പാലക്കാടിലൂടെ
എ മനോജ്
![]() |
|
പാലക്കാട് സഞ്ചരിക്കുമ്പോള്‍ ഈ നാടിന്റെ രുചി കൂടി അറിയാന്‍ മടിക്കണ്ട. രാമശ്ശേരി ഇഡ്ഢലി, മംഗലാം കുന്നിലെ മുറുക്ക്, ആലത്തൂരിലെ ഉപ്പേരി, കല്‍പ്പാത്തിയിലെ വാഴത്തണ്ട്, താമരവളയം, ചുണ്ടയ്ക്ക കൊട്ടാട്ടം... പാലക്കാടിന്റെ രുചിവൈവിധ്യ പട്ടിക അങ്ങിനെ നീളുന്നു. നാടറിഞ്ഞ് നാടിന്റെ രുചിയറിഞ്ഞ് മടങ്ങുമ്പോള്‍ നിങ്ങള്‍ ഉറപ്പായും പറയും ഞങ്ങള്‍ വീണ്ടും വരും അതാണ് പാലക്കാടിന്റെ വശ്യത. |
പാലക്കാട് നഗരത്തില്‍ തന്നെയാണ് ചരിത്രസ്മരണകളുമായി നിലകൊള്ളുന്ന പാലക്കാട് കോട്ട. 1766 ല്‍ മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരാലിയാണ് കോട്ട നിര്‍മ്മിച്ചത്. ബി.സി മൂന്നാം നൂറ്റാണ്ട് മുതല്‍ എട്ടാം നൂറ്റാണ്ട് വരെ സജീവമായിരുന്ന ജൈനസംസ്‌കൃതിയുടെ തിരുശേഷിപ്പായ ജൈനക്ഷേത്രം നഗരപരിധിയില്‍ തന്നെയാണ്.
കൂട്ടുജീവിതത്തിന്റെ മികച്ച മാതൃകയായ പാലക്കാട് കല്‍പ്പാത്തിയിലെ അഗ്രഹാരം, അനങ്ങനടിയിലെ അനങ്ങന്‍മല, ചൂലന്നൂരിലെ മയിലാടും പാറ, ചെമ്പൈ സംഗീതഗ്രാമം, ചിറ്റൂര്‍ ഗുരുമഠം, കുഞ്ചന്‍ നമ്പ്യാരും തുള്ളലും മറക്കാത്ത കിള്ളിക്കുറിശ്ശിമംഗലം, കഥകളി സ്‌കൂള്‍ തലത്തിലേ പഠിപ്പിക്കുന്ന വെള്ളിനേഴി ഗ്രാമം, ഒളപ്പമണ്ണമന, തബലയും മദ്ദളവുമെല്ലാം നിര്‍മ്മിക്കുന്ന പെരുവെമ്പ് വാദ്യഗ്രാമം, പണ്ട് അറിവിന്റെയും ആരോഗ്യത്തിന്റെയും കേന്ദ്രമായിരുന്ന, ഇന്ന് വിനോദസഞ്ചാരത്തിന്റെ നവീന മുഖങ്ങളിലൊന്നായി മാറിയ പൂമുള്ളിമന, അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളുടെ പൂരപ്പറമ്പാണ് പാലക്കാട്.
കോടമഞ്ഞും മലനിരകളും ഓറഞ്ചുമരങ്ങളും മനോഹരമായ വ്യൂപോയിന്റുകളും വന്യമൃഗങ്ങളും പക്ഷികളുമെല്ലാം ചേര്‍ന്ന് നെല്ലിയാമ്പതിയെ പാലക്കാടിന്റെ സ്വര്‍ഗഭൂമിയാക്കി മാറ്റിയിരിക്കുന്നു. നെല്ലിയാംപതിയിലേക്കുള്ള ചുരം ആരംഭിക്കുന്നിടത്തെ പോത്തുണ്ടി ജലാശയവും മനോഹരമായ കാഴ്ചയാണ്. സീതാര്‍കുണ്ടും, മാമ്പാറയും മിന്നാംപാറയും മാട്ടുമലയും കേശവന്‍പാറയുമെല്ലാമാണ് കാണേണ്ട ഇടങ്ങള്‍. സാഹസിക പ്രിയര്‍ക്ക് ട്രെക്കിങ്ങിന് പോകാം. അല്ലാത്തവര്‍ക്കു പ്രകൃതിയുടെ ശാന്തതയില്‍ സ്വച്ഛമായി താമസിക്കാം. നഗരത്തില്‍ നിന്ന് 54 കിലോമീറ്ററുണ്ടാവും ഇങ്ങോട്ടേക്ക്.
കേരളത്തിന് പ്രകൃതിപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ കന്യാവനമായ സൈലന്റ് വാലി മഴക്കാട് സിംഹവാലന്റെ ആവാസകേന്ദ്രവുമാണ്. മണ്ണാര്‍ക്കാടിനടുത്തുള്ള മുക്കാലിയിലാണ് സൈലന്റ് വാലിയുടെ പ്രവേശനകവാടം. ഇവിടെ നിന്ന് വനംവകുപ്പിന്റെ വാഹനത്തില്‍ കുന്തിപ്പുഴ വരെ സഞ്ചാരികളെ കൊണ്ടുപോകും. അവിടെ വാച്ച് ടവറും സൈലന്റ് വാലി സമരചരിത്രം വ്യക്തമാക്കുന്ന മ്യൂസിയവും മറ്റും ഉണ്ട്. ഭാഗ്യമുണ്ടെങ്കില്‍ ആന, സിംഹവാലന്‍, തുടങ്ങിയ മൃഗങ്ങളേയും കാണാം. പാലക്കാട് നിന്ന് 70 കിലോമീറ്ററാണ് ദൂരം.
പറമ്പിക്കുളത്ത് ചെന്നാല്‍ വന്യമൃഗങ്ങളെ ഉറപ്പായും കാണാം. കേരളത്തിലെ ഏറ്റവും മൃഗസമ്പത്തും ജൈവവൈവിധ്യവുമുള്ള വന്യമൃഗസംരക്ഷണ കേന്ദ്രമാണിവിടം. കാട്ടിലൂടെ ട്രെക്കിങ്, ബോട്ടിങ്, പ്രകൃതി പഠന ക്യാമ്പുകള്‍ എന്നിങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി പാക്കേജുകള്‍ ഇവിടെയുണ്ട്. സ്ഥലം പാലക്കാട് ജില്ലയിലാണെങ്കിലും ഇങ്ങോട്ടുള്ള റോഡ് പൊള്ളാച്ചി വഴിയാണ്. പറമ്പിക്കുളത്ത് ചെന്നാല്‍ 'മച്ചാനില്‍' താമസിക്കാം. 95 കിലോമീറ്ററാണ് നഗരത്തില്‍ നിന്നും ഇവിടേക്ക്. ശിരുവാണിയില്‍ കാടിനുനടുവില്‍ അന്തിയുറങ്ങാന്‍ പട്ട്യാര്‍ ബംഗല്‍വുണ്ട്. വനംവകുപ്പിന്റെ അനുമതിയോടെ മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നു മാത്രം. ഇവിടെ പകല്‍ കറങ്ങിവരികയും ചെയ്യാം. കോയമ്പത്തൂര്‍ നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയാണ് ശിരുവാണിയിലേത്. ആനയും, കടുവയും പുള്ളിപ്പുലിയും രാജവെമ്പാലയുമടക്കം നിരവധി വന്യജീവികളുള്ള കാടിനു നടുവിലാണ് ഈ സംഭരണി. സംഭരണിക്കടുത്ത് കിടങ്ങിനു നടുവില്‍ സുരക്ഷിതമായാണ് പട്ട്യാര്‍ ബംഗല്‍വ്. വനംവകുപ്പ് തന്നെ നിരവധി ട്രെക്കിങ് പ്രോഗ്രാമുകളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. 48 കിലോമീറ്ററാണ് പാലക്കാടു നിന്ന്.
കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയില്‍ കേബിള്‍കാര്‍ സവാരി, ബോട്ടിങ്, സ്‌നേക്ക്പാര്‍ക്ക,് റോക്ഗാര്‍ഡന്‍, തുടങ്ങി ഒരു ദിവസം ചെലവഴിക്കാനുള്ള വിഭവങ്ങള്‍ തന്നെയായുണ്ട്. കുട്ടികളുമൊത്ത് ഇവിടെ എത്തിയാല്‍ ഫാന്റസി പാര്‍ക്കില്‍ കയറാന്‍ മറക്കരുത്. നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.
പതിനഞ്ച് കിലോമീറ്ററേയുള്ളു ധോണിമലനിരകളിലേക്ക് അവിടെ നിന്നും നാലു കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാം. പാലക്കാട് മണ്ണാര്‍ക്കാട് റൂട്ടില്‍ തുപ്പനാട് നിന്നോ കല്ലടിക്കോട്ടില്‍ നിന്നോ തിരിഞ്ഞു പോയാല്‍ മറ്റൊരു മനോഹരമായ വെള്ളച്ചാട്ടത്തിനരികിലെത്താം മീന്‍വല്ലം. പാലക്കാട് നിന്ന് 31 കിലോമീറ്ററും. മണ്ണാര്‍ക്കാടിനടുത്തുള്ള കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാം, നെല്ലിയാംപതിയിലേക്കുള്ള വഴിയിലെ പോത്തുണ്ടിഡാം, എന്നിവ മറ്റ് കാഴ്ചകള്‍.
പാലക്കാട് സഞ്ചരിക്കുമ്പോള്‍ ഈ നാടിന്റെ രുചി കൂടി അറിയാന്‍ മടിക്കണ്ട. രാമശ്ശേരി ഇഡ്ഢലി, മംഗലാം കുന്നിലെ മുറുക്ക്, ആലത്തൂരിലെ ഉപ്പേരി, കല്‍പ്പാത്തിയിലെ വാഴത്തണ്ട്, താമരവളയം, ചുണ്ടയ്ക്ക കൊട്ടാട്ടം... പാലക്കാടിന്റെ രുചിവൈവിധ്യ പട്ടിക അങ്ങിനെ നീളുന്നു. നാടറിഞ്ഞ് നാടിന്റെ രുചിയറിഞ്ഞ് മടങ്ങുമ്പോള്‍ നിങ്ങള്‍ ഉറപ്പായും പറയും ഞങ്ങള്‍ വീണ്ടും വരും അതാണ് പാലക്കാടിന്റെ വശ്യത. പൂരങ്ങളുടെയും വേലകളുടെയും നാടും ഇതു തന്നെ.
പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തോളമില്ലെങ്കിലും ചിനക്കത്തൂര്‍ പൂരവും ആര്യങ്കാവ് പൂരവും, അതിനോട് കിടപിടിക്കുന്നതാണ്. മണ്ണാര്‍ക്കാട് പൂരവും നെന്‍മാറവല്ലങ്ങിവേലയും ഒട്ടും പിന്നിലല്ല. ചിറ്റൂര്‍കൊങ്ങന്‍പട, പരിയാനംപറ്റ പൂരം, അട്ടപ്പാടി ശിവരാത്രി, രായിരനെല്ലൂര്‍ മലകയറ്റം, കല്‍പ്പാത്തിരഥോത്സവം, മണപ്പുള്ളിക്കാവ് വേല, അങ്ങിനെ ഉത്സവാഘോഷങ്ങളുടെ കാര്യത്തിലും പാലക്കാട് സഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാണ്. കൃഷിയും വിളവെടുപ്പും കഴിഞ്ഞാല്‍ പാലക്കാടന്‍ വയലുകളില്‍ കന്നുതെളിയുടെ ആരവമുയരും, വേലയും പൂരവും കഴിഞ്ഞാല്‍ ആനകള്‍ക്ക് അമൃതേത്ത് നല്‍കുന്നതും ആനയൂട്ടും പ്രത്യേക ചടങ്ങാണ്. ഏറ്റവും കൂടുതല്‍ ആനകളുള്ള തറവാട് പാലക്കാട് മംഗലാംകുന്നിലാണ്. പാലക്കാടന്‍ വിശേഷങ്ങളെല്ലാം അറിഞ്ഞ്, പാലക്കാടന്‍ രുചികളെല്ലാം നുണഞ്ഞ്, പാലക്കാടിന്റെ ഹൃദയഹാരിയായ സൗന്ദര്യം ഒപ്പിയെടുത്ത് വീണ്ടും നഗരത്തിന്റെ തിരക്കിലേക്ക് തിരികെ .