കെ. സുധാകരന്റെ
ദണ്ഡിയാത്രകള്‍
രഞ്ജിത്ത് ശ്രീധര്‍
![]() |
|
ജയിലും കോടതിയുമായി നടന്ന ഭൂതകാലം ഇപ്പോള്‍ വേട്ടയാടുന്നു എന്നുപറയാം. ആര്‍ എസ് എസിന്റെ അതേ ഊക്കും ബലവുമുള്ള ശരീരഭാഷ. വാക്കുകള്‍ക്ക് സര്‍സംഘചാലകിന്റെ വീറും ചുണയും. ഇപ്പോ തട്ടിക്കളയും എന്ന മട്ടിലുള്ള നില്‍പ്പ്. ഒക്കെ ശരിയാണ്. പക്ഷേ, എത്രയായാലും കോണ്‍ഗ്രസുകാരനല്ലേ. എത്ര കടുത്ത മനസ്സുള്ളവനും ഇടക്ക് ഗാന്ധിയനായിപ്പോവും. സത്യഗ്രഹ സമരമുറകള്‍ ചെയ്തുപോവും. കത്തിയും വടിവാളും മാറ്റിവെച്ച് നിരാഹാരം എന്ന സമരായുധം പരീക്ഷിച്ചുനോക്കും. അങ്ങനെയൊക്കെയേ സമാധാനപ്രിയനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പറ്റൂ. അങ്ങനെ കിടന്നിട്ടുണ്ട് നിരാഹാരം. ഇടക്കിടെ അക്രമാസക്തമായ ഹൃദയത്തിലേക്ക് ഗാന്ധിജി വന്ന് ആവേശിക്കുകയാണെന്ന് കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നും. കല്ലിനെപ്പോലെ ഹൃദയമുള്ളവരിലും കനിവിന്റെ നനവ് അനുഭവിപ്പിച്ച ഗാന്ധിജി ആഗ്രഹമില്ലാതിരുന്നിട്ടും വന്ന് സുധാകരനില്‍ ബാധയായി കയറുകയാണ്. |
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്, എം.പിയാണ്. കണ്ണൂരില്‍ നാമാവശേഷമായിപ്പോവുമായിരുന്ന പാര്‍ട്ടിയില്‍ ആളും അനക്കവും ഉണ്ടാക്കിയതിന്റെ ഫുള്‍ ക്രെഡിറ്റും അര്‍ഹിക്കുന്ന ഏകവ്യക്തി. അങ്ങനെ ചില്ലറക്കാരനല്ലാത്ത ഒരാള്‍ക്കെതിരെയാണ് പണ്ടത്തെ ഡ്രെെവര്‍ വെളിപ്പെടുത്തല്‍ പ്രയോഗവുമായി ഇറങ്ങിയിരിക്കുന്നത്. ഇ.പി. ജയരാജന്‍ വധശ്രമം ഉള്‍പ്പെടെ പല രാഷ്ട്രീയാതിക്രമങ്ങളിലും പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇത് വെളിപ്പെടുത്തലുകളുടെ സീസണാണല്ലോ. പ്രശാന്ത് ബാബു അയാളെക്കൊണ്ടാവുന്നത് ചെയ്തു. ഇതിലും വലിയ പുകിലുകണ്ട് വളര്‍ന്നവന് ഇതൊന്നും ഒരു പ്രശ്നമല്ല. അടിതടയും വെട്ടും കുത്തും കോണ്‍ഗ്രസുകാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്നൊക്കെ പറയുന്നവര്‍ക്ക് ചുട്ട മറുപടി കൊടുത്തു ശീലിച്ചവന് ഈ വെളിപ്പെടുത്തല്‍ വെറും ഓലപ്പാമ്പാണ്.
ഖദറുമിട്ട് മുഖത്ത് പുഞ്ചിരി ഫിറ്റ് ചെയ്ത് നടക്കുന്നതല്ല ശീലം. അത് നാട്ടുകാര്‍ക്കറിയാം, കോണ്‍ഗ്രസിനും കോടതിക്കുമറിയാം. അതുകൊണ്ടുതന്നെ സുധാകരന്‍ സാത്വികനാണെന്ന് ആരും ധരിച്ചുവെച്ചിട്ടില്ല. പല കേസുകളിലും പെട്ടിട്ടുണ്ട്. ജയിലില്‍ കിടന്നിട്ടുണ്ട്, കോടതികളില്‍ നിന്ന് കോടതികളിലേക്ക് കിടക്കപ്പൊറുതി കിട്ടാതെ അലയേണ്ടിവന്നിട്ടുണ്ട്. മൂന്നു തവണ ‘ബോംബാക്രമണ’ങ്ങള്‍ നേരിട്ടിട്ടും ഉടവു തട്ടാത്ത ഉടലാണ്. അയണ്‍ബോഡി. അതിനെയാണ് ഒരു വെളിപ്പെടുത്തല്‍കൊണ്ട് ഊശയാക്കാന്‍ നോക്കുന്നത്. പ്രശാന്ത് ബാബു ചെറിയ ചെക്കന്‍. ട്രൌസറില്‍ മുള്ളുന്ന കുഞ്ഞിച്ചെക്കന്‍. എറിഞ്ഞുകൊടുക്കുന്ന ഓട്ടക്കാലണ കുറവാണെന്ന് തോന്നിയപ്പോഴാണ് ചെക്കന് മീശ മുളച്ചത്. സംശയങ്ങള്‍ ജനിച്ചത്. ങാ, പോകാന്‍ പറ, നേരും നെറിയും ഐ.ജി അന്വേഷിക്കട്ടെ.
ജനാധിപത്യം എന്നുവെച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ അര്‍ഹതയുള്ളതിന്റെ അതിജീവനം എന്നാണ് കണ്ണൂരേക്ക് നോക്കുമ്പോള്‍ ആര്‍ക്കും തോന്നുക. മാര്‍ക്സിസ്റ്റുകാരുമായി ചുതാകരന്‍ കൊമ്പ്കോര്‍ക്കും അതില്‍ ആര് ജയിച്ചാലും നാവുകൊണ്ട് ചുതാകരന്‍ എന്നും ജയിക്കും. ജയം വിളിച്ച് പറുമ്പോള്‍ ഡി സി സി ഓഫീസിലെ ബോംബിന്റെ ജന്‍മകഥയും കാണിക്കും. ഇത്തരം ബോംബ് മാര്‍ക്സിസ്റ്റുകാര്‍ക്കുണ്ടോ മക്കളേ... എന്ന് കൊഞ്ഞനം കുത്തും. അങ്ങനെ ജയം ഉറപ്പിച്ചാണ് ജനാധിപത്യം ഉണ്ടാക്കുന്നത്. കണ്ണൂരിലെ ഈ കൊമ്പുകോര്‍ക്കല്‍ പണ്ട് കടത്തനാട്ടെ വയല്‍വരമ്പില്‍ ആരു വഴികൊടുക്കണം എന്ന തര്‍ക്കം മൂത്ത് അങ്കം കുറിക്കുന്ന പോലെ ഒരു ഏര്‍പ്പാടാണെന്നാണ് മറ്റുള്ള കോണ്‍ഗ്രസുകാരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. ചുതാകരന്‍ കെ പി സി സി ഓഫീസിലെത്തുമ്പോള്‍ ഇതര കോണ്‍ഗ്രസുകാരൊക്കെ പേടിച്ച് പണ്ട് മുരളി മൂത്രമൊളിച്ച ബാത്ത്റൂമിലേക്ക് കയറും. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് നവഗാന്ധിസത്തിന്റെ കടന്നുവരവ്, കടലിനെ കൈത്തോട്ടിലേക്ക് ചാല് കീറി നയിച്ചത് തുടങ്ങിയ വിശേഷണങ്ങള്‍ ചുതാകരന് സ്വന്തം. ഫാന്‍സ് അസോസിയേഷന്‍ സംഘാടനമാണ് ഇപ്പോഴത്തെ പ്രധാന ഹോബി. കണ്ണൂരിലെ റോഡായ റോഡുകളുടെ വശങ്ങളിലാകെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തുക. ഗാന്ധിസത്തെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടാത്ത ചില അവന്‍മാര്‍ അതൊക്കെ നശിപ്പിക്കുന്നതും ചുതാകരന്‍ കാണുന്നുണ്ട്. അവന്‍മാര്‍ക്കും ജയരാജന് കൊടുത്തുപോലെ ക്വട്ടേഷന്‍ കൊടുക്കുന്ന കാലം വിദൂരമല്ല.
കൈയൂക്കിനും കായികബലത്തിനുമാണ് കണ്ണൂര്‍ ഗാന്ധിസത്തില്‍ മുന്‍തൂക്കം. അതുകൊണ്ട് ജനങ്ങള്‍ക്ക് ഇതില്‍ വലിയ കാര്യമൊന്നുമില്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ഏര്‍പ്പാടല്ല അവിടെ ഗാന്ധിസം എന്ന് എല്ലാ കണ്ണൂരുകാര്‍ക്കും അറിയാവുന്നതാണ്. ഗാന്ധിസത്തിന്റെ നവ രീതിശാസ്ത്രമായ ആക്രമം ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കണ്ടുനില്‍ക്കും. പരസ്പരം കൊന്നും വെന്നും വാഴുക, പുലികളായ്, ജന്തുക്കളായും, മര്‍ത്ത്യരാവുക മാത്രം വയ്യ, ജന്തുത ജയിക്കുന്നു എന്ന് കവി പറഞ്ഞിട്ടില്ലേ. സംഗതി അതുതന്നെ. മെയ്യഴകും മുഖശ്രീയും നോക്കാതെ അങ്കം കാണാം. ബാല്‍ക്കണി ടിക്കറ്റെടുക്കാതെ ചുതാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടത്തുന്ന വെട്ടും കൊത്തും കൊലയും കാണാം.
പല കേസുകള്‍ ഇപ്പോള്‍ പൊടിതട്ടിയെടുത്തിട്ടുണ്ട്. ഭൂതകാലം അത്രയൊന്നും ഭാസുരമായിരുന്നില്ല. പാര്‍ട്ടിക്കുവേണ്ടിയും തനിക്കുവേണ്ടിയും അതിജീവനപ്പോരാട്ടങ്ങള്‍ ഏറെ നടത്തിയിട്ടുണ്ട്. അതൊക്കെ പലവിധ കേസുകളായി ഇപ്പോഴും തിരിഞ്ഞുകൊത്തുന്നു. ഇ.പി.ജയരാജന്‍ വധശ്രമം തന്നെ അതില്‍ പ്രധാനം. അതില്‍ ഗൂഢാലോചനക്കുറ്റം. എം.എല്‍.എയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മറ്റൊരു എം.എല്‍.എ പ്രതിയായ കേരള രാഷ്ട്രീയ ചരിത്രത്തിലെ ആദ്യാനുഭവം. നാല്‍പാടി വാസുവിന്റെ മരണം മറ്റൊന്ന്. '91ലെ യു.ഡി.എഫ് ഭരണകാലത്ത് സ്വന്തം ഗണ്മാന്റെ വെടിയേറ്റ് മരിച്ച ഹതഭാഗ്യന്‍. അല്ലറ ചില്ലറ കേസുകള്‍ വേറെ. ടി.കെ ബാലന്റെ വീട്ടിലെ ബോംബേറ്, ചൊവ്വ കോഓപറേറ്റിവ് റൂറല്‍ബാങ്കിലെ വെട്ടും കുത്തും, സേവറി ഹോട്ടല്‍ ആക്രമണം. കണ്ണൂര്‍ കോണ്‍ഗ്രസിന്റെ ഏക പടക്കുതിരയാണല്ലോ. അവയില്‍ ഇടപെടാതെ വയ്യല്ലോ. എല്ലാ കേസുകളിലും ഇരകള്‍ രംഗത്തു വന്നിരിക്കുകയാണിപ്പോള്‍.
ജയിലും കോടതിയുമായി നടന്ന ഭൂതകാലം വേട്ടയാടുന്നു എന്നുപറയാം. ആര്‍ എസ് എസിന്റെ അതേ ഊക്കും ബലവുമുള്ള ശരീരഭാഷ. വാക്കുകള്‍ക്ക് സര്‍സംഘചാലകിന്റെ വീറും ചുണയും. ഇപ്പോ തട്ടിക്കളയും എന്ന മട്ടിലുള്ള നില്‍പ്പ്. ഒക്കെ ശരിയാണ്. പക്ഷേ, എത്രയായാലും കോണ്‍ഗ്രസുകാരനല്ലേ. എത്ര കടുത്ത മനസ്സുള്ളവനും ഇടക്ക് ഗാന്ധിയനായിപ്പോവും. സത്യഗ്രഹ സമരമുറകള്‍ ചെയ്തുപോവും. കത്തിയും വടിവാളും മാറ്റിവെച്ച് നിരാഹാരം എന്ന സമരായുധം പരീക്ഷിച്ചുനോക്കും. അങ്ങനെയൊക്കെയേ സമാധാനപ്രിയനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പറ്റൂ. അങ്ങനെ കിടന്നിട്ടുണ്ട് നിരാഹാരം. ഇടക്കിടെ അക്രമാസക്തമായ ഹൃദയത്തിലേക്ക് ഗാന്ധിജി വന്ന് ആവേശിക്കുകയാണെന്ന് കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നും. കല്ലിനെപ്പോലെ ഹൃദയമുള്ളവരിലും കനിവിന്റെ നനവ് അനുഭവിപ്പിച്ച ഗാന്ധിജി ആഗ്രഹമില്ലാതിരുന്നിട്ടും വന്ന് സുധാകരനെ ബാധിച്ചത് പത്തുപതിനാലുകൊല്ലം മുമ്പാണ്. പയ്യാവൂര്‍ സംഭവം എന്ന് അത് അറിയപ്പെടുന്നു. ഗ്രാമപഞ്ചായത്തിലെ സി.പി.എം പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം പരാജയപ്പെടുത്താന്‍ യു.ഡി.എഫ് അംഗങ്ങളെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് അന്നം വെടിഞ്ഞത്. പിന്നെ ചെറിയ ഒരു കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. അധികം മുമ്പല്ല. 2009ലാണ്. തെരഞ്ഞെടുപ്പു ദിവസം മൂന്നു വാഹനങ്ങളിലായി എറണാകുളം, തൃശൂര്‍ ജില്ലകളില്‍നിന്ന് ക്വട്ടേഷന്‍ സംഘം കണ്ണൂരിലെത്തിയിട്ടുണ്ടെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചതനുസരിച്ച് പൊലീസ് മൂന്നുപേരെ കസ്റഡിയിലെടുത്തു. അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുത്തിയിരിപ്പു സമരം. അങ്ങനെ കോണ്‍ഗ്രസിന്റെ ആദര്‍ശത്താല്‍ പ്രചോദിതമായി നടന്ന സമരങ്ങള്‍ നന്നേ കുറവ്.
ഇടക്കിടെ ആദര്‍ശം തികട്ടിവരും. ഒരു രക്ഷയുമില്ല. അപ്പോള്‍ വായില്‍തോന്നുന്നതെല്ലാം വെളിപ്പെടുത്തിക്കളയും. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയാണ് എന്നു പറഞ്ഞത് ഓര്‍ക്കുക. അനുവദിച്ച 31 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോയപ്പോള്‍ കേസ് പരിഗണിച്ച സുപ്രീംകോടതി ജഡ്ജി 36 ലക്ഷം കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയായി എന്നാണ് പറഞ്ഞത്. കെ.ജി. ബാലകൃഷ്ണന്‍ വാത്സല്യനിധിയായ അമ്മായിയപ്പനായ കഥ കേട്ടപ്പോള്‍ തോന്നാത്ത ആദര്‍ശം പിള്ളസാറിനെ പൂജപ്പുര ജയിലിലടക്കാന്‍ ഉത്തരവിട്ട കോടതിവിധി കേട്ടപ്പോള്‍ ഉണരുകയായിരുന്നു. 1948ല്‍ പരേതനായ രാമുണ്ണിയുടെയും മാധവിയുടെയും മകനായി എടക്കാടിനടുത്ത നടാലില്‍ ജനനം. കാടാച്ചിറ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചു. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. തലശ്ശേരി ബ്രണ്ണന്‍ കോളജിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എല്‍.എല്‍.ബി കോഴ്സ് പൂര്‍ത്തിയാക്കി. 1969ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് സംഘടനാ കോണ്‍ഗ്രസിലും പിന്നെ ജനതാപാര്‍ട്ടിയിലും. ഈ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് രണ്ടു തവണ എടക്കാട് മണ്ഡലത്തില്‍ മത്സരിച്ച് തോറ്റു. കോണ്‍ഗ്രസില്‍ തിരിച്ചുവന്നശേഷം 1987ല്‍ കാല്‍ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ചുവപ്പിന്റെ നെടുങ്കോട്ടയില്‍ കോടിയേരിയോട് കുറഞ്ഞ വോട്ടിന് തോറ്റു. അന്നു മുതല്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടായി. 1991ല്‍ ഒ.ഭരതനോട് 219 വോട്ടിന് തോറ്റു. കള്ളവോട്ടിന്റെ തെളിവുകളുമായി നിയമയുദ്ധം നടത്തി അസംബ്ളിയിലെത്തി. പിന്നീട് സുപ്രീംകോടതി വിധിയില്‍ എം.എല്‍.എ സ്ഥാനം തെറിച്ചു. 1996ല്‍ കണ്ണൂരില്‍ മത്സരിക്കാനിറങ്ങി. എതിരാളി എന്‍. രാമകൃഷ്ണന്‍. കടുത്ത മത്സരത്തില്‍ വിജയം നേടി. 2001ല്‍ അഭൂതപൂര്‍വമായ ഭൂരിപക്ഷത്തില്‍ വിജയം. 2009ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന കെ.കെ. രാഗേഷിനെയാണ് തറപറ്റിച്ചത്. രണ്ടര മണിക്കൂര്‍കൊണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്ത് ആദ്യവിജയം നേടിയത് റെക്കോഡായി.
ആക്രമപ്രവര്‍ത്തനങ്ങളില്‍ രെക്കോര്‍ഡ് വേണം എന്ന് പറഞ്ഞ് ചുതാകരന്റെ ചില തല്പര കക്ഷികള്‍ ലിംകാ ബുക്ക് ഓഫ് റെക്കാര്‍ഡ്സിന്റെ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്. ഒരു നവലിബറല്‍ ഗാന്ധിയന്റെ ഈ ഹിംസാ യാത്രകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ പിന്നേത് കോപ്പ് രേഖപ്പെടുത്തും എന്ന് കെ. സുധാകരന്‍ ചോദിക്കുന്നു.