ, അതോ മറിയുന്ന വണ്ടിയുടെ ശബ്ദമാണോ?
ഒരു സാഹിത്യകാരന്‍, വിശേഷിച്ച് കഥാകൃത്ത് എന്ന നിലയില്‍ പ്രണയത്തെക്കുറിച്ചും പൂക്കളെക്കുറിച്ചും കിളികളെക്കുറിച്ചും പറയുന്നതിനുപകരം, പ്രകൃതിയിലെ സൗന്ദര്യാനുഭൂതിയില്‍ അഭിരമിക്കുന്നതിനു പകരം അഴിമതി പോലുള്ള ഭൗതീക പ്രശ്‌നങ്ങളില്‍ ആവശ്യമില്ലാതെ ഉല്‍ക്കണ്ഠപ്പെടുന്നയാള്‍ എന്നൊരു വിമര്‍ശനം എനിക്കു നേരെ ഉണ്ട്. സര്‍ക്കാരാപ്പീസീലെ ഗുമസ്തന്‍മാര്‍ കൈക്കൂലി വാങ്ങുന്നതിലും വാങ്ങാതിരിക്കുന്നതിലും എന്ത് ദാര്‍ശനിക പ്രശ്‌നമാണ് അടങ്ങിയിരിക്കുന്നത് എന്ന് എന്നെ മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും കേട്ടിട്ടുണ്ട്.
ഞാന്‍ ശരിയായ മട്ടിലുള്ള ഒരു സാഹിത്യകാരന്‍ അല്ലാത്തതു കൊണ്ടാവാം അത്. റോഡുകളില്‍ ഓടുന്ന വാഹനങ്ങളുടെ ചുമതല വഹിക്കുന്ന നമ്മുടെ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനെക്കുറിച്ചാണല്ലോ അടി തൊട്ട് മുടി വരെ അഴിമതി ഉണ്ടെന്ന ആരോപണം നിലനില്‍ക്കുന്നത്. റോഡുകളുടേയും പാലങ്ങളുടേയും നിര്‍മ്മാണച്ചുമതലയുള്ള പൊതു മരാമത്തു വകുപ്പിനെക്കുറിച്ചും ആരോപണമുണ്ട്. പൊതു ഖജനാവ് കുത്തിച്ചോര്‍ത്തുന്നവര്‍ എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. എന്റെ കാഴ്ചപ്പാടില്‍ അഴിമതി എന്നത് ഒരു വ്യക്തിയുടെ ധാര്‍മ്മികവും സദാചാരപരവുമായ ഒരു പ്രശ്‌നമല്ല. അനുദിനം നമ്മുടെ റോഡില്‍ ഒഴുകുന്ന എത്രയും വിലപ്പെട്ട ചോരയുടേയും ജീവന്റേയും പ്രശ്‌നമാണ്.
asokan charuvil,
kattoor.p.o,
thrissur dist.
pin 680702.
phone. 9447618659
www.facebook.com/asokan.charuvil.3