ലൈംഗീകത
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനിവാര്യം
ഡോ.മന്‍സൂര്‍ പി എം
![]() |
|
പെണ്‍കുഞ്ഞുങ്ങള്‍ക്ക് സെക്സിനെക്കുറിച്ച് പറഞ്ഞു നല്‍കേണ്ടത് അമ്മയാണ്. പെട്ടെന്ന് ഒരു ദിവസം സെക്സിനെക്കുറിച്ച് പറയുകയല്ല വേണ്ടത്. പടിപടിയായി വേണം പറഞ്ഞു നല്‍കാന്‍. സ്കൂളിലെ പഠന വിഷയങ്ങള്‍ ആദ്യപടി മുതല്‍ പഠിപ്പിക്കുന്നതുപോലെ അതേ പ്രാധാന്യത്തോടെ വേണം സെക്സിനെക്കുറിച്ചുള്ള അറിവ് നല്‍കാന്‍. എങ്കിലെ കുട്ടികള്‍ അത് ശരിയായ രീതിയില്‍ മനസിലാക്കൂ. കുഞ്ഞുങ്ങള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ തന്നെ പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ സ്വയം സംരക്ഷിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. |
മാറുന്ന ജീവിത സാഹചര്യങ്ങള്‍
ശൈശവത്തില്‍ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും മാത്രമാണ് കുട്ടികളുടെ ലോകം. പക്ഷേ കൌമാരപ്രായത്തിലെത്തുമ്പോള്‍ സമപ്രായക്കാരോടൊപ്പം സമയം ചെലവഴിക്കാന്‍ അവര്‍ ആഗ്രിക്കുന്നു. അതുപോലെ പഴയകാലത്തില്‍ നിന്നു വിഭിന്നമായി പെണ്‍കുട്ടികള്‍ ഇന്ന് എല്ലാ കാര്യത്തിലും ആണ്‍കുട്ടികളോടൊപ്പം മുന്നേറാന്‍ പൊരുതുന്നു. നല്ല വിദ്യാഭ്യാസവും ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്ന ജോലിതേടി പുറംദേശങ്ങളിലേക്ക് ചേക്കേറുകയാണ് യുവതലമുറ.
ജോലിനേടി സ്വന്തം കാലില്‍നിന്ന ശേഷം മതി വിവാഹം എന്നതാണ് മിക്ക പെണ്‍കുട്ടികളുടെയും ആഗ്രഹം. സൂര്യോദയം മുതല്‍ രാത്രിവരെ ട്യൂഷനും മറ്റുമായി വീട്ടിനു വെളിയില്‍ കഴിയേണ്ടിവരുന്നതും, പഠനാവശ്യത്തിനായി വീടിനു പുറത്ത് താമസിക്കേണ്ടിവരുന്നതും ജോലി ലഭിക്കുന്നതിനായി മത്സരങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നതും മൂലം മുമ്പില്ലാതിരുന്ന വെല്ലുവിളികളേയും അപകടങ്ങളെയും പെണ്‍കുട്ടികള്‍ നേരിടേണ്ടിവരുന്നു.
അധ്യാപകരുടെ പങ്ക്
സ്കൂളില്‍ പോയി തുടങ്ങുന്ന ഒരു കുട്ടി കൂടുതല്‍ സമയവും ചെലവഴിക്കുന്നത് അധ്യാപകര്‍ക്കൊപ്പമാണ്. അതുകൊണ്ട് ആരോഗ്യവും സ്വഭാവഗുണവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വലുതാണ്. കുട്ടികള്‍ക്ക് ആവശ്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകര്‍ തയാറാകണം. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന് പ്രത്യേക ക്ളാസുകള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലൈംഗിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും ഏറേ ഗുണം ചെയ്യും.
ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസമായിരിക്കണം ഇവിടെ നിന്ന് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. ലൈംഗിക വിദ്യാഭ്യാസം കിട്ടി എന്നതുകൊണ്ട് എല്ലാവരും ശരിയായ മാര്‍ഗത്തില്‍ വരണമെന്നില്ല. ലൈംഗികതയോടുള്ള അവരുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ കഴിയും എന്നതില്‍ സംശയമില്ല. സ്കൂളില്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും അധ്യാപകര്‍ക്കു കഴിയണം. അധ്യാപകരും കുട്ടികളും തമ്മില്‍ സൌഹൃദാന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാനും സാധിക്കണം.
പ്രേരണകള്‍ ഉണ്ടാവുമ്പോള്‍
പലപ്പോഴും സമപ്രായക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങാനുള്ള പ്രവണത കൌമാരപ്രായക്കാര്‍ക്കുണ്ട്. മോശപ്പെട്ട പ്രവൃത്തികള്‍ ചെയ്യണം എന്ന് ആഗ്രഹമുണ്ടായിട്ടല്ല, മറിച്ച് പ്രലോഭനങ്ങളെ തിരിച്ചറിയാനുള്ള സാമാന്യബോധം ഇല്ലാത്തതുകൊണ്ടും അവയെ എങ്ങനെ അഭിമുഖീകരിക്കണം എന്നുള്ള അറിവില്ലായ്മ കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്.
തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ മറ്റുള്ളവര്‍ പ്രേരിപ്പിച്ചാലും തനതായ വ്യക്തിത്വമുള്ള ഒരാള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക എന്നതുപോലെ പ്രധാനമാണ് സ്വയം വേദനിപ്പിക്കാതിരിക്കുക എന്നതും. ഇത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ ഒരാള്‍ക്കും ആരെയും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ കഴിയില്ല. തന്റേടത്തോടെ 'അരുത്' എന്നു പറയുവാന്‍ കുട്ടികളെ പഠിപ്പിക്കുക. അല്ലാത്ത പക്ഷം അവരുടെ മൌനം സമ്മതമായി വ്യാഖ്യാനിക്കപ്പെടാം.
സെക്സ് പരീക്ഷണത്തിനല്ല
ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ ലൈംഗിക പക്വതയെത്തിയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു തലമുറയാണ് ഇപ്പോള്‍ ഉള്ളത്. കൌമാരത്തോടെ അടിമുടി മാറുകയാണ് കുട്ടികള്‍. ശാരീരികമായുണ്ടാവുന്ന മാറ്റങ്ങള്‍ ഇവരെ ആശങ്കപ്പെടുത്താറുണ്ട്. ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയും വികാസവും ഇവരില്‍ കൌതുകം നിറയ്ക്കും. ഈ ശാരീരിക വ്യതിയാനങ്ങളും ചുറ്റുപാടു നിന്നും കണ്ടും കേട്ടും നേടുന്ന അപക്വമായ ലൈംഗിക അറിവുകളും കുട്ടികളെ തെറ്റിലേക്കു നയിക്കുന്നു.
കൌമാരത്തില്‍ കുട്ടികള്‍ക്ക് എതിര്‍ ലിംഗക്കാരോടു തോന്നുന്ന ഇഷ്ടം സ്വാഭാവികം. അതുപോലെ ഒരു പെണ്‍കുട്ടിക്ക് മറ്റൊരു പെണ്‍കുട്ടിയോടുള്ളതിനേക്കാള്‍ അടുപ്പം ആണ്‍സുഹൃത്തിനോടാവും. ഇത്തരം ബന്ധങ്ങള്‍ വഴിതെറ്റിപ്പോവുകയും ചിലത് സെക്സിന് വഴിമാറാറുണ്ട്. തങ്ങള്‍ അറിഞ്ഞ കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കാനുള്ള അവസരമായി ഇവര്‍ ഇതിനെ കണക്കാക്കുന്നു. അതുകൊണ്ട് ശരീരം ഒരു പരീക്ഷണ വസ്തുവല്ലെന്ന ആദ്യ പാഠം കുട്ടികള്‍ക്കു പറഞ്ഞു നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ തുടങ്ങാം
കുട്ടികളുടെ വിദ്യാരംഭം വീടുകളിലാണ്. അതുപോലെതന്നെ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കേണ്ടതും വീട്ടില്‍ തന്നെയാണ്. പ്രത്യേകിച്ചും ഈ ആധുനിക യുഗത്തില്‍. കാരണം ഹൈടെക്ക് ലോകത്താണ് നാം ജീവിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയും ടി.വി.യിലൂടെയും ലൈംഗികതയേക്കുറിച്ച് കുട്ടികള്‍ നേടിയെടുക്കുന്ന അറിവ് വേണ്ട വിധത്തില്‍ മനസിലാക്കണമെന്നില്ല. ഇത് പല അപകടങ്ങള്‍ക്കും കാരണമാവും. കൌമാരത്തിലെത്തിയ മക്കള്‍ നല്ലവരായി വളര്‍ന്ന് വരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ആദ്യമായി ചെയ്യേണ്ടത് തങ്ങളുടെ മക്കളെ നന്നായി അറിയുക എന്നതാണ്. അവര്‍ക്കു സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുക. അവര്‍ നേരിടുന്ന പ്രശ്നങ്ങളേയും സംഘര്‍ഷങ്ങളേയും മനസിലാക്കുക.
കൌമാരപ്രായത്തിലുള്ള കുട്ടികളുടെ ചിന്താഗതിക്കും കാഴ്ചപ്പാടിനും വേണ്ടത്ര ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചുകൊണ്ട് ഭാവിയില്‍ ആരോഗ്യപരമായ ജീവിതം നയിക്കാന്‍ ഉതകുന്ന സെക്സ് വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണ്. അപക്വധാരണകള്‍ അവരെ വഴിതെറ്റിക്കാന്‍ ഇടയുണ്ട്. അതിനാല്‍ കൌമാരപ്രായക്കാര്‍ക്ക് ആ പ്രായത്തില്‍ തന്നെ ശാരീരികശാസ്ത്ര പ്രജനനാരോഗ്യസംബന്ധമായി വ്യക്തവും സംശയരഹിതവുമായ ധാരണയുണ്ടാക്കി തീര്‍ക്കേണ്ടത് ആവശ്യമാണ്.
പെണ്‍കുഞ്ഞുങ്ങള്‍ക്ക് സെക്സിനെക്കുറിച്ച് പറഞ്ഞു നല്‍കേണ്ടത് അമ്മയാണ്. പെട്ടെന്ന് ഒരു ദിവസം സെക്സിനെക്കുറിച്ച് പറയുകയല്ല വേണ്ടത്. പടിപടിയായി വേണം പറഞ്ഞു നല്‍കാന്‍. സ്കൂളിലെ പഠന വിഷയങ്ങള്‍ ആദ്യപടി മുതല്‍ പഠിപ്പിക്കുന്നതുപോലെ അതേ പ്രാധാന്യത്തോടെ വേണം സെക്സിനെക്കുറിച്ചുള്ള അറിവ് നല്‍കാന്‍. എങ്കിലെ കുട്ടികള്‍ അത് ശരിയായ രീതിയില്‍ മനസിലാക്കൂ. കുഞ്ഞുങ്ങള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ തന്നെ പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ സ്വയം സംരക്ഷിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
ദൃശ്യമാധ്യമങ്ങളില്‍ നിന്നും അശ്ളീല പ്രസിദ്ധീകരണങ്ങളില്‍നിന്നും കിട്ടുന്ന തെറ്റായ സന്ദേശം പലപ്പോഴും കുട്ടികളെ വഴിതെറ്റിക്കുന്നു. അനാരോഗ്യകരമായ പല പ്രവണതകളും കുട്ടികളില്‍ എത്തുക്കുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ ഒരു പരിധിവരെ കാരണമാകുന്നു. ആരോഗ്യകരമായ ഒരു ജീവിതബോധവും ലൈംഗിക ജീവിതവും മാന്യമായ പെരുമാറ്റവും ഉള്ള ഒരു യുവ സമൂഹത്തെ സൃഷ്ടിക്കുന്നതിന് മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുക്കണം.