അഞ്ചുസ്നേഹങ്ങളുടെ അഹങ്കാരം
ദീപ കേശവ്
![]() |
|
ഞാന്‍ ബാല്യകാലം നഷ്ടമായവള്‍. പക്ഷെ, ഞങ്ങള്‍ അഞ്ചില്‍ നാലുപേര്‍ പോയപ്പോഴും കരയാനായി ഞാന്‍ ആ നാലിടത്തേക്കും പോയില്ല. അവര്‍ എന്നെ മറന്നിട്ടുണ്ടാകില്ല. അതെനിക്കറിയാം. ആ അറിവ് എന്റെ അഹങ്കാരമാണ്. അഞ്ചുസ്നേഹങ്ങളുടെ അഹങ്കാരം. |
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ മരണത്തിന്റെ കാലൊച്ചയുടെ വിദൂരമുഴക്കം കേട്ട്, ഓര്‍മ്മകള്‍ ഇല്ലാതെ കിടന്ന മുപ്പത്തിയഞ്ച് നാളുകള്‍. എപ്പൊഴോ ഞാന്‍ മരിച്ചെന്ന് വിധിയെഴുതി എന്ന് ബാക്കി ജീവിതഭാഗത്ത് പലരും പറഞ്ഞറിഞ്ഞു. ആ കാലത്ത് നാലുപേരും എനിക്കായി കരഞ്ഞു. എനിക്ക് മാത്രമായി പ്രാര്‍ത്ഥിച്ചു. 60 ദിവസത്തിന് ശേഷം ജീവന്റെ വഴിയിലേക്ക് പിച്ചവച്ച എന്നെ നാലുപേരും പൊന്നുമ്മകള്‍ നല്‍കി അവരോട് ചേര്‍ത്തു. എന്റെ കിടക്കയ്ക്ക് ചുറ്റും അവരുടെ സ്നേഹത്തിന്റെ ആവരണമുള്ള ഓറഞ്ചും മുന്തിരിയും പൊതിക്കെട്ടുകളായി കിടന്നു. അവസാനിക്കാത്ത ചാറ്റല്‍മഴ പോലെ അവരുടെ സ്നേഹം പെയ്തുകൊണ്ടേയിരുന്നു. സ്നേഹം സ്നേഹിക്കാനുള്ളതാണെന്ന് ഓര്‍മപെടുത്തുകയായിരുന്നു അവര്‍, സ്നേഹിക്കാന്‍ മറന്നു പോകരുതെന്നും അവര്‍ പറയാതെ പറഞ്ഞു.
എന്റെ കൂട്ടുകാര്‍ യാത്ര പറഞ്ഞു തുടങ്ങിയത് ഒരു മോശം കാലത്തിന്റെ തുടക്കമറിയിക്കാനായിരുന്നു. 'പറയേണ്ട കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാനുള്ള ചങ്കുറപ്പ് വേണോടീ' എന്ന് പറഞ്ഞ് എന്നെ അങ്ങനെ പറയാന്‍ ശീലിപ്പിച്ച ഗോപാലകൃഷ്ണനപ്പൂപ്പന്‍, തന്റെ രോഗത്തിന്റെ വേദന പങ്കുവെക്കാനാകാതെ ഒരു മുഴം കയറില്‍ ഒടുങ്ങി. 'കൊച്ചെ, പാളെന്തോടന്‍ പഴം കഴിക്കാന്‍നേരം കുറച്ചു നുള്ളികളഞ്ഞേക്കണം' എന്ന് എപ്പോഴും പറയുന്ന ആരോഗ്യചിന്ത മനസ്സിലിട്ടുനടന്ന മത്തായിയപ്പച്ചന്‍ രണ്ടുദിവസമാണ് മക്കളെ കാത്ത് പെട്ടിക്കകത്ത് തണുത്തുറഞ്ഞു കിടന്നത്. 'എടീ, നീയാ പോലീസാപ്പീസ്സില്‍ ചായേം കൊണ്ട് പോയേച്ചു വാചകമടിച്ചു സമയം കളയണ്ടാ, ഞങ്ങളിവിടുണ്ട്' എന്ന് ഓര്‍മിപ്പിച്ചിരുന്ന ഗംഗാധരനപ്പൂപ്പന്റെ യാത്ര ഒരു പനി മരുന്ന് വാങ്ങാന്‍ പോയപ്പോഴായിരുന്നു. കഴിഞ്ഞ മാസമായിരുന്നു കുഞ്ഞന്‍മാസ്ററപ്പൂപ്പന്റെ ചടങ്ങുകള്‍. നാട്ടിലെ ആദ്യത്തെ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു അദ്ദേഹം. കുറെ ദിവസം വിചാരിച്ചതായിരുന്നു ഒന്നുപോയി കാണണമെന്ന്. അമ്മ പറഞ്ഞതുമാണ് ഒന്നവിടെ വരെ പോയി വരാന്‍. അപ്പൂപ്പന്റെ മക്കളെ കാണുമ്പോഴെല്ലാം അവരും പറഞ്ഞു; നിന്നെ കണ്ടാല്‍ അച്ഛന് സന്തോഷമാകുമെന്ന്. പക്ഷെ, ഞാന്‍ ചികിത്സക്കായി ആശുപത്രിയിലായപ്പോള്‍ ചികിത്സ വേണ്ടാത്ത ദൂരത്തേക്ക് കുഞ്ഞപ്പൂപ്പന്‍ നടന്നുപോയി.
ഞാന്‍ ബാല്യകാലം നഷ്ടമായവള്‍. പക്ഷെ, ഞങ്ങള്‍ അഞ്ചില്‍ നാലുപേര്‍ പോയപ്പോഴും കരയാനായി ഞാന്‍ ആ നാലിടത്തേക്കും പോയില്ല. അവര്‍ എന്നെ മറന്നിട്ടുണ്ടാകില്ല. അതെനിക്കറിയാം. ആ അറിവ് എന്റെ അഹങ്കാരമാണ്.
അഞ്ചുസ്നേഹങ്ങളുടെ അഹങ്കാരം.