സെമിനാറുകളുടെ സ്വന്തം നാടോ?
ഡോ. കെ എന്‍ പണിക്കര്‍
![]() |
|
കേരളത്തിലെ മന്ത്രിമാരുടെ ചുമതലകളില്‍ പ്രധാനപ്പെട്ടത് സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യുകയും പുസ്തകം പ്രകാശനം ചെയ്യുകയുമാണ്. നാലോ-അഞ്ചോ അത്തരം പരിപാടികളില്‍ പങ്കെടുക്കാത്ത മന്ത്രിമാരുണ്ടാകുകയില്ല. സര്‍വ്വകലാശാലകളിലെ സെമിനാറുകള്‍പോലും മന്ത്രിമാരും ജനപ്രതിനിധികളും അവരുടെ സാന്നിധ്യംകൊണ്ട് ധന്യമാക്കുന്നു. സ്വാഭാവികമായും കുറെയേറെ സമയം ഇതിന് വേണ്ടി നഷ്ടപ്പെടുത്തുന്നു. ഭരണകാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട സമയമാണിത്. ഒന്നില്‍ കൂടുതല്‍ ഉദ്ഘാടനപരിപാടികളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്ന് നിശ്ചയിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടോ എന്നറിയില്ല. ഇല്ലെങ്കിലും അനൌപചാരികമായി വിലക്കുകയെങ്കിലും ചെയ്യേണ്ടതാണ്. |
സെമിനാറുകള്‍ക്ക് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒരു വിഷയത്തില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള അറിവ് ശ്രോതാക്കളില്‍ എത്തിക്കുക. ഓരോ വിഷയത്തിലും പ്രഗത്ഭരായ വ്യക്തികള്‍ ആ വിഷയത്തിലെ ഗവേഷണങ്ങളെ കുറിച്ചും അന്വേഷണങ്ങളെ കുറിച്ചുമുള്ള അറിവുകള്‍, അവയുടെ രത്നചുരുക്കം സെമിനാറുകളില്‍ അവതരിപ്പിക്കുന്നു. ഇത്തരം അവതരണങ്ങളിലൂടെ സെമിനാറില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന വിഷയസംബന്ധിയായ അഭിപ്രായഐക്യത്തിലൂടെ ആ വിഷയത്തിന്റെ പഠനത്തില്‍ മുന്നോട്ട് പോകാന്‍ ഉപകരിക്കും. മറ്റൊരു ലക്ഷ്യം ഈ മേഖലകളില്‍ നിലനില്‍ക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ഇനി ഏത് ദിശയിലേക്കാണ് അന്വേഷണങ്ങള്‍ മുന്നോട്ട് പോകേണ്ടത് എന്നതിനെ കുറിച്ച് ചിന്തിക്കാനുള്ള ഒരവസരമൊരുങ്ങുന്നു എന്നതാണ്. ഈ രണ്ട് ലക്ഷ്യങ്ങളാണ് പൊതുവില്‍ പ്രധാനപ്പെട്ട എല്ലാ സെമിനാറുകളിലും ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നത്.
ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മിക്കവാറും എല്ലാ പരിപാടികളുടെയും ഭാഗമായി ഇവിടെ സെമിനാറുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അത് രാഷ്ട്രീയ സമ്മേളനങ്ങള്‍ ആയാലും സമുദായ സമ്മേളനങ്ങള്‍ ആയാലും സര്‍വ്വീസ് സംഘടനകളുടെ സമ്മേളനങ്ങള്‍ ആയാലും അവയുടെയെല്ലാം അനിവാര്യമായ ഒരു ഭാഗമായി സെമിനാറുകള്‍ ഉണ്ടാവുന്നു. ഇത് നല്ല വഴക്കമല്ല എന്നൊരഭിപ്രായം എനിക്കില്ല. പക്ഷെ, എങ്ങനെയാണ് ഈ സെമിനാറുകള്‍ സംഘടിപ്പിക്കപ്പെടുന്നത്? അവയുടെ സ്വഭാവമെന്താണ്? എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാവണമെന്ന് തോന്നുന്നു.
ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സെമിനാറുകളില്‍ അതില്‍ ചര്‍ച്ചചെയ്യുന്ന വിഷയത്തെ കുറിച്ച് ഗ്രാഹ്യമുള്ളവരോ, ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നവരോ പങ്കെടുക്കണം എന്നില്ല. മിക്കവാറും എല്ലാ സെമിനാറുകളിലും രാഷ്ട്രീയ നേതാക്കന്‍മാരുടെ വലിയ പങ്കാളിത്തം കാണാന്‍ സാധിക്കും. അവരില്‍ പലര്‍ക്കും ആ വിഷയവുമായി വളരെ വലിയ അടുപ്പമൊന്നും ഉണ്ടാകണം എന്നില്ല. പക്ഷെ, ഏതെങ്കിലും ഒരു സംഘടനയുടെയോ സ്ഥാപനത്തിന്റെയോ കീഴില്‍ സെമിനാറുകള്‍ നടക്കുമ്പോള്‍ ആ പ്രദേശത്തുള്ള രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് പ്രാതിനിധ്യം ലഭിക്കേണ്ടത് ഒരലിഖിത നിയമമെന്ന പോലെ അടിച്ചേല്‍പ്പിക്കപ്പെടുന്നു. കുറച്ച് ദിവസം മുമ്പ് കേരള അസംബ്ളിയിലുണ്ടായ ഒരു സംഭവം ഉദാഹരണമാണ്. ഈ അലിഖിത നിയമത്തിലൂടെ കരഗതമാവുന്ന അവകാശം ഒരു സെമിനാറിന്റെ പൊതുസ്വഭാവവുമായി ഒത്തുപോകാറില്ല.
ഒരിക്കല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷകനായ ഒരു വ്യക്തി ഏകദേശം ഒന്നരമണിക്കൂര്‍ പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ സെമിനാര്‍ വിഷയം കടന്നുവന്നേയില്ല. അവസാനം അദ്ദേഹം പറഞ്ഞത് ഈ വിഷയത്തെ കുറിച്ച് ഇനിവരാനിരിക്കുന്നവര്‍ സംസാരിക്കും ഞാന്‍ പൊതുവായ ചില കാര്യങ്ങളാണ് പറഞ്ഞത് എന്നാണ്. മൈതാന പ്രസംഗങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതിനെ കുറച്ച് കാണാന്‍ പാടില്ല. എന്നാല്‍, മൈതാനപ്രസംഗങ്ങളെയും സെമിനാര്‍ അവതരണങ്ങളെയും വേര്‍തിരിച്ച് കാണുകതന്നെ വേണം. ഇത്തരത്തിലുള്ള ഗൌരവക്കുറവുകള്‍ കൊണ്ട് കേരളത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സെമിനാറുകള്‍ സ്വാഗതാര്‍ഹമാണ് എങ്കില്‍ കൂടി അവയുടെ സ്വഭാവത്തില്‍ വളരെ അടിസ്ഥാനപരമായ മാറ്റം സംഭവിക്കേണ്ടത് അത്യാവശ്യമാണ്. ആ മാറ്റത്തിന്റെ ലക്ഷ്യം ജനങ്ങളുടെ അവബോധതലത്തെ ഉയര്‍ത്താനും അവരുടെ അറിവിനെ വിപുലീകരിക്കാനുമുള്ള സന്ദര്‍ഭമായി സെമിനാറിനെ കാണുക എന്നതാണ്. സെമിനാറുകള്‍ വളരെ വലിയ സഭകള്‍ ആവണമെന്നില്ല. ചെറിയ കൂട്ടായ്മകളില്‍ നിന്ന് നിലവാരമുള്ള തലത്തില്‍ വിഷയ ഏകോപനം നടക്കാനുള്ള സാധ്യതകളുണ്ട്. ഒരു പരിപാടിയുടെ ഭാഗമായും കൊല്ലത്തിലൊരിക്കല്‍ നടത്തിവരുന്ന കീഴ്വഴക്കമനുസരിച്ച് സംഘടിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ നിരന്തരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദമാവുക എന്നതാണ് യാഥാര്‍ത്ഥ്യം.
സെമിനാറുകളുടെ കാര്യത്തില്‍ ഇവിടെ നിലനില്‍ക്കുന്ന പൊതുസ്വഭാവം വാസ്തവത്തില്‍ കേരളത്തിലെ അക്കാദമിക സെമിനാറുകളെ പോലും സ്വാധീനിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. പല അക്കാദമിക് സെമിനാറുകളിലും മുന്‍കൂട്ടി വേണ്ടത്ര ശുഷ്കാന്തിയോടെ തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം എന്നതില്‍ നിന്ന് മിക്കവാറും എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളെ കുറിച്ചും ക്ളാസുകളില്‍ കുട്ടികളെ പഠിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഒരു ആഴ്ചമാത്രം മുന്നില്‍ നില്‍ക്കെ പ്രഖ്യാപിക്കുന്ന സെമിനാറുകളാണ് സംഭവിക്കുന്നതില്‍ ഏറെയും. ഗൌരവപൂര്‍വമായ ഒരു സെമിനാറും ഒരു പണ്ഡിതന്, അധ്യാപകന് ചുരുങ്ങിയത് ആറ് മാസത്തെയെങ്കിലും സമയം കൊടുക്കാതെ സംഘടിപ്പിച്ചുകൂട. മറ്റുപല രാജ്യങ്ങളിലും ഓരോ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത് രണ്ടും മൂന്നും കൊല്ലത്തെ മുന്നറിയിപ്പുകള്‍ക്ക്, മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ്. നമുക്ക് അത് സാധ്യമായില്ല എങ്കില്‍കൂടി അഞ്ചാറ് മാസത്തെ മുന്നൊരുക്കമെങ്കിലും ആവശ്യമാണ്.
കേരളത്തിലെ മന്ത്രിമാരുടെ ചുമതലകളില്‍ പ്രധാനപ്പെട്ടത് സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യുകയും പുസ്തകം പ്രകാശനം ചെയ്യുകയുമാണ്. നാലോ-അഞ്ചോ അത്തരം പരിപാടികളില്‍ പങ്കെടുക്കാത്ത മന്ത്രിമാരുണ്ടാകുകയില്ല. സര്‍വ്വകലാശാലകളിലെ സെമിനാറുകള്‍പോലും മന്ത്രിമാരും ജനപ്രതിനിധികളും അവരുടെ സാന്നിധ്യംകൊണ്ട് ധന്യമാക്കുന്നു. സ്വാഭാവികമായും കുറെയേറെ സമയം ഇതിന് വേണ്ടി നഷ്ടപ്പെടുത്തുന്നു. ഭരണകാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട സമയമാണിത്. ഒന്നില്‍ കൂടുതല്‍ ഉദ്ഘാടനപരിപാടികളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്ന് നിശ്ചയിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടോ എന്നറിയില്ല. ഇല്ലെങ്കിലും അനൌപചാരികമായി വിലക്കുകയെങ്കിലും ചെയ്യേണ്ടതാണ്.
സെമിനാറുകളുടെ പേരില്‍ കേരളത്തില്‍ ഒരു പാട് അമിതവ്യയം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരുഭാഗത്ത് ഈ അമിതവ്യയം ഉണ്ടാവുമ്പോള്‍ മറുഭാഗത്ത് സെമിനാര്‍ സംഘാടനത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന ഒരു പ്രതിഫലനവും ഉണ്ടാവുന്നില്ല എന്നതാണ് നേര്. പണം ചിലവാകുന്നു എന്നതല്ലാതെ സെമിനാറുകളെ വേണ്ടവിധത്തില്‍ ആരോഗ്യകരമായല്ല ഉപയോഗിക്കുന്നത് എന്നാണ് നമുക്ക് കാണാന്‍ സാധിക്കുക. അതുകൊണ്ട് സെമിനാറുകളുടെ സംസ്കാരത്തെയും രീതിയെയും സ്വഭാവത്തെയും കുറിച്ച് ഗൌരവപൂര്‍ണമായ ഒരു തിരിച്ചറിവ് ഉണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ സെമിനാറുകളെ ക്രമീകരിക്കുകയും ചെയ്യേണ്ടതാണ്.
Comments
RSS feed for comments to this post