കുതിപ്പിന്റെ സൌന്ദര്യശാസ്ത്രം
എ എന്‍ രവീന്ദ്രദാസ്
![]() |
|
2000ല്‍ സിഡ്നിയില്‍ അമേരിക്കയുടെ മൌറിസ് ഗ്രീന്‍ 9.87 സെക്കന്‍ഡിലും 2004ല്‍ ആതന്‍സില്‍ അമേരിക്കയുടെതന്നെ ജസ്റിന്‍ ഗാറ്റ്ലിന്‍ 9.85 സെക്കന്‍ഡിലും വേഗത്തിന്റെ രാജാക്കന്മാരായി. കാള്‍ ലൂയിസ്, ബെന്‍ ജോണ്‍സണ്‍, ലെറോയ് ബുറല്‍, ഡോണോവന്‍ ബെയ്ലി തുടങ്ങിയവരെല്ലാം സെക്കന്‍ഡിന്റെ നൂറിലൊന്നുവീതമാണ് കുറച്ചുകൊണ്ടുവന്നത്. മൌറിസ് ഗ്രീന്‍ നൂറിലൊന്നിന്റെ അഞ്ച് അംശങ്ങള്‍ ഒറ്റ മത്സരത്തില്‍ത്തന്നെ മെച്ചപ്പെടുത്തി. അസഫ പവല്‍ അതു തുടര്‍ന്നു. യുസൈന്‍ ബോള്‍ട്ട് ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നു. ബര്‍ലിന്‍ ലോകമീറ്റില്‍ ഒറ്റയടിക്ക് 11 അംശങ്ങള്‍ കുറച്ചാണ് ബോള്‍ട്ട് 9.58ന്റെ ലോകറെക്കോഡ് സൃഷ്ടിച്ചത്. 41 കാല്‍ക്കുതിപ്പില്‍ ബോള്‍ട്ട് 100 മീറ്റര്‍ കടക്കും. ഫിനിഷിങ് ലൈനിലേക്കുള്ള കുതിപ്പില്‍ ഏറ്റവും കുറച്ചുതവണ മണ്ണില്‍ തൊടുന്ന ആള്‍. അതേ, ചിറകില്ലെങ്കിലും ബോള്‍ട്ട് പറക്കുകയാണ്. ഈ കുതിപ്പ് ഏതുവരെ എത്തും? |
2009ലെ ബര്‍ലിന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ താന്‍ സൃഷ്ടിച്ച 9.58 സെക്കന്‍ഡിന്റെ ലോകറെക്കോഡിനെ തൊടാനായില്ലെങ്കിലും ബോള്‍ട്ട് ചെയ്യുന്നത് സാധാരണ മനുഷ്യന് ചെയ്യാനാവില്ലെന്ന് കായികലോകവും ശാസ്ത്രലോകവും വിലയിരുത്തുന്നു. ആറടി അഞ്ചിഞ്ചുകാരനായ (1.95 മീറ്റര്‍) ബോള്‍ട്ട് ഒറ്റക്കുതിപ്പില്‍ പിന്നിടുന്നത് 2.439 മീറ്റര്‍. മറ്റൊരു സ്പ്രിന്റര്‍ക്കും ഇതുവരെ കഴിയാത്ത ദൂരം. 1968ലെ മെക്സിക്കോ ഒളിമ്പിക്സില്‍ അമേരിക്കയുടെ ജിം ഹൈന്‍സ് ആണ് 100 മീറ്റര്‍ ആദ്യമായി 10 സെക്കന്‍ഡില്‍താഴെ ഓടിയെത്തിയ വ്യക്തി. എന്നാല്‍, ഹൈന്‍സും യുസൈന്‍ ബോള്‍ട്ടും 100 മീറ്റര്‍ ഓടിയാല്‍ ബോള്‍ട്ട് ഫിനിഷിങ്ലൈന്‍ കടക്കുമ്പോള്‍ മെക്സിക്കോയിലെ സ്പ്രിന്റ് രാജാവ് മൂന്നര മീറ്ററെങ്കിലും പിന്നിലായിരിക്കും.
മെക്സിക്കോമുതല്‍ ലണ്ടന്‍വരെയുള്ള 44 വര്‍ഷത്തിനിടയില്‍ 100 മീററര്‍ ഓട്ടക്കാര്‍ അടര്‍ത്തിമാറ്റിയത് 0.32 സെക്കന്‍ഡ്. ആധുനിക ശാസ്ത്രയുഗത്തില്‍ ബയോണിക്സിന്റെയും ക്ളോണിങ്ങിന്റെയും സംയുക്തരൂപമായ ഒരു മനുഷ്യന്‍ 100 മീറ്റര്‍ പന്തയത്തിനിറങ്ങുന്ന കാലവും ഭാവനയില്‍ കാണേണ്ടതുണ്ട്. എന്നാല്‍, ഹോമോസാപിയന്‍സ് എന്ന മനുഷ്യജീവിക്ക് 100 മീറ്ററില്‍ കൈവരിക്കാവുന്ന ഏറ്റവും കുറഞ്ഞ സമയം 9.40 സെക്കന്‍ഡാണെന്ന് ശാസ്ത്രലോകം വിധിക്കുന്നു. തനിക്ക് ആ സമയത്തിലോടാന്‍ കഴിയുമെന്നും ഇതിഹാസമാകാന്‍തന്നെയാണ് പുറപ്പാടെന്നും യുസൈന്‍ ബോള്‍ട്ട് ഉറക്കെ പ്രഖ്യാപിക്കുന്നു. ജെസ്സി ഓവന്‍സില്‍നിന്നാരംഭിച്ച് ഇങ്ങ് എത്തിനില്‍ക്കുന്ന സ്പ്രിന്റര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ വ്യക്തമാവും ബോള്‍ട്ടിന്റെ കരുത്ത്. മെക്സിക്കോയില്‍ ഹൈന്‍സ് 10 സെക്കന്‍ഡില്‍ താഴെ സമയം കുറിച്ചപ്പോള്‍ ശാസ്ത്രലോകം അമ്പരന്നിരിക്കാമെങ്കിലും അത്ലറ്റിക് ലോകം ഒരു സ്വാഭാവിക സംഭവമായിട്ടേ ആ വീരഗാഥയെ സ്വാഗതംചെയ്യുകയുണ്ടായുള്ളു.
1954ല്‍ ബ്രിട്ടന്റെ റോജര്‍ ബാനിസ്റര്‍ നാലു മിനിറ്റില്‍താഴെ സമയത്തില്‍ ഒരു മൈല്‍ നടാടെ ഓടിയെത്തിയപ്പോഴും വിദഗ്ധന്മാര്‍ പറഞ്ഞു രണ്ടാമതൊരാള്‍ ഇനി അങ്ങനെ ഓടില്ല. ഇപ്പോള്‍ 1500 മീറ്റര്‍ ഈ സമയത്തിനുള്ളില്‍ ഓടുന്ന എത്രയോ പേരുണ്ട്. 100 മീറ്ററില്‍ 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ കാള്‍ലൂയിസ് 9.99 സെക്കന്‍ഡാണ് കുറിച്ചത്. നാലു വര്‍ഷം കഴിഞ്ഞ് സോളില്‍ ലൂയിസ് തന്റെ സമയം 9.92 സെക്കന്‍ഡിലേക്കു കുറച്ച് ഒളിമ്പിക് റെക്കോഡിനുടമയായി. 1992ല്‍ ബ്രിട്ടീഷുകാരന്‍ ലിന്‍ഫോര്‍ഡ് ക്രിസ്റി 9.96 സെക്കന്‍ഡെടുത്തപ്പോള്‍ '96ല്‍ അറ്റ്ലാന്റയില്‍ നടന്ന ശതാബ്ദി ഗെയിംസില്‍ കനഡയുടെ ഡോണോവന്‍ ബെയ്ലി 9.84 സെക്കന്‍ഡില്‍ ലോകറെക്കോഡിനുടമയായി.
2000ല്‍ സിഡ്നിയില്‍ അമേരിക്കയുടെ മൌറിസ് ഗ്രീന്‍ 9.87 സെക്കന്‍ഡിലും 2004ല്‍ ആതന്‍സില്‍ അമേരിക്കയുടെതന്നെ ജസ്റിന്‍ ഗാറ്റ്ലിന്‍ 9.85 സെക്കന്‍ഡിലും വേഗത്തിന്റെ രാജാക്കന്മാരായി. കാള്‍ ലൂയിസ്, ബെന്‍ ജോണ്‍സണ്‍, ലെറോയ് ബുറല്‍, ഡോണോവന്‍ ബെയ്ലി തുടങ്ങിയവരെല്ലാം സെക്കന്‍ഡിന്റെ നൂറിലൊന്നുവീതമാണ് കുറച്ചുകൊണ്ടുവന്നത്. മൌറിസ് ഗ്രീന്‍ നൂറിലൊന്നിന്റെ അഞ്ച് അംശങ്ങള്‍ ഒറ്റ മത്സരത്തില്‍ത്തന്നെ മെച്ചപ്പെടുത്തി. അസഫ പവല്‍ അതു തുടര്‍ന്നു. യുസൈന്‍ ബോള്‍ട്ട് ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നു. ബര്‍ലിന്‍ ലോകമീറ്റില്‍ ഒറ്റയടിക്ക് 11 അംശങ്ങള്‍ കുറച്ചാണ് ബോള്‍ട്ട് 9.58ന്റെ ലോകറെക്കോഡ് സൃഷ്ടിച്ചത്. 41 കാല്‍ക്കുതിപ്പില്‍ ബോള്‍ട്ട് 100 മീറ്റര്‍ കടക്കും. ഫിനിഷിങ് ലൈനിലേക്കുള്ള കുതിപ്പില്‍ ഏറ്റവും കുറച്ചുതവണ മണ്ണില്‍ തൊടുന്ന ആള്‍. അതേ, ചിറകില്ലെങ്കിലും ബോള്‍ട്ട് പറക്കുകയാണ്. ഈ കുതിപ്പ് ഏതുവരെ എത്തും?.