സഖാക്കളുടെ സഖാവ്
ഡോ. പി മോഹന്‍ദാസ്
![]() |
|
1934 ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടി പുന:സംഘടിപ്പിക്കപ്പെട്ടതോടെ പി.സുന്ദരയ്യ, എസ്.വി.ഘാട്ടെ തുടങ്ങിയ നേതാക്കള്‍ സഖാവ് കൃഷ്ണപിള്ളയുമായും ഇ.എം.എസുമായും ബന്ധപ്പെട്ടു. ജയിലില്‍ വെച്ച് തന്നെ കമ്യൂണിസത്തിന്റേയും മാര്‍ക്സിസത്തിന്റേയും ബാലപാഠങ്ങള്‍ മനസ്സിലാക്കിയിരുന്ന സഖാവ് 'എന്താണ് മാര്‍ക്സിസ'മെന്ന എമില്‍ബേണ്‍സിന്റെ കൃതിയടക്കം ലഭ്യമായ ഗ്രന്ഥങ്ങള്‍ ഇതിനകം പഠനവിധേയമാക്കിയിരുന്നു. സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെക്കുറിച്ചും മറ്റും ലേഖനങ്ങളും ഗ്രന്ഥങ്ങളും പഠിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലെ നാലുപേരാണ് 1937 ല്‍ കോഴിക്കോട്ട് വെച്ച് രഹസ്യമായ കമ്യൂണിസ്റ് പാര്‍ടിയുടെ ഘടകം രൂപീകരിച്ചത്. അതിന്റെ വിപുലമായ രൂപമായിട്ടായിരുന്നു മലബാറിന്റെ കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടി ഒന്നടങ്കം 1939-ല്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ കേരളഘടകമായി രൂപപ്പെട്ടത്. |
ഇന്നത്തെ കോട്ടയം ജില്ലയില്‍ വൈക്കത്ത് 1906 ല്‍ മണപ്പള്ളി നാരായണന്‍ നായരുടേയും പറ്റൂര്‍ വീട്ടില്‍ പാര്‍വതിയുടെയും മകനായി കൃഷ്ണപിള്ള ജനിച്ചു. സമ്പന്നമായ ഒരു തറവാട്ടിലായിരുന്നു ജനനമെങ്കിലും കൃഷ്ണപിള്ള ജനിക്കുമ്പോഴേക്കും ആ തറവാട് ദാരിദ്യ്രത്തിലേക്ക് വഴുതി വീണിരുന്നു. അതുകൊണ്ട് തന്നെ ആഗ്രഹിച്ച വിധത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. നാലാം ക്ളാസില്‍ പഠിപ്പു നിര്‍ത്തിയ കൃഷ്ണപിള്ള മാതാവിന്റെയും പിതാവിന്റെയും മരണത്തെ തുടര്‍ന്ന് 14-ാം വയസ്സില്‍ അനാഥനായി. സ്വന്തം ഉപജീവനത്തിനായി അദ്ദേഹം ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളിയായി. സൈക്കിള്‍ കടയിലും കാപ്പിക്കടയിലും അദ്ദേഹം പണിയെടുത്തു.
ദേശീയസ്വാതന്ത്യ്രസമരത്തിന്റെ അലയൊലികള്‍ അങ്ങിങ്ങ് മുഴങ്ങിയ അക്കാലത്ത് പുതിയ ആശയങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ ആശയങ്ങളും നവോത്ഥാന ആശയങ്ങളും ആ യുവമനസ്സില്‍ പുതിയ അലകള്‍ സൃഷ്ടിച്ചു. വൈക്കം സത്യാഗ്രഹം പുതിയ ബോധത്തിന്റെ തിരമാലകള്‍ ഉയര്‍ത്തിയപ്പോള്‍ കൃഷ്ണപിള്ള എന്ന യുവാവ് പുതിയ ഒരു വ്യക്തിയായി മാറി.
ഹിന്ദി പഠനവും ഖദര്‍വസ്ത്രവും സ്വദേശിയും അദ്ദേഹത്തെ ആകര്‍ഷിച്ചു. അങ്ങിനെ 1927 ല്‍ അദ്ദേഹം വടക്കേ ഇന്ത്യയില്‍ സഞ്ചരിക്കുകയും അലഹബാദിലും ബനാറസിലുമായി താമസിക്കുകയും ചെയ്തു. അവിടെ തൊഴിലിനോടൊപ്പം ഹിന്ദി പഠിക്കുകയും ഹിന്ദി പ്രചരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങിനെ ദക്ഷിണഭാരതഹിന്ദി പ്രചാരസഭയുടെ പ്രചാരകനായി 1929 ല്‍ അദ്ദേഹം തൃപ്പൂണിത്തുറയില്‍ എത്തിച്ചേര്‍ന്നു.
ഹിന്ദി പ്രചാരണം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയില്‍ നടത്തിയ കൃഷ്ണപിള്ള മലബാറിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സത്യാഗ്രഹ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. 1930-31 ല്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പനോടും എ.കെ.ജിയോടുമൊപ്പം സജീവമായ പങ്ക് വഹിക്കാന്‍ സഖാവ് കൃഷ്ണപിള്ളയുണ്ടായിരുന്നു. അവിടെ അമ്പലത്തില്‍ കയറി മണിയടിച്ചപ്പോള്‍ കൃഷ്ണപിള്ളയെ ക്രൂരമായി മര്‍ദ്ദിച്ച യാഥാസ്ഥിതികരോട് അദ്ദേഹം പറഞ്ഞ പരിഹാസവാക്കുകള്‍ പ്രസിദ്ധമാണല്ലോ. "ഉശിരുള്ള നായര്‍ മണിയടിക്കും, എച്ചില്‍ പെറുക്കി നായന്മാര്‍ അവരുടെ പുറത്തടിക്കും''
1931 ല്‍ പയ്യന്നൂരും കോഴിക്കോടും നടന്ന ഉപ്പുസത്യാഗ്രഹത്തിലും സഖാവ് സജീവ പങ്കാളിയും നേതാവുമായി. കോഴിക്കോട് കടപ്പുറത്ത് സത്യാഗ്രഹികളെ അതിക്രൂരമായി പോലീസ് മര്‍ദ്ദിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാക മാറോടടുക്കിപ്പിടിച്ച് അത് വിട്ടുകൊടുക്കാതെ മര്‍ദ്ദനം ഏറ്റുവാങ്ങിയ സഖാവിന്റെ ധൈര്യവും സ്ഥൈ ര്യവും സഹനശക്തിയും അന്യാദൃശ്യമാണ്.
ഗാന്ധി-ഇര്‍വിന്‍ സന്ധിയെ തുടര്‍ന്ന് ഉപ്പുസത്യാഗ്രഹം പിന്‍വലിച്ചപ്പോള്‍ കൃഷ്ണപിള്ളയടക്കമുള്ള അതൃപ്തരായ കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിക്ക് രൂപം കൊടുത്തു. ജയിലില്‍ വെച്ച് തന്നെ അത്തമൊരാശയം അദ്ദേഹത്തില്‍ അങ്കുരിച്ചിരുന്നു. വടക്കേഇന്ത്യയിലെ തടവുകാരും കേരളത്തിലെ ഉപ്പുസത്യാഗ്രഹതടവുകാരും ജയിലില്‍ വെച്ച് ആശയവിനിമയം നടത്തുകയും പുതിയ പാര്‍ടിയുടെ രൂപീകരണത്തിന് കളമൊരുങ്ങുകയും ചെയ്തു. അങ്ങിനെ ജയില്‍മോചിതനായ ശേഷം 1934-ല്‍ തന്നെ കൃഷ്ണപിള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
1934 ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടി പുന:സംഘടിപ്പിക്കപ്പെട്ടതോടെ പി.സുന്ദരയ്യ, എസ്.വി.ഘാട്ടെ തുടങ്ങിയ നേതാക്കള്‍ സഖാവ് കൃഷ്ണപിള്ളയുമായും ഇ.എം.എസുമായും ബന്ധപ്പെട്ടു. ജയിലില്‍ വെച്ച് തന്നെ കമ്യൂണിസത്തിന്റേയും മാര്‍ക്സിസത്തിന്റേയും ബാലപാഠങ്ങള്‍ മനസ്സിലാക്കിയിരുന്ന സഖാവ് 'എന്താണ് മാര്‍ക്സിസ'മെന്ന എമില്‍ബേണ്‍സിന്റെ കൃതിയടക്കം ലഭ്യമായ ഗ്രന്ഥങ്ങള്‍ ഇതിനകം പഠനവിധേയമാക്കിയിരുന്നു. സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെക്കുറിച്ചും മറ്റും ലേഖനങ്ങളും ഗ്രന്ഥങ്ങളും പഠിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലെ നാലുപേരാണ് 1937 ല്‍ കോഴിക്കോട്ട് വെച്ച് രഹസ്യമായ കമ്യൂണിസ്റ് പാര്‍ടിയുടെ ഘടകം രൂപീകരിച്ചത്. അതിന്റെ വിപുലമായ രൂപമായിട്ടായിരുന്നു മലബാറിന്റെ കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടി ഒന്നടങ്കം 1939-ല്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ കേരളഘടകമായി രൂപപ്പെട്ടത്.
കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയുടേയും കമ്യൂണിസ്റ് പാര്‍ടിയുടേയും ഘടകങ്ങള്‍ രൂപീകരിക്കുകയും രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ത്തന്നെ സഖാവ് കോണ്‍ഗ്രസില്‍ തുടരുകയും കെ.പി.സി.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിക്കൊണ്ടു തന്നെ തൊഴിലാളി-കര്‍ഷക വര്‍ഗസംഘടനകള്‍ രൂപീകരിക്കാനും അതിന്റെ സമരപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാനും സഖാവ് സമയം കണ്ടെത്തി.
1940-ലെ സാമ്രാജ്യവിരുദ്ധ സമരവേലിയേറ്റത്തിന് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് സഖാവിന്റെ സംഘടനാപരമായ മിടുക്കായിരുന്നു. ഭീകരമായ പോലീസ് നായാട്ടു നടക്കുന്ന സന്ദര്‍ഭത്തിലും സഖാവ് മോറാഴയിലും പരിസരപ്രദേശങ്ങളിലും താമസിച്ച് സഖാക്കള്‍ക്ക് ആവേശവും കരുത്തും പകര്‍ന്നു.
സ്വാതന്ത്യ്രലബ്ധിക്കുശേഷം കല്‍ക്കാസമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് പുതിയൊരുസമരവേലിയേറ്റത്തിന് രൂപം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് മുഹമ്മക്കടുത്ത് കണ്ണാര്‍ക്കാടു വെച്ച് പാമ്പുകടിയേറ്റ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്.
ക്രാന്തദര്‍ശിയായ ജനനായകനും അജയ്യനായ ഒരു പോരാളിയും കര്‍മ്മനിരതനായ ഒരു വിപ്ളവകാരിയുമായ സഖാവ് കൃഷ്ണപിള്ള കേരളത്തിലെ വിപ്ളവപ്രസ്ഥാനം സംഭാവന ചെയ്ത അതുല്യമായ ഒരു പ്രതിഭാസമാണ്. ഇതിഹാസസമാനമായ പോരാട്ടവീര്യത്തിന്റെ മറ്റൊരു പേരാണ് സഖാവ് കൃഷ്ണപിള്ള.