ധര്‍മജ പുരാണം
ലക്ഷ്മി. വി
![]() |
|
ധര്‍മജന്റെ മനസ്സില്‍ സ്വീകരണത്തേക്കാളേറെ തനിക്കു ലഭിച്ച അംഗീകാരം വീട്ടുകാരെ അറിയിക്കാനുള്ള വെമ്പലായിരുന്നു. ഓടിക്കിതച്ചെത്തിയപ്പോള്‍ വാതില്‍ക്കല്‍ അമ്മ. ബൊക്കയും മാലയും കൈയില്‍ പിടിച്ചു വീട്ടിലേക്ക് കയറിവരുന്ന മകനെ കണ്ട അമ്മയുടെ കമന്റ്: “നീ ഇതു വാങ്ങാന്‍ ചെലവഴിക്കുന്ന പണം കൊണ്ട് കുട്ടികള്‍ക്ക് രണ്ടു മിഠായിയെങ്കിലും വാങ്ങരുതോ?” ഇതു കേള്‍ക്കുന്ന ചിരിക്കണോ കരയണോ എന്ന തിരിച്ചറിവില്ലാതെ നില്‍ക്കുന്ന മകന്‍. |
ജീവിതവഴികളിലൂടെ
മുളവുകാട് പ്രദേശത്ത് ഒരു കുട്ടി ഉണ്ടാവുക എന്നത് അത്ഭുതമല്ലായിരുന്നു. പക്ഷേ എന്റെ ജനനം കുറച്ചു പേരെയെങ്കിലും ഞെട്ടിച്ചിട്ടുണ്ടാവണം. ആ കൂട്ടത്തില്‍ എന്റെ അമ്മ മാധവിയും അച്ഛന്‍ കുമാരനും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അച്ഛനും അമ്മയും ഏറെ നാള്‍ കാത്തതിനു ശേഷമാണ് ഒരു മകനുണ്ടാവുന്നത്. അവര്‍ ആ കുഞ്ഞിന് ബാഹുലേയന്‍ എന്നു പേരിട്ടു. സ്വതവേ ശാന്തനായി ജനിച്ച് ആര്‍ക്കും ഒരു ശല്യമുണ്ടാക്കാതെ വളര്‍ന്ന് നാട്ടിലും വീട്ടിലും സമ്മതനായി ആ മകന്‍ ജീവിച്ചു. തെറ്റിദ്ധാരണ നീക്കാം. ആ കുട്ടി ഞാനല്ല, എന്റെ ചേട്ടനായിരുന്നു.
ചേട്ടന്‍ ജനിച്ച് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മ ഒരു ദിവസം രാവിലെ പറമ്പിലെ പണിക്കിടയില്‍ തലചുറ്റി വീണു. ആഹാരം കഴിക്കാത്തതിന്റെ പ്രശ്നമാണെന്ന് എല്ലാവരും കരുതി. ബോധം വന്നു കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അമ്മയ്ക്ക് ചര്‍ദ്ദിലും പരവേശവും. ഡോക്ടറെ സമീപിച്ചപ്പോള്‍ ടെസ്റ്റുകള്‍ ചെയ്യാനുള്ള ചീട്ടുകള്‍ നല്‍കി. റിസള്‍ട്ട് വന്നപ്പോള്‍ അമ്മ ചിരിച്ചു. ഗര്‍ഭിണിയാണത്രേ. ആ ചിരിയുടെ ഒരംശം വയറ്റില്‍ കിടന്ന എനിക്കും കിട്ടി. അങ്ങനെ മുളവുകാട് ദേശത്തില്‍ ഒരു ചിന്ന അത്ഭുതം പോലെ 10 വര്‍ഷത്തെ ഗ്യാപ്പില്‍ എന്റെ അമ്മ വീണ്ടും ഒരു കുട്ടിക്ക് കൂടി ജന്മം നല്‍കി. എനിക്കിട്ട പേര്, ധര്‍മ്മജന്‍. അച്ഛനും അമ്മയ്ക്കും ദൈവം കൊടുത്ത ധര്‍മ്മമാണോ ഞാനെന്നും അറിയില്ല.
ചേട്ടന് ബാബു എന്ന വിളിപ്പേരെങ്കിലും നല്‍കിയിരുന്നു. എനിക്ക് അതുമില്ല, ധര്‍മ്മജന്‍ മാത്രം. അതുകൊണ്ട് സ്കൂളില്‍ പോയപ്പോള്‍ സ്വന്തം സൌകര്യത്തിനനുസരിച്ച് ഓരോരുത്തരും എന്റെ പേരിനെ കുറുക്കുകയും നീട്ടുകയും ചെയ്തു. ചിലര്‍ക്ക് ധര്‍മ്മന്‍ എന്ന് വഴങ്ങിയപ്പോള്‍ മറ്റു ചിലര്‍ ധര്‍മ്മച്ചന്‍ എന്നാക്കി. അച്ഛനും അമ്മയും ചെല്ലപ്പേര് തന്നില്ലെങ്കിലും നാട്ടുകാരും കൂട്ടുകാരും എനിക്ക് പലവിധ ചെല്ലപ്പേരുകള്‍ സംഭാവന ചെയ്തു. അതില്‍ പലതും പുറത്തു പറയാന്‍ കൊള്ളില്ല.
മിമിക്സിലേക്ക്
അമ്മയാണ് മിമിക്സില്‍ എന്റെ ഗുരു. എല്ലാ കുഞ്ഞു നമ്പറുകളും ഞാനറിഞ്ഞു തുടങ്ങിയത് അമ്മയുടെ നാവില്‍ നിന്നാണ്. ഐ.ടി.ഐ പഠിക്കുന്ന സമയത്ത് ചെറിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഞാന്‍ പോകാറുണ്ടായിരുന്നു. ആ സമയത്ത് വീട്ടിലെ ഒരു പ്രാരാബ്ധങ്ങളും അച്ഛനും ചേട്ടനും എന്നെ അറിയിച്ചിരുന്നില്ല. ഞാന്‍ എന്റെ വഴിക്ക് ജീവിക്കുന്ന സമയം. കൂട്ടുകാര്‍ വിളിക്കുമ്പോള്‍ അവരുടെ കൂടെ ഏതു പണിയും ചെയ്യാന്‍ ഞാന്‍ പോകുമായിരുന്നു. വാര്‍ക്കപ്പണി, കിണര്‍കുത്തല്‍, മേസ്തിരിപ്പണി... പക്ഷേ അതൊരിക്കലും എന്റെ കുടുംബത്തിലെ വരുമാനം കൂട്ടാന്‍ ചെയ്തതല്ല. എനിക്കങ്ങനെയൊരു തോന്നല്‍ പോലുമുണ്ടായിരുന്നില്ല.
അക്കാലത്തെ എന്റെ സ്വപ്നങ്ങള്‍ രസകരമാണ്. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റില്‍ പങ്കെടുക്കണം, മഞ്ജുവാര്യരെ നേരിട്ട് കാണണം, ഗള്‍ഫില്‍ പോകണം ...ഇത്രയും ആഗ്രഹങ്ങള്‍ പ്രാര്‍ത്ഥനയായും ദൈവത്തിന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. അതുറപ്പാണ്.
ആദ്യത്തെ ആഗ്രഹത്തിലേക്ക് പോകാം. മിമിക്രി സ്വപ്നങ്ങളുമായി ഞാന്‍ അലയുന്ന സമയത്താണ് സുബ്രഹ്മണ്യം ബോള്‍ഗാട്ടിയെ പരിചയപ്പെടുന്നത്. ആ ചേട്ടന്റെ കൂടെ പല ട്രൂപ്പിലും ഞാന്‍ പരിപാടിക്ക് പോയി. കൊച്ചിന്‍ സരിഗ ആയിരുന്നു ആദ്യത്തെ ട്രൂപ്പ്. പരിപാടിക്ക് കിട്ടുന്നത് 150 രൂപയാണ്. അന്നും ഞാന്‍ ഹാപ്പിയാണ് കേട്ടോ. ഒന്നും അറിയണ്ട, എല്ലാ ചെലവും തട്ടിമുട്ടി പോകും, പിന്നെ വീട്ടില്‍ പൈസയൊന്നും കൊടുക്കണ്ടല്ലോ. ആകെയുള്ള സങ്കടം നാടകം ബുക്ക് ചെയ്തില്ലെങ്കില്‍ മാത്രമേ ഞങ്ങളെ പരിഗണിക്കൂ എന്നതാണ്. അവര്‍ വന്നാല്‍ സ്റ്റേജ് ഒഴിഞ്ഞു കൊടുക്കണം. സൂപ്പറായി പരിപാടി ചെയ്യുന്ന പല വേദികളില്‍ നിന്നും ഞാനൊക്കെ പലതവണ സങ്കടത്തോടെ ഇറങ്ങികൊടുത്തിട്ടുണ്ട്.
ട്രൂപ്പില്‍ മാറി മാറി പൊയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് തോമസ് തോപ്പില്‍കുടിയെ പരിചയപ്പെടുന്നത്. എന്റെ ജീവിതത്തിന്റെ ടേണിംഗ് പോയിന്റ്. നീണ്ട പത്തു വര്‍ഷം ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പലരെയും പരിചയപ്പെട്ടു. പക്ഷേ ഒരിക്കല്‍ പോലും ചാന്‍സിനു വേണ്ടി ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല.
എനിക്ക് കിട്ടിയ ഓരോ സ്റ്റേജും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. അങ്ങനെ പോകുന്ന സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകനായ എനിക്കും കൂട്ടുകാര്‍ക്കുമെതിരെ ഒരു അടിപിടി കേസു വന്നു. അവര്‍ക്കൊക്കെ പോകാന്‍ വഴിയുള്ളതു കൊണ്ട് പല സ്ഥലത്തേക്ക് പോയി, ഞാന്‍ മാത്രം ഒറ്റയ്ക്ക് നിന്നു ഫൈറ്റ് ചെയ്തു. അവസാനം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അഭയത്തിനായി തോമസ് തോപ്പില്‍കുടിയെ സമീപിച്ചു. നാടു വിട്ടു പോകാന്‍ 500 രൂപയ്ക്ക് വേണ്ടിയാണ് എത്തിയതെങ്കിലും അദ്ദേഹം എന്നെക്കൊണ്ട് എട്ടു സുന്ദരികളും ഞാനും എന്ന പരമ്പരയ്ക്കു സ്ക്രിപ്റ്റ് എഴുതിപ്പിച്ചാണ് പകരം വീട്ടിയത്.
ആ പരമ്പര ജനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കോമഡി ടച്ചുള്ള പല സീരിയലും പല ചാനലിനു വേണ്ടിയും എഴുതി തുടങ്ങി. അങ്ങനെ ഒരിക്കല്‍ സിനിമാലയിലും എത്തി. അവിടെ കാമറയ്ക്കു മുന്നില്‍ നില്‍ക്കാനായിരുന്നു യോഗം. ഒരു ഡയലോഗു പോലുമില്ല. ഒറ്റ സീനില്‍ പ്രത്യക്ഷപെട്ടു. പക്ഷേ ഡയാന ചേച്ചിക്കും അമ്മയ്ക്കും ഇഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സിനിമാലയിലെ പല എപ്പിസോഡുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
അതിനിടയിലെപ്പോഴോ ഞാന്‍ പോലുമറിയാതെ എന്റെ ആദ്യ സ്വപ്നം സാക്ഷാത്കരിച്ചു. ദേ മാവേലി കൊമ്പത്തിന്റെ കാസറ്റ് കവറില്‍ എന്റെ പേരു വന്നു. ആദ്യമായി സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ ദിവസം. പക്ഷേ ആദ്യസ്വപ്നം സാക്ഷാത്കരിക്കുന്ന കാലത്തു തന്നെ ഒരു വലിയ നഷ്ടം എനിക്കുണ്ടായി. അച്ഛന്റെ മരണം. ഞാന്‍ അല്പമൊന്ന് പച്ച പിടിക്കാന്‍ തുടങ്ങിയപ്പോഴേക്കും വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ കാരണം അച്ഛന്‍ ഞങ്ങളെ വിട്ടു പോയി. വീണ്ടും എന്റെ കണ്ണുനീരിനെ എനിക്കു നിയന്ത്രിക്കാന്‍ കഴിയാതെ വന്ന ദിവസം.
രമേഷ് പിഷാരടിയുമായി അടുപ്പത്തിലാകുന്നത് സിനിമാല കാലത്താണ്്. ബ്ളഫ്മാസ്റ്റര്‍ പതിയെ തലപൊക്കി തുടങ്ങിയ കാലം. അതില്‍ രമേഷിനൊപ്പം ചെയ്ത പയ്യന്‍ ഗള്‍ഫില്‍ പോയ ഗ്യാപ്പില്‍ പ്രൊഡ്യൂസറായ അനില്‍ ഗണേശ് എന്നെ വിളിച്ചു. പിന്നെ ഞാനും രമേഷും ചേര്‍ന്ന് കുറെക്കാലം അടിച്ചു പൊളിച്ചു. ഞങ്ങളുടെ കോമ്പിനേഷന്‍ ജനങ്ങള്‍ക്കും ഇഷ്ടപ്പെട്ടു.
ഗള്‍ഫില്‍ പോയ സുഹൃത്ത് തിരിച്ചെത്തിയ ശേഷവും ഞാന്‍ തന്നെ ചെയ്യണമെന്ന ആവശ്യം തിരസ്കരിക്കാനായിരുന്നു എനിക്കിഷ്ടം. ഒരിക്കലും ആരുടേയും ഭാഗ്യം കവര്‍ന്നെടുക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ആ നല്ലവനായ സുഹൃത്തിന് ബ്ളഫ്മാസ്റ്റര്‍ ചെയ്യാനുള്ള താത്പര്യം കുറവായതിനാല്‍ വീണ്ടും പന്ത് എന്റെ കോര്‍ട്ടില്‍ വീണു.
രണ്ടാമത്തെ സ്വപ്നം
ഗള്‍ഫിലേക്കുള്ള യാത്ര എന്നും ഒരു വലിയ സ്വപ്നമായിരുന്നല്ലോ. കലാഭവന്‍ ജോഷി ഗള്‍ഫ് പരിപാടി സംഘടിപ്പിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ പേരും വന്നു. ആദ്യം വിസ്മയമായിരുന്നു. പല തവണ ജോഷിയോട് തിരിച്ചും മറിച്ചും 'എന്നെ കൊണ്ടുപോകുമോ?' എന്ന സംശയം പ്രകടിപ്പിച്ചു. പാസ്പോര്‍ട്ടിനു വേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ടി വന്നു. അവസാനം അബുദാബിയിലെ മണലാരണ്യങ്ങള്‍ എന്റെ പാദസ്പര്‍ശമേറ്റ് പുളകം കൊള്ളുന്നത് ഞാനറിഞ്ഞു.
അവിടുത്തെ ഒരു ദ്വീപില്‍ പരിപാടി അവതരിപ്പിച്ചപ്പോള്‍ നേടിയ കൈയടിയേക്കാളേറെ എനിക്കു സന്തോഷം തോന്നിയത് രണ്ടാമത്തെ ആഗ്രഹം ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗം നടത്തിത്തരാന്‍ ദൈവം സഹായിച്ചല്ലോ എന്നോര്‍ത്തായിരുന്നു. ഗള്‍ഫിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഞാന്‍ കണ്ടു കഴിഞ്ഞു.എന്നാലും ഓരോ തവണ ഗള്‍ഫിലേക്ക് പോകുമ്പോഴും ആദ്യമായി കയറിയ വിമാനവും അതിലെ യാത്രയും എന്റെ കണ്ണില്‍ കൂടി വരാറുണ്ട്.
സിനിമയിലേക്ക്
മിമിക്രിയുമായി ഞാന്‍ വേദികള്‍ മാറി മാറി നടക്കുന്ന സമയത്ത് ഒരു ദിവസം നടന്‍ ദിലീപിന്റെ ഒരു കോള്‍:'ഹലോ ധര്‍മ്മജനല്ലേ, ഞാന്‍ ദിലീപാ. എന്റെ അടുത്ത സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ ധര്‍മ്മജനെ വിളിച്ചതാണ്.'
ഞാന്‍ 'ശരി.' എന്നു മാത്രം പറഞ്ഞു. ദിലീപ് ചേട്ടന്‍ ഞെട്ടി. ആദ്യമായി സിനിമയിലേക്ക് ഓഫര്‍ വരുമ്പോള്‍ സാധാരണ ആരും അങ്ങനെയല്ലല്ലോ.
ദിലീപേട്ടന്റെ അടുത്ത ചോദ്യം: 'നിനക്കെന്താ ഒരു സന്തോഷമില്ലാത്തത്? എന്താ അഭിനയിക്കാന്‍ താത്പര്യമില്ലേ?'
'ഉണ്ട്.'
അങ്ങനെ പാപ്പി അപ്പച്ചാ യില്‍ ദിലീപേട്ടന്റെ വാലായ കുട്ടാപ്പിയായി ഞാന്‍ സ്ക്രീനിലെത്തി.
അതിനേക്കാളേറെ എനിക്കു സന്തോഷമായത് മറ്റൊരു കാര്യത്തിലാണ്. ആ സിനിമയിലൂടെ ദിലീപേട്ടനുമായി നല്ലൊരു സൌഹൃദമുണ്ടായി. വീട്ടില്‍ പോകാനും മഞ്ജുചേച്ചിയെ പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞു. മഞ്ജുചേച്ചിയെ കാണാന്‍ ആഗ്രഹിച്ച എനിക്ക് ചേച്ചിയുടെ കൈയില്‍ നിന്ന് കാപ്പി വാങ്ങി കുടിക്കാനും കഴിഞ്ഞു. അങ്ങനെ മൂന്നാമത്തെ ആഗ്രഹവും സഫലമായി.
അപ്രതീക്ഷിതമായി ഗതിമാറിയ ജീവിതം
ഞാന്‍ എന്റെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ച് ചെറിയ തോതില്‍ പ്രശസ്തിയൊക്കെയായി വിലസുന്ന കാലം. പണ്ട് വീട്ടില്‍ കല്യാണം വിളിക്കാന്‍ ബന്ധുക്കള്‍ എത്തുമ്പോള്‍ എന്നെ തിരക്കുന്നത് ഇറങ്ങിപ്പോകാന്‍ നേരം മാത്രമാണ്. ആ സ്ഥിതിവിശേഷം മാറി ഞാനുള്ളപ്പോഴേ വിളിക്കാന്‍ വരൂ എന്ന അവസ്ഥയെത്തി. അങ്ങനെ നില്‍ക്കുമ്പോള്‍ അമ്മയ്ക്കൊരാഗ്രഹം, എന്നെ കല്യാണം കഴിപ്പിക്കണം. ഞാനും എതിര്‍പ്പ് പറഞ്ഞില്ല.
അപ്പോഴാണ് പുതിയൊരറിവ് ചെവിയിലെത്തുന്നത്. അകന്ന ബന്ധത്തില്‍ പെട്ട ഒരു കുട്ടിക്ക് കലശലായ പ്രേമം. അനൂജ. എനിക്ക് അവളോട് അങ്ങനെയൊന്നും തോന്നിയിട്ടേയില്ല. അവള്‍ ഫോണ്‍ വിളിയായി ബഹളമായി. ആകെ പ്രശ്നം. അവസാനം ചേട്ടനെയും ഒരു സുഹൃത്തിനെയും കൂട്ടി പെണ്ണാലോചിക്കാന്‍ വിട്ടു. അവിടെ ചെന്നപ്പോള്‍ അതിലും രസം. അവളുടെ ചേട്ടനും അച്ഛനും ഹൈക്ളാസ് എതിര്‍പ്പ്. ഒരു തരത്തിലും സമ്മതിക്കില്ല. പ്രേമം എന്റെ ഞരമ്പിനെ അത്ര കണ്ട് ബാധിക്കാതിരുന്നതു കൊണ്ട് അവര്‍ തിരിച്ചു പോന്നു. അതിനു ശേഷം വീണ്ടും മറ്റൊരു പെണ്ണുകാണല്‍ കൂടി നടത്തി. അതും നടന്നില്ല.
അപ്പോഴേക്കും അവള്‍ വിളിച്ചു കരച്ചിലും ബഹളവും. ഒരു തവണ കൂടി വന്നു കാണണം സമ്മതിക്കും എന്നൊക്കെയായി. അവളുടെ വീട്ടുകാരുടെ എതിര്‍പ്പില്‍ ചേട്ടന്‍ ഒരു തവണ കൂടി നാണം കെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. 22 ഒളിച്ചോട്ടക്കല്യാണങ്ങള്‍ക്കു ചുക്കാന്‍ ചിടിച്ച ഞാന്‍ 23ാമതും ഒളിച്ചോടി കല്യാണം കഴിച്ചു. വരന്‍ ഞാന്‍ തന്നെ. വധു അനൂജ. അമ്പലത്തില്‍ പോയി താലികെട്ടി. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അന്നു രാത്രി അവളുടെ അച്ഛന്‍ കരഞ്ഞു വീട്ടിലെത്തി ഞങ്ങളുടെ ബന്ധം അംഗീകരിച്ചു. അവളുമൊത്തുള്ള ജീവിതത്തില്‍ കൂട്ടായി രണ്ടു സൌഭാഗ്യങ്ങള്‍ കൂടി കിട്ടി. വൈഗയും വേദയും. രണ്ടു കുട്ടികള്‍ക്കും പേരിട്ടത് രമേഷ് പിഷാരടിയാണ്്. എനിക്ക് അവര്‍ അമ്മുവും ആമിയുമാണ്.
ജീവിതത്തിലെ തമാശകള്‍
ഒരിക്കല്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയ വഴി നല്ലൊരു അമളി പറ്റി. മിമിക്സ് സ്കിറ്റാണ്. എന്റേത് സ്ത്രീവേഷമാണ്. 'ശാരദേ..' എന്ന് നീട്ടി വിളിക്കുമ്പോള്‍ സ്റ്റേജിലെത്തണം. തൊട്ടു മുന്‍പുള്ള സീനെത്തിയപ്പോള്‍ മേയ്ക്കപ്പിട്ട് ശാരദയായ ഞാന്‍ ഡ്രസ് ചെയ്യാന്‍ തുടങ്ങി. അതിനു വേണ്ടി ബ്ളൌസും മറ്റ് സ്ഥാവരജംഗമ വസ്തുക്കളും റെഡിയാക്കി വച്ചിരുന്നു. പാവാട ഇട്ട് കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഒരു സുഹൃത്തിന്റെ വിളി. അവനോട് സംസാരിച്ച് തിരിച്ചെത്തിയപ്പോള്‍ ശാരദയ്ക്ക് വേണ്ട അടിവസ്ത്രങ്ങള്‍ കാണാനില്ല!
നോക്കിയപ്പോള്‍ ഒരു കശ്മലന്‍ അതുമായി ഓടുന്നു. അവന്റെ പുറകെ ഓടുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ല. അപ്പോഴേക്കും സ്റ്റേജില്‍ നിന്ന് 'ശാരദേ...' എന്ന് നീട്ടിയുള്ള വിളി വന്നു. എന്തു ചെയ്യാനാ? ഞാന്‍ പാവാട മാത്രമിട്ട് സ്റ്റേജിലെത്തി. എന്നെ കണ്ടതും കൂക്കി വിളിയും ബഹളവും തുടങ്ങി.
മൈക്ക് വാങ്ങി സത്യം അങ്ങട് ബോധിപ്പിച്ചു:'നിങ്ങളുടെ നാട്ടില്‍ കല്യാണം കഴിക്കാന്‍ വെമ്പല്‍ കൊണ്ടു നടക്കുന്ന ഒരു പാവം യുവമനസ്സുണ്ട്. അവനെ എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ നിങ്ങള്‍ നാട്ടുകാരായിട്ട് ചെയ്യണം. അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലെ അമ്മ പെങ്ങന്മാരുടെ അടിവസ്ത്രങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.ഞാനൊരു ആണായതു കൊണ്ട് തത്കാലം പാവാട കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.' കൂക്കി വിളികള്‍ക്കുള്ള എന്റെ മറുപടി കേട്ട് നാട്ടുകാര്‍ ഒന്നടങ്കം ആര്‍ത്തു ചിരിച്ചു. ഒരുപക്ഷേ പ്രോഗ്രാം അവതരിപ്പിച്ചെങ്കില്‍ കിട്ടുന്ന കൈയടിയെക്കാള്‍ ഇരട്ടി മധുരമായിരുന്നു എനിക്കാ പൊട്ടിച്ചിരികള്‍.
പുത്തന്‍ പ്രതീക്ഷകള്‍
ചേട്ടന്‍ ചെയ്യുന്ന എസ്.ഡബ്ളു.റ്റി.ഡി യിലെ ജോലിയേക്കാള്‍ എനിക്കിഷ്ടം മിമിക്രി തന്നെയായിരുന്നു. ആ സെലക്ഷന്‍ തെറ്റിയില്ലെന്ന് തെളിയിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ ജോലിക്കാരെക്കാള്‍ നന്നായി ജീവിക്കാന്‍ കഴിയുന്നുണ്ട്. വലിയ കുഴപ്പമില്ലാതെ സിനിമകളും കിട്ടിത്തുടങ്ങി. പാപ്പി അപ്പച്ചായ്ക്കു ശേഷം നാടകമേ ഉലകം, എഗൈന്‍ കാസര്‍കോട് കാദര്‍ഭായി എന്നീ ചിത്രങ്ങളിലും നല്ല വേഷങ്ങള്‍ കിട്ടി. ചെറിയ വേഷങ്ങളുള്ള രണ്ടു മൂന്നു സിനിമകളും കിട്ടി. ക്യാഷ് എന്ന സിനിമയാണ് ഇപ്പോള്‍ ചെയ്തു കഴിഞ്ഞത്. മന്ത്രം തന്ത്രം കുതന്ത്രം എന്ന ചിത്രവും പണിപ്പുരയിലാണ്. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാത്തതു കൊണ്ടാകാം ആഗ്രഹിച്ചതിനേക്കാളേറെ സൌഭാഗ്യങ്ങള്‍ ദൈവം തന്നത്. കുഞ്ഞുങ്ങളും അമ്മയും അനൂജയും ചേട്ടനും ചേട്ടന്റെ കുടുംബവും ഒരുമിച്ചുള്ള ജീവിതം ഞാനിപ്പോ ആസ്വദിക്കുന്നുണ്ട്.
നമുക്കുള്ളതാണെങ്കില്‍ വരേണ്ട സമയത്ത് നമ്മുടെ കൈയില്‍ വന്നു ചേരും എന്ന വിശ്വാസത്തില്‍ ജീവിക്കാനാണ് എനിക്കിഷ്ടം.