ജയന്ദന്റെ സാഹിത്യ പരീക്ഷണങ്ങള്‍
പി ആര്‍ രഘുനാഥ്
![]() |
|
നിരാശരായ യുവകവികളെയും കഥാകൃത്തുക്കളെയും സഹായിക്കുവാന്‍ വേണ്ടിയാണ് കുന്നംകുളത്തെ കുഞ്ഞൂഞ്ഞ് ആന്റ് കമ്പനി ഈ പുസ്തകം നിങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ പേര് 'എഴുത്തുകാരനാവാന്‍ 101 എളുപ്പവഴികള്‍' എന്നാണ്. കഥ, കവിത, ലേഖനം തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളും ഇതിലുണ്ട്. അതിന്റെ വില വെറും അഞ്ച് രൂപ മാത്രം. ഇഷ്ടമായെങ്കില്‍ വാങ്ങാം. മറിച്ചുനോക്കാന്‍ ആരും കാശ് തരേണ്ടതില്ല. |
മൊത്തം 58 വരികള്‍. ജയന്ദന്‍ എണ്ണിനോക്കി. കവിത പകര്‍ത്തി എഴുതി വീണ്ടും വായിച്ചു. കൊള്ളാം. കുഴപ്പമില്ല. അയാള്‍ സ്വയം പറഞ്ഞു. കവിത എഴുതിക്കഴിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത സംതൃപ്തി തോന്നിയെന്ന് ജയന്ദന്‍ പിന്നീട് 'കാവ്യചേതന' മലമ്പുഴയില്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പില്‍ പറയുകയുണ്ടായി.
'നിളയുടെ തേങ്ങല്‍' മാഗസിന്‍ എഡിറ്റര്‍ മനോഹരന്‍ പുന്നമരം നിരുപാധികം നിരസിച്ചു. ഇക്കാര്യം ജയന്ദന്‍ അിറയുന്നത് 'ജ്വാല 1991' എന്ന മാഗസിന്‍ കൈയ്യില്‍ കിട്ടിയപ്പോഴാണ്. തന്റെ കവിത അച്ചടി മഷി പുരണ്ട് മാഗസിനിന്റെ താളില്‍ കിടന്ന് ജ്വലിക്കുന്നത് കാണുവാന്‍ വേണ്ടി ജയന്ദന്‍ മിടിക്കുന്ന ഹൃദയത്തോടെ മാഗസിന്‍ തുറന്നു. പക്ഷെ അതില്‍ 'നിളയുടെ തേങ്ങല്‍' ഇല്ലായിരുന്നു. രമ്യയുടെ 'ചിത്രശലഭം' എന്ന കവിതയ്ക്കാകട്ടെ എഡിറ്റര്‍ ഇടം നല്‍കിയിരുന്നു. താന്‍ അപമാനിക്കപ്പെട്ടതുപോലെ ജയന്ദന് തോന്നി. കഠിനമായ നിരാശതകൊണ്ട് അയാളുടെ ഹൃദയം കനത്തുകിടന്നു. പിന്നെ, മൗനത്തിന്റെ ദീര്‍ഘമായ ഇടവേള. പരീക്ഷകള്‍. തുടര്‍ന്നുള്ള അവധി ദിനങ്ങളിലാണ് ജയന്ദന്‍ 'കലാചേതന'യുടെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
കവിതാ ക്യാമ്പിന്റെ അറിയിപ്പ് പത്രങ്ങളിലും വാരികകളിലും വന്നിരുന്നു. 30 വയസ്സ് തികയാത്ത 30 യുവകവികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒരു രചനസഹിതം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭക്ഷണം, താമസം ഇവ നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് നൂറുരൂപയാണ്. മലമ്പുഴയില്‍ വെച്ച് നടത്തപ്പെടുന്ന കവിതാ ശില്പശാലയുടെ ഡയറക്ടര്‍ മഹാകവി എഴുപുന്ന ശങ്കരന്‍ മമ്പിടിയാണ്.
ജയന്ദന്‍ 'നിളയുടെ തേങ്ങല്‍' ക്യാമ്പിലേക്ക് അയച്ചു. അധികം വൈകാതെതന്നെ ജയന്ദനെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തതായുള്ള അറിയിപ്പ് വന്നു. കൂടെ പ്രോഗ്രാം നോട്ടീസും. രണ്ടു ദിവസങ്ങളിലായി കാവ്യരചനയുമായി ബന്ധപ്പെട്ട അനേകം ക്ലാസുകള്‍. അവ കൈകാര്യം ചെയ്യുന്നത് പ്രശസ്തരായ കവികളും നിരൂപകരും. ജയന്ദന് സന്തോഷമായി. അയാള്‍ എല്ലാ സെഷനുകളും അതീവജാഗ്രതയോടെ ശ്രദ്ധിച്ചു. രചനയുടെ രസതന്ത്രം, കവിത- ആധുനികതയും ഉത്തരാധുനികതയും, കവിതയുടെ വര്‍ത്തമാനം എന്നീ സെഷനുകള്‍ തീര്‍ന്നപ്പോള്‍ നേരം സന്ധ്യ മയങ്ങിയിരുന്നു. ഇനി രണ്ട് മണിക്കൂര്‍ ഇടവേള. അതിനിടയില്‍ ഭക്ഷണം. പിന്നീടാണ് 'കവിതകള്‍ ചൊല്ലാം' എന്ന അതിപ്രധാനമായ സെഷന്‍. രാത്രി ഒരുപാട് നേരം നീളുന്നതുവരെ ആറ് യുവകവികള്‍ വീതമുള്ള സംഘങ്ങള്‍ക്ക് തങ്ങളുടെ രചനകള്‍ അവതരിപ്പിക്കാം. ഓരോ കാവ്യാവതരണത്തിനും ശേഷം ചര്‍ച്ച നടക്കും. ജയന്ദന്റെ ഗ്രൂപ്പ്, ലീഡ് ചെയ്ത പ്രമുഖ കവി വിശ്വംഭരദാസ് ആണ്. ജയന്ദന്‍ നല്ല ഉന്‍മേഷത്തിലായിരുന്നു. അയാള്‍ തന്റെ കവിത ഉറക്കെ ചൊല്ലി. തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ സഹകവികള്‍ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. ചര്‍ച്ചയെ ക്രോഡീകരിച്ചുകൊണ്ട് കവി വിശ്വംഭരദാസ് പറഞ്ഞു: 'ജയന്ദന്റെ ഈ കവിതയ്ക്ക് പൂര്‍വഭാരങ്ങളില്ല. മലയാള കാവ്യരചനയില്‍ ഈ യുവാവ് തനതായ വഴി വെട്ടിത്തെളിക്കും'.
ക്യാമ്പ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ജയന്ദന്‍ രണ്ടു ദിവസം പനിച്ചുകിടന്നു. പനിച്ചൂടില്‍ വരണ്ട നാവുമായി അയാള്‍ കണ്ണുകളടച്ചു. അമ്മ അരികെ നിന്നിരുന്നു. അവര്‍ തന്റെ കൈകള്‍ ജയന്ദന്റെ നെറ്റിയില്‍ വെച്ചു. 'പൂര്‍വഭാരം', 'വിശ്വംഭരദാസ്' ജയന്ദന്‍ അപ്പോള്‍ അസ്പഷ്ടമായി പറഞ്ഞു. അമ്മ ഒന്നും പറഞ്ഞില്ല. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പനി മാറിയതോടെ ജയന്ദന്‍ തുടര്‍ച്ചയായി കവിതകള്‍ എഴുതാന്‍ തുടങ്ങി. ദിവസവും രണ്ടോ മൂന്നോ കവിതകള്‍. കടലാസ്സും പെന്‍സിലും എടുത്ത് ഒരു നിമിഷം ജയന്ദന്‍ കണ്ണുകളടച്ചിരിക്കും. അപ്പോഴേക്കും കവിതകള്‍ വരിവരിയായി വരികയായി. 'മലരണിഞ്ഞുനില്‍ക്കുന്ന വലിയൊരു മാമരം എന്റെ കവിത'- ജയന്ദന്റെ 'എന്റെ കവിത' ഇങ്ങനെയാണ് തുടങ്ങുന്നത്. എഴുതിയ കവിതകളെല്ലാം അയാള്‍ ആനുകാലികങ്ങള്‍ക്കയച്ചു. 'സ്ഥലപരിമിതി' മൂലം അവ മടക്കത്തപാലില്‍ തിരിച്ചുവന്നു. ഓരോ തവണയും തിരിച്ചുവരുന്ന കവിതകളെടുത്ത് താലോലിച്ച് ജയന്ദന്‍ സ്വയം പറയും ഈ യുദ്ധത്തില്‍ അന്തിമ വിജയം എന്റേതാണ്. നിരാശത ഒരു യോദ്ധാവിന്റെ ആയുധമല്ല! അങ്ങനെ നിരാശത ആയുധമാക്കി സ്വീകരിക്കാത്ത ജയന്ദന്‍, തന്റെ ആയിരത്തിയൊന്നാമത്തെ കവിതയെഴുതി പൂര്‍ത്തിയാക്കി. 'കവിയുടെ ദു:ഖം' എന്ന പേരിട്ട ആ കവിത വളരെ പ്രശസ്തമായ ഒരു ആനുകാലികത്തിലേക്കയച്ചു ജയന്ദന്‍. ആ കവിത പ്രസിദ്ധീകരിക്കുകയോ തിരിച്ചുവരികയോ ഉണ്ടായില്ല. ജയന്ദന്‍ കാത്തിരുന്നു. അതിനിടെ അയാള്‍ ബി എ പരീക്ഷ കഷ്ടിച്ചു ജയിക്കുകയും നഗരത്തിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തിരുന്നു.
വീരസ്വര്‍ഗം പൂകുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം
ബസ്സ് പുറപ്പെടാന്‍ കുറച്ചുനേരം കൂടി ഉണ്ട്. ജയന്ദന് മധ്യഭാഗത്ത് സൈഡ് സീറ്റ് തന്നെ കിട്ടി. അയാള്‍ പുറത്തേക്ക് നോക്കി വെറുതെയിരുന്നു. അപ്പോഴാണ് ബസ്സിന്റെ മുന്‍വാതിലിലൂടെ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരന്‍ കയറിയത്. അയാളുടെ തോളില്‍ മുട്ടൊപ്പം തൂങ്ങിക്കിടക്കുന്ന ഒരു തുണി സഞ്ചി ഉണ്ട്. കൈകളിലാകട്ടെ, നിവര്‍ത്തിപ്പിടിച്ചതും അല്ലാത്തതുമായ അഞ്ചാറു പുസ്തകങ്ങളും. അയാള്‍ യാത്രക്കാര്‍ക്ക് അഭിമുഖമായി നിന്ന് തീര്‍ത്തും അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ സംസാരിക്കുവാന്‍ തുടങ്ങി.
ജയന്ദന്‍ ശ്രദ്ധിച്ചു:
“കവിതയില്‍ പരാജയപ്പെട്ടവന്‍ കഥാകൃത്താകും. കഥയില്‍ തോറ്റവന്‍ നിരൂപകനാവും. പരാജിതനായ നിരുപകന്‍ വീരസ്വര്‍ഗം പൂകും. പ്രിയരേ, പ്രയമുള്ളവരേ, ഒരു നിമിഷം ശ്രദ്ധിക്കൂ. ഒരു നിമിഷം മാത്രം.”
ഇപ്പോള്‍ യാത്രക്കാരുടെ ശ്രദ്ധ മുഴുവന്‍ അയാളിലാണ്. അത് ബോദ്ധ്യപ്പെട്ടപ്പോള്‍ അയാള്‍ തുടര്‍ന്നു: “വായന മരിക്കുന്നു, വായന മരിക്കുന്നു എന്ന പല്ലവി നമ്മുടെ കൊച്ചു കേരളത്തില്‍ മുഴങ്ങുവാന്‍ തുടങ്ങിയിട്ടു കാലമേറെയായി. വായനക്കാരേക്കാള്‍ എഴുത്തുകാര്‍ പെരുകിയാല്‍ വായനമാത്രമല്ല, കുറച്ച് എഴുത്തുകാരും മരിക്കും. ഒരു എഴുത്തുകാരനും മറ്റ് എഴുത്തുകാരുടെ സൃഷ്ടികള്‍ കണ്ടതായിപ്പോലും ഭാവിക്കുകയില്ല. നിങ്ങളുടെ കൊച്ചു കേരളത്തില്‍, ഒരു ഗ്രാമത്തില്‍പ്പോലും പത്തിലേറെ എഴുത്തുകാര്‍ കാണും.”
അയാള്‍ ഒരു നിമിഷം നിറുത്തി യാത്രക്കാരുടെ മുഖഭാവങ്ങള്‍ ശ്രദ്ധിച്ചു. സംതൃപ്തിയോടെ തുടര്‍ന്നു:
“അത്തരം എഴുത്തുക്കാരുടെ രചനകള്‍ സ്വാഭാവികമായും വെളിച്ചം കാണാറില്ല. അങ്ങനെ നിരാശരായ യുവകവികളെയും കഥാകൃത്തുക്കളെയും സഹായിക്കുവാന്‍ വേണ്ടിയാണ് കുന്നംകുളത്തെ കുഞ്ഞൂഞ്ഞ് ആന്റ് കമ്പനി ഈ പുസ്തകം നിങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ പേര് 'എഴുത്തുകാരനാവാന്‍ 101 എളുപ്പവഴികള്‍' എന്നാണ്. കഥ, കവിത, ലേഖനം തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളും ഇതിലുണ്ട്. അതിന്റെ വില വെറും അഞ്ച് രൂപ മാത്രം. ഇഷ്ടമായെങ്കില്‍ വാങ്ങാം. മറിച്ചുനോക്കാന്‍ ആരും കാശ് തരേണ്ടതില്ല.”
എന്തോ തമാശ പറഞ്ഞതുപോലെ അയാള്‍ യാത്രക്കാരെ നോക്കി മന്ദഹസിച്ചു. പിന്നീട് പുസ്തകങ്ങള്‍ യാത്രക്കാരുടെ മടിയില്‍ നിക്ഷേപിച്ചുകൊണ്ട് ബസ്സിന്റെ ഇടവഴിയിലൂടെ പിറകിലേക്ക് നടന്നു.
ജയന്ദന്‍ പുസ്തകമെടുത്ത് മറിച്ചു നോക്കി. അയാളുടെ ഉള്ളില്‍ പൊടുന്നനെ ഒരു മിന്നല്‍ വെളിച്ചം പാഞ്ഞുപോയി. 'കവിതയില്‍ തോറ്റ എനിക്കു പറ്റിയ പണികഥയെഴുത്തുതന്നെ'. അയാള്‍ വിചാരിച്ചു. പിന്നീട് കുപ്പായക്കീശയില്‍ നിന്ന് അഞ്ചു രൂപയുടെ മുഷിഞ്ഞ ഒരു നോട്ടെടുത്ത് കൈയില്‍ വെച്ചു.
എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്ന വിധം
കവിത എഴുതി അത് പ്രസിദ്ധീകരിക്കവാന്‍ കഴിയാതെ നിരാശരും മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരും ആയി ജീവിക്കുന്ന അനേകം കവികള്‍ നമ്മള്‍ക്കിടയിലുണ്ട്. താരതമ്യേന സര്‍ഗാത്മകത കൂടുതല്‍ വേണ്ട ഒന്നായിട്ടാണ് കാവ്യരചനയെ പ്രാചീന ഭാരതീയര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരാധുനികഘട്ടത്തില്‍ കവിത എന്ന പേരില്‍ അനേകം കപടരചനകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം കപടരചനകള്‍കൊണ്ടും രക്ഷപ്പെടാത്ത കവികള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു സാഹിത്യവിഭാഗമാണ് ചെറുകഥ.
ജയന്ദന്‍ വായന നിറുത്തി ഒരു നിമിഷം എന്തോ ഓര്‍ത്തിരുന്നു. അനന്തരം അത്യുത്സാഹത്തോടെ വായന തുടര്‍ന്നു. ചെറുകഥ വളരെ എളുപ്പത്തില്‍ എഴുതുവാന്‍ കഴിയും. ഒരാശയം മനസ്സില്‍ വീണുകഴിഞ്ഞാല്‍ അതിനെ എങ്ങനെ കഥയാക്കി മാറ്റാം എന്നത് ഓരോ എഴുത്തുകാരന്റെയും സര്‍ഗപരമായ കഴിവിനെ ആശ്രയിച്ചിരിക്കും. അതിനെക്കുറിച്ച് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച്, ഒരു കഥ എങ്ങനെ വളരെ വേഗത്തില്‍ പ്രസിദ്ധീകരിക്കാം, പ്രസിദ്ധീകരിച്ച കഥ എങ്ങനെ ചര്‍ച്ച ചെയ്യിപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ താഴെ അക്കമിട്ടു നിരത്തുകയാണ്. പ്രശസ്തനായ എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.
1. കഥ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ 'വായനക്കാരുടെ കത്തുകളി'ലേക്ക് കഥയെ അഭിനന്ദിച്ച് വ്യാജപ്പേരുകളില്‍ എഴുത്തുകാരന്‍ തന്നെ കത്തയയ്ക്കുക, സുഹൃത്തുക്കളെകൊണ്ട് കത്ത് എഴുതിപ്പിക്കുക.
2. സ്ത്രീകളുടെ പേരില്‍ കത്തുകളയയ്ക്കുക.
3. ഏതെങ്കിലും പത്രസ്ഥാപനത്തിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നത് എന്ന് പത്രാധിപരെ ബോദ്ധ്യപ്പെടുത്തുക. ഇതിനായി പത്രങ്ങളുടെ വ്യാജ ലെറ്റര്‍ഹെഡുകള്‍ ഉപയോഗിക്കാം.
4. പത്രാധിപര്‍ ഒരു എഴുത്തുകാരനെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ ഉദാത്തമെന്ന് അറിയിക്കുക. അദ്ദേഹത്തിന്റെ പുസ്തകങ്ങളെ നിരൂപണം ചെയ്യുക.
5. വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അനേകം പദങ്ങള്‍ കഥയില്‍ ഉള്‍പ്പെടുത്തുക.
6. അശ്ശീലം എഴുതാതിരിക്കുക
7. മുതിര്‍ന്ന എഴുത്തുകാരുടെ കാലുതിരുമ്മി അവരുടെ പ്രീതി സമ്പാദിക്കുക.
8. അനേകം സംഭവങ്ങള്‍ കൂട്ടിക്കുഴച്ച് കഥ സങ്കീര്‍ണമാക്കുക.
9. തന്റെ കഥകളെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യുവാന്‍ നിരൂപകരെ ചട്ടം കെട്ടുക.
10. മറ്റുള്ള കഥകള്‍ കഴിയുന്നതും വായിക്കാതിരിക്കുക. അഥവാ കഥ വായിച്ചാല്‍ തന്നെ ആ കഥകള്‍ മോശമാണെന്ന് പ്രഖ്യാപിക്കുക.
'എഴുത്തുകാകരനാവാന്‍ 101 എളുപ്പവഴികള്‍' എന്ന പുസ്തകം ജയന്ദന്‍ ആ രാത്രിയില്‍ത്തന്നെ നാലുതവണ വായിച്ചുതീര്‍ത്തു.
വായനക്കാരുടെ കത്തുകള്‍
ബഷീര്‍, തകഴി, എംടി, മാധവിക്കുട്ടി, മുകുന്ദന്‍... ജ്ഞാനോദയം വായനശാലയിലെ കഥാപുസ്തകങ്ങള്‍ ജയന്ദന്‍ ഒരു മാസം കൊണ്ട് വായിച്ചുതീര്‍ത്തു. നവോത്ഥാനഘട്ടം മുതല്‍ ഉത്തരാധുനികഘട്ടം വരെ. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് രണ്ടാം ഭാഷ മലയാളമായിരുന്നുവെന്നത് മാത്രമാണ് ജയന്ദന് കഥാസാഹിത്യവുമായുണ്ടായിരുന്ന ബന്ധം. പട്ടത്തുവിളയുടെ 'ബലി', എം ടി യുടെ 'ബന്ധനം', മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മണം' തുടങ്ങിയ കഥകള്‍ ഗൈഡുനോക്കി പഠിച്ച മുന്നനുഭവമേ ജയന്ദന് കഥയുമായുള്ളൂ. ഇപ്പോള്‍ കഥ എഴുതുവാന്‍ തീരുമാനിച്ച സ്ഥിതിക്ക് കുറച്ചു കഥകള്‍ വായിച്ചുകളയാം. ജയന്ദന്‍ ഉറപ്പിച്ചു.
രാത്രിയിലാണ് എഴുത്ത്. പാരലല്‍ കോളേജില്‍ നിന്ന് എത്തുമ്പോഴേക്കും സന്ധ്യമയങ്ങിയിരിക്കും. പിന്നെ, ഒരു കട്ടന്‍ ചായ കുടിച്ച്, കുളിച്ച് നേരെ എഴുത്തുമുറിയിലേക്ക് കയറും. എഴുതുന്ന നേരത്ത് ആരും ശല്യപ്പെടുത്തരുത്. അക്കാര്യത്തില്‍ ജയന്ദന് നിര്‍ബന്ധമുണ്ട്. മുമ്പും അങ്ങനെയായിരുന്നു. 'ജ്വലിക്കുന്ന ഹൃദയ' മാണ് ജയന്ദന്റെ ആദ്യകഥ. പിന്നീട് മായാമോഹിനി, വിരഹം, കല്ലുവെച്ച നുണ, കല്ല്യാണപ്പിറ്റേന്ന് തുടങ്ങി മുപ്പതോളം കഥകള്‍ ആദ്യമാസം പൂര്‍ത്തിയാക്കി ആനുകാലികങ്ങള്‍ക്കയച്ചു. സ്റ്റാമ്പ്, കവര്‍, പേപ്പര്‍ തുടങ്ങിയ സാമഗ്രികള്‍ക്കായി നല്ലൊരു തുക ചെലവഴിക്കേണ്ടിവന്നു ജയന്ദന്. ഒരു പാരലല്‍ കോളേജ് അധ്യാപകന് പറ്റാത്ത പണി തന്നെ കഥയെഴുത്ത്; ഒരു സുഹൃത്തില്‍ നിന്ന് കുറച്ച് പണം കടം വാങ്ങി തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ജയന്ദന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ ജയന്ദന്‍ വിചാരിച്ചു.
അന്ന് അഞ്ച് കഥകളാണ് മടങ്ങി വന്നിരിക്കുന്നത്. ഇരുപത് രൂപയുടെ സ്റ്റാമ്പ് പതിച്ച അഞ്ച് കവറുകള്‍. വല്ലാത്ത നിരാശയോടെ ജയന്ദന്‍ കവറുകള്‍ തുറന്നു. 'സ്ഥലപരമിതി' തന്നെയാണ് കഥകള്‍ പ്രസിദ്ധീകരിക്കാത്തതിനു കാരണമെന്ന് പത്രാധിപന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നു. എല്ലാവരും ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട്. ഒരുപോലെ ചിന്തിക്കുന്ന ഒരേയൊരു കൂട്ടര്‍ എഡിറ്റര്‍മാരാണ്; ജയന്ദന്‍ വിചാരിച്ചു. പിന്നെ, അന്നാദ്യമായി ജയന്ദന്‍ ഡയറി എഴുതി. 'മരിച്ചുപോയവരുടെ ആത്മാവുകളാണ് മടങ്ങി വരുന്ന ഓരോ കഥയും അവ എന്റെ ഉള്ളില്‍ക്കിടന്ന് നിലവിളിക്കുന്നു'.
'മടങ്ങി വരുന്ന കഥകള്‍ പനിയായി പുനര്‍ജനിക്കുന്നു. തപാല്‍ ശിപായി പടികടന്നെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ പനിക്കിടക്കയിലായിരുന്നു.' 'പത്രാധിപര്‍ തിരിച്ചയച്ച കഥ' എന്നു പേരിട്ടിരിക്കുന്ന കഥ ഇങ്ങനെയാണ് തുടങ്ങുന്നത്. ഈ കഥ 'അവതാളം' മാസികയില്‍ പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകൃതമായ ജയന്ദന്റെ ആദ്യ കഥ. തപാലില്‍ എത്തിയ മാസികയുടെ റാപ്പര്‍ തുറന്ന് ജയന്ദന്‍ സ്വന്തം കഥ പലതവണ വായിച്ചു. തന്റെ മുറിയില്‍ തനിച്ചിരുന്ന് ഒരുപാട് നേരം കരഞ്ഞു. പിന്നെ, 'അവതാളം' മാസികയിലേക്ക് ഇങ്ങനെ എഴുതി :
“സര്‍,
മാസിക ലക്കം 37 ല്‍ പ്രസിദ്ധീകരിച്ച ജയന്ദന്‍ കണ്ടശ്ശാംകടവിന്റെ 'പത്രാധിപര്‍ തിരിച്ചയച്ച കഥ' എന്ന കഥ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. വര്‍ത്തമാന ജീവിതാവസ്ഥയെ വേട്ടയാടികൊണ്ടിരിക്കുന്ന ഉപഭോഗതൃഷ്ണ വരുത്തിവയ്ക്കുന്ന അപകടങ്ങളെ കലാസുഭഗതയോടെ കലാകാരന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. നന്ദി. കഥാകാരനും മാസികയ്ക്കും.
എന്ന് സുമിത്ര, അമ്പലത്തറ.”
വിവിധ പേരുകളില്‍ ഇത്തരത്തിലുള്ള ഇരുപത്തിയഞ്ച് കത്തുകള്‍ ജയന്ദന്‍ മാസികയിലേക്ക് അയച്ചു. ഇവയില്‍ രണ്ടെണ്ണം പത്രാധിപര്‍ 'വായനക്കാരുടെ കത്തുക'ളില്‍ പ്രസിദ്ധീകരിച്ചു.
പിന്നീട് ജയന്ദന്‍ കണ്ടശ്ശാംകടവിന്റെ 'സൂര്യനുദിക്കാത്ത പകല്‍' എന്ന കഥ 'അവതാളം' മാസികയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അധികം താമസിയാതെ മാസികയുടെ എഡിറ്റോറിയല്‍ ആപ്പീസ് അടച്ചുപൂട്ടി. പിന്നീടൊരിക്കലും ജയന്ദന്റെ കഥകള്‍ വെളിച്ചം കണ്ടില്ല. അതോടെ കഥയെഴുത്ത് ഉപേക്ഷിച്ച് ജയന്ദന്‍ സാഹിത്യത്തിന്റെ മറ്റ് മേഖലകളിലേക്ക് ചേക്കേറി. അവയില്‍ വിജയിക്കുകയും ചെയ്തു. (വിശദവിവരങ്ങള്‍ക്ക് അനുബന്ധം നോക്കുക).
അനുബന്ധം
അഭിമുഖങ്ങള്‍: (ജയന്ദന്‍ സ്ഥിരമായി ചോദിക്കുന്ന ചില ചോദ്യങ്ങള്‍)
1. എഴുത്തില്‍ ലിംഗ വിവേചനം ആവശ്യമാണോ? ഉദാഹരണമായി പെണ്ണെഴുത്ത്.........
2. ഉത്തരാധുനിക മലയാള കവിതയെ/ കഥയെ/ താങ്കളെ എങ്ങനെ സ്വാധീനിക്കുന്നു.?
3. താങ്കള്‍ക്കുശേഷം വന്ന കവികളെ/ കഥാകൃത്തുക്കളെ എങ്ങനെ വിലയിരുത്താം.?
ഫീച്ചറെഴുത്ത്: (ജയന്ദന്റെ പ്രധാന ഫീച്ചറുകള്‍)
1. പരേതാത്മാക്കളോട് സംസാരിക്കുന്ന ദിവ്യന്‍
2. നാവില്ലാതെ പാട്ടുപാടുന്ന വര്‍ഗീസേട്ടന്‍
3. 101 അംഗങ്ങളുള്ള വീട്ടിലെ മുത്തശ്ശി
4. എം ടി യുടെ നോവലിലെ ജീവിക്കുന്ന കഥാപാത്രം
5. കഥയെഴുത്തിന്റെ 100-ാം വാര്‍ഷികമാഘോഷിക്കുന്ന 'യുവ' കഥാകൃത്ത്.
റിപ്പോര്‍ട്ട് :
1. അന്താരാഷ്ട്ര ചലച്ചിത്രോത്സവം
2. സക്കറിയയുടെ നോവല്‍ പ്രകാശനം
3. സംസ്‌കൃതിയുടെ നാടക ക്യാമ്പ്
4. സ്ത്രീ സിനിമകളുടെ കാലം
ഇല്ലന്റ് മാഗസിന്‍:
ജയന്ദന്‍ ആരംഭിച്ച ഇല്ലന്റ് മാഗസിനാണ് 'ദലം'. ജയന്ദന്റെ ഒരു ഐറ്റം എല്ലാ ലക്കങ്ങളിലും കാണും. പുസ്തക പ്രസാധനം, ചില്ലറ ആക്ടിവിസങ്ങള്‍ തുടങ്ങിയവ ഇതിന്റെ മറ്റ് പ്രവര്‍ത്തനങ്ങളില്‍പെടുന്നു.
എഡിറ്റിങ്ങ് :
ജയന്ദന്‍ എഡിറ്റു ചെയ്ത പുസ്തകമാണ് 'ഉത്തരകാലം'. പത്തു കവികളുടെ കവിതകള്‍. അതിലൊന്ന് ജയന്ദന്റെ 'പശു ചത്തു; മോരിലെ പുളിയും പോയി' എന്ന കവിതയാണ്.
കൂടാതെ എഴുത്തുകാരുടെ സഹകരണത്തോടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കൊടുക്കുക, സഹകരണാടിസ്ഥാനത്തില്‍ അവാര്‍ഡ് സംഘടിപ്പിക്കുക, സാഹിത്യ-സിനിമാ ശില്പശാലകളുടെ സംഘാടനം തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങികൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് ജയന്ദന്റേത്. ഒരു സാഹിത്യ പരീക്ഷകന് ഇത്രയും ദൂരം താണ്ടാന്‍ പറ്റിയത് ചില്ലറ കാര്യമാണോ? സാഹിത്യം ഒരു വല്ലാത്ത മുതല് തന്നെ
ചിത്രം
തലക്കെട്ടില്ലാത്തത്
കടപ്പാട് : എ രാമചന്ദ്രന്‍