ഗോര്‍ക്കിയുടെ പ്രസക്തി
ഡോ. പി എസ് ശ്രീകല
![]() |
|
ഗോര്‍ക്കിയുടെ ജീവിതം സമൂഹത്തെ മാറ്റിത്തീര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ്. അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും സാംസ്കാരികരംഗത്ത് സംവാദാത്മകമായി നിലകൊള്ളുന്നു. ചരിത്രവര്‍ത്തമാനങ്ങളെ വൈരുധ്യാത്മകമായി വീക്ഷിക്കാനും വിലയിരുത്തുവാനും ഗോര്‍ക്കി നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ അനുസ്മരണവേളയില്‍ ഏറ്റെടുക്കേണ്ടത്. ചരിത്രത്തെ വിസ്മരിക്കാനും വര്‍ത്തമാനത്തില്‍ അഭിരമിക്കാനും പ്രേരിപ്പിക്കുന്ന സങ്കുചിതാപഗ്രഥനങ്ങളുടെയും വ്യക്തിമാഹാത്മ്യത്തെ പാടിപ്പുകഴ്ത്തുന്ന കൂളത്തരങ്ങ (ഗോര്‍ക്കി-വ്യക്തിത്വത്തിന്റെ ശിഥിലീകരണം) ളുടെയും കാലം ഗോര്‍ക്കിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. |
1868 ല്‍ റഷ്യയില്‍ ജനിച്ച അലക്സി മാക്സിമോവിച്ച് പെഷ്കോവ് എന്ന മാക്സിം ഗോര്‍ക്കിക്ക് ഒന്‍പതാം വയസിലെ അനാഥത്വവും വര്‍ഷങ്ങളായുള്ള അലച്ചിലും സമ്മാനിച്ച അനുഭവങ്ങളുടെ ഉത്പന്നങ്ങളായിരുന്നു വിശ്വസാഹിത്യത്തിലെ ക്ളാസിക്കുകള്‍. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതാനുഭവങ്ങളാണ് ഗോര്‍ക്കിയെ രൂപപ്പെടുത്തിയത്. ആ അനുഭവങ്ങളാണ് തന്റെ സര്‍വ്വകലാശാലയെന്ന് ഗോര്‍ക്കി വിശേഷിപ്പിച്ചു. 1892 ലാണ് കയ്പുള്ളത് എന്നര്‍ഥമുള്ള ഗോര്‍ക്കി എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. റഷ്യയിലെ ജീവിതത്തെക്കുറിച്ചുള്ള വിശേഷണവും കയ്പേറിയ സത്യങ്ങള്‍ പറയാനുള്ള ആര്‍ജ്ജവവുമാണ് ആ പേരിനു പിന്നിലുണ്ടായിരുന്നത്.
സോഷ്യലിസ്റ് റിയലിസം എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനായിരുന്നു ഗോര്‍ക്കി. 1899 മുതല്‍ റഷ്യയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും ഗോര്‍ക്കി ഒരുപോലെ ശ്രദ്ധേയനായി. മനുഷ്യനിലെ ആന്തരികമായ മൂല്യത്തിലും നന്മയിലും ശേഷിയിലും ഊന്നുന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ഗോര്‍ക്കിയുടെ കൃതികള്‍ ആത്യന്തികമായി മനുഷ്യനിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെയും പ്രതീക്ഷയെയും പ്രകടമാക്കുന്നു. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ചരിത്രത്തെ കണ്ടെത്തുകയും ഭാവിയെ നിര്‍വ്വചിക്കുകയുമായിരുന്നു അദ്ദേഹം. മനുഷ്യനിലെ നന്മയെ അവതരിപ്പിക്കാനാണ് ഗോര്‍ക്കി ശ്രമിച്ചത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ദുരിതം നിറഞ്ഞ ജീവിതം അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ ആ ജീവിതങ്ങളിലെ സങ്കീര്‍ണ്ണതകളിലൂടെയാണ് നാം യാത്ര ചെയ്യുക. എത്രമാത്രം പീഢനവും ചൂഷണവും ക്രൂരതയും അവര്‍ അനുഭവിക്കുന്നുണ്ടെങ്കിലും മനുഷ്യത്വത്തിന്റെ അവശേഷിപ്പുകള്‍ അവരില്‍ മാത്രമാണുള്ളതെന്ന് ഗോര്‍ക്കി കാട്ടിത്തരുന്നു. വിശ്വസാഹിത്യത്തിലെ ക്ളാസിക്കായ 'അമ്മ' ഗോര്‍ക്കിയുടെ സാമൂഹിക-രാഷ്ട്രീയ-ജീവിത വീക്ഷണത്തിന്റെ പ്രതിഫലനമാണ്.
മതത്തിന്റെ യാഥാസ്ഥിതികത്വത്തെയും പൌരോഹിത്യത്തിന്റെ കാപട്യത്തെയും പണത്തോടുമുള്ള ആസക്തിയെയും ഗോര്‍ക്കി തുറന്നെതിര്‍ത്തു. റഷ്യയുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പരിണാമത്തിന്റെ വക്താവായിരുന്നു ഗോര്‍ക്കി. സാര്‍ ഭരണകൂടത്തെ എതിര്‍ത്തതിന്റെ പേരില്‍ നിരവധി തവണ അദ്ദേഹം തടവിലാക്കപ്പെട്ടു. ഓരോ തവണയും ജയില്‍ മോചിതനാവുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഭരണകൂടത്തെ എതിര്‍ക്കുകയായിരുന്നു ഗോര്‍ക്കി.
വ്യക്തിവാദത്തെ ശക്തമായി എതിര്‍ത്ത ഗോര്‍ക്കി സമൂഹത്തിന്റെ സൃഷ്ടിയാണ് വ്യക്തിയുടെ പ്രതിഭയെന്ന് സമര്‍ത്ഥിച്ചു. വ്യക്തിത്വത്തിന്റെ ശിഥിലീകരണമാണ് വ്യക്തിവാദമെന്ന പ്രതിഭാസം. അവനവന്‍ എന്ന ഭാവത്തെ താലോലിക്കാനുള്ള വാസന മനസ്സിന്റെ രോഗാതുരത്വത്തെയാണ് പ്രകടമാക്കുന്നത്. വ്യക്തിവാദം കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്കാണ് സ്വയം കടന്നുചെല്ലുക. ഗോര്‍ക്കി എഴുതുന്നു, "ആത്മീയ ദാരിദ്യ്രത്തിലകപ്പെട്ട്, വൈരുദ്ധ്യങ്ങളുടെ കുരുക്കില്‍ കുടുങ്ങി, സുഖകരമായ രക്ഷാസങ്കേതം കണ്ടെത്താനുള്ള ശ്രമത്തില്‍ അപഹാസ്യവും ദയനീയവുമായ ചിത്രം കാഴ്ചവെച്ച് വ്യക്തിവാദം കൂടുതല്‍ ശിഥിലമാകും''. ജീവിതത്തില്‍ കടിച്ചുതൂങ്ങാനുള്ള വ്യക്തിവാദിയുടെ വെപ്രാളത്തെ 'വിഡ്ഢികളുടെ വിവേകം' എന്നാണ് ഗോര്‍ക്കി വിശേഷിപ്പിക്കുന്നത്.
എല്ലാ രാജ്യങ്ങളിലെയും മഹാന്മാരായ കവികളുടെ ഉദാത്തമായ സൃഷ്ടികള്‍ എക്കാലത്തും ജനങ്ങളുടെ സാമൂഹ്യമായ സര്‍ഗ്ഗസൃഷ്ടികളുടെ ഭണ്ഡാരത്തെയാണ് ആശ്രയിച്ചിട്ടുള്ളത്. അസൂയാലുവായ ഒഥല്ലോ, ചഞ്ചലചിത്തനായ ഹാംലെറ്റ്, എന്നിവരെല്ലാം ഷേക്സ്പിയറിനു മുമ്പേ ജനങ്ങള്‍ സൃഷ്ടിച്ച ടൈപ്പുകളാണ്. എന്നാല്‍ പരുക്കന്‍ കല്ലുകളായ ആ ടൈപ്പുകളെ തേച്ചു മിനുക്കി സമ്മോഹനങ്ങളായ രത്നങ്ങള്‍ നമുക്ക് സമ്മാനിക്കുകയാണ് ഷേക്സ്പിയറും മറ്റ് സാഹിത്യകാരന്മാരും ചെയ്തത്. ജനങ്ങളാണ് ഉത്തമമായ എല്ലാ കലാസൃഷ്ടിയുടെയും അവകാശികള്‍ എന്ന് സമര്‍ത്ഥിക്കുകയായിരുന്നു ഗോര്‍ക്കിയുടെ ലക്ഷ്യം. "എല്ലാ ഭൌതികമൂല്യങ്ങളുടെയും സ്രഷ്ടാവുമാത്രമല്ല ജനങ്ങള്‍. എല്ലാ ആത്മീയ മൂല്യങ്ങളുടെയും കാലക്രമത്തില്‍ എല്ലാ സൌന്ദര്യത്തിന്റെയും പ്രതിഭയുടെയും അക്ഷയമായ ഒരേ ഒരു ഉറവിടം കൂടിയാണവര്‍. കൂട്ടായെടുത്താല്‍ ആദ്യത്തേതും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ കവിയും ദാര്‍ശനികനുമാണ് മനുഷ്യന്‍. എല്ലാ മഹല്‍കാവ്യങ്ങളുടെയും എല്ലാ ദുരന്തകൃതികളുടെയും അവയില്‍വെച്ച് ഏറ്റവും മഹത്തായ വിശ്വസംസ്കാര ചരിത്രത്തിന്റെയും സ്രഷ്ടാവാണവന്‍''.
നിലനില്പിനു വേണ്ടിയുള്ള സമരത്തില്‍ മനുഷ്യന്റെ ആത്മരക്ഷാവാസനയാണ് വിജ്ഞാനത്തിനും ഭാവനയ്ക്കും ജന്മം നല്കിയത്. വിജ്ഞാനമെന്നാല്‍ പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യജീവിതത്തിലെ വസ്തുതളെയും നിരീക്ഷിക്കാനും താരതമ്യപ്പെടുത്താനും പഠിക്കാനുമുള്ള കഴിവാണ്. അതായത് ചിന്തിക്കാനുള്ള കഴിവ്. ഭാവനയും ലോകത്തെക്കുറിച്ചുള്ള ചിന്താരീതിയാണ്. എന്നാലത്, പ്രതിബിംബങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ചിന്താരാതിയാണെന്നുമാത്രം. ശാസ്ത്രം മനസ്സിന്റെ കവിതയും കല ഹൃദയത്തിന്റെ കവിതയുമാണെന്ന് ഗോര്‍ക്കി വിശേഷിപ്പിച്ചു. "ശാസ്ത്രത്തിനും സാഹിത്യത്തിനും പൊതുവായി പലതുമുണ്ട്. രണ്ടിലും നിരീക്ഷണം, താരതമ്യം, പഠനം എന്നിവ പ്രധാന പങ്കുവഹിക്കുന്നു. ശാസ്ത്രജ്ഞനും സാഹിത്യകാരനും രണ്ടുപേര്‍ക്കും ഭാവനയും സഹജാവബോധവും കൂടിയേ തീരൂ.''
ഗോര്‍ക്കിയുടെ ജീവിതം സമൂഹത്തെ മാറ്റിത്തീര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ്. അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും സാംസ്കാരികരംഗത്ത് സംവാദാത്മകമായി നിലകൊള്ളുന്നു. ചരിത്രവര്‍ത്തമാനങ്ങളെ വൈരുധ്യാത്മകമായി വീക്ഷിക്കാനും വിലയിരുത്തുവാനും ഗോര്‍ക്കി നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ അനുസ്മരണവേളയില്‍ ഏറ്റെടുക്കേണ്ടത്. ചരിത്രത്തെ വിസ്മരിക്കാനും വര്‍ത്തമാനത്തില്‍ അഭിരമിക്കാനും പ്രേരിപ്പിക്കുന്ന സങ്കുചിതാപഗ്രഥനങ്ങളുടെയും വ്യക്തിമാഹാത്മ്യത്തെ പാടിപ്പുകഴ്ത്തുന്ന കൂളത്തരങ്ങ (ഗോര്‍ക്കി-വ്യക്തിത്വത്തിന്റെ ശിഥിലീകരണം) ളുടെയും കാലം ഗോര്‍ക്കിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.