മഴയ്ക്ക്ശേഷവും പെയ്യുന്ന മരം
പി ശിവപ്രസാദ്
ഒരു പനയല്ലാതെ ബാക്കിയെല്ലാം
നാട്ടിലെപ്പോലെ തോന്നി.
ഗോപിയേട്ടന്റെ വീട്
വീട്ടുകാര്‍... അന്തരീക്ഷം.
അമ്മയും അമ്മാവനും പെങ്ങളും
മണത്തു വിടരുന്ന ഉദ്യാനം.
മുറ്റത്തെ പ്രാവിന്‍കൂടുകള്‍
ഒരു വെളുത്ത പ്രപഞ്ചമാണ്.
പിടക്കോഴിമാതിരി,
അരയന്നാകൃതിയില്‍,
മയില്‍പ്പൂവോ അങ്കച്ചിചിറകോ ഒക്കെയുള്ള...
ആഫ്രിക്കനും യൂറോപ്യനും
ആസ്ത്രേലിയനുമായ
പൌരത്വത്തില്‍ പലതരം പ്രാവുകള്‍.
പനയുടെ പുറമ്പോക്കില്‍
വയസ്സറിയിച്ച സ്വര്‍ണ്ണലതയായി
എകാന്തയായ മാതളനാരകം.
അകത്തളത്തില്‍
ധ്യാനത്തിലിരിക്കുന്ന തത്ത
ഒരു മൂങ്ങയുടെ പകലുറക്കത്തിലാണ്.
ഗൃഹാതുരമായ ഒരു വിവാഹ വീഡിയോ
തേന്‍ പെയ്യിക്കുന്ന സംഗീതം!
അതിഥികളുടെ പാദം നമിക്കുന്ന
രോമത്തൊങ്ങലണിഞ്ഞ അമ്മനായ.
അരികിലൊരു കൂട്ടില്‍
മാമുണ്ടുറങ്ങിയ നാല് കുഞ്ഞുങ്ങള്‍...
പളുങ്ക് കണ്ണുകളില്‍ കൌതുകം.
ഷിവാസിന്റെ പാനപാത്രത്തില്‍
ഹിമാലയം നിറയുമ്പോള്‍
ചിരിക്കോളില്‍ തൃശ്ശൂര്‍ പൂരം
പുനര്‍ജ്ജനിച്ചു
മധുരം, കൊഴുപ്പ്,
മനോനിയന്ത്രണം.
മലയാളം, വേഗപാത,
മാര്‍ക്സിസം.
ആഗോളം, അഫ്ഗാനിസ്ഥാന്‍,
അമേരിക്ക.
സവാള, കാരറ്റ്, വെള്ളരിക്ക...
ഷിവാസില്‍ നിന്ന് ഷാവേസിലേക്ക്
ഒരു ഭൂഖണ്ഡാന്തര മിസൈല്‍.
തൂങ്ങിയാടുന്ന കണ്ണുകള്‍
അപ്പോളാണ് കണ്ടത്
അലമാരയില്‍ വാതുറന്ന്
ഒരു വലിയ ചീങ്കണ്ണി
അതിന്റെ വായില്‍ നിന്ന്
ചരിത്രം എന്നിലേക്ക് കുതിച്ചു ചാടി.
മഴയ്ക്കുശേഷവും പെയ്യുന്ന മരം
എനിക്കൊരു കുട തന്നു.

ഒരു ലൈംഗിക തൊഴിലാളിയുടെ
ജീവിതത്തില്‍ നിന്നും
സുലോജ് മഴുവന്നിക്കാവ്
ഹോം നേഴ്സ് ആയാണ്
ജീവിതം തുടങ്ങിയത്
അകാലത്തില്‍ മരിച്ചുപോയ
അപ്പന് മുന്നില്‍
മിഴിവാര്‍ത്തു
കിടപ്പായ അമ്മയോടും,
ഒരു മനോരോഗിയെ
തലയില്‍ വെച്ച് കെട്ടിയ
ഭര്‍ത്താവിന്റെ വീട്ടുകാരോടും,
കയറികിടക്കാന്‍ ഇടം തേടിയപ്പോള്‍
തെരുവിലേക്ക് വഴി കാണിച്ച
പലിശക്കാരോടും പരാതിയില്ല.
കാരണം മൂടുപടമണിഞ്ഞ
മുഖങ്ങളെ തിരിച്ചറിയാന്‍ ഇതല്ലാതെ
മറ്റേതു തൊഴിലിനാകും..!?
ഉണ്ടായിരുന്നു
കൌമാരത്തില്‍
മഷിക്കുപ്പി മുക്കി എഴുതിയ
ഒരു കവിജീവിതം.
പൂക്കള്‍ക്ക് ഭംഗിയുണ്ടെന്നും
പുഞ്ചിരിയില്‍ പ്രേമം
ഒളിച്ചിരിപ്പുണ്ടെന്നും
പാവാടതുമ്പില്‍ പിടുത്തമിട്ടു
ഓടിവരുന്ന മഴയില്‍
ജീവിതം പ്രണയാതുരമെന്നും
പഠിപ്പിച്ച കൂട്ടുകാരന്‍.
സ്കൂളിലേക്ക് പോകും വഴി
കുളക്കടവില്‍
തെന്നിവീണ അവനോടൊപ്പം
എന്റെ കവിതയും
ജീവിതവും
മറുപടിയില്ലാതെ
മുങ്ങി മരണപ്പെട്ടു പോയിരുന്നു.
ബാക്കി ഈ ജീവിതം
കളര്‍ തേഞ്ഞുപോയ
ചായങ്ങള്‍ കൊണ്ട് തുന്നിയതാണ്.
ഉടലിന്റെ സാധ്യതയില്‍
ആരൊക്കെയോ വരച്ച
വരകളാകുന്നു ജീവിതം !
ഇതും ജീവിതം ആണെന്ന്
നിങ്ങള്‍ തിരിച്ചറിയുക.
നിങ്ങളെ പോലെ തന്നെ
ജീവിച്ചു തീര്‍ക്കേണ്ടുന്ന
ഒരു സാധാരണ ജീവിതം മാത്രം.

വേശ്യ
ടി.സി.വി.സതീശന്‍

ചുംബനം ഏറ്റുവാങ്ങിയപ്പോള്‍
എന്റെ ചുണ്ടുകള്‍ക്കറിയില്ല
അതു വേശ്യയുടെതാണെന്ന്
മുഴുത്തമാറില്‍
മുഖമമര്‍ത്തിയപ്പോള്‍
മുലകള്‍ പറഞ്ഞില്ല
അതു പിഴച്ച പെണ്ണിന്റേതെന്ന്
എന്റെ ഉഷ്ണത്തെ കെടുത്തിയ
മഞ്ഞുമലകള്‍ ആയിരുന്നു
അപ്പോഴവ.
അഗ്നികള്‍ കെട്ടടങ്ങുകയും
മഞ്ഞുരുകുകയും ചെയ്ത
പശിയടങ്ങിയ രാത്രിയില്‍
ഞാന്‍ തളര്‍ന്നുറങ്ങിയപ്പോള്‍
അരികില്‍ അവളുണ്ടായിരുന്നു
എന്റെ പ്രണയിനിയായി,
കാമിനിയായി
പുലര്‍കാലത്തെ
സൂര്യനെ തഴുകി വന്ന
കാറ്റാണ് പറഞ്ഞത്
അവള്‍ വേശ്യയാണ്,
പിഴച്ചവളാണെന്ന്.
വെയില്‍ മൂത്തപ്പോള്‍
വെളിപാടുപോലെ
ഞാനും പറഞ്ഞു
അവള്‍ പിഴച്ചവളാണ്,
വേശ്യയാണ് .

ടി.സി.വി. സതീശന്‍
ശ്രീരേഖ
അന്നൂര്‍
പയ്യന്നൂര്‍ 670307
മൊബൈല്‍ : 9447685185
Comments
RSS feed for comments to this post