പ്രഷര്‍ കൂട്ടരുത്!
ഡോ. സുനീഷ് കെ
![]() |
|
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ മൂലം ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് രക്താതിസമ്മര്‍ദം ഇത്രയേറെ വ്യാപകമാകാന്‍ കാരണം. പ്രായവും, പാരമ്പര്യവും ഒരു പരിധിവരെ കാരണങ്ങളായേക്കാം. കൊഴുപ്പും മധുരവും ഉപ്പും കൂടുതലുള്ള ഭക്ഷണം ധാരാളമായി കഴിക്കുന്നതും അമിത മദ്യപാനവും പുകവലി, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, ജോലി സംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ ഇവയെല്ലാം രക്താതിസമ്മര്‍ദം കൂടാന്‍ കാരണമാകാറുണ്ട്. |
‘വെറുതെ എന്റെ പ്രഷര്‍ കൂട്ടരുതേ...' നിത്യജീവിതത്തില്‍ നാം കാര്യമായും തമാശയായും ധാരാളം കേള്‍ക്കുന്ന വാക്കുകളാണിത്.
എന്താണീ പ്രഷര്‍? ഹൃദയം പമ്പ് ചെയ്യുന്ന രക്തം ധമനികളില്‍ കൂടിയാണു ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കെത്തുന്നതെന്നു നമുക്കറിയാം. ഈ സഞ്ചാരത്തിനിടയില്‍ ഇവ ധമനീഭിത്തികളിലേല്‍പ്പിക്കുന്ന മര്‍ദമാണ് പ്രഷര്‍. ഈ മര്‍ദം സാധാരണയില്‍ കൂടുതലാകുമ്പോഴാണ് രക്താതിസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്നത്. പലരും നിസാരവത്കരിച്ചു കളയുന്ന ഈ രോഗത്തിന് ഡോക്ടര്‍മാര്‍ ഒരു ഓമനപ്പേരും നല്‍കിയിട്ടുണ്ട് മനുഷ്യന്റെ ഏറ്റവും വലിയ ‘നിശബ്ദ കൊലയാളി രോഗം'. മറ്റൊന്നുമല്ല, മറിച്ച് യാതൊരു രോഗലക്ഷണങ്ങളും കാണിക്കാതെ നിശബ്ദനായി കടന്നുവന്ന് വര്‍ഷങ്ങള്‍കൊണ്ട് ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്കു കേടുവരുത്തി മരണകാരണമാക്കുന്നുവെന്നതുതന്നെയാണു കാരണം. പ്രായമായവരുടെ രോഗമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോഴിതു ചെറുപ്പക്കാരിലും കണ്ടുവരുന്നുവെന്നത് ഗൌരവമായി കാണേണ്ട വസ്തുതയാണ്.
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ മൂലം ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് രക്താതിസമ്മര്‍ദം ഇത്രയേറെ വ്യാപകമാകാന്‍ കാരണം. പ്രായവും, പാരമ്പര്യവും ഒരു പരിധിവരെ കാരണങ്ങളായേക്കാം. കൊഴുപ്പും മധുരവും ഉപ്പും കൂടുതലുള്ള ഭക്ഷണം ധാരാളമായി കഴിക്കുന്നതും അമിത മദ്യപാനവും പുകവലി, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, ജോലി സംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ ഇവയെല്ലാം രക്താതിസമ്മര്‍ദം കൂടാന്‍ കാരണമാകാറുണ്ട്.
മിക്കപ്പോഴും രക്താതിസമ്മര്‍ദംമൂലം പ്രധാന അവയവങ്ങളില്‍ രോഗമുണ്ടാകുമ്പോള്‍ അവയുടെ ലക്ഷണങ്ങളുമായാകും പലരും ആശുപത്രിയിലെത്തുകയെങ്കിലും വളരെ അപൂര്‍വമായി മാത്രം ചിലരില്‍ ഇത് ചെറിയ തലവേദന, തലകറക്കം, ഉറക്കക്കുറവ്, ശ്വാസംമുട്ടല്‍, അമിതവിയര്‍പ്പ്, മൂക്കില്‍നിന്നുള്ള രക്തസ്രാവം, കാഴ്ചയ്ക്കു മങ്ങല്‍ എന്നിവ ഉണ്ടാക്കിയേക്കാം.
രക്തസമ്മര്‍ദം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നു പലരും ചിന്തിച്ചേക്കാം. എന്നാല്‍, നിയന്ത്രിക്കാനാവാത്ത രക്തസമ്മര്‍ദം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്ക രോഗങ്ങള്‍ എന്നിവയുണ്ടാക്കാനുള്ള സാധ്യതയേറെയാണ്.
ഇതൊക്കെ വായിച്ച് പേടിക്കേണ്ട യാതൊരു കാര്യവുമില്ല.
ഒരല്‍പം ശ്രദ്ധവച്ചാല്‍ രക്താതിസമ്മര്‍ദത്തെ നമ്മുടെ വരുതിയിലാക്കാവുന്നതേയുള്ളൂ. തൂക്കം വര്‍ധിക്കാതെ നോക്കുക, അമിതവണ്ണവും ഭാരവുമുള്ളവര്‍ അതു കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അമിതാഹാരം, കൊഴുപ്പ്, മധുരം, ഉപ്പ് ഇവ കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക തുടങ്ങിയവ അവയില്‍ ചിലതാണ്.
കൂടാതെ നാരുകള്‍ ധാരാളമുള്ള ധാന്യങ്ങള്‍, ആന്റി ഓക്സിഡന്റുകളടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. എല്ലാറ്റിനുമുപരി മനസിനെ സ്വസ്ഥതയോടും ശാന്തതയോടും നിലനിര്‍ത്തുക. ഇതു രക്താതിസമ്മര്‍ദം മാത്രമല്ല മറ്റു പല രോഗങ്ങളില്‍നിന്നും നിങ്ങളെ അകറ്റി നിര്‍ത്തും.